ജെ.സി.ബി പുരസ്‌കാരം ദീര്‍ഘപട്ടിക; പത്തില്‍ ആറും വനിതാ എഴുത്തുകാര്‍

രാജ്യത്തെ ഏറ്റവും വലിയ പുരസ്‌കാരത്തുകയുള്ള സാഹിത്യ സമ്മാനമായ ജെ.സിബി പുരസ്‌കാരത്തിന്റെ ദീര്‍ഘപട്ടിക പുറത്തുവന്നു. 2020 ലെ പുരസ്‌കാര ജേതാവിനെ കണ്ടെത്താനുള്ള പട്ടികയില്‍ പത്തില്‍ ആറുപരും വനിതാ എഴുത്തുകാരാണ്.
ദീപ ആനപ്പാറ (ജിന്‍ പട്രോള്‍ ഓണ്‍ ദ പര്‍പ്പിള്‍ ലൈന്‍), മഞ്ജുള്‍ ബജാജ് (ഇന്‍ സെര്‍ച്ച് ഫോര്‍ ഹീര്‍), ജാനവി ബറുവ (അണ്ടര്‍ടൗ), ധാരിണി ഭാസ്‌കര്‍ (ദീസ്, അവര്‍ ബോഡീസ്, പ്രോസസ്ഡ് ബൈ ലൈറ്റ്) മേഘ മജുംദാര്‍ (എ ബേര്‍ണിങ്), ആനീ സെയ്ദി (പ്രെല്യൂഡ് ടു എ റയട്) എന്നീ എഴുത്തുകാരികളാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ദീപ ആനപ്പാറ, ആനീ സെയ്ദി, മേഘ മജുംദാര്‍ തുടങ്ങിയവര്‍ ആദ്യമായാണ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.
മലയാളി എഴുത്തുകാരനായ എസ് ഹരീഷിന്റെ മീശ എന്ന നോവലും (പരിഭാഷ- ജയശ്രീ കളത്തില്‍) ദീര്‍ഘപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അശോക് മുഖോപാധ്യായ (ബല്ലാഡ് ഓഫ് റെമിറ്റെന്‍ഡ് ഫീവര്‍), സുമിത് ബസു (ചോസെന്‍ സ്പിരിറ്റ്‌സ്), തനൂജ് സോളങ്കി (ദ മെഷീന്‍ ഈസ് ലേണിങ്) എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് എഴുത്തുകാര്‍. 2018 ല്‍ ആരംഭിച്ച പുരസ്‌കാരത്തിന്റെ മൂന്നാം പതിപ്പാണ് 2020 ലേത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. പുരസ്‌കാരം നേടുന്ന പുസ്തകം പരിഭാഷയാണെങ്കില്‍ പരിഭാഷപ്പെടുത്തിയ വ്യക്തിക്ക് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.
സംഗീത നാടക അക്കാദമിയുടെ മുന്‍ അധ്യക്ഷയായ ലീലാ സാംസണ്‍ ആണ് ഇത്തവണ പുരസ്‌കാര നിര്‍ണയ സമിതിയുടെ അധ്യക്ഷ. അഞ്ച് കൃതികള്‍ അടങ്ങുന്ന പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക സെപ്തംബര്‍ 25 ന് പുറത്തിറക്കും. നവംബര്‍ ഏഴിനാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുക. ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കുന്ന എഴുത്തുകാര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. 2018 ല്‍ പ്രഥമ ജെ.സിബി പുരസ്‌കാരം ലഭിച്ചത് മലയാളി എഴുത്തുകാരനായ ബെന്യാമിന്‍ എഴുതിയ മുല്ലപ്പുനിറമുള്ള പകലുകള്‍ എന്ന നോവലിനായിരുന്നു.
Content Highlights: JCB Prize for Literature: Women writers dominate the longlist in 2020
Content Highlights: