ലൈബ്രറി കൗണ്‍സില്‍ ബജറ്റ് പ്രഖ്യാപനം: 10 ലക്ഷം വീടുകളില്‍ പുസ്തകമെത്തിക്കും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

 ലൈബ്രറി കൗണ്‍സിലിനുകീഴിലുള്ള വായനശാലകളിലെ സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്മാര്‍ക്കും അപകട ഇന്‍ഷുറസ് ഏര്‍പ്പെടുത്തുന്നു. 15,000 പേര്‍ക്ക് പ്രയോജനം കിട്ടും. മൂന്നുവര്‍ഷംകൊണ്ട് 10 ലക്ഷം വീടുകളില്‍ പുസ്തകമെത്തിക്കാന്‍ 'വീട്ടിലേക്കൊരു പുസ്തകം' പദ്ധതിയും നടപ്പാക്കും. കൗണ്‍സില്‍ അംഗീകരിച്ച ബജറ്റിലെ പ്രഖ്യാപനങ്ങളാണിത്.

 വൈസ് പ്രസിഡന്റ് എ.പി. ജയന്‍ അവതരിപ്പിച്ച, 122,45,00,000 രൂപ വരവും അത്രതന്നെ ചെലവും വരുന്ന ബജറ്റിന് അംഗീകാരം കൗണ്‍സില്‍ നല്‍കി. ലൈബ്രറികളുടെ ഗ്രേഡ് പരിഗണിക്കാതെ ലൈബ്രേറിയന്‍ അലവന്‍സ് ഏകീകരിക്കും. എ പ്ലസ്,എ, ബി, സി ഗ്രേഡ് ലൈബ്രറികളിലെ ലൈബ്രേറിയന്‍മാരുടെ അലവന്‍സ് 2000 രൂപവരെ വര്‍ധിപ്പിക്കുമെന്നും ബജറ്റിലുണ്ട്. സമ്പൂര്‍ണ ഡിജിറ്റലൈസേഷന് എം.എല്‍.എ. ഫണ്ടിലൂടെയും സി.എസ്.ആര്‍. ഫണ്ടിലൂടെയും കൗണ്‍സില്‍ നേരിട്ടും കംപ്യൂട്ടര്‍ നല്‍കും.

ബജറ്റ് യോഗത്തില്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ.കെ.വി.കുഞ്ഞികൃഷ്ണന്‍, സെക്രട്ടറി വി. കെ. മധു, ജോയിന്റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ലൈബ്രറികളുടെ വാര്‍ഷിക ഗ്രാന്റ് വര്‍ധനവ്, എ പ്ലസ്,എ,ബി,സി ഗ്രേഡില്‍പ്പെട്ട ലൈബ്രറികള്‍ക്ക് സ്‌പെഷല്‍ അലവന്‍സ്, എല്ലാ ഗ്രന്ഥശാലകളിലും വായനക്കൂട്ടങ്ങള്‍, എസ്.എസ്.എല്‍.സി., പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഗൈഡന്‍സ് കോഴ്‌സ്, മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയ്ക്ക് ഹാപ്പിനെസ് ഫോറം, സാഹിത്യാഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്ക് ചില്‍ഡ്രന്‍സ് ലിറ്ററി ഫെസ്റ്റ്, ഗ്രന്ഥാലോകം പ്ലാറ്റിനം ജൂബിലി സമാപനത്തിന് സാംസ്‌കാരികോത്സവം, യുവ സാഹിത്യകാരന്മാര്‍ക്ക് എഴുത്തുകൂട്ടം, ജില്ലാ,താലൂക്ക് തലങ്ങളിലും ഗ്രന്ഥശാലാ തലത്തിലും കുമാരനാശാന്‍ ചരമ ശതാബ്ദി വാര്‍ഷികാചരണം, കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ബ്രെയ്‌ലി-ശ്രവ്യ വായനാമത്സരം, ജയിലുകളിലും ചില്‍ഡ്രന്‍സ് ഹോമിലും ഓര്‍ഫനേജുകളിലും ലൈബ്രറികള്‍ക്ക് പ്രത്യേക ഗ്രാന്റ്, സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഡിജിറ്റലൈസ് ചെയ്യും.കോഴിക്കോടുള്ള ഉറൂബ് മ്യൂസിയം നവീകരണം തുടങ്ങിയവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍.
 

Content Highlights: library council budget announcement books will be delivered to 10 lakh households