സാഹിത്യനഗരം: മുഖ്യമന്ത്രി പ്രാധാന്യം തിരിച്ചറിഞ്ഞില്ല,എം.ടിക്ക് അര്‍ഹമായ പരിഗണന ലഭിച്ചോ?- പ്രതിപക്ഷം

കോഴിക്കോട്: മുഖ്യമന്ത്രി സാഹിത്യനഗരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞില്ലെന്നും സാഹിത്യനഗര പ്രഖ്യാപനദിനത്തില്‍ എം.ടിക്ക് അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രതിപക്ഷം. സാഹിത്യനഗരം പദവി കൈവരിച്ചതോടെ വലിയ ഉത്തരവാദിത്വമായെന്നും ഇനിചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഡെപ്യൂട്ടി മേയര്‍തന്നെയാണ് പ്രമേയമവതരിപ്പിച്ചത്.
നഗരത്തിലെ ലൈബ്രറികളുടെ നവീകരണം, സാഹിത്യ സംവാദങ്ങള്‍ക്കുള്ള ഇടമൊരുക്കല്‍, വായനത്തെരുവ് സൃഷ്ടിക്കല്‍, സാഹിത്യ മ്യൂസിയം, സാഹിത്യോത്സവം, പുസ്തകമേള, കോലായ ചര്‍ച്ചകളുടെ പുനരുജ്ജീവനം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെയും സാഹിത്യ -സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും പിന്തുണയുണ്ടാവണമെന്നും ആവശ്യപ്പെട്ടു.
കില, എന്‍.ഐ.ടി. എന്നീ സ്ഥാപനങ്ങള്‍ വലിയപിന്തുണയാണ് നല്‍കിയത്. കോഴിക്കോടിന്റെ സാഹിത്യപാരമ്പര്യത്തിനും സാംസ്‌കാരികമായ ഉണര്‍വിനും ഒരു ചരിത്രപശ്ചാത്തലുമുണ്ട്. മതസാഹോദര്യം മുഖമുദ്രയായിരുന്നു. സാഹിത്യത്തെയും കലയെയും നാടകത്തെയും സിനിമയെയും സംഗീതത്തെയും മാത്രമല്ല, ഫുട്‌ബോളിനെയും അളവറ്റ് സ്‌നേഹിക്കുന്ന നഗരമാണിത്. എം.ടി.യും എസ്.കെ.യും ബഷീറുമെല്ലാം ഉള്‍പ്പെടുന്ന വലിയ സാഹിത്യപാരമ്പര്യമുണ്ട് കോഴിക്കോടിന്. പദവിയില്‍ ഏറെ ആഹ്ലാദവും അഭിമാനവുമുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.
എല്ലാവരും തിരിച്ചറിഞ്ഞിട്ടും മുഖ്യമന്ത്രിമാത്രം സാഹിത്യനഗരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞില്ലെന്ന് കെ. മൊയ്തീന്‍കോയ പറഞ്ഞു. സാഹിത്യനഗരപദവി പ്രഖ്യാപനം പ്രഹസനമായോയെന്ന് ചിന്തിക്കണമെന്ന് കൗണ്‍സിലര്‍ ടി. രെനീഷ് ശ്രദ്ധക്ഷണിക്കലില്‍ പറഞ്ഞു. നഗരത്തിലെത്തിയിട്ടും മുഖ്യമന്ത്രി പങ്കെടുത്തില്ല. എം.ടിക്ക് അര്‍ഹമായ പരിഗണന കിട്ടിയോയെന്ന് സംശയമുണ്ട്. സാമൂഹിക- സാംസ്‌കാരിക നേതാക്കള്‍ ഉണ്ടായില്ല.
കൊച്ചുകുട്ടികള്‍ക്കുപോലും ഡിസൈന്‍ ചെയ്യാവുന്നതാണ് ലോഗോ. എട്ടുമാസം മുമ്പ് ലഭിച്ച പദവിയുടെ പ്രഖ്യാപനം നാലുദിവസം കൊണ്ടാണോ നടത്തേണ്ടത്. പുതിയപാലത്തിന്റെ തറക്കല്ലിടലിനുപോലും മൂന്നുമന്ത്രിമാര്‍ പങ്കെടുത്തിരുന്നെന്നും രെനീഷ് പറഞ്ഞു.
ഈ കൗണ്‍സില്‍ വന്നതിനുശേഷമുള്ള ഏറ്റവും നല്ല പരിപാടിയായിരുന്നെന്നും പലരെയും ക്ഷണിച്ചെങ്കിലും സമയപ്രശ്‌നം കാരണം വരാന്‍ പറ്റിയില്ലെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ഇനി മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയുമെല്ലാം പങ്കെടുപ്പിക്കാം. എം.ടിക്ക് വിഷമമുണ്ടായിട്ടില്ലെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.
സാഹിത്യനഗരത്തില്‍ കീറിയിട്ട റോഡുകള്‍ നന്നാക്കണ്ടേ...
അമൃത് കുടിവെള്ളത്തിനായി കീറിയിട്ട റോഡുകള്‍ നന്നാക്കിയില്ലെന്ന് കൗണ്‍സിലര്‍ കവിത അരുണ്‍ ശ്രദ്ധക്ഷണിച്ചു. നടക്കാവ്, പന്നിയങ്കര, വെള്ളിമാടുകുന്ന് തുടങ്ങി നഗരത്തിലെ പല വാര്‍ഡുകളിലും പ്രശ്‌നമുണ്ട്. കഴിഞ്ഞവര്‍ഷം തുടങ്ങിയ പണിപോലും പൂര്‍ത്തിയാക്കിയിട്ടില്ല. ചിലയിടത്ത് പൈപ്പിട്ടു, മീറ്റര്‍ വെച്ചു. പക്ഷേ, കണക്ഷന്‍ നല്‍കിയില്ല. പൊതുമരാമത്തുറോഡ് കീറാന്‍പറ്റാത്ത പ്രശ്‌നമുണ്ടെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
ഓഗസ്റ്റോടെ റോഡു കീറിയത് നന്നാക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചിട്ടുണ്ടെന്ന് എന്‍ജിനിയര്‍ അറിയിച്ചു. 27,000 കണക്ഷന്‍ നല്‍കാനുള്ള 113 കോടിയുടെ പദ്ധതിയാണ്. അതില്‍ 22,000 നല്‍കിക്കഴിഞ്ഞു. റോഡ് നന്നാക്കാത്തതുമായി ബന്ധപ്പെട്ട് സെക്ടര്‍ അടിസ്ഥാനത്തില്‍ യോഗം വിളിക്കാമെന്നും തീരുമാനമായി. പി.കെ. നാസര്‍, എം.എന്‍. പ്രവീണ്‍, എം.കെ. മഹേഷ്, സി.പി. സുലൈമാന്‍, ഓമന മധു, ടി.കെ. ചന്ദ്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ശ്രദ്ധക്ഷണിച്ചു.
Content Highlights: kozhikode unesco literary city chief minister neglected mt did not receive due consideration