'നമ്മള്‍ തിരഞ്ഞെടുപ്പില്‍ തൂത്തെറിയപ്പെടും':അടിയന്തരാവസ്ഥയ്ക്ക് ശേഷം പ്രണബിനോട് ഇന്ദിര പറഞ്ഞു

#സ്വന്തം ലേഖകന്‍
ഇന്ദിരാഗാന്ധി/ ഫോട്ടോ: മാതൃഭൂമി
ഇന്ദിരാഗാന്ധി/ ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ പിന്‍വലിച്ച ശേഷമുണ്ടായ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തെറിയപ്പെടുമെന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അച്ഛന്‍ പ്രണബ് കുമാര്‍ മുഖര്‍ജിയോട് തുറന്നു പറഞ്ഞിരുന്നതായി പ്രണബിന്റെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി.

  മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെക്കുറിച്ച് ശര്‍മ്മിഷ്ഠ എഴുതിയ 'പ്രണബ് മൈ ഫാദര്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലായിരുന്നു വെളിപ്പെടുത്തല്‍. പുസ്തകം പ്രകാശനം ചെയ്ത മുന്‍ എം.പിയും എഴുത്തുകാരനുമായ പവന്‍ കെ. വര്‍മയുമായി നടത്തിയ സംവാദത്തിലാണ് വെളിപ്പെടുത്തല്‍.

 ശര്‍മിഷ്ഠ മുഖര്‍ജി എഴുതിയ 'പ്രണബ് മൈ ഫാദര്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം മുന്‍ രാജ്യസഭാഗം പവന്‍ കെ. വര്‍മ നിര്‍വഹിക്കുന്നു
(ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍)

 അടിയന്തരാവസ്ഥയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഇന്ദിരാഗാന്ധി പ്രണബിനോട് ചോദിച്ചത് തിരഞ്ഞെടുപ്പില്‍ എന്താകും ഫലമെന്നായിരുന്നു. നമ്മള്‍ വിജയിക്കുമെന്ന ആത്മവിശ്വാസമാണ് പിതാവ് അപ്പോള്‍ പ്രകടിപ്പിച്ചത്. എന്നാല്‍ പിതാവിനെ തിരുത്തിയ ഇന്ദിര, നമ്മള്‍ തൂത്തെറിയപ്പെടുമെന്ന് പറഞ്ഞു. അങ്ങനെയെങ്കില്‍ എന്തിന് തിരഞ്ഞെടുപ്പിന് തയാറായി എന്ന് പ്രണബ് തിരിച്ചുചോദിച്ചു. ഇപ്പോള്‍ അത് ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ ഒരിക്കലും നമ്മളോട് പൊറുക്കില്ലെന്നായിരുന്നു ഇന്ദിരയുടെ മറുപടി. ആ ജനാധിപത്യബോധം നെഹ്റുപാരമ്പര്യത്തില്‍ നിന്ന് അവര്‍ നേടിയെടുത്തതാണ്.

 അലഹബാദ് ഹൈക്കോടതി വിധി തിരിച്ചടിയായത് കൊണ്ട് മാത്രമായിരുന്നില്ല അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അന്ന് ബിഹാറിലടക്കം നടമാടിയ അരാജകാവസ്ഥയും കാരണമായിരുന്നു. ഒരു കേന്ദ്രമന്ത്രി തന്നെ അന്ന് കൊല്ലപ്പെട്ടത് അസാധാരണസാഹചര്യമായിരുന്നു. ഡല്‍ഹി രാംലീല മൈതാനത്ത് നടത്തിയ റാലിയില്‍ സര്‍ക്കാരിനെ അനുസരിക്കരുതെന്ന് ജയപ്രകാശ് നാരായണന്‍ പരസ്യമായി ആഹ്വാനം ചെയ്തത് അരാജകത്വം കൂട്ടി. ഒരു പക്ഷേ ജെ.പിയും ഇന്ദിരയും തമ്മില്‍ ആരോഗ്യകരമായ കൂടിക്കാഴ്ചയ്ക്ക് അന്ന് അവസരമൊരുങ്ങിയിരുന്നെങ്കില്‍ അടിയന്തരാവസ്ഥ സംഭവിക്കില്ലായിരുന്നു.

 ബംഗ്ലാ കോണ്‍ഗ്രസില്‍ നിന്ന് രാജ്യസഭയിലേക്കെത്തിയ പിതാവിന്റെ ആദ്യ പ്രസംഗത്തില്‍ തന്നെ ഇന്ദിരാഗാന്ധി ആകൃഷ്ടയായിരുന്നു. പിന്നീട് ബംഗ്ലാ കോണ്‍ഗ്രസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ലയിച്ചതോടെ പിതാവിന്റെ കഴിവിലുള്ള വിശ്വാസമുള്‍ക്കൊണ്ട് ഇന്ദിര അദ്ദേഹത്തെ വിശ്വസ്തനാക്കി. പാര്‍ലമെന്റിലുള്‍പ്പെടെ സൂക്ഷ്മമായി ഗൃഹപാഠം ചെയ്താണ് പിതാവ് എത്തിയിരുന്നത്. 1977-ലെ തോല്‍വിക്ക് ശേഷം ഇന്ദിര ഒറ്റപ്പെട്ട അവസ്ഥയിലും കൂടെ നിന്നയാളാണ് പ്രണബ്. മോശം സമയത്ത് അവരെ കൈവിടുന്നത് പാതകമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വ്യക്തമായ നിലപാട്.

പ്രണര്‍ബ് മുഖര്‍ജി(ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണന്‍)

 ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതാണ് നല്ലത് എന്നായിരുന്നു പ്രണബിന്റെ നിലപാട്. എന്നാല്‍ പ്രധാനമന്ത്രിസ്ഥാനം മോഹിച്ചുവെന്ന് പാര്‍ട്ടിയിലെ ചില സഹപ്രവര്‍ത്തകര്‍ ഏറ്റെടുത്ത പ്രചരണം രാജീവും തെറ്റിദ്ധരിച്ചിരിക്കും. ഖനിഖാന്‍ ചൗധരിയാണ് അങ്ങനെയൊരു കഥ മെനഞ്ഞെടുത്തത്. പിതാവിന്റെ സ്വാധീനത്തില്‍ അദ്ദേഹത്തിനും ആശങ്കയുണ്ടായിരുന്നിരിക്കാം. പില്‍ക്കാലത്ത് പാര്‍ട്ടിയിലെ തന്റെ അധികാരത്തിന് പ്രണബ് വെല്ലുവിളിയായേക്കുമെന്ന ചിന്ത രാജീവിനെ നയിച്ചിട്ടുണ്ടാകാം. ഈ സൂചന പിതാവ് നല്‍കിയിരുന്നു.

 അരുണ്‍ നെഹ്റുവുമായുള്ള ഒരു പ്രാതല്‍കൂടിക്കാഴ്ച നടന്നതിന് തൊട്ടുപിറ്റേന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ നിന്ന് പ്രണബ് ഒഴിവാക്കപ്പെട്ടത്. ആ കൂടിക്കാഴ്ചയില്‍ അച്ഛന്‍ പലതും തുറന്നു പറഞ്ഞിട്ടുണ്ട്. പിന്നീട് പാര്‍ട്ടിയില്‍ നിന്നും അച്ഛന്‍ പുറത്താക്കപ്പെട്ടു. അതിന് ശേഷം രൂപീകരിച്ച പാര്‍ട്ടിക്ക് ഒന്നും നേടാനായില്ല. അച്ഛന്‍ ആ സമയത്ത് ആകെ നിരാശനായിരുന്നു. പ്രണബിനോടുള്‍പ്പെടെ തെറ്റ് ചെയ്തുവെന്ന് പിന്നീട് രാജീവ് ഗാന്ധി തന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്.

 ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന വിധി റദ്ദാക്കുന്ന ഓര്‍ഡിനന്‍സ് രാഹുല്‍ഗാന്ധി പരസ്യമായി കീറിയെറിഞ്ഞത് പ്രണബിനെ രോഷാകുലനാക്കിയിരുന്നു. വാസ്തവത്തില്‍ ആ ഓര്‍ഡിനന്‍സിനോട് അച്ഛനും വിയോജിപ്പായിരുന്നു. എന്നാല്‍ അന്ന് രാഹുല്‍ഗാന്ധി വിയോജിപ്പ് പാര്‍ട്ടിക്കകത്ത് പറയുന്നതിന് പകരം പരസ്യമായി കീറിയെറിഞ്ഞത് അച്ഛനെ രോഷാകുലനാക്കി. വീട്ടില്‍ തന്നോട് വളരെ കയര്‍ത്തുസംസാരിച്ച അപൂര്‍വ്വ നിമിഷങ്ങളിലൊന്ന് ഈ സമയമായിരുന്നു. ഈ രാഷ്ട്രീയപക്വതയില്ലായ്മയാണ് അച്ഛന്‍ ഡയറിയിലെഴുതിയത്.

 പ്രണബ്കുമാര്‍ മുഖര്‍ജി എതിര്‍ രാഷ്ട്രീയനിലപാടുകാരോട് കാട്ടിയ ജനാധിപത്യബോധവും സഹിഷ്ണുതയും ഇന്ന് ഭരണത്തിലിരിക്കുന്ന ബി.ജെ.പി നേതൃത്വം കാണിക്കുന്നില്ലെന്നും ശര്‍മ്മിഷ്ഠ കുറ്റപ്പെടുത്തി.

പുസ്തകപ്രകാശനത്തിന് കോണ്‍ഗ്രസില്‍ നിന്ന് ചിദംബരം മാത്രം

 പുസ്തകപ്രകാശനച്ചടങ്ങില്‍ കോണ്‍ഗ്രസില്‍ നിന്ന് പങ്കെടുത്ത ഒരേയൊരു പ്രമുഖന്‍ മുന്‍ ധനമന്ത്രി കൂടിയായ പി. ചിദംബരമാണ്. അച്ഛന്റെ സുഹൃത്തായിരുന്ന ചിദംബരത്തിന്റെ സാന്നിദ്ധ്യത്തിന് ശര്‍മ്മിഷ്ഠ നന്ദി പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ മൂല്യങ്ങളായ ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശവും സഹിഷ്ണുതയും ഇന്ന് ആ പാര്‍ട്ടിയിലെ പലരും കാത്തുസൂക്ഷിക്കുന്നുണ്ടോയെന്ന് സംശയമുണര്‍ത്തുന്നതാണ് പുസ്തകത്തിലെ ചില പരാമര്‍ശങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെന്ന് ശര്‍മ്മിഷ്ഠ കുറ്റപ്പെടുത്തി.

Content Highlights: Pranab Mukharjee, Indira Gandhi, Emergency, Sarmishta Mukharjee, Pranab My Father Book