മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം: കനകക്കുന്നില്‍ വായനക്കൂടാരമൊരുക്കി പുസ്തകോത്സവം

ചടങ്ങില്‍നിന്ന്‌
ചടങ്ങില്‍നിന്ന്‌

തിരുവനന്തപുരം: കുന്നിന്‍മുകളില്‍ വായനയുടെ ആകാശം തുറന്ന് മാതൃഭൂമി എം.ബി.ഐ.എഫ്.എല്‍. പുസ്തകോത്സവത്തിനു തുടക്കമായി. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനു മുന്നോടിയായാണ് കനകക്കുന്ന് കൊട്ടാരവളപ്പില്‍ പുസ്തകോത്സവം ആരംഭിച്ചത്. അക്ഷരോത്സവത്തിന്റെ ആറാം എഡിഷന് സ്വാഗതമരുളി ആറു പ്രമുഖര്‍ ചേര്‍ന്നായിരുന്നു ഉദ്ഘാടനം.

മന്ത്രി വി.ശിവന്‍കുട്ടി, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, എഴുത്തുകാരായ റോസ്മേരി, ജി.ആര്‍. ഇന്ദുഗോപന്‍, മുരുകന്‍ കാട്ടാക്കട, ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനി മിന്നാ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് തിരികൊളുത്തിയത്. കേരളവും രാജ്യവും കടന്ന് ലോകത്തിന്റെതന്നെ ശ്രദ്ധനേടുന്ന സംഗമമായി മാതൃഭൂമി അക്ഷരോത്സവം മാറിയെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സ്വാതന്ത്ര്യസമര കാലം മുതല്‍ക്ക് വലിയ ചരിത്രമുള്ള മാതൃഭൂമിയുടെ ഈ ദൗത്യം രാജ്യത്തുതന്നെ അപൂര്‍വമാണ്. തലസ്ഥാനത്തിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ ഉത്സവമാണിതെന്നും മന്ത്രി പറഞ്ഞു.

നവമാധ്യമങ്ങളിലടക്കം പല രൂപങ്ങളിലേക്കു മാറുമെന്നല്ലാതെ അക്ഷരങ്ങള്‍ ഒരിക്കലും ഇല്ലാതാകില്ലെന്ന് ചീഫ് െസക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു. അക്ഷരങ്ങള്‍ തുടര്‍ച്ചയും കണ്ണാടിയുമാണ്. ഒരു എഴുത്തുകാരിയാകണമെന്നായിരുന്നു ഒരുകാലത്ത് തന്റെയും ആഗ്രഹം. പക്ഷേ, വഴിമാറേണ്ടിവന്നു. കഥയും കവിതയും ചരിത്രവും തുടങ്ങി എല്ലാ മേഖലകളിലും ഇനിയുമേറെ അറിയാനും അനുഭവിക്കാനുമുണ്ട്. എന്തും അറിയാനും ഉള്‍ക്കൊള്ളാനും ദാഹിക്കുന്ന സമൂഹമാണ് കേരളമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ഇവിടെ കൊളുത്തുന്ന ദീപം ആസ്വാദകരുടെ പ്രജ്ഞയില്‍ ഒരു ജ്വാലയായി ആളിപ്പടരണമെന്ന് റോസ് മേരി പറഞ്ഞു. എഴുത്തിലെ വൈവിധ്യങ്ങളെ അടയാളപ്പെടുത്തുന്ന സംഗമമാണ് 'ക'യെന്ന് മുരുകന്‍ കാട്ടാക്കട പറഞ്ഞു. ഇന്ന് നാട്ടില്‍ എല്ലായിടത്തും പുസ്തകോത്സവങ്ങള്‍ നടക്കുന്നുണ്ട്. അത് മാതൃഭൂമി ഉള്‍പ്പെടെ നടപ്പാക്കിയ വലിയ ഇടപെടലിന്റെ പ്രതിഫലനമാണ്. പുസ്തകച്ചന്ത എന്ന വാക്കുതന്നെ വലിയ സാംസ്‌കാരികമാറ്റത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചുപേര്‍ക്കെങ്കിലും ഇഷ്ടപ്പെടാതിരിക്കുകയും വിയോജിക്കുകയും ചെയ്യുന്നതാണ് യഥാര്‍ഥ കലയെന്ന് ജി.ആര്‍.ഇന്ദുഗോപന്‍ പറഞ്ഞു. പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് എഴുതാനായി മാത്രം ഇറങ്ങിത്തിരിച്ചപ്പോള്‍, തന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് മാതൃഭൂമിയാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡയറക്ടര്‍- ഡിജിറ്റല്‍ ബിസിനസ്സ് മയൂരാ ശ്രേയാംസ് കുമാര്‍, ഡയറക്ടര്‍- ഓപ്പറേഷന്‍സ് ദേവികാ ശ്രേയാംസ് കുമാര്‍ എന്നിവരും പങ്കെടുത്തു.

പുസ്തകങ്ങള്‍ക്കൊപ്പം അക്ഷരോത്സവ ടിക്കറ്റും ഇളവുകളും

തിരുവനന്തപുരം: മലയാളത്തിലും ഇംഗ്ലീഷിലുമുള്ള അഞ്ചുലക്ഷത്തിലേറെ പുസ്തകങ്ങളാണ് കനകക്കുന്നിലെ മേളയിലുള്ളത്. മാതൃഭൂമി അക്ഷരോത്സവത്തിനെത്തുന്ന ഇന്ത്യന്‍, വിദേശ എഴുത്തുകാരുടെയെല്ലാം പ്രമുഖ പുസ്തകങ്ങള്‍ ഇവിടെയുണ്ടാകും. 3000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് അക്ഷരോത്സവത്തിന്റെ ഒരു ദിവസത്തെ പ്രവേശന പാസും 5000 രൂപയുടെ പുസ്തകങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ടു ദിവസത്തെ പാസും ലഭിക്കും. പുസ്തകോത്സവത്തിലേക്ക് പ്രവേശനവും പാര്‍ക്കിങ്ങും സൗജന്യമാണ്. രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയാണ് മേള.

Content Highlights: MBIFL 2025 book fair