2026-ലെ ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരൻ എം. ജോൺ ഹാരിസണിന്; ചരിത്ര നേട്ടം

ലണ്ടൻ: ലോകം കാത്തിരുന്ന പ്രഖ്യാപനമെത്തി. 2026-ലെ മികച്ച സാഹിത്യകൃതിക്കുള്ള ബുക്കർ പ്രൈസ് പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരൻ എം. ജോൺ ഹാരിസണ്. അദ്ദേഹത്തിന്റെ 'ദി എൻഡ് ഓഫ് എവരിതിങ്' എന്ന സയൻസ് ഫിക്ഷൻ നോവലിനാണ് പുരസ്കാരം. ബുക്കർ പുരസ്കാര ചരിത്രത്തിൽ ഒരു സയൻസ് ഫിക്ഷൻ നോവലിന് ഈ നേട്ടം ലഭിക്കുന്നത് ആദ്യമായാണ്.
81-ാം വയസ്സിൽ ബുക്കർ പുരസ്കാരം നേടുന്നതോടെ ഈ അംഗീകാരം ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതിയും എം. ജോൺ ഹാരിസൺ സ്വന്തമാക്കി. 50,000 പൗണ്ടാണ് (ഏകദേശം 53 ലക്ഷം രൂപ) പുരസ്കാര തുക.
മനുഷ്യരാശിയുടെ നിലനിൽപ്പും അതിജീവനവും പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങളുമാണ് നോവലിന്റെ പ്രമേയം. ജഡ്ജിങ് പാനലിന്റെ ഐക്യകണ്ഠേനയുള്ള തീരുമാനപ്രകാരമാണ് ഈ കൃതി പുരസ്കാരത്തിനായി തിരഞ്ഞെടുത്തതെന്ന് വിധികർത്താക്കളുടെ അധ്യക്ഷ മേരി ബിയേർഡ് വ്യക്തമാക്കി. ആറ് പതിറ്റാണ്ടിലേറെയായി സാഹിത്യരംഗത്ത് സജീവമായ ഹാരിസണിന്റെ 13-ാമത് നോവലാണിത്.
ആറ് നോവലുകളായിരുന്നു ബുക്കർ പ്രൈസ് അന്തിമപട്ടികയിൽ ഉണ്ടായിരുന്നത്. എം ജോൺ ഹാരിസൺ എഴുതിയ 'ദി എൻഡ് ഓഫ് എവരിതിങ്',മാർലോൺ ജയിംസിന്റെ 'ദി ഡിസ്പിയേറേഴ്സ്',ലൂക് കെന്നഡിന്റെ 'ബ്ലാക്ക് ബാഗ്',റെബേക്ക പെറിയുടെ 'മേ വി ഫീഡ് ദി കിംഗ്',എലിസബത്ത് സ്ട്രൗറ്റിന്റെ 'ദി തിങ്ങ്സ് വി നെവർ സെ',ഡഗ്ലസ് സ്റ്റുവർട്ടിന്റെ 'ജോൺ ഓഫ് ജോൺ 'എന്നിവയാണ് അന്തിമപട്ടികയിൽ ഇടം പിടിച്ച കൃതികൾ.
Content Highlights: M. John Harrison won the 2026 Booker Prize for his novel 'The End of Everything'., This is the first time a science fiction novel has won the Booker Prize., At 81, Harrison is the oldest person to receive this prestigious award., The award includes a prize of 50,000 pounds.