'ഇന്ദുമേനോന്‍ അപകീര്‍ത്തിപ്പെടുത്തി'; അഖില്‍ പി. ധര്‍മജന്റെ പരാതിയില്‍ കോടതി കേസെടുത്തു

#സ്വന്തം ലേഖിക
അഖില്‍ പി ധര്‍മജന്‍, ഇന്ദു മേനോന്‍
അഖില്‍ പി ധര്‍മജന്‍, ഇന്ദു മേനോന്‍

എറണാകുളം: സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് യുവനോവലിസ്റ്റ് അഖില്‍ പി. ധര്‍മജന്‍ എഴുത്തുകാരി ഇന്ദുമേനോനെതിരെ നല്‍കിയ പരാതിയില്‍ കോടതി കേസെടുത്തു. സെപ്തംബര്‍ പതിനഞ്ചിന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഇന്ദു മേനോന്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. 

അഖില്‍ പി ധര്‍മജന് കേന്ദ്രസാഹിത്യ അക്കാദമിയുടെ യുവപുരസ്‌കാരം നേടിക്കൊടുത്ത നോവലായ റാം കെയര്‍ ഓഫ് ആനന്ദിയുടെ ഉള്ളടക്കത്തെച്ചൊല്ലി ഇന്ദു മേനോന്‍ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശനമുന്നയിച്ചിരുന്നു. 'സ്വജനപക്ഷപാതം, കൈക്കൂലിയോ മറ്റ് കാശോ പ്രതിഫലമോ പ്രതീക്ഷിച്ചതുകൊണ്ട്, അല്ലെങ്കില്‍ വായിക്കാതെ ഇന്‍പിന്‍ സാറ്റി കുത്തിയത്- കറക്കിക്കുത്തിയത് കൊണ്ട്, ജൂറിയുടെ ബൗദ്ധിക നിലവാരവും വായനയും പള്‍പ് ഫിക്ഷനില്‍ നിന്നും മുകളിലേക്ക് പോകാത്തതുകൊണ്ട്  എന്നീ നാലുകാരണങ്ങള്‍ അല്ലാതെ ആ പുസ്തകം തിരഞ്ഞെടുക്കപ്പെടും എന്ന് താന്‍ വിശ്വസിക്കുന്നില്ല' എന്നായിരുന്നു ഇന്ദു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പ്രത്യക്ഷമായും പരോക്ഷമായും ഉള്ള സ്വജനപക്ഷപാതപരമായ ഗൂഢാലോചനയും അഴിമതിയും ആണ് ഈ അവാര്‍ഡിന് പിന്നിലെന്നും കൈക്കൂലിയോ പ്രതിഫലമോ മറ്റെന്തെങ്കിലും ഉണ്ടോ ഇതിനുപിറകില്‍ എന്ന് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ഇന്ദു മേനോന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. 

തന്നെ തുടര്‍ച്ചയായി അപമാനിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് കേസുകൊടുത്തതെന്ന് അഖില്‍ പി ധര്‍മജന്‍ മാതൃഭൂമി ഡോട്‌കോമിനോട് പറഞ്ഞു. 'മുത്തുച്ചിപ്പി നിലവാരത്തിലുള്ള പുസ്തകം എന്നു പറഞ്ഞ് വിമര്‍ശിച്ചപ്പോഴും അവരുടെ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് കരുതി ബഹുമാനം നിലനിര്‍ത്തുകയാണ് ചെയ്തത്. പക്ഷേ വളരെയധികം വ്യക്തിഹത്യ ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചു. എന്റെ കുടുംബാംഗങ്ങളെയും കൂടി ഇതിലേക്ക് ഉള്‍പ്പെടുത്തി കമന്റിലൂടെ ആക്ഷേപിക്കാന്‍ തുടങ്ങി. ഞാന്‍ അവരെ സംഘം ചേര്‍ന്നു ആക്ഷേപിച്ചു എന്നാണ് കഴിഞ്ഞ ദിവസം അവര്‍ പറഞ്ഞിരിക്കുന്നത്. തുടര്‍ച്ചയായി അവര്‍ ആക്രമിച്ചുകൊണ്ടേയിരുന്നപ്പോള്‍ നിയമപരമായി നീങ്ങിയതാണ്. ഞാന്‍ അവരെ ഇപ്പോഴും മാഡം എന്നു തന്നെയാണ് അഭിസംബോധന ചെയ്യുന്നത്. ആ സ്‌നേഹം അവരോട് നിലനിര്‍ത്തുന്നു. പക്ഷേ അത്തരം ആരോപണങ്ങള്‍ക്കുപിന്നില്‍ എന്താണ് കാര്യം എന്നറിയണം. വ്യക്തിഹത്യയിലേക്ക് പോകുമ്പോള്‍ കേസ് കൊടുക്കാതിരിക്കാനാവില്ല. അവര്‍ ഒരു എഴുത്തുകാരിയാണ്, ഉന്നത പദവിയില്‍ ഇരിക്കുന്നയാളാണ്. അവര്‍ പറയുന്ന കാര്യങ്ങള്‍ പലരും സീരിയസ്സായിട്ടാണ് എടുക്കുന്നത്. ഞാന്‍ പണം കൊടുത്തിട്ടാണ് അവാര്‍ഡ് വാങ്ങിയതെന്ന് വലിയൊരു പാരഗ്രാഫ് പ്രസ്താവനയാണ് ഇറക്കിയിട്ടുള്ളത്. ആളുകള്‍ വിളിച്ച് അതെല്ലാം ചോദിക്കുന്നു. എത്ര രൂപ കൊടുത്താണ് അവാര്‍ഡ് വാങ്ങിയത് എന്നൊക്കെ ചോദിച്ച് ആളുകള്‍ പരിഹസിക്കാന്‍ തുടങ്ങി. പലരും അതുവിശ്വസിച്ച് അത്തരത്തില്‍ ചര്‍ച്ച തുടങ്ങി. പരിപാടികള്‍ക്ക് പോകുമ്പോള്‍ ആളുകള്‍ നേരിട്ട് ചോദിക്കുന്നത് മാനസികമായി ബാധിക്കാന്‍ തുടങ്ങി. എന്റെ പ്രൊഫൈലിനെയും അതു ബാധിക്കുന്നുണ്ട്. അതുകൊണ്ടാണ് നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്.'- അഖില്‍ പി ധര്‍മജന്‍ പ്രതികരിച്ചു. 

Content Highlights: Akhil P Dharmajan File Defamation case against Indu Menon