മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്‌കാരം അരുന്ധതി റോയിക്ക്

തിരുവനന്തപുരം: 2025-ലെ മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്‌കാരം വിഖ്യാത എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുസ്തകത്തിന്. രണ്ട് ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് അവാർഡ്.
പുരസ്‌കാരം തിരുവനന്തപുരം താജ് ഹോട്ടലിൽ നടന്ന ചടങ്ങിൽവെച്ച് മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാറും മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രനും ചേർന്ന് അരുന്ധതി റോയ്ക്ക് സമ്മാനിച്ചു.
ഇന്നത്തെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽ പ്രതികരണശേഷി നഷ്ടപ്പെട്ട രാജ്യത്തെ എഴുത്തുകാർക്കും ചിന്തകർക്കുമിടയിൽ ഭയം കാട്ടാതെ വേറിട്ടുനിൽക്കുന്ന ശബ്ദമാണ് അരുന്ധതി റോയിയുടേതെന്ന് എം.വി. ശ്രേയാംസ്‌കുമാർ പറഞ്ഞു. 'മദർ മേരി കംസ് ടു മീ'യുടെ അവസാന അധ്യായങ്ങളിലും അത് വ്യക്തമാണ്. അതിശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടെടുക്കുന്ന അരുന്ധതിറോയ്ക്ക് ഈ പുരസ്‌കാരം നൽകുന്നതിൽ ഏറെ സന്തോഷിക്കുന്നു. എഴുത്തുകാരി എന്ന നിലയിലെ സ്വീകാര്യതയെ സമൂഹത്തിനായി സധൈര്യം അവർ പ്രയോജനപ്പെടുത്തുന്നു. അത്തരം പോരാട്ടങ്ങളിൽ, ന്യൂനപക്ഷമാണെങ്കിൽക്കൂടി തങ്ങളെ പോലുള്ളവർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'മദർ മേരി'യുടെ എഴുത്ത് തനിയ്ക്ക് ഏറെ പ്രയാസമേറിയതായിരുന്നുവെന്ന് പുരസ്‌കാരം ഏറ്റുവാങ്ങി അരുന്ധതിറോയ് പറഞ്ഞു. ''ഇങ്ങനെയൊരു പുസ്തകം എഴുതുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പകൽ മുഴുവൻ എഴുതുകയും രാത്രികളിൽ താനീ കാട്ടുന്നത് എന്ത് അസംബന്ധമാണെന്ന ചിന്ത എന്നെ വേട്ടയാടുകയും ചെയ്തു. പക്ഷേ ഒരു എഴുത്തുകാരി എന്ന നിലയിൽ എന്റെ ഏറ്റവും വലിയ ഭയത്തെയും വ്യസനത്തെയും സ്നേഹത്തെയും അഭിസംബോധന ചെയ്യാതിരിക്കാൻ ആവില്ലായിരുന്നു. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും വന്യതയുള്ള സ്ത്രീയായിരുന്നു എന്റെ അമ്മ. പക്ഷേ ഇത് യഥാർഥത്തിൽ സ്നേഹത്തിന്റെ പുസ്തകമാണ്. കാരണം ഞാൻ അവരെ ഇഷ്ടപ്പെട്ടത് അവരിലെ വെളിച്ചത്തിലൂടെയും അവരിലെതന്നെ ഇരുട്ടിലൂടെയുമാണ്. തന്റെ സഹോദരനും അതിൽ പെടുന്നു. അതിനാൽ ഈ മൂവർക്കുമായാണ് ഞാൻ മാതൃഭൂമിയുടെ ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നത്- അരുന്ധതി റോയ് പറഞ്ഞു.
മാതൃഭൂമി ഡയറക്ടർ (ഡിജിറ്റൽ ബിസിനസ്) എം.എസ്. മയൂര, മാതൃഭൂമി ഡയറക്ടർ (ഓപ്പറേഷൻസ്) എം.എസ്. ദേവിക, മുൻ ചീഫ് സെക്രട്ടറിയും മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടറും ക്യൂറേറ്ററുമായ ഡോ. വി. വേണു എന്നിവർ സന്നിഹിതരായിരുന്നു.
അരുന്ധതി റോയി തന്റെ അമ്മ മേരി റോയിയുമായുള്ള സങ്കീർണമായ ബന്ധത്തെ ആവിഷ്‌കരിക്കുന്ന പുസ്തകമാണ് 'മദർ മേരി കംസ് ടു മി'. കുടുംബം, ഓർമ, വ്യക്തിഗത ചരിത്രം എന്നിവയെക്കുറിച്ച് ആഴത്തിൽ സംസാരിക്കുന്ന ഈ പുസ്തകം, വ്യക്തിപരവും രാഷ്ട്രീയപരവുമായ കാര്യങ്ങളെ സൂക്ഷ്മമായ സാഹിത്യത്തിലൂടെ സമന്വയിപ്പിക്കുന്നു.
സിറിയൻ ക്രിസ്ത്യൻ വനിതകൾക്ക് അവരുടെ പിതൃസ്വത്തിൽ തുല്യാവകാശം നേടാനായി ദീർഘവും ദുഷ്‌കരവുമായ നിയമപോരാട്ടം നടത്തിയ സാമൂഹിക പ്രവർത്തകയും വിദ്യാഭ്യാസ വിചക്ഷണയുമായിരുന്നു മേരി റോയി.
ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രമുഖ വ്യക്തിത്വമാണ് അരുന്ധതി റോയി. എഴുത്തുകാരിയുടെ ആദ്യ നോവലായ 'ദി ഗോഡ് ഓഫ് സ്‌മോൾ തിങ്‌സ്' ബുക്കർ പുരസ്കാരം നേടിയിരുന്നു.
Content Highlights: Arundhati Roy awarded Mathrubhumi Book of the Year for `Mother Mary Comes to Me.` Explore her poignant exploration of family, memory, and activism.