'യുക്രൈന്‍ ജനതയുടെ 60 ശതമാനവും വിശ്വസിച്ചിരുന്നത് യുദ്ധം ഉണ്ടാവില്ലെന്നായിരുന്നു'

താങ്കളും കുടുംബവും സുരക്ഷിതരായിരിക്കുന്നെന്നു കരുതുന്നു. താങ്കളുടെ പലായനത്തിന്റെ ദിവസങ്ങള്‍ എങ്ങനെയായിരുന്നു
ഞങ്ങള്‍ സുരക്ഷിതരാണ്. ലണ്ടനില്‍ ജീവിക്കുന്ന മകളെ അങ്ങോട്ടുതന്നെ അയക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. യുദ്ധം തുടങ്ങുന്നതിന് മൂന്നുദിവസംമുമ്പാണ് ഗബ്രിയേല ഇവിടേക്കുവന്നത്. യുദ്ധം തുടങ്ങുന്നതിന്റെ തലേന്നാണ് സഹോദരന്മാര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം അവള്‍ ലീവിവിലേക്കുപോയത്. ഇപ്പോള്‍ അവള്‍ അതിര്‍ത്തി വിട്ടുകഴിഞ്ഞു. അതായിരുന്നു പ്രധാന ആശങ്ക. എന്റെ ആണ്‍മക്കളായ തിയോയും ആന്റോണും ബ്രിട്ടീഷ് പൗരന്മാരാണ്. യുക്രൈന്‍ സൈന്യത്തിനോ അഭയാര്‍ഥികള്‍ക്കോ എന്തെങ്കിലും സഹായം ചെയ്യാനാവുമോ എന്നാണ് അവര്‍ നോക്കുന്നത്. ശത്രുസൈന്യത്തിന്റെ നിരീക്ഷണത്തില്‍നിന്നു മറഞ്ഞിരിക്കാവുന്ന ചില ഉപകരണങ്ങള്‍ ഉണ്ടാക്കുകയായിരുന്നു അവര്‍ കഴിഞ്ഞദിവസങ്ങളില്‍. ഇ?പ്പോള്‍ അവര്‍ ടെറിേറ്റാറിയല്‍ ആര്‍മിയെക്കുറിച്ച് അന്വേഷിക്കുകയാണ്.
കീവിലെ ജനങ്ങള്‍ക്ക് താങ്കളുടെ 'ഗ്രേ ബീസ്' എന്ന രചനയിലെ കഥാപാത്രങ്ങളുമായി ചില സാമ്യങ്ങളുണ്ട്. അവര്‍ അസാധാരണ സാഹചര്യങ്ങളില്‍ ജീവിക്കുന്ന സാധാരണ മനുഷ്യരാണ്. സ്വന്തം രാജ്യത്തെ പൗരന്മാരില്‍നിന്ന് താങ്കള്‍ എന്താണു പ്രതീക്ഷിക്കുന്നത്
എല്ലാവരും തികഞ്ഞ രാജ്യസ്‌നേഹികളാണ്. യുക്രൈന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി മരിക്കാന്‍വരെ തയ്യാറാണെന്ന് ലോകത്തിനു കാണിച്ചുകൊടുത്ത നാട്ടുകാരെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. യുക്രൈന്‍കാരെ സംബന്ധിച്ച് സ്ഥിരതയെക്കാളും പ്രാധാന്യം സ്വാതന്ത്ര്യത്തിനാണ്. എന്നാല്‍, റഷ്യക്കാരെ സംബന്ധിച്ച് മറിച്ചാണ്. രാജ്യത്തെ സംരക്ഷിക്കാനോ അഭയാര്‍ഥികളെ സഹായിക്കാനോ എല്ലാവരും എന്തെങ്കിലുമൊക്കെ ചെയ്യുന്നു. യുക്രൈനെ സംരക്ഷിക്കാന്‍ ആയുധങ്ങള്‍ കൈയിലേന്തി പോരാടാന്‍പോലും തയ്യാറാവുന്നതരത്തിലുള്ള സാധാരണക്കാരുടെ സന്നദ്ധതയോ ദേശസ്‌നേഹമോ ഒന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ പല സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും സൈന്യത്തിലോ ടെറിറ്റോറിയല്‍ ആര്‍മിയിലോ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. എഴുത്തുകാരും പ്രസാധകരുമായ കപ്രാനോവ് സഹോദരന്മാര്‍ ഇപ്പോള്‍ ആയുധങ്ങളുമായി കീവില്‍ റോന്തുചുറ്റുകയാണ്. റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ യുക്രൈന് കഴിയുമെന്ന് എനിക്കിപ്പോള്‍ ഉറപ്പുണ്ട്.
നിലനില്‍ക്കണമെന്ന് ആഗ്രഹമുള്ളവരാണ് താങ്കളുടെ പുസ്തകത്തിലെ കഥാപാത്രങ്ങള്‍. മിഠായികളോ പള്ളിക്കുള്ളിലോ മറ്റോയുള്ള പ്രത്യേകസുഗന്ധമോ പോലുള്ളവ ആസ്വദിക്കുന്നവര്‍ കൂടിയാണ് അവര്‍. യുദ്ധം ഡോണ്‍ബാസ്സ് പോലുള്ള സ്ഥലങ്ങളില്‍ ജീവിതത്തിന്റെ ഭാഗമായിമാറി മുഷിപ്പുണ്ടാക്കിയിട്ടുണ്ടോ
അങ്ങനെ തോന്നുന്നില്ല. ഡോണ്‍ബാസ്സില്‍ അഞ്ചുദിവസം മുമ്പുവരെ ഭാഗികമായേ യുദ്ധമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അത് പൂര്‍ണാവസ്ഥയിലാണ്. ശത്രുസേനയുടെ ആക്രമണസാധ്യതയുള്ള 3,000 കിലോമീറ്ററുള്ള പ്രദേശമാണിത്. അതുകൊണ്ടുതന്നെ ഇവിടെ ഏറെനാള്‍ യുദ്ധത്തെ തടഞ്ഞുനിര്‍ത്തുക സാധ്യമല്ല. അതിര്‍ത്തിയോടു ചേര്‍ന്നുള്ളവരെ സംബന്ധിച്ച് യുദ്ധം പുത്തരിയല്ല. സ്വന്തം വീടിനടുത്ത് ബോംബുവീഴുമ്പോള്‍ മാത്രമാണ് അവര്‍ പേടിക്കുന്നത്. യുക്രൈനിലാകമാനം അത്തരമൊരു അവസ്ഥയുണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഡോണ്‍ബാസ്സിലും ഇത് തുടര്‍ച്ചയായി ഉണ്ടാകുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, പുതിന്‍ യുദ്ധം ആഗ്രഹിക്കുന്നു. യുദ്ധത്തിനു പകരം സമാധാനവും റഷ്യയോടുള്ള വിധേയത്വവുമാണ് പുതിന്‍ വാഗ്ദാനംചെയ്യുക. പക്ഷേ, യുക്രൈന്‍കാര്‍ അതിനോടു യോജിക്കില്ല.
ജനങ്ങൾ നിർമിച്ച കമോഫ്ളാഷ് ബാഗുകൾ
റഷ്യന്‍ അനുകൂലികള്‍ക്കും യുക്രൈന്‍ സൈന്യത്തിനുമിടയില്‍ ഒരു യഥാര്‍ഥ 'നരച്ച പ്രദേശം' ഉണ്ടോ?
തീര്‍ച്ചയായും. ഡോണ്‍ബാസ്സിലെ ആ യഥാര്‍ഥ പ്രദേശത്തിന്റെ നീളം യുദ്ധമുന്നണിയിലുള്ള പ്രദേശത്തിന്റെ നീളം തന്നെയാണ് - 430 കിലോമീറ്റര്‍ ഇരുവശത്തും യുദ്ധംചെയ്യുന്നവര്‍ക്കിടയില്‍ ഇവിടെ ഡസന്‍കണക്കിന് ഗ്രാമങ്ങളുണ്ട്.
ഏറ്റവും വലിയ ചിന്താക്കുഴപ്പമായി ഇപ്പോള്‍ വിദഗ്ധര്‍ കരുതുന്നത് ഇതാണ് - 2015-നുശേഷം യുക്രൈന്‍ നാറ്റോയുടെ ഭാഗമായി മാറിയോ? അതൊരു നഷ്ടപ്പെട്ട അവസരമായിരുന്നോ
അതെ. അത് പുതിന് ഊര്‍ജംപകരുന്നതല്ല. നാറ്റോയ്ക്കും യൂറോപ്യന്‍ യൂണിയനും ആവശ്യമില്ലെങ്കില്‍ അത് റഷ്യയെടുക്കും എന്നതാണ് പുതിന്റെ തീരുമാനം. 2008-ല്‍ത്തന്നെ യുക്രൈന്‍ നാറ്റോയുടെ ഭാഗമാകേണ്ടതായിരുന്നു. പക്ഷേ, നാറ്റോ യുക്രൈനെ വിശ്വാസത്തിലെടുത്തില്ല. എന്റെ രാജ്യത്തിന്റെ സുരക്ഷാ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ആരും റഷ്യയോട് തര്‍ക്കിക്കാന്‍ ആഗ്രഹിക്കുന്നില്ല. യൂറോപ്പിലെ രാഷ്ട്രീയനേതാക്കളോ അമേരിക്കയോ നാറ്റോ നേതൃത്വമോ റഷ്യയെ പ്രകോപിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാലും, യുക്രൈന്‍ നേരത്തേ നാറ്റോയുടെ ഭാഗമായിരുന്നെങ്കില്‍ ഈ യുദ്ധം സംഭവിക്കില്ലായിരുന്നു എന്നെനിക്കുറപ്പുണ്ട്.
അധിനിവേശത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ അവസ്ഥ എന്തായിരുന്നു? വരാന്‍പോകുന്ന യുദ്ധത്തെക്കുറിച്ചുള്ള പേടി ജനങ്ങള്‍ പങ്കുവെച്ചിരുന്നോ
ആദ്യമൊക്കെ സ്ഥിതി ശാന്തമായിരുന്നു. യുക്രൈന്‍ ജനതയുടെ 60 ശതമാനവും വിശ്വസിച്ചിരുന്നത് യുദ്ധം ഉണ്ടാവില്ലെന്നായിരുന്നു. യുദ്ധത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ പതുക്കെപ്പതുക്കെ സ്ഥിതി മാറിത്തുടങ്ങി. റഷ്യയിലെ രാഷ്ട്രീയനേതാക്കളുടെ ഭാഷ ക്രിമിനലുകളുടേതായി രൂപാന്തരപ്പെട്ടു. റഷ്യന്‍സമൂഹത്തില്‍ യുക്രൈന്‍വിരുദ്ധ വികാരം വളര്‍ത്തുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, ഭൂരിഭാഗം യുക്രൈന്‍കാരും, പ്രത്യേകിച്ച് പ്രായമായവര്‍, കരുതിയിരുന്നത് റഷ്യ യുക്രൈനെ ആക്രമിക്കില്ലെന്നാണ്.
ഈ ദിവസങ്ങളില്‍ എന്തെങ്കിലും സാഹിത്യരചനകള്‍ നടത്താന്‍ താങ്കള്‍ക്ക് കഴിഞ്ഞിരുന്നോ
ഇല്ല. സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ ഞാനെന്റെ സാഹിത്യരചന മാറ്റിവെച്ചിരിക്കുകയാണ്. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് വിവിധ മാധ്യമങ്ങളിലെ ലേഖനങ്ങളിലൂടെ ഞാന്‍ പുറംലോകത്തെ അറിയിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍. യുക്രൈന്‍ പെന്‍ (ജഋച) സെന്ററിന്റെ പ്രസിഡന്റ് എന്നനിലയില്‍ ഞാനെന്റെ സഹപ്രവര്‍ത്തകരുടെ സൃഷ്ടികളുമായി സഹകരിക്കുന്നു, വിദേശജേണലിസ്റ്റുകളെ സഹായിക്കുന്നു, യുക്രൈനില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ ഓണ്‍ലൈന്‍ സംവാദങ്ങളില്‍ പങ്കെടുക്കുന്നു.
റഷ്യക്കെതിരായ ഉപരോധങ്ങള്‍ക്ക് ഊര്‍ജമാകാന്‍ യുക്രൈന്‍ സാഹിത്യത്തിന് കഴിഞ്ഞിട്ടുണ്ടോ? ഡോണ്‍ബാസ്സിലെ യുദ്ധത്തെയോ മറ്റോ കുറിച്ച് വിവരിക്കുന്ന നോവലോ കവിതയോ വന്നിട്ടുണ്ടോ
ഉണ്ട്. 2014-നുശേഷം യുക്രൈനില്‍ രണ്ടുതരം സാഹിത്യരചനകളുണ്ട്. സാധാരണ സാഹിത്യവും മിലിറ്ററി സാഹിത്യവും. ഡോണ്‍ബാസ് യുദ്ധത്തെക്കുറിച്ചുള്ള മിലിറ്ററി സാഹിത്യം കാര്യമായി എഴുതിയത് ഇവിടെ യുദ്ധത്തില്‍ പങ്കെടുത്തവര്‍ തന്നെയായിരുന്നു. ഇവ നോവലുകളും ഓര്‍മക്കുറിപ്പുകളും ഡയറിക്കുറിപ്പുകളുമാണ്. ചില രചനകള്‍ നടത്തിയത് വൊളന്റിയര്‍മാരാണ്. സൈനികര്‍ എഴുതിയ കൃതികള്‍ക്ക് വന്‍ പ്രചാരമായിരുന്നു. ഡോണ്‍ബാസ്സിലെ യുദ്ധത്തെക്കുറിച്ചു മാത്രം മുന്നൂറിലേറെ പുസ്തകങ്ങള്‍ പുറത്തിറങ്ങി. എന്നാല്‍, ക്രൈമിയ പിടിച്ചെടുക്കലിനെക്കുറിച്ച് ഒരു ഡസനില്‍ താഴെ പുസ്തകങ്ങളാണിറങ്ങിയത്. 2014 വരെ യുക്രൈനിലെ സാഹിത്യം രാഷ്ട്രീയത്തില്‍നിന്നു വേറിട്ടതായിരുന്നു. ആ സമയമെല്ലാം കഴിഞ്ഞു. ഇനിയൊരിക്കലും അതൊന്നും തിരിച്ചുവരില്ല. ഇപ്പോള്‍ യുക്രൈനിലെ സാഹിത്യത്തിന് രാഷ്ട്രീയംതന്നെയാണ് മുഖ്യപ്രമേയം.
യുദ്ധത്തിന്റെ മാലിന്യത്തില്‍നിന്നാണ് പലപ്പോഴും നായകന്മാര്‍ ജനിക്കുന്നത്. നിലവില്‍ അങ്ങനെ ആരെങ്കിലുമുണ്ടോ
യുദ്ധത്തിനുമുമ്പ് റഷ്യക്കാരുടെ ചിത്രങ്ങളും മറ്റും യുക്രൈനിലെ കൗമാരക്കാര്‍ പരസ്പരം പങ്കുവെച്ചിരുന്നു. നിലവില്‍ അവരുടെ ഫോണുകളിലൂടെ കൈമാറുന്ന ചിത്രം ഹെല്‍മെറ്റ് ധരിച്ച മുഖമില്ലാത്ത മനുഷ്യന്റേതാണ്. 'കീവിലെ പ്രേതം' എന്നാണ് ഇത് അറിയപ്പെടുന്നത്. അധിനിവേശത്തിന്റെ രണ്ടാംദിനം മുതലാണ് ഇത് പ്രചാരത്തില്‍വന്നത്. കീവിലെ ആകാശത്ത് അജ്ഞാതനായ ഒരു പൈലറ്റ് പഴയ മിഗ്-29 വിമാനവുമായി റോന്തുചുറ്റുന്നതായി പറയപ്പെടുന്നു. മാര്‍ച്ച് ഒന്നുവരെയുള്ള കണക്കുപ്രകാരം ഇയാള്‍ 10 റഷ്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടുവെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ വീഡിയോകള്‍ എന്നപേരില്‍ പ്രചരിക്കുന്നത് കംപ്യൂട്ടര്‍ ഗെയിമുകളില്‍നിന്ന് മുറിച്ചെടുത്തവയാണ്.
1991-ല്‍ സ്വാതന്ത്ര്യം നേടിയശേഷം ദേശീയതയോടു ചേര്‍ന്നുനില്‍ക്കുന്നൊരു നായകനെ കണ്ടെത്താന്‍ യുക്രൈനു കഴിഞ്ഞിട്ടില്ല. ചരിത്രത്തില്‍നിന്ന് ചിലരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമംനടത്തിയെങ്കിലും പലകാരണങ്ങളാല്‍ അതൊന്നും വിജയിച്ചില്ല. പക്ഷേ, കുറച്ചുദിവസങ്ങള്‍ക്കിടെ അത്തരം ചില നായകര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പക്ഷേ, അതില്‍ പലതും യാഥാര്‍ഥ്യംപോലുമല്ല; നേരത്തേ പറഞ്ഞ പൈലറ്റ് അടക്കം. ഈ 'ഹീറോ'കള്‍ യാഥാര്‍ഥ്യമല്ലെങ്കില്‍ അവരെ കണ്ടെത്തേണ്ടതുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ വീഡിയോകളിലൂടെ പ്രസിഡന്റ് സെലെന്‍സ്‌കിപോലും ഇപ്പോള്‍ ശ്രദ്ധനേടുന്നു. നിലവില്‍ ഞങ്ങള്‍ക്കും സര്‍വനാശത്തിനുമിടയ്ക്ക് നിലകൊള്ളുന്നത് ധൈര്യം മാത്രമാണ്. ഞാനൊരു സൈനികനല്ല. എനിക്ക് വയസ്സ് 60 കഴിഞ്ഞു. ഞാന്‍ സൈന്യത്തിലായിരുന്നപ്പോള്‍ ജയിലിലെ കാവല്‍ക്കാരനായിരുന്നു. ഇപ്പോള്‍ എന്റെ മേഖല വിവരക്കൈമാറ്റ യുദ്ധത്തിലാണ്. സ്‌കാകുനെ(യുദ്ധത്തിനിടെ മരിച്ച യുക്രൈന്‍ മറൈന്‍ എന്‍ജിനിയര്‍)പ്പോലുള്ളവര്‍ എന്നോടു പറയുന്നത് ഓടരുതെന്നാണ്. അതുപോലുള്ളവര്‍ യുദ്ധം ചെയ്യുന്നത് ഏറെ അകലെയാണെങ്കിലും എനിക്ക് അവര്‍ സുരക്ഷിതത്വബോധം തരുന്നുണ്ട്. യുക്രൈന്‍ നിലനില്‍ക്കും എന്നുതന്നെയാണ് അവരെനിക്കുതരുന്ന ഊര്‍ജം.
പരിഭാഷ: സന്തോഷ് വാസുദേവ്
Content Highlights: writer andrey kurkov talks about russian-ukraine conflict