ഞാന്‍ ഓര്‍ക്കും, ആരെയാണ് തോല്‍പ്പിക്കാന്‍ നോക്കുന്നത്, മേരി റോയിയുടെ മകളോടാണോ ഇതെല്ലാം-അരുന്ധതി റോയ്

അരുന്ധതി റോയ് |  ഫോട്ടോ: ബി. മുരളീകൃഷ്ണൻ
അരുന്ധതി റോയ് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ

കൊച്ചി: ഇന്ത്യ ദാരിദ്ര്യംകൊണ്ട് ഗാസയിലെ ക്രൂരമായ വംശഹത്യയെ സഹായിക്കുകയാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ''അമേരിക്ക സമ്പത്തുകൊണ്ടാണ് ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യയെ സഹായിക്കുന്നത്. ഇന്ത്യ ദാരിദ്ര്യം കൊണ്ടും. അങ്ങനെ നാം യുദ്ധം ചെയ്യാനായി ആളുകളെ കൊടുക്കുന്നു. നമ്മള്‍ കൊടുക്കുന്ന നികുതി വംശഹത്യക്കു പോകുന്നുണ്ടോ എന്നു നമുക്കറിയില്ല' - എറണാകുളം സെയ്ന്റ് തെരേസാസ് കോളേജില്‍ നടന്ന പരിപാടിയില്‍ അമ്മ മേരി റോയിയെ കുറിച്ചുള്ള തന്റെ പുതിയ പുസ്തകമായ 'മദര്‍ മേരി കംസ് ടു മി' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

പരിപാടി നടന്ന ഹാളിന്റെ പേരും മദര്‍ മേരി ഹാള്‍ എന്നായിരുന്നു. 'അമ്മ ഒരു വിസ്മയമായിരുന്നു. മേരി റോയി എന്ന ധീരയായ വനിതയെ സമൂഹത്തിനറിയാം. അവരുടെ പോരാട്ടങ്ങളുമറിയാം. ഞാന്‍ പറയുന്നത് പല കാലങ്ങളില്‍ അടുത്തറിഞ്ഞ അമ്മയെ കുറിച്ചാണ്. വലതുപക്ഷ ശക്തികള്‍ എനിക്കെതിരേ പല പ്രശ്‌നങ്ങളുമായി വരുമ്പോള്‍ ഞാന്‍ ഓര്‍ക്കും, നിങ്ങളാരെയാണ് തോല്‍പ്പിക്കാന്‍ നോക്കുന്നത്, മേരി റോയിയുടെ മകളോടാണോ ഇതെല്ലാം!' - അരുന്ധതി റോയ് പറഞ്ഞു.

എറണാകുളം സെയ്ന്റ് തെരേസാസ് കോളേജില്‍ നടന്ന ചടങ്ങില്‍ തന്റെ പുസ്തകമായ 'മദര്‍ മേരി കംസ് ടു മി'യുടെ പ്രകാശനച്ചടങ്ങില്‍ എഴുത്തുകാരി അരുന്ധതി റോയ് സഹോദരന്‍ ലളിത് റോയിയെ ആലിംഗനം ചെയ്യുന്നു.

''എന്റെ ഗാങ്സ്റ്ററും അഭയവും കൊടുങ്കാറ്റുമായിരുന്നു അവര്‍. തന്നിഷ്ടപ്രകാരം അലയാന്‍ എന്നെ അനുവദിക്കുന്നിടത്തോളം എന്നെ അമ്മ സ്‌നേഹിച്ചു. സ്‌നേഹവും ദേഷ്യവും അപ്രതീക്ഷിതമായ പൊട്ടിത്തെറികളും എല്ലാം അമ്മയിലുണ്ടായിരുന്നു'- അമ്മ ഒരേസമയം പലതുമായിരുന്നുവെന്ന് എഴുത്തുകാരി പറഞ്ഞു. 

പുസ്തകത്തിന്റെ കവര്‍ പേജ്

എല്ലാ ഫാസിസ്റ്റ് ഗവണ്‍മെന്റുകളുടെയും ശ്രദ്ധ കിട്ടിയ എഴുത്തുകാരിയാണ് അരുന്ധതി റോയിയെന്ന് കെ.ആര്‍. മീര പറഞ്ഞു. അരുന്ധതിയുടെ സഹോദരന്‍ ലളിത് റോയ് റെയ്ന ജോണിനൊപ്പം ചേര്‍ന്ന് പാട്ടുപാടി. മാനസി സുബ്രഹ്‌മണ്യവും അരുന്ധതിയുമായുള്ള സംഭാഷണവും നടന്നു. സെയ്ന്റ് തെരേസാസ് കോളേജിലെ അധ്യാപിക ഡോ. ജിഷാ ജോണ്‍, രഞ്ജിനി മിത്ര എന്നിവര്‍ സംസാരിച്ചു. 

മാധ്യമപ്രവര്‍ത്തകരായ പ്രണോയ് റോയ്, രാധിക റോയ് തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള അരുന്ധതിയുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉള്‍പ്പെട്ട ക്ഷണിക്കപ്പെട്ട സദസ്സിലായിരുന്നു പരിപാടി.

Content Highlights: Arundhathi Roy's new book release