മുട്ടത്തു വര്‍ക്കിയുടെ 'പാടാത്ത പൈങ്കിളി'ക്ക് ലഭിച്ച സ്വര്‍ണപ്പതക്കം ഇനി മലയാളസര്‍വകലാശാലയ്ക്ക്

തിരൂര്‍: മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റ് മുട്ടത്തു വര്‍ക്കിയുടെ 'പാടാത്ത പൈങ്കിളി' എന്ന നോവലിന് 1968-ല്‍ ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ആന്‍ഡ് ജേണലിസ്റ്റ് ഫെലോഷിപ്പായി ലഭിച്ച സ്വര്‍ണപ്പതക്കം തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയ്ക്ക് കൈമാറി. മുട്ടത്തുവര്‍ക്കി മകന്റെ ഭാര്യ അന്ന മുട്ടത്തിന് സമ്മാനിച്ചിരുന്നതാണ് പതക്കം.
അമേരിക്കയിലുള്ള അന്ന മുട്ടം എഴുത്തുകാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ അഡ്വ. രതീദേവിയെ ഇത് ഏല്‍പ്പിക്കുകയായിരുന്നു. അവര്‍ വഴിയാണിത് സര്‍വകലാശാലയ്ക്കു ലഭിക്കുന്നത്.
സ്വര്‍ണപ്പതക്ക സമര്‍പ്പണച്ചടങ്ങ് എഴുത്തുകാരന്‍ വി.ജെ. ജെയിംസ് ഉദ്ഘാടനംചെയ്തു. മുട്ടത്തു വര്‍ക്കിയുടെ ജനപ്രിയ സാഹിത്യം ക്ലാസിക് സാഹിത്യത്തിലേക്കുള്ള പാലമാണെന്ന് വി.ജെ. ജെയിംസ് പറഞ്ഞു. രതീദേവി സ്വര്‍ണപ്പതക്കം മലയാളസര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ആര്‍. പ്രസാദിന് കൈമാറി.
സ്വര്‍ണപ്പതക്കത്തിന് 9.270 ഗ്രാം തൂക്കംവരും. കെ.പി. രാമനുണ്ണി സ്വര്‍ണപ്പതക്ക സമര്‍പ്പണ സന്ദേശം നല്‍കി. അന്ന മുട്ടത്ത് ന്യൂയോര്‍ക്കില്‍നിന്ന് ആശംസാവീഡിയോ സന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന 'ജനപ്രിയ സാഹിത്യത്തിന്റെ മാനങ്ങള്‍' എന്ന ചര്‍ച്ചയില്‍ പ്രൊഫ. എ.ജി. ഒലീന, ഡോ. കെ.എം. അനില്‍ എന്നിവര്‍ സംസാരിച്ചു.
മുട്ടത്തു വര്‍ക്കിയുടെ ഓര്‍മ്മകള്‍ അവലംബിച്ച് അന്ന മുട്ടത്ത് എഴുതിയ 'ഓര്‍മ്മയുടെ ഈണങ്ങള്‍' എന്ന പുസ്തകം ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ ജോയ് വള്ളുവനാടന്‍ അഡ്വ. രതീദേവിക്ക് നല്‍കി പ്രകാശനംചെയ്തു. മുട്ടത്തു വര്‍ക്കിയുടെ 'പാടാത്ത പൈങ്കിളി'യുടെ എഴുപതാം വാര്‍ഷിക പതിപ്പും പ്രകാശനംചെയ്തു.
മുട്ടത്തു വര്‍ക്കി ഗ്ലോബല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മലയാളസര്‍വകലാശാലയിലെ വിദ്യാര്‍ഥികളിലെ മികച്ച സര്‍ഗാത്മക രചനയ്ക്കുള്ള പ്രഥമ പുരസ്‌കാരം ടി.എസ്. സ്‌നേഹയ്ക്ക് അഡ്വ. രതീദേവി കൈമാറി.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍സെക്രട്ടറി സുരേഷ് എടപ്പാള്‍, ചിത്രകാരി എന്‍.ബി. ലതാദേവി, ഡോ. സി. ഗണേഷ്, വിദ്യാര്‍ഥി യൂണിയന്‍ ജനറല്‍സെക്രട്ടറി എം. ശ്യാംശങ്കര്‍, മലയാളസര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെ.എം. ഭരതന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ധന്യ എന്നിവര്‍ സംസാരിച്ചു.
Content Highlights: Muttattu Varkey`s Gold medal awarded to Malayalam University