വളര്‍ത്തുപൂച്ച 'വില്ലോ'യെപ്പറ്റി ജില്‍ ബൈഡന്റെ പുസ്തകം; ജൂണില്‍ പുറത്തിറങ്ങും

വാഷിങ്ടണ്‍: സുരക്ഷാ ഉദ്യോഗസ്ഥരെ കടിച്ചതിന്റെ പേരില്‍ കുപ്രസിദ്ധരാണ് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായകള്‍. എന്നാല്‍, ഒരു പുസ്തകത്തിലെ നായികയായി പേരെടുക്കാനിരിക്കുകയാണ് ബൈഡന്റെ പൂച്ചക്കുട്ടിയായ 'വില്ലോ.'
വൈറ്റ്ഹൗസിലെ ആദ്യ പൂച്ചക്കുട്ടിയെക്കുറിച്ച് യു.എസ്. പ്രഥമവനിത ജില്‍ ബൈഡനും എഴുത്തുകാരി ആലിസ സാറ്റിന്‍ കപ്പുസില്ലിയും ചേര്‍ന്നെഴുതുന്ന കുട്ടിക്കഥാപുസ്തകം ജൂണില്‍ പുറത്തിറങ്ങും. 'വിലോ ദ വൈറ്റ് ഹൗസ് ക്യാറ്റ്' എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.
ചെറിയ രോമങ്ങളും ചാരനിറവുമുള്ള ടാബിയിനത്തില്‍പ്പെട്ട പൂച്ചയാണ് വിലോ. 2022-ല്‍ പെനിസില്‍വാനിയയിലെ ഒരു ഫാമില്‍നിന്നാണ് വിലോ വൈറ്റ്ഹൗസിലെത്തുന്നത്. ഈ യാത്രയാണ് പുസ്തകത്തിന്റെ പ്രമേയം. ജില്‍ ബൈഡന്റെ ജന്മനാടായ പെനിസില്‍വാനിയയിലെ വിലോ ഗ്രോവിന്റെ പേരാണ് പൂച്ചയ്ക്ക് നല്‍കിയത്.
പലവട്ടം സുരക്ഷാ ഉദ്യോഗസ്ഥരെ കടിച്ചതിനെത്തുടര്‍ന്ന് 2021-ല്‍ വൈറ്റ്ഹൗസിലെത്തിയ ബൈഡന്റെ 'കമാന്‍ഡര്‍' എന്ന നായയെ അവിടെനിന്ന് മാറ്റിയിരുന്നു. ഇതേ പരിപാടി തുടര്‍ന്ന മേജര്‍ എന്ന നായയെയും വൈറ്റ്ഹൗസില്‍നിന്ന് പുറത്താക്കി. ബൈഡന്റെ പ്രിയപ്പെട്ട ചാംപ് എന്ന നായ 2021-ല്‍ ചത്തിരുന്നു.
മുന്‍പ്രഥമവനിതകളായ ഹില്ലരി ക്ലിന്റനും ബാര്‍ബറ ബുഷും വളര്‍ത്തുമൃഗങ്ങളെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്. 1830-ല്‍ പ്രസിഡന്റായ ആന്‍ഡ്രൂ ജാക്‌സണും മുന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മാത്രമാണ് വളര്‍ത്തുമൃഗങ്ങളില്ലാത്ത അമേരിക്കന്‍ പ്രസിഡന്റുമാര്‍.
Content Highlights: Jill Biden's book titled 'Willow the White House Cat' release in June