‘അജ്ഞാത’യല്ല, മുംബൈയിലുണ്ട് ലണ്ടൻയാത്ര എഴുതിയ ആ ‘നാടൻ പെൺകിടാവ്’

തൃശ്ശൂർ: ‘ഒരു നാടൻ പെൺകിടാവിന്റെ ലണ്ടൻയാത്ര’, 1958-ൽ പ്രസിദ്ധീകരിച്ച യാത്രാവിവരണഗ്രന്ഥം. പാലക്കാട്ടെ വാണിയംകുളം എന്ന ഗ്രാമത്തിൽ ജനിച്ച്, 1956-ൽ ലണ്ടനിലേക്ക് കപ്പലിൽ പോയ ഒരു പതിനെട്ടുകാരിയുടെ അനുഭവക്കുറിപ്പുകളാണിത്. എഴുത്തുകാരിയുടെ പേരായി പുസ്തകച്ചട്ടയിൽ ചേർത്തത് ‘നാടൻ പെൺകിടാവ്’ എന്നുമാത്രം. എന്നാൽ, അജ്ഞാതയായി തുടർന്ന ആ ‘പെൺകുട്ടി’ 88-ാം വയസ്സിൽ മുംബൈയിലുണ്ട് -വിലാസിനി നാരായണൻ. തൃശ്ശൂർ ചേർപ്പ് സ്വദേശി പരേതനായ ഡോ. സി.ആർ. നാരായണന്റെ ഭാര്യ.
മകൻ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് (ടി.ഐ.എഫ്.ആർ.) ഡയറക്ടർ ജയറാം ചെങ്ങാലൂരിനൊപ്പമാണിപ്പോൾ. കോട്ടയത്തെ ഇന്ത്യാ പ്രസിൽ അച്ചടിക്കുകയും സാഹിത്യ പ്രവർത്തകസംഘം പ്രസിദ്ധീകരിക്കുകയും ചെയ്ത പുസ്തകം മറവിയിലേക്ക് ഒതുങ്ങുകയായിരുന്നു. കൊല്ലം അയത്തിൽ സാഹിത്യവിലാസിനി ഗ്രന്ഥശാലയുടെ ശേഖരത്തിൽനിന്ന് ആ പുസ്തകം കണ്ടെടുത്ത് ഗ്രന്ഥപ്പുര പോർട്ടലിൽ ചേർക്കുകയും മാതൃഭൂമി ആഴ്ചപ്പതിപ്പ് മേയ് 31-ന്റെ ലക്കത്തിലെ ‘ഗ്രന്ഥപ്പുര’ പംക്തിയിൽ എഴുതുകയും ചെയ്തത് ഷിജു അലക്സും എം.ടി. ശശിയും ആണ്. വിലാസിനി നാരായണന്റെ ബന്ധുക്കൾ ഈ ലേഖനം വായിച്ച് മാതൃഭൂമിയുമായി ബന്ധപ്പടുകയായിരുന്നു.
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് മുംബൈയിലേക്ക് തീവണ്ടിയിലും അവിടെനിന്ന് ലണ്ടനിലേക്ക് കപ്പലിലും പോകുകയായിരുന്നു വിലാസിനി. “വിദേശയാത്രകൾ വരേണ്യവർഗത്തിനുമാത്രം പ്രാപ്യമായിരുന്ന ഒരു കാലത്ത്, മലബാറില ഒരു ഉൾനാടൻ ഗ്രാമത്തിൽനിന്ന് ലോകത്തിന്റെ അന്നത്തെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെട്ട ലണ്ടനിലേക്ക് കപ്പൽ കയറിയ ഒരു സ്ത്രീയുടെ അനുഭവക്കുറിപ്പുകൾ ചരിത്രപരമായി ഏറെ പ്രസക്തമാണ്” ഗ്രന്ഥപ്പുര പംക്തിയിൽ ലേഖകർ പറയുന്നു.
ഹാർവാർഡിൽ ഉന്നതപഠനത്തിനുപോയ ഡോ. നാരായണനോടൊപ്പമായിരുന്നു വിലാസിനിയുടെ യാത്ര. “യാത്രയെക്കുറിച്ച് ഞങ്ങൾ സംസാരിച്ച കാര്യങ്ങൾ പിന്നീട് എഴുതുകയായിരുന്നു” -വിലാസിനി മാതൃഭൂമിയോട് പറഞ്ഞു. “ലക്കിടിയിൽ ടി.ടി.സി. പഠിച്ച് വിവാഹശേഷം എം.എ. സോഷ്യോളജി വരെ സ്വന്തമാക്കി. പുണെയിലെ നാഷണൽ കെമിക്കൽ ലബോറട്ടറിയിൽ ജോലി ചെയ്ത ഡോ. നാരായണൻ അവിടെനിന്ന് എമിറേറ്റ്സ് പ്രൊഫസർ ആയാണ് വിരമിച്ചത്. എൻ.വി. കൃഷ്ണവാര്യരുടെ സുഹൃത്തായിരുന്നു ഡോ. നാരായണൻ. കൃഷ്ണവാര്യരാണ് യാത്രാവിവരണം എഴുതാൻ പ്രോത്സാഹിപ്പിച്ചത്.” -വിലാസിനി പറഞ്ഞു.
ആഴ്ചപ്പതിപ്പിൽ 1956 മേയ് 20-നും 27-നുമായി യാത്രാവിവരണം പ്രസിദ്ധീകരിക്കുകയും ചെയ്തു. https://gpura.org/item/20854 എന്ന ലിങ്ക് വഴി പുസ്തകം വായിക്കാം. വിലാസിനിയുടെ അമേരിക്കയിലുള്ള കൊച്ചുമകൾ അഞ്ജുലി ഈ പുസ്തകം ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത് ഉടനെ പ്രസിദ്ധീകരിക്കും.
Content Highlights: The anonymous author behind the historic 1958 travelogue 'Oru Nadan Penkidavinte London Yathra' has been identified as 88-year-old Vilasini Narayanan, currently living in Mumbai, after researchers rediscovered her work in a library archive.