കുഞ്ഞിനെയും മാനിനെയും ചേർത്തുപിടിച്ച് മുലയൂട്ടുന്ന സ്ത്രീ; ബിഷ്‌ണോയി വംശത്തിന്റെ അദ്ഭുതലോകം

കോഴിക്കോട്: ബിഷ്‌ണോയ് എന്ന വാക്കുകേട്ടാൽ പുതിയ കാലത്തിന് പെട്ടെന്ന് ഓർമവരുക കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ പേരാണ്. ലോകമെങ്ങുമായി എണ്ണൂറിലധികം ഷാർപ്പ് ഷൂട്ടർമാരുള്ള സംഘത്തിനെ ജയിലിലിരുന്ന് നയിക്കുന്ന ഗാങ്സ്റ്റർ.
എന്നാൽ, ബ്രിട്ടീഷ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മാർട്ടിൻ ഗുഡ്മാൻ തന്റെ 'മൈ ഹെഡ് ഫോർ എ ട്രീ' എന്ന പുസ്തകത്തിലൂടെ പറയുന്നത് രാജസ്ഥാൻ മരുഭൂമിയിൽ ഇപ്പോഴും ജീവിക്കുന്ന, ലോകത്തെ ആദ്യത്തെ പരിസ്ഥിതിപ്പോരാളികളായ ബിഷ്‌ണോയി വംശത്തെക്കുറിച്ചാണ്. അവർക്ക് ലോറൻസ് ബിഷ്‌ണോയിയുമായി ഒരു ബന്ധവുമില്ല. അയാളുടെ ജീവിതത്തെയും പ്രവൃത്തികളെയും അവർ എതിർക്കുകയും ചെയ്യുന്നു.
താൻ സഞ്ചരിച്ചുകണ്ട് മനസ്സിലാക്കിയ ബിഷ്‌ണോയി വംശത്തെക്കുറിച്ചും അവരുടെ അദ്ഭുതകരമായ ലോകത്തെക്കുറിച്ചും സംസാരിക്കാൻ മാർട്ടിൻ ഗുഡ്മാൻ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവവേദിയിലെത്തും.
രാജസ്ഥാൻ മരുഭൂമികളുടെ ഉള്ളടരുകളിൽ ഇപ്പോഴും തങ്ങളുടെ പുരാതനജീവിതം നയിക്കുന്ന ഈ വംശത്തിന്റെ ചരിത്രം 16-ാം നൂറ്റാണ്ടിൽ തുടങ്ങുന്നു. ജംബോജിയെന്നാണ് ബിഷ്‌ണോയി വംശത്തിന്റെ ഗുരുവിന്റെ പേര്. അദ്ദേഹം തന്റെ ജനതയെ പഠിപ്പിച്ചത് പ്രകൃതിയോട് പോരാടാനല്ല, അതിനോട് സമരസപ്പെട്ട് ജീവിക്കാനാണ്. പ്രകൃതിയെ പൂജിക്കാനും പ്രാർഥിക്കാനുമാണ്.
1730-ൽ താർ മരുഭൂമിയിലെ ഖെജാർലി എന്ന ഗ്രാമത്തിൽ ഖേജ്രി എന്ന മരങ്ങൾ നിറഞ്ഞ പച്ചപ്പുണ്ടായിരുന്നു. മരുഭൂമിയിലെ ആ മരുപ്പച്ചയെ എല്ലാവരും ആരാധിച്ചു. ഒരുദിവസം അമൃത എന്നുപേരുള്ള ഗ്രാമീണസ്ത്രീ കണ്ടത് ഖേജ്രി മരങ്ങൾ വെട്ടാൻവന്ന രാജഭടന്മാരെയാണ്.
മഹാരാജാവിന്റെ കൊട്ടാരനിർമിതിക്കുവേണ്ടിയായിരുന്നു മരവേട്ട. അവൾ മരങ്ങളെ കെട്ടിപ്പിടിച്ചുനിന്നു. ഭടന്മാർ അമൃതയുടെ തലയറത്തു. അമ്മയെ പിൻതുടർന്ന മക്കളായ അസു, രത്‌നി, ഭാഗു... എല്ലാവരും കൊലചെയ്യപ്പെട്ടു.
വിവരമറിഞ്ഞ് ഗ്രാമീണർ ഒഴുകിയെത്തി. മരങ്ങളെ പുണർന്നുനിന്ന എല്ലാവരും കൊലചെയ്യപ്പെട്ടു. 363 പേർ മരിച്ചുവീണപ്പോൾ രാജാവ് ഭടന്മാരോട് മടങ്ങാൻ പറഞ്ഞു. വൃക്ഷങ്ങൾക്കുവേണ്ടിയുള്ള അമൃതയുടെയും 363 മനുഷ്യരുടെയും ബലിയിൽനിന്നാണ് ബിഷ്‌ണോയി വംശജർ ഇപ്പോഴും ഊർജം ആവാഹിക്കുന്നത്. അമൃത ഇന്നവർക്ക് അമൃതാദേവിയാണ്.
വൃക്ഷങ്ങളെമാത്രമല്ല, മൃഗങ്ങളെയും ആരാധിക്കുകയും അവയെ സംരക്ഷിക്കാൻ ജീവൻവരെ ബലികഴിക്കാൻ മടിയില്ലാത്തവരുമാണ് ബിഷ്‌ണോയികൾ. ബിഷ്‌ണോയി ടൈഗർ ഫോഴ്സ് എന്ന സംഘടനതന്നെ നിലവിലുണ്ട്.
മരുഭൂമിയിൽ ചിങ്കാരമാനുകളെ വേട്ടയാടിയ സൽമാൻ ഖാന്റെ പേരിലുള്ള കേസ്, സാക്ഷികളെ പഠിപ്പിച്ച് അഭിഭാഷകരെവെച്ച് ഇവർ വാദിക്കുന്നു. അതേസമയം, സൽമാനുനേരേയുള്ള വധഭീഷണികളെ തള്ളിപ്പറയുകയും ചെയ്യുന്നു.
ഒരിക്കൽ ഒരു ബിഷ്‌ണോയി സ്‌കൂളിൽച്ചെന്ന് ഗുഡ്മാൻ ചോദിച്ചു: ''ഞാൻ ഒരു എഴുത്തുകാരനാണ്. നിങ്ങൾ ഒരു പുസ്തകമെഴുതുകയാണെങ്കിൽ അത് എന്തിനെക്കുറിച്ചായിരിക്കും?'' ചൻചായ് എന്നുപേരുള്ള കുട്ടി എഴുന്നേറ്റുനിന്ന് പറഞ്ഞു: ''നാം പക്ഷികളെയും മൃഗങ്ങളെയും വൃക്ഷങ്ങളെയും സംരക്ഷിക്കണം. മരങ്ങൾ മുറിക്കുകയോ പക്ഷികളെ കൊല്ലുകയോ ചെയ്യരുത്.''
''മരങ്ങൾ നമുക്ക് ഓക്‌സിജൻ നൽകുന്നു, ഓക്‌സിജനില്ലാതെ ജീവിക്കാൻ സാധിക്കില്ല'' -സന്തോഷ് എന്നുപേരുള്ള മറ്റൊരു കുട്ടി പറഞ്ഞു. ആരാവണമെന്ന ചോദ്യത്തിന് അവരുടെയെല്ലാം ഉത്തരം 'നല്ല പൗരൻ' എന്നായിരുന്നു.
ബിഷ്‌ണോയിവംശത്തിന്റെ ജീവിതത്തിന്റെ ആഴത്തിലും പരപ്പിലും സഞ്ചരിച്ച് മാർട്ടിൻ ഗുഡ്മാൻ എഴുതിയ ഈ പുസ്തകത്തിൽ ഫ്രാൻസ്‌ക് വോഗൽ എന്ന ഫ്രഞ്ച് ഫോട്ടോഗ്രാഫർ എടുത്ത ഗംഭീരമായ ചിത്രങ്ങളും ചേർത്തിട്ടുണ്ട്. അതിൽ ഒരു ചിത്രം ബിഷ്‌ണോയി വംശജയായ ഒരു സ്ത്രീ ഒരുവശത്ത് തന്റെ കുഞ്ഞിനെയും മറുവശത്ത് ചിങ്കാരമാനിനെയും ചേർത്തുപിടിച്ച് മുലയൂട്ടുന്നതാണ്.
Content Highlights: Discover the Bishnoi tribe, India`s original eco-warriors, at the Mathrubhumi International Festival of Letters. Learn about their deep connection with nature and ancient traditions.