ആ പുസ്തകം ഏതെന്ന്‌ ബച്ചന്‍; വായിക്കുക മാത്രമല്ല,ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തുവെന്ന് സോഫിയ ഖുറേഷി

അമിതാഭ് ബച്ചന്‍, കേണല്‍. സോഫിയ ഖുറേഷി
അമിതാഭ് ബച്ചന്‍, കേണല്‍. സോഫിയ ഖുറേഷി

ന്യൂഡല്‍ഹി: അമിതാഭ് ബച്ചന്‍ അവതാരകനായ കോന്‍ ബനേഗാ ക്രോര്‍പതിയുടെ 'സ്വാതന്ത്ര്യദിന പ്രത്യേക എപ്പിസോഡ്' ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് അതിഥികളായ കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കമാന്‍ഡര്‍ പ്രേരണ എന്നിവരുടെ സാന്നിധ്യം കൊണ്ടായിരുന്നു. തങ്ങളുടെ നിലപാടുകളും ഔദ്യോഗിക ഉത്തരവാദിത്തങ്ങളും പങ്കുവെച്ച ആ ധീരവനിതകള്‍ 'ഓപ്പറേഷന്‍ സിന്ദൂറി'നെക്കുറിച്ച് വിശദമായി സംസാരിച്ചിരുന്നു. 

ഇന്ത്യന്‍ സൈനികശക്തിയെക്കുറിച്ചും ദേശസ്‌നേഹത്തെക്കുറിച്ചുമൊക്കെ കൗതുകപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയ അമിതാഭ് ബച്ചന്‍ കേണല്‍ സോഫിയ ഖുറേഷിയോട് ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

 1 ലക്ഷത്തിന്റെ ചോദ്യത്തിലാണ് അവതാരകന്‍ ഇന്ത്യയുടെ ധീരവനിതകളുടെ വായനാശേഷിയെ അളന്നുകൊണ്ട് ചോദ്യമെറിഞ്ഞത്- 'ജയിംസ് ക്ലെയര്‍ എഴുതിയ ഏത് ബെസ്റ്റ് സെല്ലര്‍ പുസ്തകത്തിന്റെ ഉപശീര്‍ഷകമാണ് 'ചെറിയ മാറ്റങ്ങള്‍, ശ്രദ്ധേയമായ ഫലങ്ങള്‍' (Tiny Changes, Remarkable Results)?'

അവതാരകന്‍ കൊടുത്ത ഓപ്ഷനുകള്‍ ഇതൊക്കെയായിരുന്നു; 

A. ഫ്രീക്കണോമിക്‌സ്
B. തിങ്കിംഗ് ഫാസ്റ്റ് ആന്‍ഡ് സ്ലോ
C. ആറ്റോമിക് ഹാബിറ്റ്‌സ്
D. നഡ്ജ്

ചോദ്യത്തിന് ഉത്തരമായി ഓപ്ഷന്‍ C- ആറ്റോമിക് ഹാബിറ്റ്‌സ് ആണ് സോഫിയ ഖുറേഷി തിരഞ്ഞെടുത്തത്.  താന്‍ ഈ പുസ്തകം വായിക്കുക മാത്രമല്ല, ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഈ പുസ്തകം വായിക്കാന്‍ അവര്‍ യുവാക്കളെ ഉപദേശിക്കുകയും ചെയ്തു.
 

Content Highlights: Kon Banega Crorpaty question by Amitabh Bachan to Sophia Qureshi About Atomic Habits