കൈകോര്‍ത്ത് ലളിതകലാ അക്കാദമിയും കചടതപയും; കൊച്ചിയില്‍ വീണ്ടും കലിഗ്രഫി ദിനങ്ങള്‍

കൊച്ചി: അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവ (ഐ.സി.എഫ്.കെ.)ലിന്റെ രണ്ടാം എഡിഷന് ഒക്ടോബര്‍ രണ്ടുമുതല്‍ അഞ്ചുവരെ കൊച്ചി വേദിയാകും. കേരള ലളിതകലാ അക്കാദമിയും കലിഗ്രഫി കലാകാരന്‍ നാരായണ ഭട്ടതിരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കചടതപ ഫൗണ്ടേഷനും ചേര്‍ന്നാണ് ദര്‍ബാര്‍ഹാളില്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ലോകപ്രശസ്ത ഹീബ്രു കലിഗ്രാഫറായ മിഷേല്‍ ഡി അനസ്റ്റാഷ്യോ, വിയറ്റ്‌നാമില്‍നിന്നുള്ള ഡാങ് ഹോക്, ഏഷ്യന്‍ കലിഗ്രഫി അസോസിയേഷന്‍ വൈസ് പ്രസിഡന്റും കലിഗ്രാഫറുമായ കിം ജിന്‍-യങ്, ഇന്ത്യന്‍ അക്ഷരകലയുടെ കുലപതി എന്നറിയപ്പെടുന്ന അച്യുത് പാലവ്, ഇന്ത്യന്‍ രൂപ ചിഹ്നത്തിന്റെ സ്രഷ്ടാവായ ഉദയ് കുമാര്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളില്‍നിന്നും ഇന്ത്യയില്‍ നിന്നുമുള്ള കലിഗ്രാഫര്‍മാര്‍ അതിഥികളായെത്തും.
ശില്പശാലകള്‍, തത്സമയ ഡെമോകള്‍, അന്താരാഷ്ട്ര കലിഗ്രഫി പ്രദര്‍ശനം എന്നിവ കൂടാതെ കര്‍ണാടക സംഗീതജ്ഞനായ ടി.എം. കൃഷ്ണയുടെ സംഗീതക്കച്ചേരിയും ശ്രീദേവി നമ്പൂതിരിയുടെ നൃത്തവും അനുബന്ധ പരിപാടികളും ഉണ്ടാകും. താത്പര്യമുള്ളവര്‍ക്ക് https://kachatathapa.com എന്ന വെബ്‌സൈറ്റ് വഴി വ്യാഴാഴ്ച മുതല്‍ രജിസ്റ്റര്‍ ചെയ്യാം.
അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവല്‍ ഓഫ് കേരള ഒക്ടോബര്‍ 2-ന് തുടങ്ങും
Content Highlights: international calligraphy festival of kerala second edition from october 2nd to 5th