സാഹിത്യനഗരം: അതിരുകള്‍ മാഞ്ഞ സര്‍ഗാത്മകവേദിയില്‍ അഭിമാനത്തോടെ മേയര്‍

യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വര്‍ക് വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുന്ന കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്
യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വര്‍ക് വാര്‍ഷികസമ്മേളനത്തില്‍ സംസാരിക്കുന്ന കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്

കോഴിക്കോട്: അക്ഷരങ്ങളുടെ ആനന്ദം നിറഞ്ഞുതുളുമ്പിയ വേദിയില്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് കോഴിക്കോടിനെക്കുറിച്ച് സംസാരിച്ചു. വാക്കുകളും ഹൃദയവും ഒന്നായിക്കൊരുത്തപ്പോള്‍ സര്‍ഗാത്മക നഗരങ്ങളില്‍നിന്നുള്ളവരെല്ലാം കാതുകൂര്‍പ്പിച്ചു. അവിടെ അതിരുകള്‍ അലിഞ്ഞില്ലാതായി. പോര്‍ച്ചുഗലിലെ ബ്രാഗയില്‍ തുടങ്ങിയ യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വര്‍ക് വാര്‍ഷികസമ്മേളനത്തിലാണ് കോഴിക്കോട് അംഗീകരിക്കപ്പെട്ടത്.

1498-ല്‍ വാസ്‌കോഡഗാമ കോഴിക്കോട്ടെത്തിയതും തുടര്‍ന്ന് കോഴിക്കോടും പോര്‍ച്ചുഗലും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധത്തെക്കുറിച്ചും പരാമര്‍ശിച്ചുകൊണ്ടാണ് മേയര്‍ ആതിഥേയനഗരത്തില്‍ സംസാരം തുടങ്ങിയത്. അതേ നഗരത്തില്‍വെച്ച് കോഴിക്കോട് അംഗീകരിക്കപ്പെട്ടതിന്റെ സന്തോഷവും അഭിമാനവും മേയര്‍ പങ്കിട്ടു. മേയര്‍ക്കൊപ്പം കോര്‍പ്പറേഷന്‍ സെക്രട്ടറി കെ. യു. ബിനിയാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

സ്വദേശീയവും വിദേശീയവുമായ വിവിധ സംസ്‌കാരങ്ങള്‍ ഇഴുകിച്ചേര്‍ന്ന നഗരത്തിന്റെ സവിശേഷമായ സാമൂഹികപശ്ചാത്തലവും അത്തരമൊരു ഭൂമികയില്‍ ഉടലെടുത്ത സാഹിത്യ സാംസ്‌കാരിക പാരമ്പര്യവും മേയര്‍ വിശദീകരിച്ചു. കോഴിക്കോടിന്റെ വായനശാലകള്‍, കലാസാംസ്‌കാരിക പരിപാടികള്‍, സാമൂതിരിയുടെയും രേവതിപട്ടത്താനത്തിന്റെയും ചരിത്രം എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന വലിയ പാരമ്പര്യമാണുള്ളത്. ജ്ഞാനപീഠമേറിയ എഴുത്തുകാര്‍, സാഹിത്യത്തിന്റെയും കലയുടെയും സവിശേഷമായ മുദ്രപതിപ്പിച്ച ഒട്ടേറെ മഹാപ്രതിഭകള്‍ എന്നിവരെല്ലാം കോഴിക്കോടിന്റെ സമ്പത്താണെന്ന് മേയര്‍ പറഞ്ഞു. കോഴിക്കോട്ട് ജനിച്ചതും ജീവിച്ചതുമായ സാഹിത്യ രംഗത്തെ മണ്‍മറഞ്ഞതും ജീവിച്ചിരിപ്പുള്ളവരുമായ പ്രതിഭകളെയും പ്രസാധകസ്ഥാപനങ്ങളെയും മാധ്യമങ്ങളെയുമെല്ലാം പ്രത്യേകം പരാമര്‍ശിച്ചു.

കോഴിക്കോട്ടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കുമെന്ന കാര്യവും മേയര്‍ വ്യക്തമാക്കി. വായനത്തെരുവുകളും കോര്‍പ്പറേഷന്റെ പഴയ കോലായചര്‍ച്ചകളും തിരിച്ചുകൊണ്ടുവരുക, ലിറ്റററി ടൂറിസം തുടങ്ങി പല പദ്ധതികളും കോര്‍പ്പറേഷന്‍ വിഭാവനംചെയ്യുന്നുണ്ട്. സാഹിത്യനഗരകേന്ദ്രമായി ആനക്കുളം സാംസ്‌കാരികനിലയമൊരുക്കിയതും കോര്‍പ്പറേഷന്റെ പഴയ പോര്‍ച്ചുഗീസ് കെട്ടിടം മ്യൂസിയമാക്കുന്ന കാര്യം പറഞ്ഞതെല്ലാം അഭിനന്ദിക്കപ്പെട്ടുവെന്ന് മേയര്‍ പറഞ്ഞു.

ചുരുങ്ങിയ സമയംമാത്രമാണ് അനുവദിക്കപ്പെട്ടതെന്നതിനാല്‍ വീഡിയോ പ്രസന്റേഷനും മറ്റും നടത്താന്‍ പറ്റിയില്ല. എന്നാല്‍, മറ്റ് പല നഗരങ്ങളേക്കാള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലായതെന്നും മേയര്‍ മാതൃഭൂമിയോട് പറഞ്ഞു.
 

Content Highlights: kozhikode mayor dr beena philip speech in unesco creative cities network annual conference