പുസ്തകത്തിലൂടെ എം.ടി.യെ അപമാനിച്ചെന്ന കേസ്; ശത്രുഘ്‌നനെയും മാധവദാസിനെയും വിസ്തരിച്ചു

കോഴിക്കോട്: വിഖ്യാതസാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെ പുസ്തകത്തിലൂടെ അപകീർത്തിപ്പെടുത്തി എന്ന മകളുടെ പരാതിയിൽ എഴുത്തുകാരനും 'മാതൃഭൂമി'യിൽ എം.ടി.യുടെ സഹപ്രവർത്തകനുമായിരുന്ന ശത്രുഘ്‌നൻ, തൃശ്ശൂരിലെ സാംസ്‌കാരികപ്രവർത്തകനും വായനക്കാരനുമായ മാധവദാസ് എന്നിവരെ കോടതിസാക്ഷികളായി വിസ്തരിച്ചു. എം.ടി.യുടെ മകൾ അശ്വതി വി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (നാല്) ദിവ്യാ നടേശൻ മുൻപാകെയാണ് വിസ്താരം നടന്നത്.
വിവാദമായ പുസ്തകം എം.ടി.യെക്കുറിച്ച് വായനക്കാരിലും പൊതുസമൂഹത്തിലും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹത്തെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമാണെന്നും ശത്രുഘ്‌നൻ മൊഴി നൽകി. ഗോവിന്ദൻകുട്ടി മേനോൻ എന്ന താൻ 1969 മുതൽ തൂലികാനാമമായി 'ശത്രുഘ്‌നൻ' എന്ന് ഉപയോഗിക്കുന്നുണ്ട്. എം.ടി.യുമായി 1971 മുതൽ അദ്ദേഹത്തിന്റെ മരണംവരെ അടുത്ത ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യഭാര്യയായിരുന്ന പ്രമീളാ നായരെയും മകൾ സിതാരയെയും അറിയാം. എം.ടി. മരിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽത്തന്നെ ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്ന് അദ്ദേഹത്തെ ആക്ഷേപിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തിലും ആനുകാലികപ്രസിദ്ധീകരണത്തിലും ലേഖനങ്ങൾ എഴുതിയതായി കണ്ടു. 'എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന ഒരു പുസ്തകം എം.ടി.യെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിക്കാൻവേണ്ടി എഴുതപ്പെട്ടതാണ്. പുസ്തകത്തിൽ എഴുതിയിരിക്കുന്നത് കേട്ടുകേൾവികളും അടിസ്ഥാനരഹിതമായ കാര്യങ്ങളുമാണ്. എം.ടി.യെ അടുത്തറിയാവുന്ന ഒരാൾ എന്ന നിലയിൽ അതിൽ എഴുതിയതെല്ലാം കളവാണെന്ന് തനിക്ക് ബോധ്യമുണ്ടെന്നും ശത്രുഘ്‌നൻ മൊഴിയിൽ പറഞ്ഞു.
എം.ടി.യെ ഏറെ ആരാധിക്കുന്ന വായനക്കാരൻ എന്ന നിലയിൽ ഈ പുസ്തകം അദ്ദേഹത്തെക്കുറിച്ചുള്ള പല സങ്കല്പങ്ങളെയും തകർക്കുന്നതായെന്നും മോശം തോന്നൽ ഉളവാക്കിയെന്നുമാണ് മാധവദാസ് നൽകിയ മൊഴി. തുടർവിസ്താരം 29-ന് നടക്കും. ദീദി ദാമോദരൻ, എച്ച്മുക്കുട്ടി എന്നിവർ ചേർന്ന് എഴുതി പ്രസിദ്ധീകരിച്ച 'എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ' എന്ന പുസ്തകമാണ് കേസിനാധാരം. പരാതിക്കാരിക്ക് വേണ്ടി അഡ്വ. എം.എസ് . സജി ഹാജരായി
Content Highlights: Witnesses Shatrughnan and Madhavadas testified in the defamation case filed by Aswathy V Nair., The case involves the book 'Empty Space: Bashpeekrithayude Aaram Viral' by Deedi Damodaran and Echumukutti