‘ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും കുരുന്നു ഭീതി കണ്ണുകൾ കാണാം’; ‘കണ്ണട’യ്ക്ക് 25 വയസ്സ്

തിരുവനന്തപുരം: ‘ഒഴിഞ്ഞ കൂരയിൽ ഒളിഞ്ഞിരിക്കും കുരുന്നു ഭീതി കണ്ണുകൾ കാണാം’... എന്ന വരികളിലൂടെ വർത്തമാനകാലത്തിന്റെ വ്യാകുലത കണ്ട മുരുകൻ കാട്ടാക്കടയുടെ ‘കണ്ണട’ കവിതയ്ക്ക് 25 വയസ്സ്. കണ്ടുമടുത്ത മങ്ങിയ കാഴ്ചകൾ മായാൻ കണ്ണടകൾ വേണമെന്ന കവിതയിലെ രോദനം മലയാളിമനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്.
കാട്ടാക്കട കുച്ചപ്പുറം റൈസിങ് സ്റ്റാർ ഗ്രന്ഥശാലയ്ക്ക് 60 വയസ്സ് പൂർത്തിയാവുകയാണ്. ഗ്രന്ഥശാലയുടെ വജ്രജൂബിലിയുടെയും കണ്ണടയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജതജൂബിലിയുടെയും ആഘോഷങ്ങളുടെ ഉദ്ഘാടനം 11-ന് വൈകീട്ട് 5-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ക്രൈസ്റ്റ് നഗർ സ്‌കൂൾ മൈതാനത്ത് 11 മുതൽ 15 വരെ നടക്കുന്ന സാംസ്‌കാരിക പരിപാടികളിൽ എം.വി.ഗോവിന്ദൻ, മന്ത്രി സജി ചെറിയാൻ, പി.കെ.കൃഷ്ണദാസ്, എം.സ്വരാജ് തുടങ്ങിയവർ പങ്കെടുക്കും. 15-ന് നടക്കുന്ന സമാപന സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കേരള ചലച്ചിത്ര അക്കാദമി, വൈലോപ്പിള്ളി സംസ്‌കൃതിഭവൻ, ഭാരത് ഭവൻ, മലയാളം മിഷൻ, ഗുരു ഗോപിനാഥ് നടനഗ്രാമം തുടങ്ങിയ സാംസ്‌കാരിക സ്ഥാപനങ്ങൾ ഗ്രാമോത്സവത്തിൽ പങ്കാളികളാകും.
11-ന് വൈകീട്ട് 6-ന് 100-ലധികം കലാകാരന്മാർ പങ്കെടുക്കുന്ന ‘കണ്ണടയും കാലവും’ എന്ന മെഗാഷോ. 12-ന് വൈകീട്ട് 5-ന് ചലച്ചിത്രമേളയിൽ ‘ചെമ്മീൻ’ സിനിമ, 6-ന് നൃത്തോത്സവം. 13-ന് വൈകീട്ട് 5-ന് സീതക്കളി, 6-ന് നീലപ്പട-മെഗാ മ്യൂസിക് ഫ്യൂഷൻ. 14-ന് വൈകീട്ട് 3-ന് ഗോത്ര സാഹിത്യസമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 6-ന് ഗോത്രസംഗീതം-ബാംബൂ മ്യൂസിക് ബാൻഡ്. 15-ന് സമാപന സമ്മേളനത്തിനു ശേഷം വനിതോത്സവം ഡോ.ബി.സന്ധ്യ ഉദ്ഘാടനം ചെയ്യും.
വർത്തമാനകാലത്തെ അടയാളപ്പെടുത്തുന്നത്
വർത്തമാനകാലത്തെ അടയാളപ്പെടുത്തുന്ന കവിതയായിട്ടാണ് കണ്ണടയെ വിലയിരുത്തുന്നത്. കൊള്ളാവുന്ന കാഴ്ചകൾ കാണാൻ കഴിയുമെങ്കിലും അത് കാണാതിരിക്കാൻ ശ്രമിക്കുന്നതിന്റെ കാവ്യരൂപം. കവിത ഒളിച്ചുവെക്കാനുള്ളതല്ല, വിളിച്ചു പറയാനുള്ളതാണ്.- മുരുകൻ കാട്ടാക്കട
Content Highlights: Celebrate Murukan Kattakkada`s `Kannaḍa` poem`s 25th anniversary alongside the 60th jubilee of Rising Star Library