കവിതയുടെ 90 വർഷം: ഇടപ്പള്ളിയിൽ ദേശീയ കാവ്യോത്സവം

ദേശീയ കാവ്യോത്സവ വേദി (Photo by Mathrubhumi Media School Students)
ദേശീയ കാവ്യോത്സവ വേദി (Photo by Mathrubhumi Media School Students)

1936-ൽ മലയാള കവിതയുടെ ലോകത്ത് ജനിച്ച മൂന്ന് അമരകൃതികളായ ഇടപ്പള്ളി രാഘവൻപിള്ളയുടെ മണിനാദം, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണൻ, വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴം എന്നിവ  ഇന്ന് 90 വർഷം പിന്നിട്ടു. മലയാളഭാഷയുടെ സംഗീതവും സാഹിത്യത്തിന്റെ ആത്മാവും ചേർന്നുനിൽക്കുന്ന ഈ കവിതകൾ, കാലത്തിന്റെ ഒഴുക്കിൽ പോലും തിളങ്ങിക്കൊണ്ടിരിക്കുന്നു. അവയെ പുതുതലമുറയ്ക്ക് കൈമാറാനും പുനർവായിക്കാനും, എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ 2026 സെപ്റ്റംബർ 18 മുതൽ 20 വരെ ദേശീയ കാവ്യോത്സവം സംഘടിപ്പിക്കുന്നു.

കവിതയുടെ ആഘോഷം

“മൂന്ന് കവിതകൾ, മൂന്ന് ദിവസങ്ങൾ” എന്ന ആശയവുമായി സംഘടിപ്പിക്കുന്ന  പരിപാടി, കവിതയുടെ പുനർവായനയും പുതുതലമുറയിലേക്ക് കൈമാറ്റവും ലക്‌ഷ്യം വയ്ക്കുന്നു. സംഘാടക സമിതി ചെയർമാൻ പി.ജി. സജി, ജില്ലയിലെ ഗ്രന്ഥശാലകളെ അറിവിന്റെയും മനസ്സിന്റെയും സമ്പന്നതയ്ക്കുള്ള ഇടങ്ങളാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. കാലത്തിനനുസരിച്ച് മാറുന്നില്ലെന്ന വിമർശനം നേരിട്ടിരുന്ന ഗ്രന്ഥശാലാ സമൂഹം, ഇപ്പോൾ ഒരേ സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്നതിലൂടെ കാലത്തിന്റെ ചുവടുപിടിക്കുന്നുവെന്ന സന്ദേശവും പരിപാടി നൽകി. മുഖ്യാതിഥിയായ കുട്ടി രേവതി പരിപാടി ഉദ്ഘാടനം ചെയ്തു. “എന്തുകൊണ്ടാണ് നമുക്ക് കവിത ആവശ്യമാകുന്നത്?” എന്ന ചോദ്യത്തോടെയാണ് അവർ സംസാരിച്ചത്. മൊബൈൽ ഫോണുകളുടെയും ഡിജിറ്റൽ ലോകത്തിന്റെയും കാലത്തെയും, പഴയകാലത്ത് പുസ്തകങ്ങൾക്കായി ലൈബ്രറികളിൽ തിരഞ്ഞുനടന്നിരുന്ന കാലത്തെയും അവർ താരതമ്യം ചെയ്തു. വാൾട്ട് വിറ്റ്മാന്റെ Leaves of Grass തന്റെ വായനാനുഭവത്തെ സ്വാധീനിച്ചുവെന്നു അവർ ഓർത്തെടുത്തു. “കവിത മനുഷ്യന്റെ അന്തസ്സുമായി ബന്ധപ്പെട്ടിരിക്കുന്നു. കവിത ഇല്ലാതെ ജീവിതത്തെ പൂർണ്ണമായി അനുഭവിക്കാൻ കഴിയില്ല” എന്നായിരുന്നു അവരുടെ വാക്കുകൾ.

അധ്യക്ഷ പ്രസംഗത്തിൽ കെ. ജയകുമാർ ഐ.എ.എസ്. കവിതയുടെ സാമൂഹിക പ്രസക്തിയെക്കുറിച്ച് സംസാരിച്ചു. “കവിതയുടെ ലക്ഷ്യം കഥ പറയുക മാത്രമല്ല; കഥാകൃത്തിന് പിടികിട്ടാത്ത അനുഭവങ്ങളെയും വികാരങ്ങളെയും സാന്ദ്രമാക്കുകയാണ് കവിത” എന്ന് അദ്ദേഹം പറഞ്ഞു. കവിതയിൽ നിന്ന് അകന്നുപോകുന്ന സമൂഹത്തിന് അസ്വസ്ഥതകൾ ഉണ്ടാകാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ചങ്ങമ്പുഴയുടെ കവിതകളെ പരാമർശിച്ചുകൊണ്ട്, വേദനയെ പോലും വൈവിധ്യങ്ങളുടെ ഇന്ദ്രജാലമാക്കി മാറ്റുന്ന കവിതയുടെ ശക്തിയെ അദ്ദേഹം വിശദീകരിച്ചു.

ഉമ തോമസ് എം.എൽ.എ കവിതയുടെ ആത്മീയ വേദനയെക്കുറിച്ച് പരാമർശിച്ചു. വി.കെ. മധു മലയാള ഭാഷയുടെ അഭിമാനവും കവിതയുടെ ഇരുണ്ട കാലഘട്ടങ്ങളിലെ രൂപവത്കരണവും വിശദീകരിച്ചു. “ഇരുണ്ട കാലത്ത് കവിതകൾ ഉണ്ടാകുമോ?” എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. ലളിത ചങ്ങമ്പുഴ, കവിയുടെ സാഹിത്യസ്ഥാനം ഓർമ്മിപ്പിച്ചു.

കാവ്യോത്സവത്തിൽ ജനനേതാക്കൾ, കവികൾ, അക്കാദമിക് രംഗത്തെ പ്രമുഖർ, കലാകാരന്മാർ, എഴുത്തുകാർ, ലൈബ്രറി പ്രവർത്തകർ എന്നിവർ പങ്കെടുക്കും . കവിയരങ്ങുകൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവയും ഉണ്ടായിരിക്കും.

റിപ്പോർട്ട്: മാതൃഭൂമി മീഡിയ സ്കൂൾ വിദ്യാർഥികൾ