രണ്ടുതവണ സിനിമയായി, 18 ഭാഷകളില്‍ വിവര്‍ത്തനം; ബഷീറിന്റെ 'ബാല്യകാലസഖി' പിറന്നിട്ട് 80 വര്‍ഷം

ചിത്രീകരണം: ദ്വിജിത്ത്‌
ചിത്രീകരണം: ദ്വിജിത്ത്‌

വൈക്കം: സുഹ്റയും മജീദും ബാല്യകാലസഖിയിലൂടെ മലയാളികളുടെ മനസ്സില്‍ കുടിയേറിയിട്ട് എണ്‍പതുവര്‍ഷം. വിശ്വവിഖ്യാതസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ 1944-ല്‍ മേയ് 13-ന് കൊല്‍ക്കത്തയില്‍ താമസിക്കുന്ന കാലത്താണ് ബാല്യകാലസഖി പ്രസിദ്ധീകരിക്കുന്നത്. 

ആദ്യം ഇംഗ്ലീഷില്‍ എഴുതിയ നോവല്‍ പിന്നീട് മലയാളത്തിലേക്ക് ബഷീര്‍തന്നെ തര്‍ജ്ജമ ചെയ്തു. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പെഴുതിയ നോവല്‍ ഇന്നും ലോകം കൗതുകത്തോടെ വായിക്കുന്നു.

നിഷ്‌കളങ്കത നിറഞ്ഞ ഏഴ് വയസ്സുകാരി സുഹ്റയുടെയും ഒമ്പതുവയസ്സുകാരന്‍ മജീദിന്റെയും വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അടുക്കുകയും സൗഹൃദത്തിലും പ്രണയത്തിലും എത്തിച്ചേരുകയും ചെയ്യുന്നതാണ് കഥ. മജീദായി തന്നെ തന്നെയാണ് ബഷീര്‍ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നത്. ബഷീറിന്റെ ബാപ്പയും ഉമ്മയും സഹോദരങ്ങളും നോവലില്‍ വന്നുപോകുന്നുണ്ട്.

തലയോലപ്പറമ്പിലുള്ള മുഹമ്മദ്ദീയന്‍ സ്‌കൂളില്‍നിന്നാണ് മജീദും സുഹ്റയും പ്രാഥമിക വിദ്യാഭ്യാസം നേടിയത്. മൂവാറ്റുപ്പുഴയാറിനോട് ചേര്‍ന്നുള്ള മണകുന്നം തുരുത്ത് ഭാഗത്താണ് ഇരുവരുടെയും വീട്.

പുസ്തകത്തിന്റെ കവര്‍ പേജ്

പുതുശേരി നാരായണപിള്ളയായിരുന്നു ഇവരുടെ ക്ലാസ് അധ്യാപകന്‍. കണക്കാണ് അദ്ദേഹം പഠിപ്പിക്കുന്നത്. കണക്കുകളെ സംബന്ധിച്ചിടത്തോളം മജീദിന് ആകെപ്പാടെ ഒരു അങ്കലാപ്പാണ്. 'മണ്ടശ്ശിരോമണി' എന്നാണ് മജീദിനെ നാരായണപിള്ള വിളിച്ചിരുന്നത്.

ഒരിക്കല്‍ നാരായണപിള്ള മജീദിനോട് ചോദിച്ച് ''ഒന്നും ഒന്നും എത്രയാണെടാ''. രണ്ടാണെന്നുള്ള ഉത്തരം മറികടന്ന് മജീദിന്റെ അദ്ഭുതകരമായ ഉത്തരം കേട്ട് ഗുരുനാഥനും സഹപാഠികളും പൊട്ടിച്ചിരിച്ചുപോയി. ''ഇമ്മിണിബല്യ ഒന്ന്'' എന്നാണ് മജീദ് ഉത്തരം പറഞ്ഞത്. അങ്ങനെ ഇമ്മിണി ബല്യ ഒന്ന് പ്രസിദ്ധമായത് ബാല്യകാല സഖിയിലൂടെയാണ്.

രണ്ടുതവണ സിനിമയായ ബാല്യകാലസഖി, 18 ഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളടക്കം നിരവധിപേര്‍ നോവല്‍ വിഷയമാക്കി ഗവേഷണം നടത്തി. ബാല്യകാല സഖിയുടെ പേരില്‍ സാഹിത്യപുരസ്‌കാരവും നല്‍കിവരുന്നു.

ആഘോഷം ശനിയാഴ്ച

ബാല്യകാലസഖിയുടെ 80-ാം വാര്‍ഷികം ബഷീറിന്റെ ജന്മനാട്ടില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകസമിതിയും ബഷീര്‍ അമ്മ മലയാളവും ചേര്‍ന്ന് ശനിയാഴ്ച ആഘോഷിക്കും. വൈകീട്ട് 4.30-ന് തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തിന്റെ മുമ്പില്‍ നടത്തുന്ന പരിപാടി ബഷീര്‍ സ്മാരക സമിതി ഡയറക്ടര്‍ ഡോ. വി.ടി. ജലജാകുമാരി ഉദ്ഘാടനംചെയ്യും.

ബഷീര്‍ സ്മാരകസമിതി വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി. ബാബു അധ്യക്ഷതവഹിക്കും. ബഷീര്‍ കഥാപാത്രങ്ങളായ സെയ്ത് മുഹമ്മദ്, ഖദീജ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

Content Highlights: Balyakalasakhi@80 novel by Vaikkom Muhammed Basheer