മാതൃഭൂമി വിഷുപ്പതിപ്പ് സാഹിത്യമത്സരം;അശ്വിന്‍ ചന്ദ്രനും മിദ്ലാജും ജേതാക്കള്‍

കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് സാഹിത്യമത്സരത്തില്‍ അശ്വിന്‍ ചന്ദ്രന്‍ കഥയിലും മിദ്ലാജ് തച്ചംപൊയില്‍ കവിതയിലും ജേതാക്കളായി.
കേരള-കേന്ദ്രസര്‍വകലാശാല തിരുവനന്തപുരം കാമ്പസില്‍ ബി.എ. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് രണ്ടാം വര്‍ഷവിദ്യാര്‍ഥിയായ അശ്വിന്‍ ചന്ദ്രന്‍ രചിച്ച 'ഒറ്റ്' എന്ന കഥയാണ് പുരസ്‌കാരം നേടിയത്. കാസര്‍കോട് പുല്ലൂര്‍ കണ്ണാംകോട്ട് സ്വദേശിയാണ്.
ഡല്‍ഹിയിലെ രാംജാസ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയും കോഴിക്കോട് താമരശ്ശേരി സ്വദേശിയുമാണ് കവിതയില്‍ ഒന്നാംസ്ഥാനം നേടിയ മിദ്ലാജ് തച്ചംപൊയില്‍. 'ഒറ്റനിറമുള്ള ആകാശം' എന്ന കവിതയ്ക്കാണ് പുരസ്‌കാരം. വിജയികള്‍ക്ക് 25,000 രൂപയും പ്രശസ്തിപത്രവും സമ്മാനിക്കും.
കവിതയില്‍ രജിത രവി (കാലടി ശ്രീശങ്കര സര്‍വകലാശാല), ആര്‍. ആതിര (തലശ്ശേരി ബ്രണ്ണന്‍ കോളേജ്) എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. രണ്ടാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപയും സമ്മാനമായി ലഭിക്കും.
സമ്മാനം ലഭിച്ച മുഴുവന്‍ രചനകളും ഒന്നാംസമ്മാനക്കാരുമായുള്ള അഭിമുഖവും ചൊവ്വാഴ്ച പുറത്തിറങ്ങുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പില്‍ വായിക്കാം. രചനകള്‍ വിജയികളുടെ ശബ്ദത്തില്‍ കേള്‍ക്കുകയും ചെയ്യാം.
അയ്മനം ജോണിന്റെ അധ്യക്ഷതയില്‍ ഗ്രേസി, ഇ.പി. രാജഗോപാലന്‍ എന്നിവര്‍ കഥയിലും വിജയലക്ഷ്മിയുടെ നേതൃത്വത്തില്‍ വീരാന്‍കുട്ടി, പി.എന്‍. ഗോപീകൃഷ്ണന്‍ എന്നിവര്‍ കവിതയിലും വിധികര്‍ത്താക്കളായി.
എം.ടി. വാസുദേവന്‍ നായര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതല വഹിക്കുന്ന ഘട്ടത്തിലാണ് വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയ്ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കാനായി കഥാ, കവിതാ മത്സരങ്ങള്‍ ആരംഭിച്ചത്. ആ മത്സര വിജയികളുടെ സൃഷ്ടികള്‍ വിഷുക്കാലത്തിറങ്ങുന്ന ആഴ്ചപ്പതിപ്പിലായിരുന്നു പ്രസിദ്ധീകരിച്ചത്. അങ്ങനെയാണ് 'വിഷുപ്പതിപ്പ്' എന്ന പേര് ശ്രദ്ധേയമാകുന്നത്.
Content Highlights: Mathrubhumi Vishuppathippu, Aswin Chandran, Mdilaj Thachampoyil, Mathrubhumi