മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരം ഫലപ്രഖ്യാപനവും പുരസ്‌കാരസമര്‍പ്പണവും തൃശൂരില്‍

തൃശ്ശൂര്‍: മാതൃഭൂമി ആഴ്ചപ്പതിപ്പ് കലാലയവിദ്യാര്‍ഥികള്‍ക്കായി നടത്തിയ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തിലെ ഫലപ്രഖ്യാപനവും പുരസ്‌കാരസമര്‍പ്പണവും വ്യാഴാഴ്ച തൃശ്ശൂരില്‍ നടക്കും. മുന്‍വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി കഥ, കവിത മത്സരങ്ങളുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 50 സര്‍ഗപ്രതിഭകളുടെ സാന്നിധ്യത്തിലാണ് ഫലപ്രഖ്യാപനം നടത്തുക. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വൈകീട്ട് അഞ്ചിന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ പുരസ്‌കാരം സമ്മാനിക്കും.
മലയാളത്തിലെ പ്രശസ്തരായ പല എഴുത്തുകാര്‍ക്കും സാഹിത്യലോകത്തേക്ക് പിച്ചവയ്ക്കാന്‍ അവസരമൊരുക്കിയത് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് സാഹിത്യമത്സരമാണ്. സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഏറ്റവും വലിയ സാഹിത്യമത്സരവും ഇതുതന്നെ.
ചുരുക്കപ്പട്ടികയില്‍ ഇടംനേടിയ 50 പേരില്‍നിന്ന് കഥയിലും കവിതയിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയവരുടെ പേരുകള്‍ പ്രഖ്യാപിക്കും. വ്യാഴാഴ്ച 1.45-ന് ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച വിദ്യാര്‍ഥികളുടെ രജിസ്ട്രേഷനോടെ ചടങ്ങുകള്‍ ആരംഭിക്കും. 50 പേര്‍ക്കും സര്‍ട്ടിഫിക്കറ്റും എംബിഐഎഫ്എല്‍ 26-ലേക്കുള്ള സൗജന്യ പ്രവേശനപാസും സമ്മാനിക്കും.
രണ്ടിന് ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട വിദ്യാര്‍ഥികളുമായി സംവാദം നടക്കും. ആഷാമേനോന്‍, കല്‍പ്പറ്റ നാരായണന്‍, ഇ. സന്തോഷ്‌കുമാര്‍, മോഹനകൃഷ്ണന്‍ കാലടി എന്നിവര്‍ പങ്കെടുക്കും.
വൈകീട്ട് അഞ്ചിന് വിഷുപ്പതിപ്പ് പുരസ്‌കാരദാനച്ചടങ്ങാരംഭിക്കും. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് പുരസ്‌കാരപ്രഖ്യാപനം നടത്തും. മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ അനുഗ്രഹപ്രഭാഷണം നടത്തും.
തുടര്‍ന്ന് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ പുരസ്‌കാരസമര്‍പ്പണം നിര്‍വഹിക്കും. വിഷുപ്പതിപ്പ് സാഹിത്യമത്സരം മുന്‍ ജേതാവും കഥാകൃത്തുമായ കെ. രേഖ ആശംസയര്‍പ്പിക്കും. സാഹിത്യമത്സരജേതാക്കള്‍ മറുമൊഴിയേകും. മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ സുഭാഷ് ചന്ദ്രന്‍, തൃശ്ശൂര്‍ റീജണല്‍ മാനേജര്‍ വിനോദ് പി. നാരായണ്‍ എന്നിവര്‍ സംസാരിക്കും.
Content Highlights: mathrubhumi vishuppathippu literary competition results announced and awards presented in thrissur