കോഴിക്കോട് സാഹിത്യനഗരത്തിന് വാതില്‍ തുറന്ന് മാതൃഭൂമി; പ്രമുഖ എഴുത്തുകാര്‍ സംവദിച്ചു

മേയർ ഡോ. എം. ബീനാ ഫിലിപ്പിന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ഉപഹാരം സമ്മാനിക്കുന്നു. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ സമീപം
മേയർ ഡോ. എം. ബീനാ ഫിലിപ്പിന് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ഉപഹാരം സമ്മാനിക്കുന്നു. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ സമീപം

കോഴിക്കോട്: സാഹിത്യനഗരമായി യുനെസ്‌കോ പ്രഖ്യാപിച്ച കോഴിക്കോടിന് പിന്തുണയുമായി മാതൃഭൂമി. മലയാളിയുടെ സ്വാതന്ത്ര്യത്തിന്റെയും സാഹിത്യത്തിന്റെയും ജിഹ്വയായ മാതൃഭൂമി സാഹിത്യനഗരത്തിനായി കഴിവിന്റെ പരമാവധി ചെയ്യുമെന്നും അതില്‍ ഭാഗഭാക്കാകുമെന്നും മാതൃഭൂമിയുടെ ഗവേഷണ സംവിധാനങ്ങള്‍ അതിനായി ഉപയോഗിക്കാമെന്നും മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. സാഹിത്യനഗരമായ കോഴിക്കോടിന്റെ സാധ്യതകളും അവസരങ്ങളും പങ്കുവെച്ച് മാതൃഭൂമിയില്‍ മേയര്‍ ഡോ. എം. ബീനാഫിലിപ്പും എഴുത്തുകാരുമായി നടത്തിയ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യനഗരവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രവര്‍ത്തനം നടത്തുമ്പോള്‍ അതിന് മാതൃഭൂമിയുടെ സഹായമുണ്ടാകും. കെ.പി. കേശവമേനോന്റെ കാലംമുതല്‍ സാഹിത്യത്തെ ആദരിച്ചിട്ടുള്ള സ്ഥാപനമാണ് മാതൃഭൂമി. മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ലോകമറിയുന്ന സാഹിത്യകാരന്മാരെ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനമാണ്. എം.ടി. തന്നെ കോഴിക്കോട്ടെത്താന്‍ കാരണമായത് മാതൃഭൂമിയാണ്. ഇവിടെ സബ് എഡിറ്ററായാണ് എം.ടി.യെത്തുന്നത്. സര്‍ഗാത്മകതയെ എന്നും മാതൃഭൂമി പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കുന്നവരില്‍ 80 ശതമാനത്തിലധികവും യുവാക്കളാണെന്നത് പ്രതീക്ഷ നല്‍കുന്നതാണ് - ശ്രേയാംസ് കുമാര്‍ പറഞ്ഞു.

സാഹിത്യനഗരത്തിലൂടെ സംസ്‌കാരത്തെ തിരിച്ചുപിടിക്കാമെന്ന് മേയര്‍ പറഞ്ഞു. നഗരങ്ങളുടെ അപചയമാണ് സാംസ്‌കാരിക അപചയത്തിന് കാരണമാകുന്നത്. സാഹിത്യനഗരത്തിലൂടെ അത് മറികടക്കാം. നാലുഘട്ടങ്ങളായി എട്ടുകൊല്ലത്തെ പ്രവര്‍ത്തനമാണ് സാഹിത്യനഗരത്തിലൂടെ വിഭാവനംചെയ്യുന്നത്. സാഹിത്യമ്യൂസിയവും കോഴിക്കോട്ടുണ്ടാവും. ഇന്ത്യയിലെത്തന്നെ ആദ്യത്തെ യുനെസ്‌കോ സാഹിത്യനഗരമെന്ന പദവി നല്‍കുന്നത് വലിയ ഉത്തരവാദിത്വമാണ്. കോര്‍പ്പറേഷനും കോഴിക്കോട്ടെ ജനതയ്ക്കുമുണ്ട് അതില്‍ അഭിമാനവും ആഹ്ലാദവും. സാഹിത്യനഗരപദവി നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും ചുമതലയാണെന്ന്് മേയര്‍ ഡോ. എം. ബീനാ ഫിലിപ്പ് ഓര്‍മപ്പെടുത്തി. പല ഭാഷകളില്‍നിന്നുള്ള എഴുത്തുകാര്‍ക്ക് ഒത്തുകൂടാനുള്ള ഒരിടമായി കോഴിക്കോട് മാറുമെന്നും അവര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.യു. ബിനിയും സാധ്യതകള്‍ പങ്കുവെച്ചു.

സാഹിത്യനഗരമെന്ന നേട്ടം കോഴിക്കോടിന് സ്വന്തമായതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ പറഞ്ഞു. മാതൃഭൂമിയുടെ എല്ലാ പിന്തുണയും കോര്‍പ്പറേഷനുണ്ടാകുമെന്ന് ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ് പറഞ്ഞു. ഡയറക്ടര്‍ രാധാ ഭാസ്‌കരമേനോന്‍ പങ്കെടുത്തു. 11 പ്രമുഖ സാഹിത്യകാരന്മാര്‍ സംവാദത്തില്‍ ആശയങ്ങള്‍ പങ്കുവെച്ചു.

കോഴിക്കോടുള്ള എഴുത്തുകാരുമായി മാതൃഭൂമി മാനേജിങ് ഡറക്ടര്‍ എം.വി ശ്രേയാംസ്‌കുമാര്‍ സംവദിക്കുന്നു

സാഹിത്യം മാത്രമല്ല, നാടകവും സംഗീതവും വരയുമെല്ലാം ചേര്‍ന്ന കലാസംസ്‌കാരമാണ് മുന്നോട്ടുവെക്കുന്നത്. അതിലൂടെ നഗരത്തിന്റെ വികസനം സാധ്യമാക്കാമെന്ന് മേയര്‍ ഡോ. ബീനാ ഫിലിപ്പ് മാതൃഭൂമി നടത്തിയ സംവാദത്തില്‍ പറഞ്ഞു. സര്‍ഗാത്മകതയിലൂടെ സാമ്പത്തികവളര്‍ച്ചയും സാധ്യമാകും. നഗരത്തിനുകിട്ടിയ അംഗീകാരമാണിത്. സാഹിത്യനഗരത്തിന്റെ കേന്ദ്രമായി ആനക്കുളം സാംസ്‌കാരികനിലയത്തെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ടാഗോര്‍ഹാള്‍ കൂടി വരുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങളുണ്ടാകും. ഓരോ രാജ്യവും അറിയപ്പെടുന്നത് നഗരങ്ങളിലൂടെയാണ്. കോഴിക്കോട് അത്തരത്തില്‍ ഒരു മാതൃകയായി മാറട്ടെയെന്നു മാത്രമാണ് ആഗ്രഹിക്കുന്നതെന്നും മേയര്‍ പറഞ്ഞു.

എല്ലാതട്ടിലുള്ളവരെയും ഉള്‍പ്പെടുത്തി താഴേത്തട്ടിലേക്ക് സാഹിത്യനഗരപദവിയുടെ നേട്ടത്തെ എത്തിക്കുകയാണ് പ്രധാനമെന്ന് സെക്രട്ടറി കെ.യു. ബിനി പറഞ്ഞു. ലോകഭാഷകള്‍ കുട്ടികളെ പഠിപ്പിക്കുകയും അതിലൂടെ ആഗോളപൗരരായി മാറ്റാനും പറ്റണമെന്നും സെക്രട്ടറി പറഞ്ഞു. ദാരിദ്ര്യനിര്‍മാര്‍ജനവും വിശപ്പില്ലാത്ത നഗരവുമാണ് യുനെസ്‌കോ ലക്ഷ്യംവെക്കുന്നത്. പരസ്പരം സ്‌നേഹവും അംഗീകാരവുമെല്ലാം ലഭിക്കുമ്പോള്‍ ദാരിദ്ര്യമില്ലാതാകും. അതിനുള്ള അവസരമാണ് സാഹിത്യനഗരം. സര്‍ഗാത്മകതയിലൂടെ സാമ്പത്തികസ്ഥിരതയും ഉറപ്പാക്കാനാവും.

ബ്രാഗയില്‍ നടന്ന യുനെസ്‌കോ സര്‍ഗാത്മകസമ്മേളനത്തില്‍ പങ്കെടുത്ത പല രാജ്യങ്ങളില്‍നിന്നുള്ളവരും അവര്‍ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. അതിനെക്കാള്‍ ഏറെ കാര്യങ്ങള്‍ നമ്മള്‍ ചെയ്യുന്നുണ്ട്. സാഹിത്യനഗരത്തിനുള്ള ആശയം 'കില' പങ്കുവെച്ചപ്പോള്‍മുതല്‍ മാതൃഭൂമി ഒപ്പംനിന്നു. സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ച പത്രമാണ് മാതൃഭൂമി. തന്റെ വായന വളര്‍ന്നതും മാതൃഭൂമിക്കൊപ്പമാണ്. എല്ലാവരുടെയും ആശയങ്ങള്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സാഹിത്യനഗരത്തിനായി നടപ്പാക്കുകയെന്നും മേയര്‍ പറഞ്ഞു. നിയമംകൊണ്ട് ചെയ്യാന്‍പറ്റാത്തത് പലതും സംസ്‌കാരംകൊണ്ടാവും. ചിലര്‍ക്ക് ഇപ്പോഴും സാഹിത്യത്തിന്റെയും സര്‍ഗാത്മകതയുടെയും ലോകത്ത് എത്താന്‍ പറ്റിയിട്ടുണ്ടാവില്ല. അത്തരത്തിലുള്ള എല്ലാവരെയും ചേര്‍ത്തുനിര്‍ത്താന്‍ പറ്റണമെന്ന് സെക്രട്ടറി കെ.യു. ബിനി പറഞ്ഞു. മേയര്‍ക്കും എഴുത്തുകാര്‍ക്കും മാതൃഭൂമി പുസ്തകസമ്മാനം നല്‍കി.

Content Highlights: kozhikode unesco city of literature status mathrubhumi honored mayor beena philip