പൊരുതുന്ന ഗാസയ്ക്കായ് പെരുകിയ അക്ഷരങ്ങൾ

കണക്കുകൾ തീർക്കുന്നതിൽ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചത് ഒക്ടോബർ 7 വാർഷികത്തിനു മുന്നോടിയായി കൊല്ലപ്പെട്ടവരുടെ സ്മരണപുതുക്കുന്ന ചടങ്ങിലാണ്. ഹമാസിന് ഇനി ഭാവിയില്ലെന്ന് തന്റെ സൈന്യത്തെ സാക്ഷി നിർത്തി നെതന്യാഹു പറഞ്ഞത് ഇസ്രയേൽ ഏറ്റെടുത്ത് ആഘോഷിച്ചു. ഭീകരാക്രമണങ്ങളോട് ന്യായമായും ഒരു ഭരണാധികാരി ഈ നിലപാടുതന്നെയാണ് സ്വീകരിക്കുക. പക്ഷേ മനുഷ്യസഹജമായ നിലപാടുകൾക്കുമുന്നിൽ രാഷ്ട്രവും ഭീകരപ്രവർത്തനവും തമ്മിലുള്ള സംഘർഷത്തേക്കാൾ മൂല്യം മതിക്കുന്നത് സാധാരണക്കാരന്റെ തകർച്ചകൾക്കുമാത്രമാണ്. ഒക്ടോബർ 7 സംഭവത്തിന്റെ മൂന്നാം വാർഷികം ലോകം ആചരിക്കുമ്പോൾ പുസ്തകങ്ങളും നിലപാടുകളുടെയും പ്രതിഷേധങ്ങളുടെയും ഭാഗമാകുന്നത് പുതുമയുള്ള കാര്യമല്ല. യുദ്ധം, അതിജീവനം, അഭയാർഥിത്വം, വിഭജനം തുടങ്ങി സാഹിത്യവും സിനിമയും പല വകഭേദങ്ങളായി തരംതിരിക്കപ്പെടുന്നതും ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ്.
ഇസ്രയേൽ- പലസ്തീൻ സംഘർഷങ്ങളെ മാത്രം അടിസ്ഥാനമാക്കി 2023 ഒക്ടോബർ ഏഴിനുശേഷം ലോകഭാഷയിൽ പുറത്തിറങ്ങിയ പുസ്തകങ്ങളുടെ എണ്ണം ഇരുപത്തിയൊമ്പതാണെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ടുചെയ്യുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള അക്കാദമിക്കുകളും സാമൂഹിക ശാസ്ത്രജ്ഞരും സാഹിത്യകാരും തങ്ങളുടെ എഴുത്തിൽ മുൻഗണന ഗാസയ്ക്കു നല്കി. മുമ്പെങ്ങുമില്ലാത്തവിധം സാമൂഹികമാധ്യമങ്ങളിലൂടെ തങ്ങളുടെ കാഴ്ചപ്പാടുകളെ അവർ പ്രചരിപ്പിച്ചു. പുസ്തകങ്ങളുടെ പ്രചാരമോ വിപണിയിൽ നിന്നും നേടുന്ന പണമോ അല്ല , മറിച്ച് മാനവികതയുടെ രാഷ്ട്രീയമാണ് മുഖ്യമെന്ന് അവർ അക്ഷരങ്ങളിലൂടെ പ്രസ്താവിച്ചു. ഉറ്റവരുടെയും ഉടയവരുടെയും വിയോഗത്തിലും തിരോധാനത്തിലും അലമുറയിടുന്ന മനുഷ്യരെ ഈ പുസ്തകങ്ങൾ പ്രതിനിധാനം ചെയ്യുന്നു. ഷെല്ലുകൾ ചിതറിത്തെറിപ്പിച്ച ശരീരത്തിലെ അടയാത്ത കണ്ണുകളുമായി ലോകത്തോട് ഇനിയും വിട്ടുമാറാത്ത കൗതുകം മാത്രമായിരുന്നു തങ്ങളെന്ന് പറഞ്ഞ കുഞ്ഞുങ്ങളായിരുന്നു എഴുത്തുകാരുടെ പേനയിൽ കവിതകളായി പിറന്നത്. കാത്തിരിപ്പിന്റെ അന്തമില്ലാത്ത പ്രത്യാശയായിരുന്നു കഥകളത്രയും പറഞ്ഞത്. വംശഹത്യയുടെ ചരിത്രവും ആഘാതവുമായിരുന്നു ആത്മകഥകളും ഓർമക്കുറിപ്പുകളും അക്കാദമിക പുസ്തകങ്ങളും ലേഖന സമാഹാരങ്ങളും ഓർമിപ്പിച്ചുകൊണ്ടേയിരുന്നത്.
ഞാൻ മരിക്കേണ്ടി വന്നാൽ
എന്റെ കഥ പറയാൻ
എന്റെ സാധനങ്ങൾ വിൽക്കാൻ,
ഒരു തുണിക്കഷണവും
കുറച്ചു ചരടും വാങ്ങാൻ
നീ ജീവിക്കണം.
(നീളമുള്ള വാലുമായി ഒരു വെള്ളത്തുണിക്കഷ്ണം)
ആരോടും വിട പറയാതെ,
സ്വന്തം ശരീരത്തോട് പോലും വിട പറയാതെ,
പൊട്ടിത്തെറിയിൽ
മരിച്ചുപോയ
അച്ഛനെയും കാത്തിരിക്കുന്ന,
കണ്ണിൽ സ്വർഗവുമായി
ഗസയിലെ ഒരു കുട്ടി
എന്റെ പട്ടം കാണുന്നു.
സ്‌നേഹം തിരികെ കൊണ്ടുവരാൻ
ഒരു മാലാഖ അവിടെയുണ്ടോ
എന്ന് ചിന്തിക്കുന്നു.
എനിക്ക് മരിക്കേണ്ടി വന്നാൽ അത്
പ്രതീക്ഷ നൽകട്ടെ.
അതൊരു കഥയാവട്ടെ.
ഗസയിൽ നിന്നുള്ള പലസ്തീൻ കവി റഫാത്ത് അൽ അരീറിന്റെ വരികൾ വിവർത്തനം ചെയ്തത് പി.കെ പാറക്കടവാണ്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെടുമ്പോൾ റഫാത്തിന് വയസ്സ് അമ്പതായിരുന്നു. 'എനിക്ക് മരിക്കേണ്ടി വന്നാൽ അത് പ്രതീക്ഷ നൽകുന്ന ഒരു കഥയാവട്ടെ എന്നു പറഞ്ഞുകൊണ്ട് രക്തസാക്ഷിത്വം വരിച്ച കവി. അതേ കലയളവിൽത്തന്നെയായിരുന്നു ഗസയുടെ സാംസ്‌കാരികമേഖലയിൽ പ്രസരിപ്പോടെ പറന്നുനടന്നിരുന്ന യുവ സാഹിത്യകാരി ഹിബ അബു നദ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഹിബ എഴുതിയ ഓക്‌സിജൻ ഈസ് നോട്ട് ഫോർ ദ ഡെഡ് എന്ന നോവൽ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അകത്തേക്കെടുത്ത ശ്വാസം തിരികെ വിടും മുമ്പേ ഷെല്ലുകൾ കൊത്തിപ്പറക്കുന്ന ജീവനുമുന്നിൽ അക്ഷരങ്ങൾ കൊണ്ട് പ്രതിഷേധിച്ചവർ അനേകരുണ്ടായിരുന്നു ഗസയിൽ.
അതേസമയം എലി ഷറാബി എന്ന എഴുത്തുകാരന്റെ ഉദയത്തിനു കാരണമായത് ഹമാസ് ആണ്. കിബുത്ത്‌സ് കമ്യൂണിറ്റിയിൽ കുടുംബത്തോടൊപ്പം ജീവിച്ചുവരവേയാണ് ഹമാസ് ഭീകരർ വീട് ആക്രമിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും പതിമൂന്നും പതിനാറും വയസ്സുള്ള രണ്ട് പെൺകുട്ടികളും കൺമുന്നിൽ വെച്ച് കൊല്ലപ്പെട്ടു. ഷറാബിയെയും സഹോദരനെയും ബന്ദികളാക്കി. തടവിൽക്കഴിയേ സഹോദരൻ കൊല്ലപ്പെട്ടു. ഷറാബിയുടെ ജീവൻ ബാക്കിയായി. 491 ദിവസമാണ് ഷറാബിക്ക് തടവിൽക്കഴിയേണ്ടി വന്നത്. ആ 491 ദിവസങ്ങളെയാണ് 'ഹോസ്‌റ്റേജ്' എന്ന പേരിൽ ഷറാബ് പുസ്തകമാക്കിയത്. അഞ്ചുദിവസം കൊണ്ട് ഇരുപതിനായിരം കോപ്പികൾ വായനക്കാർ ഏറ്റെടുത്തതോടെ ഷറാബി ഇസ്രയേലി എഴുത്തുകാരുടെ മുൻനിരപ്പട്ടികയിലേക്ക് കടന്നു. ഹീബ്രു പ്രസാധന ചരിത്രത്തിലെ വലിയൊരു മുന്നേറ്റമായിരുന്നു ഹോസ്‌റ്റേജിനു ലഭിച്ച സ്വീകാര്യത. ഒരു ലക്ഷം കോപ്പികൾ അനായാസം വായനക്കാർ ഏറ്റെടുത്തു. തന്റെ ഉറ്റവരുടെ ഓർമകളുടെയും ജീവന്റെയും വിലയായിരുന്നു ഷറാബിക്ക് ആ ഓർമ്മപ്പുസ്തകം.
2023 ഒക്ടോബർ ഏഴുമുതലുള്ള ഗാസയെ ഒരൊറ്റ നിമിഷം പോലും വിടാതെ റിപ്പോർട്ടുചെയ്ത് പലസ്തീനി ജേണലിസ്റ്റായ പ്ലിസ്റ്റിയ അൽ അഖാദിന്റെ ഏറ്റവും ശ്രദ്ധേയമായ പുസ്തകമാണ് ദ ഐസ് ഓഫ് ഗാസ: എ ഡയറി ഓഫ് റെസിലിയൻസ്. ഹെമിങ്വേയ്ക്കു ശേഷം വായനക്കാർ ഏറ്റെടുത്ത 'വാർ ഡയറി' എന്നാണ് ദ ഐസ് ഓഫ് ഗാസയെ വിശേഷിപ്പിക്കുന്നത്. തന്റെ റിപ്പോർട്ടിങ്ങിലെ നിർണായകമായ നാൽപ്പത്തിയഞ്ചുദിവസങ്ങളെയാണ് ഈ മാധ്യമപ്രവർത്തക സമാഹരിച്ച് പുസ്തകമാക്കിയത്. അതിശയോക്തി കലരാത്ത ആഖ്യാനങ്ങളില്ലാതെ നേര് നേരായിത്തന്നെ അവതരിപ്പിച്ചു എന്നതാണ് ദ ഐസ് ഓഫ് ഗാസയെ വേറിട്ടതാക്കുന്നത്. അഭയാർഥി ക്യാംപുകളും , താൽക്കാലികമായി കെട്ടിപ്പടുത്ത ക്ലിനിക്കുകളും ആശുപത്രികളും തുടങ്ങി നരകജീവിതത്തിന്റെ നാനാതുറകളെയും എഴുത്തുകാരി പുസ്തകത്തിലൂടെ തുറന്നുകാണിച്ചു. അതിജീവനത്തിനായുള്ള അവസാനത്തെ ശ്രമങ്ങളും നടത്തുന്ന മനുഷ്യരെ ആണായും പെണ്ണായും കുട്ടികളായും എഴുത്തുകാരി വേർതിരിച്ചുനിർത്തിത്തന്നെയാണ് അവരനുഭവിക്കുന്ന ഗാസയെ തുറന്നുകാട്ടുന്നത്.
പലസ്തീൻ വിഖ്യാത കവി മൊസാബ് അബു തോഹയുടെ 'ഫോറസ്റ്റ് ഓഫ് നോയ്‌സ്' എന്ന കവിതാസമാഹാരം ഇസ്രയേലിനു നേരെ പിടിച്ച അക്ഷരങ്ങളുടെ ശരവർഷം തന്നെയായിരുന്നു. പുസ്തകത്തിലെ Younger Than War എന്ന കവിതയിലൂടെ തന്റെ ജീവിതത്തിൽ ഏഴുവയസ്സുമുതൽ സാക്ഷ്യം വഹിക്കേണ്ടി വന്ന സ്‌ഫോടനവാഹകരായ ഹെലികോപ്റ്ററുകളെക്കുറിച്ച് പറയുന്നുണ്ട്. Decades Younger Than War, I few Years older than Bombs എന്നെഴുതിക്കൊണ്ട് ജീവിതത്തെത്തന്നെ വെല്ലുവിളിക്കുന്നു കവി.
ഇരുരാജ്യങ്ങൾ തമ്മിലുള്ള പോര് അക്ഷരങ്ങളിലേക്ക് പടരുമ്പോൾ തങ്ങളുടെ നിലപാടുകളും ജീവിതസമ്മർദ്ദങ്ങളും തീവ്രവാദം ജനജീവിതത്തെ ദുരിതത്തിലാഴ്ത്തുന്ന അവസ്ഥയും പങ്കുവെക്കാൻ ഇസ്രയേൽ എഴുത്തുകാരും ഒട്ടും പിന്നിലല്ല. ഇസ്രയേൽ എഴുത്തുകാരി അവിവ ഗാട്ടിന്റെ വി വിൽ ഡാൻസ് എഗെയ്ൻ, യാക്കോവ് കാറ്റ്‌സ് എഴുതിയ While Isreal Slept: How Humans Surprised the Most Powerful Military in the Middle East , സിവ് കോറന്റെ ദ ഒക്ടോബർ സെവൻത്ത് വാർ തുടങ്ങിയ പുസ്തകങ്ങൾ ആരാണ് ശരി എന്ന ചോദ്യത്തിന് നൽകുന്ന വിശദീകരണങ്ങളാണ്.
Content Highlights: Analysis of literature and books published globally following the October 7 Israel-Gaza conflict., Highlights works by Palestinian poets and journalists like Refaat Alareer and Plestia Alaqad., Examines Israeli authors' perspectives, including Eli Sharabi's memoir 'Hostage'.