ആത്മകഥ ശരിയായി വായിക്കാത്തവരാണ് ആരോപണം ഉന്നയിക്കുന്നത് -ഇ.പി. ജയരാജൻ

ഇ.പി ജയരാജൻ | ഫോട്ടോ: മാതൃഭൂമി
ഇ.പി ജയരാജൻ | ഫോട്ടോ: മാതൃഭൂമി

നെടുമ്പാശ്ശേരി: തന്റെ ആത്മകഥ ശരിയായി വായിക്കാത്തവരാണ് അതിൽ അവ്യക്തതകൾ ആരോപിക്കുന്നതെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ പറഞ്ഞു. കൊച്ചി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായിച്ചിട്ടും വ്യക്തത വരാത്തവർ തുറന്നു പറഞ്ഞാൽ അവർക്ക് വ്യക്തത വരുത്താനായി കണ്ണൂരിൽ ഒരു പരിപാടി ഒരുക്കാമെന്നും അദ്ദേഹം പറഞ്ഞു.

പറയാന്‍ വിട്ടുപോയ കാര്യങ്ങളും ബാക്കിവെച്ച കാര്യങ്ങളും ചേര്‍ത്ത് പുസ്തകത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന് കഴിഞ്ഞദിവസം പുസ്തക പ്രകാശനത്തിനുശേഷമുള്ള മറുപടി പ്രസംഗത്തില്‍ ഇ.പി. ജയരാജന്‍ പറഞ്ഞിരുന്നു. ഈ പുസ്തകത്തില്‍ പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പറഞ്ഞ് രാഷ്ട്രീയജീവിതത്തിന്റെ ബാക്കിഭാഗം പൂരിപ്പിക്കും. ഇത്ര കാലവും പാര്‍ട്ടിയുടെ ഭാഗമായാണ് ജീവിച്ചത്. തനിക്കെതിരേയുണ്ടായ കടന്നാക്രമങ്ങള്‍ സിപിഎമ്മിനെ തകര്‍ക്കാനുള്ള ആസൂത്രിതനീക്കമാണ്. താന്‍ സംശുദ്ധനാണ്, മടിയില്‍ കനമില്ല. അഴിമതിരഹിതഭരണം നടത്തിയ മന്ത്രിയാണ് താനെന്നും അത് ജനങ്ങള്‍ക്ക് അറിയാമെന്നും ജയരാജന്‍ പറഞ്ഞു.

ആത്മകഥയെ അധിക്ഷേപിച്ച് ശോഭാ സുരേന്ദ്രൻ

തൃശ്ശൂർ: ഇ.പി. ജയരാജന്റെ ആത്മകഥ ഇതാണെന്റെ ജീവിതത്തെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. കള്ളന്റെ ആത്മകഥ എന്നാണ് യഥാർഥത്തിൽ പേരിടേണ്ടിയിരുന്നതെന്ന് അവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഫോണിൽ വിളിച്ചപ്പോൾ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിളിക്കുന്നു എന്ന് തോന്നിയെന്നാണ് ജയരാജൻ ആത്മകഥയിൽ എഴുതിയത്. എത്രയോ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്ക് തന്നെ അറിയാം. എന്നിട്ട് അവരെ ആരെയും ശോഭാ സുരേന്ദ്രൻ വിളിച്ചില്ലല്ലോ. ജയരാജന്റെ കഴുത്തിൽ ബിജെപിയുടെ പതാക വീഴുമായിരുന്നു. ആലോചിച്ച് ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ചുനിൽക്കണം.

ജയരാജൻ നിഷ്കളങ്കനാണെന്നാണ് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത്. നിഷ്കളങ്കനാണെങ്കിൽ എന്തിനാണ് കൺവീനർ സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു.

Content Highlights: CPM leader EP Jayarajan responds to allegations of ambiguity in his autobiography,