വൈവിധ്യങ്ങളുമായി 5-ാമത്‌ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഒരുങ്ങുന്നു

ടി. പത്മനാഭന്‍, അരുണ്‍ ഷൂരി, രമേശ് ചെന്നിത്തല | Mathrubhumi
ടി. പത്മനാഭന്‍, അരുണ്‍ ഷൂരി, രമേശ് ചെന്നിത്തല | Mathrubhumi

കോഴിക്കോട്: മലയാളകഥയുടെയും നോവലിന്റെയും ലോകത്തുനിന്ന് ടി. പത്മനാഭനും സക്കറിയയും എം. മുകുന്ദനും, കാലത്തെ അതിജീവിക്കുന്ന കവിതകളും വാക്കുകളുമായി സച്ചിദാനന്ദനും കെ.ജി.എസും വി. മധുസൂദനന്‍നായരും. മനുഷ്യമസ്തിഷ്‌കം എന്ന വിസ്മയപ്രപഞ്ചഗാഥയുമായി ഡോ. കെ. രാജശേഖരന്‍ നായര്‍, ബഹിരാകാശരഹസ്യങ്ങളുമായി എസ്. സോമനാഥ്, രാഷ്ട്രീയം പറഞ്ഞ് രമേശ് ചെന്നിത്തലയും ജി. സുധാകരനും വി.ഡി. സതീശനും. വെള്ളപ്പൊക്കത്തിന്റെ കഥയുമായി ജൂഡ് ആന്റണി, കളിയിലെ കാര്യങ്ങള്‍ പറയാന്‍ എസ്. ശ്രീശാന്തും പി.ആര്‍. ശ്രീജേഷും, പാട്ടിന്റെ ലോകത്തെക്കുറിച്ച് ശ്രീകുമാരന്‍ തമ്പി, നിര്‍ഭയപത്രപ്രവര്‍ത്തനത്തിന്റെ കാലമായി അരുണ്‍ ഷൂരി, ചരിത്രത്തിന്റെ ലോകത്തേക്കുനടന്ന് രാമചന്ദ്രഗുഹയും ഇര്‍ഫാന്‍ ഹബീബും, മൂര്‍ച്ചയേറിയ പ്രഭാഷണങ്ങളുമായി ശശി തരൂരും ജെ. സായി ദീപകും, സാഹിത്യവും ചരിത്രവും പറയാന്‍ വിവേക് ഷാന്‍ ബാഗും മനു എസ്. പിള്ളയും ജീത് തയ്യിലും... അമ്പരപ്പിക്കുന്ന വൈവിധ്യങ്ങളുമായാണ് അഞ്ചാമത് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഒരുങ്ങുന്നത്.

എം. മുകുന്ദന്‍, സക്കറിയ, ജി. സുധാകരന്‍ | Mathrubhumi

മലയാളത്തിലെയും മറ്റ് ഇന്ത്യന്‍ഭാഷകളിലെയും ഇന്ത്യന്‍ ഇംഗ്ലീഷിലെയും പ്രതിഭകള്‍ക്കൊപ്പം എല്ലാ വന്‍കരകളില്‍നിന്നും എഴുത്തുകാരും ചിന്തകരും അക്ഷരോത്സവത്തിനെത്തുന്നു.

ശശി തരൂര്‍

തിരുവനന്തപുരം കനകക്കുന്നില്‍ ഫെബ്രുവരി എട്ടുമുതല്‍ 11 വരെയാണ് അക്ഷരോത്സവം അരങ്ങേറുക. എല്ലാ വന്‍കരയില്‍നിന്നുമായി മുന്നൂറിലധികം പ്രതിഭകളാണ് അക്ഷരോത്സവത്തിന് എത്തുന്നത്. 'ബഹുസ്വരസഞ്ചാരങ്ങള്‍' എന്നതാണ് ഇത്തവണത്തെ അക്ഷരോത്സവത്തിന്റെ കേന്ദ്രപ്രമേയം.

രജിസ്ട്രേഷന്‍വഴിയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് നാലുദിവസത്തേക്ക് 1500 രൂപയാണ് ഫീസ്. ഏര്‍ളി ബേര്‍ഡ് ഓഫറില്‍ ഇത് 900 രൂപയ്ക്ക് ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് നാലുദിവസത്തേക്ക് 1000 രൂപയാണ് ഫീസ്. ഏര്‍ളി ബേര്‍ഡ് ഓഫര്‍പ്രകാരം ഇത് 600 രൂപയ്ക്ക് ലഭിക്കും. ജനുവരി 10 വരെയാണ് ഏര്‍ളി ബേര്‍ഡ് ഓഫര്‍.

എഴുത്തുകാര്‍ക്കുപുറമേ ചിന്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, കലാപ്രതിഭകള്‍, ആത്മീയനേതാക്കള്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, ചരിത്രപണ്ഡിതര്‍, നയതന്ത്രപ്രമുഖര്‍, സംഗീതജ്ഞര്‍, നര്‍ത്തകര്‍ തുടങ്ങി എല്ലാ സര്‍ഗാത്മകമേഖലകളില്‍നിന്നുള്ളവരും പങ്കെടുക്കാനെത്തും. സംവാദങ്ങള്‍, ഏകാംഗഭാഷണങ്ങള്‍, കാവ്യാലാപനങ്ങള്‍, സംഭാഷണങ്ങള്‍ തുടങ്ങി വ്യത്യസ്ത സെഷനുകള്‍ നാലുദിവസവും അരങ്ങേറും. മാറ്റുകൂട്ടാന്‍ കലാസന്ധ്യകളുമുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mbifl.com സന്ദര്‍ശിക്കുക.

Content Highlights: mbifl 2024, Fifth edition of Mathrubhumi international festival of letters, Kanakakunnu, Trivandrum