യുനെസ്‌കോ സാഹിത്യ നഗരദിനാഘോഷം; സാറാ ജോസഫിനും ആര്‍. രാജശ്രീക്കും പുരസ്‌കാരം

കോഴിക്കോട്: 2025-ലെ സാഹിത്യ നഗരദിനാഘോഷത്തോടനുബന്ധിച്ച് നല്‍കുന്ന വിവിധ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാഹിത്യത്തിലെ സമഗ്രസംഭാവനക്കുള്ള അവാര്‍ഡ് സാറാ ജോസഫിനാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങിയതാണ് അവാര്‍ഡ്. വനിതാ എഴുത്തുകാരില്‍ ആര്‍. രാജശ്രീയുടെ ആത്രേയകത്തിനും ബാലസാഹിത്യത്തിന് സന്തോഷ് ഏച്ചിക്കാനത്തിന്റെ മിസാറു എന്ന കഥക്കും യുവ എഴുത്തുകാര്‍ വിഭാഗത്തില്‍ പെണ്ണപ്പന്‍ എന്ന കവിതയുടെ രചയിതാവായ ആദി(ഇ. ആദര്‍ശ്)ക്കുമാണ് അവാര്‍ഡ്.
മറ്റു ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളില്‍ ജെ. ഗോപാലകൃഷ്ണന്റെ തേജോ തുംഗഭദ്രയും മലയാളത്തില്‍ നിന്ന് ഇതരഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികളില്‍ എ.ജെ. തോമസിന്റെ 'The Greatest Malayalam Stories Ever Told' എന്ന കൃതിയും അവാര്‍ഡിനര്‍ഹമായി.
വനിതാ എഴുത്തുകാര്‍, ബാലസാഹിത്യം, യുവ എഴുത്തുകാര്‍, വിവര്‍ത്തനം (ഇതരഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക്), വിവര്‍ത്തനം (മലയാളത്തില്‍നിന്ന് ഇതരഭാഷകളിലേക്ക്) എന്നീ വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ക്ക് 25000 രൂപയും ഫലകവും പ്രശസ്തിപത്രവും സമ്മാനിക്കും.
2022 ജനുവരി 1 മുതല്‍ 2025 മെയ് 31 വരെ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. ആറു മേഖലകളിലെ അവാര്‍ഡുകളില്‍ യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യുവ എഴുത്തുകാര്‍ വിഭാഗത്തില്‍ കോഴിക്കോട്ടെ എഴുത്തുകാരെയാണ് പരിഗണിച്ചത്.
പ്രൊഫ. എസ്. ശിവദാസ്, ഷാഹിന കെ. റഫീഖ്, യു.കെ. കുമാരന്‍, ഡോ. രാധിക സി. നായര്‍, പ്രൊഫ. നാഗേഷ് എന്നിവര്‍ ചെയര്‍മാന്‍മാരായ മൂന്നംഗ ജൂറി പാനലുകളാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. ഈ മാസം നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
Content Highlights: Kozhikode Literary Awards 2025 Announced