'ഓഗസ്റ്റ് വരെ': മാര്‍ക്കേസിന്റെ അവസാന നോവല്‍ പുറത്തിറങ്ങി

മഡ്രിഡ്: 'മാജിക്കല്‍ റിയലിസ'ത്തിന്റെ മാസ്മരികതയാല്‍ ലോകമെമ്പാടും വായനക്കാരെ സമ്പാദിച്ച കൊളംബിയന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ അവസാന നോവല്‍ 'അണ്‍ടില്‍ ഓഗസ്റ്റ്'(ഓഗസ്റ്റ് വരെ) ബുധനാഴ്ച പുറത്തിറങ്ങി.
സ്പാനിഷ് ഭാഷയിലിറങ്ങിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഈ മാസം 20-നെത്തും. മാര്‍ക്കേസ് വിടവാങ്ങി പത്താംവര്‍ഷമാണ് നോവല്‍ പ്രസിദ്ധീകരിക്കുന്നത്.
'ഏകാന്തതയുടെ നൂറുവര്‍ഷ'ങ്ങളും 'കോളറക്കാലത്തെ പ്രണയവു'മെല്ലാം രചിച്ച മാര്‍ക്കേസ് 2014 ഏപ്രില്‍ 17-നാണ് അന്തരിച്ചത്. അതിന് 15 വര്‍ഷംമുമ്പ് എഴുതിത്തുടങ്ങിയതാണ് അന മഗ്ദലെന ബാക്കിന്റെ കഥയായ 'അണ്‍ടില്‍ ഓഗസ്റ്റ്.'
Photo: Amazon.in
1999-ല്‍ ഇതിന്റെ ആദ്യ അധ്യായം മാര്‍ക്കേസ് പൊതുസദസ്സില്‍ വായിച്ചിരുന്നു. തുടര്‍ന്നുള്ള ഭാഗങ്ങളില്‍ തൃപ്തനല്ലാഞ്ഞതിനാല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ല. പകരം, കൈയെഴുത്തുപ്രതികള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ബന്ധുക്കള്‍ അവ യു.എസിലെ ഓസ്റ്റിനിലുള്ള ടെക്‌സസ് സര്‍വകലാശാലയിലെ ഹാരി റാന്‍സം സെന്ററിന് നല്‍കി.
കൈയെഴുത്തുപ്രതി നോവലായി ഇറക്കാവുന്നതാണെന്ന് അവിടുള്ളവരാണ് മാര്‍ക്കേസിന്റെ മക്കളായ റോഡ്രിഗോയെയും ഗൊണ്‍സാലോയെയും ബോധ്യപ്പെടുത്തിയത്. മാര്‍ക്കേസിന്റെ 97-ാം ജന്മദിനമായ മാര്‍ച്ച് ആറിന് പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞതും അവരാണ്.
രോഗവും സ്മൃതിനാശവും വലച്ചെങ്കിലും അന മഗ്ദലെനയുടെ കഥ മരിക്കുംമുമ്പ് മാര്‍ക്കേസ് പൂര്‍ത്തിയാക്കിയിരുന്നെന്ന് മക്കള്‍ പറഞ്ഞു. മാര്‍ക്കേസിന്റെ അവസാനകൃതിയാണിതെന്നും ഇനി കൈയെഴുത്തുപ്രതികളൊന്നും ബാക്കിയില്ലെന്നും അവര്‍ അറിയിച്ചു.
'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളി'ല്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച പരമ്പര നെറ്റ്ഫ്‌ലിക്‌സ് ഇക്കൊല്ലം പുറത്തിറക്കുന്നുണ്ട്.
Content Highlights: Gabriel Garcia Marquez's new book named Until August published