പുനര്‍ജനിയില്‍ ഇനി ജോണ്‍സണ്‍ മാഷില്ല

ഫോട്ടോ മാതൃഭൂമി
തൃശ്ശൂര്‍: കുടിയന്റെ കുമ്പസാരം' എന്ന പുസ്തകത്തിലൂടെ സ്വന്തം മദ്യാസക്തി തുറന്നുപറഞ്ഞ ജോണ്‍സ് കെ. മംഗലം (ജോണ്‍സണ്‍ മാഷ്-58) അന്തരിച്ചു. 16 വര്‍ഷം മുന്‍പ് ജോണ്‍സ് കെ. മംഗലം എന്ന ജോണ്‍സണ്‍ മാഷ് പൂമല എന്ന മലയോര ഗ്രാമത്തിലാരംഭിച്ച പുനര്‍ജനി നൂണ്ട് പുതുജന്മം നേടിയവരേറെ. മദ്യത്തില്‍ മുങ്ങിത്താഴ്ന്ന് ചിതറിപ്പോയ ആയിരക്കണക്കിന് ജീവിതങ്ങളെയാണ് വാത്സല്യത്തിന്റെ വിരല്‍ പിടിച്ച് ജോണ്‍സണ്‍ മാഷ് കരകയറ്റിയത്.
മരുന്നും മന്ത്രവുമില്ലാത്ത 21 ദിവസത്തെ ചികിത്സയാണ് പുതിയ ജീവിതത്തിനായി അദ്ദേഹം തന്നെ തേടിയെത്തുന്നവര്‍ക്കായി നിര്‍ദേശിച്ചിരുന്നത്. ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയ ജോണ്‍സ് കെ. മംഗലം എല്‍.എല്‍ബി.യും നേടി. പത്ത് വര്‍ഷത്തോളം കേരളവര്‍മ കോളേജില്‍ അധ്യാപകനായും മൂന്നു വര്‍ഷം വകുപ്പ് തലവനായും സേവനമനുഷ്ഠിച്ചു. പിന്നീട് 10 വര്‍ഷം അഭിഭാഷക കുപ്പായവും അണിഞ്ഞു. 2004-ലാണ് പുനര്‍ജനിയുടെ തുടക്കം.
ചികിത്സയ്ക്ക് പുറപ്പെടും മുന്‍പേ ജോണ്‍സണ്‍ മാഷ് തന്റെ പ്രിയപ്പെട്ടവര്‍ക്കായി തയ്യാറാക്കിയിരുന്ന കത്ത് അദ്ദേഹം പൂര്‍ത്തിയാക്കിയിരിക്കുന്നതിങ്ങനെയാണ്. ''ഞാന്‍ കുറേക്കാലം കൂടി ജിവിച്ചിരിക്കണമെന്നാഗ്രഹിക്കുന്നവരുടെ പ്രാര്‍ഥനയും സഹായവുമെനിക്കുണ്ടാകുമെന്ന പ്രത്യാശയുണ്ട്. ആ പ്രത്യാശ വിഫലമാകില്ലെന്ന് കരുതട്ടെ. അഥവാ വിഫലമായാലും എനിക്ക് ഖേദമില്ല, എനിക്കറിയാം എന്റെ നാളിതുവരെയുള്ള ജീവിതം സഫലമാണ്.''
കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാവിലെ 9.50-ന് കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അന്തരിച്ചത്. പൂമല മംഗലം പി.യു. കുരിയാക്കോസിന്റെയും മറിയാമ്മയുടെയും മകനാണ്. ഭാര്യ: രാജി ജോര്‍ജ്. മകന്‍: സൂരജ് ജോണ്‍സ്. മരുമകള്‍: ജീന സൂരജ്. ശവസംസ്‌കാരം വ്യാഴാഴ്ച 11-ന് പൂമല പറമ്പായ സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയ സെമിത്തേരിയില്‍.
Content Highlights: Johns K. Mangalam dead
Content Highlights: