’അമ്മ’ ഈ നിലയിൽ അധികം പോകില്ലെന്ന് ടി. പത്മനാഭൻ; ‘ഇന്ദ്രധനുസ്സ്’ സമർപ്പിച്ച് ഇന്ദ്രൻസ്

കണ്ണൂർ: ‘അമ്മയിൽ അംഗമാണോ?’ ചോദ്യം കഥാകൃത്ത് ടി.പത്മനാഭന്റേതാണ്. അതെയെന്ന് പുഞ്ചിരിയും വിനയവും വിടാതെ ഇന്ദ്രൻസ്. സ്ഥിതി ദയനീയമാണല്ലോയെന്ന് പത്മനാഭൻ. സ്വാതന്ത്ര്യം എന്ന വാക്ക് മാത്രം ഇന്ദ്രൻസ് രണ്ടുതവണ ഉരുവിട്ടു. ഈ നിലയിൽ അധികം പോകില്ലെന്ന് പത്മനാഭൻ. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച, തന്റെ ആത്മകഥയായ ‘ഇന്ദ്രധനുസ്സ്’ ടി.പത്മനാഭന് സമർപ്പിക്കാൻ എത്തിയതായിരുന്നു ഇന്ദ്രൻസ്.
’സിനിമാനടന്മാരിൽ വായിക്കുന്നവർ എത്രപേരുണ്ട്. നടൻ മുരളി നന്നായി വായിക്കുമായിരുന്നു. പിന്നെ ഇദ്ദേഹം നന്നായി വായിക്കും. എന്റെ എല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ടെന്നുമറിയാം. ഒരു സംവിധായകനാണ് ഇന്ദ്രൻസിന്റെ വായനയെക്കുറിച്ച് സൂചിപ്പിച്ചത്.’ -പത്മനാഭൻ പറഞ്ഞു.
‘ഇന്ദ്രധനുസ്സ്’ ഒപ്പിട്ട് നൽകിയപ്പോൾ ‘പള്ളിക്കുന്ന്’ എന്ന പുസ്തകത്തിന്റെ രണ്ടുകോപ്പി ഇന്ദ്രൻസിന് നൽകി പത്മനാഭൻ. ‘ഒരുകോപ്പി മോഹൻലാലിന് കൊടുക്കണം. ഇതിൽ രണ്ട് ലേഖനങ്ങൾ അദ്ദേഹത്തെപ്പറ്റിയാണ്.’ ലാൽ സാറിന്റെ അസിസ്റ്റന്റുമാർ വഴി പുസ്തകം ഏൽപ്പിക്കാമെന്ന് ഇന്ദ്രൻസ് പറഞ്ഞു.
‘ഞാൻ സുരേന്ദ്രാ എന്നേ വിളിക്കൂ. അതല്ലേ ഇഷ്ടം’-പത്മനാഭന്റെ ചോദ്യം. അതെയെന്ന് ഇന്ദ്രൻസ് തലകുലുക്കി. ഭാര്യ ശാന്തകൂടി വരാനിരുന്നതാണ്, പറ്റിയില്ലെന്ന് ഇന്ദ്രൻസ്. മക്കളുടെ വിവാഹമൊക്കെ കഴിഞ്ഞതാണോ. അതെ, അവർക്കും കുഞ്ഞുങ്ങളായെന്ന് മറുപടി.
മോഹൻലാലും പൃഥ്വിരാജും അഭിനയിക്കുന്ന സിനിമയുടെ കോഴിക്കോട്ടെ ഷൂട്ടിങ് സ്ഥലത്തുനിന്നാണ് വരവെന്ന് ഇന്ദ്രൻസ് പറഞ്ഞപ്പോൾ ‘പൃഥ്വിരാജിനെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ അമ്മാവൻ ഡോ. എം.വി.പിള്ളയുമായി എനിക്ക് അടുത്ത ബന്ധമാണ്. അദ്ദേഹം ഈ വീട്ടിൽ വന്നിട്ടുണ്ട്. അമേരിക്കയിൽ പോയപ്പോൾ അദ്ദേഹത്തിന്റെ വാഷിങ്ടണിലെ വീട്ടിൽ ഞാൻ താമസിച്ചിട്ടുണ്ട്...’ എന്ന് പത്മനാഭൻ.
‘അച്ഛൻ വിളിക്കുന്നതുപോലെ’
പത്മനാഭനുമായുള്ള ബന്ധത്തെയും ആത്മകഥയെയുംകുറിച്ച് ഇന്ദ്രൻസ് വിശദീകരിച്ചു. ‘വളരെ പ്രധാനപ്പെട്ട നിമിഷമാണ്. പുസ്തകം പുറത്തിറങ്ങും മുൻപ് ഇവിടെ വന്ന് പുസ്തകം നൽകി അനുഗ്രഹം വാങ്ങണമെന്ന് വിചാരിച്ചതാണ്. പുസ്തകങ്ങൾ വായിക്കുന്നതിനുമുൻപ് മനസ്സിലുള്ള എഴുത്തുകാരിലൊരാളും ഗുരുസ്ഥാനീയനുമാണ്. അച്ഛൻ വിളിക്കുന്നതുപോലെയാണ് എന്നെ ‘സുരേന്ദ്രാ’ എന്ന് വിളിക്കുന്നത്.
ഇടയ്ക്കിടക്ക് വിളിക്കാറുണ്ട്. വേറെന്തെങ്കിലും എഴുതും മുൻപ് എനിക്ക് അറിയാവുന്ന എന്റെ കഥ എഴുതാമെന്ന് വിചാരിച്ചു. അതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കാനും സഹിക്കാനും പറ്റുന്ന ഒരാളുടെയടുത്ത് അനുഗ്രഹം വാങ്ങാനാണ് വന്നത്. ബാല്യകാലമാണ് ആത്മകഥയിലുള്ളത്. നന്നായി ജീവിക്കാൻ തുടങ്ങിയ സിനിമാക്കാലം പുസ്തകത്തിലില്ല. നിറം പിടിച്ചതും പച്ചപിടിച്ചതുമായ അക്കാലത്ത് വിശപ്പില്ലല്ലോ.’
Content Highlights: Actor Indrans gifted his autobiography 'Indradhanussu' to writer T. Padmanabhan., T. Padmanabhan praised Indrans for his reading habits and genuine personality., The meeting highlighted a deep mentor-mentee bond between the writer and the actor., The book covers Indrans' childhood, excluding his later successful film career.