ഗോവയ്ക്ക് ഭാഷാപരമായി ആരോടും ശത്രുതയില്ല- ജ്ഞാനപീഠ ജേതാവ് ദാമോദര്‍ മൗസോ

കോഴിക്കോട്: നാലര പതിറ്റാണ്ടുകാലം പോര്‍ച്ചുഗീസ് അധീനതയില്‍ കഴിഞ്ഞ ഗോവയ്ക്ക് പോര്ച്ചുഗീസിനോടും ഇംഗ്ലീഷിനോടും ഒരേ സമീപനമാണ് ഉള്ളതെന്ന് പ്രശസ്ത കൊങ്ങിണി സാഹിത്യകാരനും ജ്ഞാനപീഠ ജേതാവുമായ ദാമോദര്‍ മൗസോ. മുഖ്യധാരാ ഇന്ത്യന്‍ പത്രങ്ങള്‍ സാഹിത്യത്തിന് വലിയ പ്രാധ്യാനം നല്‍കുന്നില്ലെന്നും കേരളം വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരന് കെ.പി. രാമനുണ്ണിയോടൊപ്പം കേഴിക്കോട് മാതൃഭൂമി സന്ദര്‍ശിച്ച വേളയിലായിരുന്നു മൗസോ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഇംഗ്ലീഷ് മാധ്യമങ്ങള്‍ പലപ്പോഴും സാംസ്കാരിക പ്രസിദ്ധീകരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല. എന്നാല്‍, കേരളത്തിലെ പത്രസ്ഥാപനങ്ങള്‍ തങ്ങളുടെ സാംസ്കാരികധര്‍മം കൂടി നിറവേറ്റുന്നുണ്ട്.
'പുതിയ തലമുറയ്ക്ക് പ്രത്യേകിച്ച് എന്തെങ്കിലും മാര്‍ഗനിര്‍ദേശങ്ങളോ സന്ദേശങ്ങളോ നല്‍കേണ്ടതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അവര്‍ നമ്മളേക്കാളും എത്രയോ മുന്നിലാണ്. ചോദിക്കുകയാണെങ്കില്‍ അഭിപ്രായം പറയാം എന്നുമാത്രമേ എഴുത്തിന്റെയും വായനയുടെയും കാര്യത്തില്‍ പുതിയ തലമുറയോട് ചെയ്യേണ്ടതുള്ളൂ. നമ്മുടെ സാംസ്കാരിക വളര്‍ച്ചയില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നവരാണ് പുതിയ തലമുറ. അവര്‍ നമ്മുടെ സാഹിത്യമണ്ഡലത്തില്‍ എക്കാലവും ഉണ്ട്. എല്ലാ തലമുറയും വായനയിലൂടെ യാഥാര്‍ഥ്യത്തെയാണ് കാത്തുസൂക്ഷിച്ചത്. യുവാക്കളുടെ ഉാര്ജത്തെ നല്ലനിലയില്‍ വിനിയോഗിക്കാനായി വേണ്ട മാര്‍ഗങ്ങള്‍ നല്കി സഹായിക്കു മാത്രം ചെയ്താല്‍ മതി നമ്മള്. യുവാക്കള്‍ നമുക്ക് ഒരുപാട് ചിന്തകള്‍ ഇങ്ങോട്ട് പകര്‍ന്നു തരുന്നുണ്ട്- മൗസോ പറഞ്ഞു.'
കേരളത്തിന്റെ സാഹിത്യസമ്പന്നതെയെക്കുറിച്ച് വാചാലനായ മൗസോ വിവര്‍ത്തന സാഹിത്യത്തില്‍ കേരളം നേടിയിരിക്കുന്ന വലിയ നേട്ടങ്ങളെ അഭിനന്ദിച്ചു. ലോകത്തിലെ മഹത്തായ കൃതികള്‍ക്കെല്ലാം മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളെ അപേക്ഷിച്ച് ആദ്യം വിവര്‍ത്തനം വന്നത് മലയാളത്തിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'മലയാളവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊങ്ങിണി സാഹിത്യം ഇനിയും എത്രയോ വളരേണ്ടിയിരിക്കുന്നു. ഗോവയിലെ എഴുത്തുകാര്‍ സംഘടിതരാണ്. പക്ഷേ ഇപ്പോള്‍ ഗോവയിലെ മറ്റു സാഹചര്യങ്ങള്‍ ഏതൊരു സാംസ്കാരികപ്രവര്‍ത്തകനും വിഷമമുണ്ടാക്കുന്നതാണ്. ഗോവയിലെ ഇപ്പോഴത്തെ പ്രവണതകള്‍ അത്ര നല്ലതല്ല. 1498 മുതല്‍ 1961 വരെ 450 പോര്‍ച്ചുഗീസ് അധീനതയിലായിരുന്ന ഗോവയ്ക്ക് പക്ഷേ ഭാഷാപരമായി ആരോടും ശത്രുതയില്ല. ഇംഗ്ലീഷും പോര്‍ച്ചുഗീസും ഞങ്ങള്‍ ഒരേ മനോഭാവത്തോടെ കാണുന്നു. എനിക്ക് ധാരാളം പോര്‍ച്ചുഗീസ് സുഹൃത്തുക്കള്‍ ഉണ്ട്. ഞങ്ങള്‍ തമ്മില്‍ സാംസ്കാരിക വിനിമയങ്ങള്‍ നടത്താറുണ്ട്. ഫുട്ബോളും സംഗീതവുമാണ് ഭൂരിപക്ഷം ഗോവക്കാരുടെയും ആദ്യത്തെ ചോയ്സ്. കേരള സാഹിത്യ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമാണ്, കണ്ടുപഠിക്കേണ്ടതുണ്ട്. കൊങ്ങിണി ഭാഷയെയും മലയാളത്തെയും ബന്ധിപ്പിക്കാന്‍ എനിക്കാഗ്രഹമുണ്ട്. കോഴിക്കോട് കൊങ്ങിണികള്‍ വന്നു വ്യാപാരം നടത്തിയതിനെക്കുറിച്ച് പല ചരിത്രങ്ങളും നിലവിലുണ്ട്. ഗോവയില്‍ ആളുകള്‍ കൊങ്ങിണി ഭാഷയാണ് വീടുകളില്‍ സംസാരിക്കുന്നത്. പക്ഷേ ഗൗഡ് സരസ്വത് ബ്രാഹ്മിണ്‍സ് (ജിഎസ്ബി) എന്ന സങ്കല്പത്തോട് അഭിപ്രായമില്ല. ഭാഷ എല്ലാവരുടേതുമാണ്. ഭാഷയ്ക്കതീതമായി നമ്മുടെ സാഹിത്യവും സംസ്കാരവും വളരട്ടെ'- മൗസോ പറഞ്ഞു.
മാതൃഭൂമിയ്ക്കുവേണ്ടി ജോയ്ന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷും ഡയറക്ടര്‍ (ഡിജിറ്റല്‍ ബിസിനസ്) മയൂര ശ്രേയാംസ്കുമാറും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള, ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളുടെ ഭാഗമായി തുടങ്ങിയ മാതൃഭൂമി സന്ദര്‍ശിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമിയിലെ ഗാന്ധിചിത്രത്തില്‍ പുഷ്പാര്‍ചന നടത്തിയ ശേഷമാണ് അദ്ദേഹം സംസാരിച്ചത്.
Content Highlights: Damodar Mauzo, Jnanpith, Goa, GSB, Mathrubhumi