രണ്ട് താളുകളെങ്കിലും വായിക്കാതെ ഉറക്കംവരാത്ത കൂട്ടര്‍; പുസ്തകപ്രേമികള്‍ക്കായി ഒരു ദിനം

ഓഗസ്റ്റ് 9 പുസ്തകപ്രേമികളുടെ ദിനമാണ്. വായനയും സാഹിത്യതാല്‍പര്യവും പ്രോത്സാഹിപ്പിക്കാന്‍ ഈ ദിനം കൊണ്ടാടുന്നു. പുസ്തകങ്ങളോട് ഭ്രമമുള്ളവരെ ബിബ്ലിയോഫൈല്‍ എന്നാണ് വിളിക്കുന്നത്. പുസ്തകം വായിക്കുന്ന പോലെ ശേഖരിക്കാനും തല്‍പരരാണ് ബിബ്ലിയോഫൈലുകള്‍.
ഇഷ്ടമുള്ളൊരിടത്ത് സ്വസ്ഥമായിരുന്ന് പ്രിയപ്പെട്ട പുസ്തകം വായിക്കാന്‍ കൊതിക്കുന്നവരാണ് മിക്ക വായനാപ്രേമികളും. എന്നാല്‍ എവിടെയിരുന്നും വായിക്കാന്‍ സാധിക്കുന്നവരും ഇക്കൂട്ടരിലുണ്ട്.
വായിക്കുമ്പോള്‍ ഉറക്കം വരുന്നു എന്ന് ചിലര്‍ പരാതിപ്പെടാറുണ്ടല്ലോ. അതിന് നേര്‍വിപരീതമായി ഒരു ദിവസം പോലും വായിക്കാതെയിരിക്കാന്‍ കഴിയാതെ പോകുന്നവരുണ്ട്. ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും യാത്രചെയ്യുമ്പോള്‍ പോലും പുസ്തകം കൈയില്‍ കൊണ്ടുനടക്കുന്നവര്‍, വായിക്കാന്‍ സാധിച്ചില്ലെങ്കിലും ബാഗില്‍ പുസ്തകമെടുത്ത് വെച്ചില്ലെങ്കില്‍ ആ ദിവസംതന്നെ ശൂന്യമായെന്ന് കരുതുന്നവര്‍... അങ്ങനെയങ്ങനെ പുസ്തകപ്രേമികള്‍ പലതാണ്.
ഇന്നത്തെ കാലത്ത് കടലാസില്‍ മാത്രമല്ല സ്മാര്‍ട്ട് ഫോണില്‍ വരെ വായന സാധ്യമാണ്. നാട്ടിന്‍ പുറങ്ങളില്‍ അറിവിന്റെ വെളിച്ചം തൂകിയ വായനശാലകള്‍ മുതല്‍ ഡിജിറ്റല്‍ പുസ്തകശേഖരം വരെ കാലം സഞ്ചരിച്ചെത്തിയിരിക്കുന്നു.
ഇ-ബുക്ക്, ഓഡിയോ ബുക്ക് എന്നിവയുടെ ലഭ്യത ഒരു പരിധിവരെയെങ്കിലും വായനയെയും അറിവിനെയും ജനാധിപത്യവല്‍ക്കരിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റില്‍ തിരയുന്ന വാക്കുകളുടെ അകലം മാത്രമാണ് ഇന്ന് പുസ്തകങ്ങളുടെ അനന്യമായ ലോകത്തേക്കുള്ളത്.
ഡിജിറ്റല്‍ കാലത്തെ വായന ആസ്വദിക്കുമ്പോഴും വലിയ പുസ്തകശേഖരങ്ങള്‍ സ്വന്തമായുള്ള ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. പുസ്തകങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന, വായനയില്‍ ആശ്വാസം കണ്ടെത്തുന്ന ഒരുപാട് പേര്‍.
വായന മരിക്കുന്നു എന്ന് പരാതിപ്പെടുന്നവരും വായനാ സംസ്‌കാരം പരിണമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അഭിപ്രായപ്പെടുന്നവരും സമൂഹത്തിലുണ്ട്. പുസ്തകങ്ങളുടെ പ്രിന്റഡ് വേര്‍ഷനൊപ്പം ഇലക്ട്രോണിക് പതിപ്പും കൈയിലെത്തുമ്പോള്‍ മാറുന്ന വായനയ്‌ക്കൊപ്പം വായനക്കാരും കൈപിടിച്ചു നടക്കുകയാണ്.
Content Highlights: August 9 a day for book lovers