കൂലിപ്പണി കഴിഞ്ഞാല്‍ പിന്നെ വായന; നാരായണി ഒരു വര്‍ഷം വായിച്ചത് 312 പുസ്തകങ്ങള്‍

പണി കഴിഞ്ഞെത്തിയ നാരായണി മുടപ്പിലാശ്ശേരി വിഎംസി അക്ഷര വായനശാലയിൽനിന്ന് പുസ്തകങ്ങൾ എടുക്കുന്നു.
പണി കഴിഞ്ഞെത്തിയ നാരായണി മുടപ്പിലാശ്ശേരി വിഎംസി അക്ഷര വായനശാലയിൽനിന്ന് പുസ്തകങ്ങൾ എടുക്കുന്നു.

കാളികാവ്(മലപ്പുറം): മുടപ്പിലാശ്ശേരി വിഎംസി അക്ഷര വായനശാല പൂട്ടണമെങ്കില്‍ നാരായണി ചേച്ചി വന്നു പോകണം. കൂലിപ്പണി കഴിഞ്ഞാല്‍ നാരായണി വായനശാലയില്‍ എത്തുമെന്ന് ഉറപ്പാണ്. എത്ര വൈകിയാലും വരുമെന്ന് ഉറപ്പുള്ളതിനാല്‍ ലൈബ്രേറിയന്‍ വിബിത നാരായണി ചേച്ചിയെ കാത്തിരിക്കും. 

വീട്ടിലായാലും തൊഴിലിടങ്ങളിലായാലും നാരായണിക്ക് ഒഴിവുസമയം വായനക്കുള്ളതാണ്. കഴിഞ്ഞ ഒരു വര്‍ഷം 312 പുസ്തകങ്ങളാണ് 61-കാരിയായ നാരായണി വായിച്ചുതീര്‍ത്തത്. 

കൈയില്‍ കിട്ടുന്നതെന്തും വായിക്കും. പത്രവും ഗ്രന്ഥശാലാസംഘത്തിന്റെ മുഖപത്രമായ ഗ്രന്ഥാലോകം മാസികയും പതിവ് വായനയുടെ ഭാഗമാണ്.

വായനശാലയില്‍നിന്ന് ലഭിക്കുന്ന പുസ്തകം ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ രാത്രി 12 വരെ വായിക്കും. രാവിലെ അഞ്ചിന് വീണ്ടും വായന തുടരും. എം.ടി.യുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും രചനകളെല്ലാം വായിച്ചുകഴിഞ്ഞു. എം.ടി.യുടെ രണ്ടാമൂഴമാണ് വായിച്ച പുസ്തകങ്ങളില്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നതെന്ന് നാരായണി. 

ഭര്‍ത്താവിന്റെ വിയോഗവേദനയെ അതിജീവിച്ചതുപോലും വായനയിലൂടെയാണെന്നും നാരായണി പറയുന്നു. വിഎംസി അക്ഷര വായനശാല കമ്മിറ്റി അംഗം കൂടിയായ മകന്‍ പി. അനുലാഷിന്റെ പേരിലും പുസ്തകങ്ങള്‍ എടുക്കും. വായനശാലയില്‍നിന്ന് ഏറ്റവും കൂടുതല്‍ പുസ്തകം എടുത്തിട്ടുള്ളതും നാരായണിതന്നെയാണ്.

Content Highlights: Narayani, who reads 312 books annually