ജെഫ്രി ആർച്ചർ; ത്രില്ലർ നോവൽ പോലൊരു ജീവിതം

'നിയമത്തിനുള്ളിൽനിന്ന് ഒരു മില്യൺ സമ്പാദിക്കുക എന്നത് ഏറെ പ്രയാസകരം. നിയമത്തിന്റെ കണ്ണ് വെട്ടിച്ച് ഒരു മില്യൺ സമ്പാദിക്കുക കുറേക്കൂടി എളുപ്പം. എന്നാൽ, ആ ഒരു മില്യൺ നിലനിർത്തുക എന്നതാകുന്നു അത്രമേൽ പ്രയാസകരം..!'' ബ്രിട്ടീഷ് എഴുത്തുകാരൻ ജെഫ്രി ആർച്ചറുടെ ആദ്യനോവൽ 'നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസിലെ' ആദ്യ വരികൾ. ഈ വരികളിൽ ജെഫ്രി ആർച്ചറെയും അദ്ദേഹത്തിന്റെ കൃതികളെയും ചേർത്തുവായിക്കാം. ത്രില്ലർ നോവലിലേത് പോലെ ഒരു ത്രില്ലർ ജീവിതം ജീവിച്ച എഴുത്തുകാരൻ.
ഓക്‌സ്‌ഫഡ് സർവകലാശാലയിൽ പഠിക്കുമ്പോൾ ഗ്രേറ്റ് ബ്രിട്ടന് വേണ്ടി ഓടിയ, ഓക്‌സ്ഫാമിന് ഫണ്ട് കണ്ടെത്താൻ ബീറ്റിൽസിന്റെ പിന്തുണ നേടിയ, ഇരുപത്തിയൊൻപതാം വയസ്സിൽ ബ്രിട്ടിഷ് പാർലമെന്റിൽ എത്തിയ, കൺസർവേറ്റീവ് പാർട്ടിയിലെ താരമായി മാറിയ, ഡയാന രാജകുമാരിയുടെ ഉറ്റമിത്രമായ, 30 കോടിയിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ രചയിതാവായ, ഉയർച്ചയും തകർച്ചയും ശീലമായി മാറിയ മനുഷ്യൻ.
ആർച്ചറിന്റെ ആദ്യതകർച്ച 1970-കളിലായിരുന്നു. 'അക്വാബ്ലാസ്റ്റ്' എന്ന കനേഡയിൻ കമ്പനിയിൽ നടത്തിയ നിക്ഷേപത്തോടെ അദ്ദേഹം വൻകടത്തിലായി. അതോടെ പൊതുപ്രവർത്തനം ഉപേക്ഷിച്ച ആർച്ചർ എഴുതിത്തുടങ്ങി.
വഞ്ചിച്ചവരോട് പ്രതികരം ചെയ്യാനിറങ്ങുന്ന മനുഷ്യരുടെ കഥ പറയുന്ന 'നോട്ട് എ പെന്നി മോർ, നോട്ട് എ പെന്നി ലെസ്' എന്ന ആദ്യനോവൽ വൻവിജയമായി. എഴുത്തിൽനിന്ന് കാശുണ്ടാക്കാമെന്ന് മനസ്സിലായതോടെ ആർച്ചർ തുടരെത്തുടരെ എഴുതാൻ തുടങ്ങി. എല്ലാം വിജയമായി.
തികഞ്ഞ അച്ചടക്കത്തോടെ അദ്ദേഹം എഴുത്ത് തുടർന്നു. ആദ്യം രണ്ട് മണിക്കൂർ എഴുതും, പിന്നെ കുറച്ച് നേരം വിശ്രമം, വീണ്ടും രണ്ട് മണിക്കൂർ. അങ്ങനെയായിരുർന്നു അദ്ദേഹം എഴുതിയത്. സമയം നോക്കാൻ ഒരു മണൽഘടികാരവും. പത്തിലധികം പ്രാവശ്യം കൃതികൾ തിരുത്തിയെഴുതുമായിരുന്നു.
'കെയ്ൻ ആൻഡ് ആബേൽ' ആണ് ആർച്ചറിന്റെ ഏറെ പ്രസിദ്ധമായ നോവൽ. എൺപതുകളിലെ സൂപ്പർഹിറ്റായിരുന്നു ആ നോവൽ.
ഇന്ത്യക്കാരുടെ പ്രിയ എഴുത്തുകാരനായിരുന്നു ആർച്ചർ. ഇംഗ്ലീഷ് അറിയാവുന്ന ഇന്ത്യക്കാർ അദ്ദേഹത്തിന്റെ കൃതികളെ ഹൃദയത്തോട് ചേർത്തുപിടിച്ചു. ആർച്ചറിന്റെ പുസ്തകങ്ങളുടെ വ്യാജപ്പതിപ്പുകൾ ഇന്ത്യൻ നഗരങ്ങളിൽ വിൽക്കപ്പെട്ടു. വഴിയോരങ്ങളിൽ തന്റെ നോവലുകളുടെ വ്യാജപതിപ്പുകൾ വിൽക്കുന്നത് ആർച്ചറും നേരിൽകണ്ടിട്ടുണ്ട്.
വിജയത്തിനൊപ്പം തകർച്ചയും ആർച്ചറെ തേടിയെത്തി. മാർഗരറ്റ് താച്ചറുടെ പിന്തുണയിൽ രാഷ്ട്രീയത്തിൽ മടങ്ങിയെത്തിയ ആർച്ചർക്കെതിരെ സ്റ്റാർ പത്രത്തിൽ ആരോപണവാർത്ത വന്നു. മോണിക്ക കോഗ്ലാൻ എന്ന ലൈംഗികത്തൊഴിലാളിയുമായി അദ്ദേഹത്തിന് ബന്ധമുണ്ടെന്നായിരുന്നു വാർത്ത. അദ്ദേഹം പത്രത്തിനെതിരെ മാനനഷ്ടക്കേസ് കൊടുത്തു. വൻതുക നഷ്ടപരിഹാരമായി നേടി. 14 വർഷത്തിനു ശേഷം സത്യം പുറത്തുവന്നു, കോടതിയിൽ കള്ളസാക്ഷ്യം പറയാൻ ആർച്ചർ തന്റെ സുഹൃത്തിനെ പ്രേരിപ്പിച്ചെന്ന് തെളിഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജരേഖ ഉണ്ടാക്കിയതിനും ആർച്ചർക്ക് നാലു വർഷം തടവുശിക്ഷ ലഭിച്ചു. വീണ്ടും തകർച്ച.
ആർച്ചർ അവിടെയും തളർന്നില്ല. ജയിലിലെ അനുഭവങ്ങൾ അദ്ദേഹം ഡയറിയിൽ എഴുതിവെച്ചു. അത് പിന്നീട് 'പ്രിസൺ ഡയറീസ്' എന്ന പുസ്തകമായി. അവസാനകാലത്തും അദ്ദേഹം എഴുത്ത് തുടർന്നു. എല്ലാം ബെസ്റ്റ് സെല്ലറുകളായി. അദ്ദേഹത്തിന്റെ എല്ലാ തകർച്ചകളിലും വിഷമങ്ങളിലും പൂർണ പിന്തുണയോടെ പ്രിയതമ മേരി എന്നും കൂടെയുണ്ടായിരുന്നു.
ഏറ്റവും പുതിയ നോവലായ ‘ആദം ആന്റ് ഈവ്’ ഒക്ടോബർ 6-ന് പുറത്തിറങ്ങുന്നതിന് ഒരു ദിവസം മുൻപേ ആർച്ചർ എൺപത്തിയാറാം വയസ്സിൽ യാത്രയായി. വിട..!
Content Highlights: Renowned British author Jeffrey Archer passed away at the age of 86, a day before the release of his latest novel 'Adam and Eve', Authored over 300 million copies worldwide, including bestselling classics like 'Not a Penny More, Not a Penny Less' and 'Kane and Abel'., Experienced a turbulent life marked by political success, financial ruins, imprisonment, and literary redemption.