'അന്ന് ഞാന്‍ പറഞ്ഞത് കേരളത്തില്‍ രണ്ട് വിജയന്മാര്‍ വേണ്ട, ഒരു വിജയന്‍ മതി; അത് പിണറായി വിജയന്‍'

പ്രായം ഒട്ടും തളര്‍ത്താത്ത മേധാശക്തിയും സര്‍ഗശക്തിയും. വെട്ടിത്തുറന്നുള്ള സംസാരവും അഭിപ്രായങ്ങളും. സംസാരം സ്വച്ഛന്ദ പ്രവാഹമെങ്കിലും എഴുത്തില്‍ കര്‍ശനമായ അടക്കവും ഒതുക്കവും സൗന്ദര്യവും സന്നിവേശിപ്പിക്കുന്ന കഥയുടെ ശില്പി. ഈ പ്രായത്തില്‍ അങ്ങനെ എഴുതുന്ന വേറാരുണ്ടെടോ എന്ന ചോദ്യത്തിന് ആരുമുണ്ടാവില്ല എന്നു വായനക്കാരുടെ ഉത്തരം. മലയാള കഥാസാഹിത്യത്തിലെ കുലപതി ടി. പത്മനാഭന്‍ സംസാരിക്കുകയാണ്. സാഹിത്യം, രാഷ്ട്രീയം, സംഗീതം. 96 വയസ്സുകടന്നിട്ടും എന്തൊരു ഊര്‍ജം. രണ്ടു മണിക്കൂറോളം സംസാരിച്ചിട്ടും ഇത്രയും മതിയോ എന്ന ചോദ്യം. പക്ഷാഘാതത്തോടും പ്രായത്തോടും പോകാന്‍പറ എന്ന ഭാവം. മാതൃഭൂമി കണ്ണൂര്‍ യൂണിറ്റിലേക്ക് അദ്ദേഹം സംസാരിക്കാനായി വന്നു. മാതൃഭൂമി പ്രതിനിധികളായ കെ.എ. ജോണി, ഹരിലാല്‍ രാജഗോപാല്‍, വിനോയ് മാത്യു, കെ. രാജേഷ് കുമാര്‍ എന്നിവര്‍ക്ക് അനുവദിച്ച ദീര്‍ഘസംഭാഷണത്തില്‍നിന്ന്...
2014-ല്‍ ആദ്യമായി മോദി അധികാരത്തില്‍ വരുന്നു. 2019-ല്‍ വീണ്ടും. 2024-ല്‍ മൂന്നാം വട്ടം. അപ്പോള്‍ ഇന്ത്യയൊരു ഹിന്ദുരാഷ്ട്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന വലിയൊരു വിമര്‍ശം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഗാന്ധിയും നെഹ്‌റുവും ധ്രുതഗതിയില്‍ മായ്ക്കപ്പെടുകയാണെന്നും അങ്ങ് പറയുന്നു. ഈ പ്രതിസന്ധി ഇന്ത്യന്‍ ജനാധിപത്യം അതിജീവിക്കുമോ.
തിരുവനന്തപുരം പാളയം സ്‌ക്വയറില്‍ കേരളത്തിലെ ബിജെപി അല്ലാതെ സകല കക്ഷികളും പങ്കെടുത്ത ഒരു മഹായോഗം നടന്നിരുന്നു. എന്നെയും ക്ഷണിച്ചു. നാലഞ്ച് വാചകം മാത്രമാണ് അവിടെ പറഞ്ഞത്. അത് ആവര്‍ത്തിക്കാം. ചോദ്യത്തിന് ഉത്തരം അതിലുണ്ട്. 'എന്റെ പേര് പത്മനാഭന്‍. ഞാനതില്‍ അഭിമാനിക്കുന്നു. ഇന്നത്തെ ഡെല്‍ഹി പഴയ ഇന്ദ്രപ്രസ്ഥം. ഒട്ടേറെ രാജവംശങ്ങളുടെ ഉദയവും അസ്തമയവും കണ്ട, മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഡെല്‍ഹി ഒരു ശ്മശാനഭൂമിയാണ്. ഒരു വംശമല്ല. ഒട്ടേറെ വംശം ഉദിക്കുകയം അസ്തമിക്കുകയും ചെയ്ത ശ്മശാനഭൂമി. ചിലര്‍ വളരെ വേഗം നശിക്കും. ചിലര്‍ കുറച്ചുകാലം കൊണ്ട് കെട്ടിപ്പടുക്കും. അങ്ങനെ വന്ന് മുഗളരുടെയും വെളളക്കാരുടെയും കാലം വന്നു. മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം നടന്നു. കോണ്‍ഗ്രസ് പതാകയുയര്‍ന്നു. അതും അസ്തമിച്ചു. ഇന്ന് ഡെല്‍ഹി ഭരിക്കുന്നവര്‍ ദയവായി ഒന്നോര്‍ക്കണം. ഒരു ശ്മശാന ഭൂമിയിലാണ് നിങ്ങളും നില്‍ക്കുന്നത്. പതനം ഒന്നുകില്‍ നേരത്തേ വരും. അല്ലെങ്കില്‍ ഇത്തിരി വൈകും. ആ ബോധം ഉണ്ടാകണം. നമ്മളും നമ്മുടെ വംശവും ഇവിടെ ശാശ്വതമല്ല.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങള്‍
നല്ലതുമുണ്ട്. ചീത്തയുമുണ്ട്. എല്ലാവര്‍ക്കും ഉണ്ടല്ലോ അത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളോട് പരിപൂര്‍ണമായി യോജിക്കുന്നു. അതിന് വേണ്ടത്ര പ്രാധാന്യം ദേശീയ മാധ്യമങ്ങള്‍ കൊടുത്തിട്ടില്ലെന്ന സങ്കടമുണ്ട്. ദേഷ്യമല്ല. സങ്കടം. പിന്നെ വാഴുന്നവരൊക്കെ വാഴുക എന്നതാണല്ലോ നമ്മുടെ തത്വം. വാഴുന്നവരൊക്കെ വാഴട്ടെ.
മഹാത്മാഗാന്ധിയെയും നെഹ്‌റുവിനെയും മെല്ലെ മായ്ച്ചുകളയുകയാണോ.
ഞാന്‍ അതിനോട് യോജിക്കുന്നില്ല. നിങ്ങള്‍ പറയുന്നു മെല്ലെ മായ്ച്ചുകളയുന്നുവെന്ന്. അത് ശരിയല്ല. ധ്രുതഗതിയിലാണത് നടക്കുന്നത്. ഹിറ്റ്‌ലര്‍ ഏത് രാജ്യവും കീഴടക്കുമ്പോള്‍ ആദ്യം ചെയ്തത് അവിടുത്തെ പ്രധാന ലൈബ്രറികള്‍ കത്തിക്കലായിരുന്നു. അതാണ് ഇന്ന് ഈ ഇന്ത്യയില്‍ നടക്കുന്നത്.
അധികാരവുമായി നേര്‍ക്കുനേര്‍ വരുമ്പോള്‍ ബുദ്ധിജീവികള്‍ പൊതുവേ നിശ്ശബ്ദത പാലിക്കുകയാണെന്ന നിരീക്ഷണത്തില്‍ എന്ത് പറയാനുണ്ട്.
നിങ്ങള്‍ ചോദ്യത്തിനൊപ്പം തക്കത്തിന് പാത്തിരിക്കുന്നവരുടെയും ലാഭം കിട്ടുന്ന കച്ചവടം മാത്രം ചെയ്യുന്നവരുടെയും പേര് പറയാത്തതെന്ത്. ബുദ്ധിജീവി എന്ന പ്രയോഗം തന്നെ ശരിയാണോ? ഇവര്‍ക്കൊക്കെ ബുദ്ധിയുണ്ടോ? മുകുന്ദന്‍ മൗനം പാലിക്കുന്നില്ലല്ലോ? ഭരിക്കുന്ന സര്‍ക്കാറിന് ഒപ്പം നില്‍ക്കലായിരിക്കണം നമ്മുടെ കടമ എന്നല്ലേ അദ്ദേഹം പറഞ്ഞത്?
നമുക്കൊരു സുകുമാര്‍ അഴീക്കോടില്ല, എം.എന്‍.വിജയന്‍ ഇല്ല എന്ന അഭിപ്രായത്തോട്
ഈ രണ്ടാളോടും യോജിക്കാത്തൊരുത്തനാണ് ഞാന്‍.
സുകുമാര്‍ അഴീക്കോട് പൊതുസമൂഹത്തിന്റെ മനസാക്ഷി പോലെ സംസാരിച്ചിട്ടുണ്ടെന്നാണല്ലോ നിരീക്ഷണം.
എല്ലാവരും അങ്ങനെയാണ് പറയുന്നത്. പക്ഷേ, എന്റെ നാട്ടുകാരനാണ്. ചെറുപ്പത്തിലേ അറിയുന്നതാണ്. എല്ലാവര്‍ക്കും പ്ലസ് പോയിന്റ്‌സും മൈനസ് പോയിന്റസുമുണ്ടാകും. എനിക്കുമുണ്ട്. വിഷയം സുകുവായത് കൊണ്ട്. സുകുവെന്ന് വിളിക്കുന്നത് ഇഷ്ടമല്ല. എന്നെക്കാള്‍ വയസ് മൂക്കും. എന്നാലും ഞാന്‍ ഉറക്കെ വിളിക്കും. ക്ഷോഭിക്കും. സുകുമാരാ എന്നും വിളിക്കും. സുകുമാര്‍ അഴീക്കോട് എന്നാണ് ഇനിമേല്‍ ഞാന്‍ അറിയപ്പെടുകയെന്ന് അദ്ദേഹം ഗസറ്റില്‍ പബ്ലിഷ് ചെയ്തതാണ്. മരിക്കുന്നത് വരെ ജാതിമത വിവേചനം സുകുവിനുണ്ടായിട്ടില്ല. പിന്നെ, ബാക്കി പറയുന്നതില്‍ പേടിയല്ല.
ചെറുപ്പത്തില്‍ ഒരു ലാറ്റിന്‍ ചൊല്ല് പഠിച്ചിരുന്നു. നില്‍ ലിസ്സി ബോണം. മരിച്ചവരെ കുറിച്ച് നല്ലത് മാത്രം പറയുക എന്നതാണ്. സുകുവിനെ കുറിച്ച് ഒരുപടി വിപരീതാഭിപ്രായം പറയാനുണ്ട്. അത് മുഴുവന്‍ സത്യവുമാണ്. കാരണം ഞാന്‍ അനുഭവസ്ഥനാണ്. സാക്ഷിയുള്ള ഒരു ഉദാഹരണം പറയാം. ഒരിക്കല്‍ ഞാനും എന്റെ വളരെ അടുത്ത സുഹൃത്തും കണ്ണൂരുകാരനുമായ സുനിലും മൂത്ത സഖാവാണ്. ഞാന്‍ 1943 മുതല്‍ ഖാദി ധരിക്കുന്നയാളാണ്. സുനില്‍ അടിവസ്ത്രം കൂടി ഖദറാണ്. സി.കണ്ണന്റെ ശിഷ്യന്‍. ഇപ്പോള്‍ പിണറായിയുടെ പേഴ്‌സണല്‍ സ്റ്റാഫാണ്. ഞാന്‍ രാമചന്ദ്രന് മുന്‍പേ എവിടെ പോകുമ്പോഴും സുനിയെയാണ് കൂട്ടുക. അന്ന് സുനി കണ്ണൂര്‍ പാര്‍ട്ടി ഓഫീസിലായിരുന്നു. അന്ന് പിണറായി ഒരു ഉത്തരവ് കൊടുത്തിരുന്നു. പപ്പേട്ടന്‍ എവിടെ പോകുമ്പോഴും സുനിയെ വിട്ടുകൊടുക്കാന്‍. കൊല്ലത്ത് ഒരു യോഗത്തില്‍ സുനിയുമുണ്ട്. കൊല്ലത്തെ പ്രശസ്തനായ പത്രക്കാരന്‍ കാണാന്‍ താന്‍ താമസിക്കുന്ന ഹോട്ടലില്‍ വന്നു. സുകു ദേശാഭിമാനിയില്‍ കോളം എഴുതുന്ന കാലമായിരുന്നു അത്. ആവേശം മൂത്ത് അതിരുവിട്ട് ചിലപ്പോള്‍ പോകും. അങ്ങനൊെരു നിമിഷത്തില്‍ ഭരണകക്ഷിയെ അതികഠിനമായി വിമര്‍ശിച്ചു. അടുത്ത കോളം ദേശാഭിമാനി സ്വീകരിച്ചില്ല. സുകുവിനാണെങ്കില്‍ അത് പ്രസിദ്ധീകരിക്കണം. ഉടനെ സുകു ഹോട്ടലില്‍ തന്നെ കാണാന്‍ വന്ന പത്രക്കാരനെ ബന്ധപ്പെട്ടു. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ഞാന്‍ അങ്ങനെ എഴുതിയിട്ടില്ല. തത്പര കക്ഷികള്‍ ഞങ്ങളെ തമ്മില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ചെയ്ത പണിയാണ് എന്ന് ദേശാഭിമാനിയില്‍ എഴുതിപ്പിച്ചു. വഴി തുറന്നു. അടുത്ത ആഴ്ച മുതല്‍ ദേശാഭിമാനിയില്‍ കോളം വരാന്‍ തുടങ്ങി. തീര്‍ന്നില്ല. കൊല്ലത്തെ ലേഖകന്‍ സുകുവിനെക്കുറിച്ച് ലേഖനം തയ്യാറാക്കി. അത് സുകുവിനെ കാണിച്ചു. സുകു അത് വായിച്ച് പുളകിത ചിത്തനായി. അതിന് ശേഷം അതിന്റെ അടിഭാഗത്ത് കുറിച്ചു. എന്റെ ജീവിതത്തില്‍ ഇത്രയും സത്യസന്ധമായി ഒരാള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യത്തെ അനുഭവമാണ്. കീപ്പ് ഇറ്റ് അപ്പ് യങ്മാന്‍ എന്ന് ആവേശത്തോടെ കുറിച്ചു വെച്ചു. ഇവനല്ലേ ദേശാഭിമാനിയില്‍ ഇങ്ങനെയൊക്കെ എഴുതിവെച്ചതെന്ന് ചങ്ങാതി പറഞ്ഞു. കൂടുതല്‍ പറയണോ.
എം.എന്‍.വിജയനുമായി ഒരു ബന്ധവുമില്ല. ഞാന്‍ കേരളത്തിലെ ഒരു കോളേജിലും പഠിച്ചിട്ടില്ല. ഏഴുകൊല്ലം പുറത്ത് പഠിച്ചിന്. നാലുകൊല്ലം മംഗലാപുരത്തും മൂന്ന് കൊല്ലം മദ്രാസിലും. എനിക്കെന്തെങ്കിലും യോഗ്യതയുണ്ടെങ്കില്‍ ഈ നശിച്ച നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചിട്ടില്ല എന്നതാണ്. എന്റെ ജ്യേഷ്ഠന്‍ സെക്കന്റ് ഫോമില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ മരിച്ചത്. എനിക്ക് അച്ഛനെ കണ്ട ഓര്‍മയില്ല. ഏട്ടന്‍ സ്വപ്രയത്‌നം കൊണ്ടാണ് പിന്നീട് കുടുംബത്തെ മുന്നോട്ട് കൊണ്ടുപോയത്. ഏട്ടന്‍ പറഞ്ഞ ഒരു വാചകമുണ്ട്. അത് എനിന്ന് മരിക്കും വരെ മറക്കാനാകില്ല. ഈ കോളേജ് വിദ്യാഭ്യാസം എന്ന് പറഞ്ഞാല്‍ ഒരു ഡിഗ്രിയൊന്നുമല്ല. നീ ബ്രണ്ണന്‍ കോളേജില്‍ പഠിക്കണ്ട. അത് ഒരു ചെറിയ ഹൈസ്‌കൂളില്‍ നിന്ന് വലിയ ഹൈസ്‌കൂളിലേക്ക് പോകും പോലെയാണ്. ഈ ബാഹ്യലോകം നീ കാണുന്നില്ല. കൂപമണ്ഡൂകമായാണ് നീ കഴിയുന്നത്. പഠിക്കുന്നുണ്ടെങ്കില്‍ കേരളത്തിന് പുറത്ത് പഠിക്കണം. സെക്കന്റ് ഫോം മാത്രം വിദ്യാഭ്യാസമുള്ള ജ്യേഷ്ഠന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇക്കാര്യം പറഞ്ഞെതെന്നോര്‍ക്കണം. എന്റെ ചുറ്റുവട്ടത്തെങ്ങും ബ്രണ്ണന്‍ കോളേജില്ല. കുടുസ്സ്. കുടുസ്സാണത്.
മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച്, പ്രിയപ്പെട്ട സുഹൃത്തുമാണ് അദ്ദേഹം.
കുറേ പറയേണ്ടി വരും. ചുരുക്കാനറിയില്ല. കെ.പി.രാഘവ പൊതുവാള്‍ എന്ന പേരില്‍ ഒരു പഴയ മാര്‍ക്‌സിസ്റ്റ് നേതാവും വലിയ ക്രിമിനല്‍ വക്കീലും പയ്യന്നൂരില്‍ ഉണ്ടായിരുന്നു. നല്ല വക്കീലാണ്. ഞാന്‍ മദ്രാസ് ചട്ടക്കകല്ലൂരി(ലോ കോളേജ്) യില്‍ പഠിക്കുമ്പോള്‍ എന്റെ സീനിയറായിരുന്നു പൊതുവാള്‍. ഞാന്‍ അന്ന് മൂത്ത കോണ്‍ഗ്രസുകാരനാണ്. ഇന്നുമാണ്. പറയാന്‍ ഒരു മടിയുമില്ല. ആരെങ്കിലും ചോദിക്കും ഇപ്പോള്‍ മെമ്പര്‍ഷിപ്പ് ഉണ്ടോന്ന്. ഞാന്‍ പറഞ്ഞു, എം.കെ.ഗാന്ധിക്ക് മെമ്പര്‍ഷിപ്പുണ്ടോന്ന്. അത് പണ്ടേ പോയില്ലേ? എനക്കും പോയില്ലേ. പുതുക്കിയില്ല. പക്ഷേ കോണ്‍ഗ്രസാണ്. കേരളത്തിലെ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അംബാസിഡറെ പോലെയായിരുന്നു രാഘവപ്പൊതുവാള്‍ അവിടെ ഉണ്ടായിരുന്നത്. കേരളത്തില്‍ ചെറിയ വെളളപ്പൊക്കം പോലെ എന്തുണ്ടായാലും അദ്ദേഹം ദുരിതാശ്വാസനിധി സ്വരൂപിക്കാന്‍ മുന്നിട്ടിറങ്ങുമായിരുന്നു. അതുകൊണ്ട് ദുരിതപ്പൊതുവാള്‍ എന്നാണ് നമ്മള്‍ വിളിച്ചിരുന്നത്. പക്ഷേ, ഒരാളുപോലും അദ്ദേഹം സംഭാവന ചോദിച്ചാല്‍ കൊടുക്കാതിരിക്കുമായിരുന്നില്ല. കാരണം അദ്ദേഹം അങ്ങേയറ്റം സത്യസന്ധനായിരുന്നു. മനുഷ്യനുണ്ടായിരിക്കേണ്ട വലിയൊരു ഗുണമാണത്. അഭിപ്രായവ്യത്യാസങ്ങളുടെ പേരില്‍ അടികൂടുമായിരുന്നെങ്കിലും ദുരിതപ്പൊതുവാളിനോട് ഉള്ളാലെ വലിയ സ്നേഹവും ബഹുമാനവുമായിരുന്നു. അദ്ദേഹം വക്കീലായി 50 കൊല്ലം തികയുന്നത് ഗംഭീരമായി ആഘോഷിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. ദുരിതപ്പൊതുവാള്‍ അതിനൊരു നിബന്ധന വെച്ചു. ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് പത്മനാഭനായിരിക്കണം എന്നതായിരുന്നു അത്. ഞാന്‍ അറിയപ്പെടുന്ന സഖാവ് വിരുദ്ധന്‍. അദ്ദേഹം അറിയപ്പെടുന്ന സഖാവ്. പഴയ കോളേജ് ജീവിതം എല്ലാം വേദിയില്‍ പറഞ്ഞു. അന്ന് എം.എന്‍.വിജയനും പിണറായി വിജയനും എന്തോ കാര്യത്തില്‍ തെറ്റിയിരിക്കുകയായിരുന്നു. ഒരേ കാലത്ത് ദേശാഭിമാനിയുടെ എഡിറ്റര്‍. അതേകാലത്ത് ദേശാഭിമാനിക്കും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുമെതിരായി കൊല്ലത്തുനിന്ന് മറ്റൊരു വീക്കിലി. അതിന്റെ ആളും ഇയാളാണ്. അതില്‍ ശത്രു. ഇതില്‍ സംരക്ഷകന്‍. ദ്വന്ദമാന ഭൗതികവാദം. രക്ഷയില്ല. ഒടുവില്‍ പുറത്താക്കാനുമാകുന്നില്ല. അംഗമല്ലാത്തൊരാളെ പുറത്താക്കാനാകില്ലല്ലോ? ദുരിതപ്പൊതുവാളിന്റെ ചടങ്ങിലെ പ്രസംഗം അവസാനിപ്പിച്ചത് ഈ വിഷയം പറഞ്ഞുകൊണ്ടായിരുന്നു. വലിയ സദസ്. എല്ലാം സഖാക്കള്‍. കേരളത്തില്‍ രണ്ട് വിജയന്മാര്‍ വേണ്ട. ഒരു വിജയന്‍ മതി. അത് പിണറായി വിജയന്‍. അന്ന് ഞാന്‍ പിണറായി വിജയനെ കണ്ടിട്ടില്ല. സംസാരിച്ചിട്ടില്ല. ഒരു പരിചയവുമില്ല. പിറ്റേന്ന് മാധ്യമങ്ങളില്‍ ആറു കോളം തലക്കെട്ടായിരുന്നു അത്.
ചിക്കുന്‍ ഗുനിയ ആദ്യം കേരളത്തില്‍ വന്നപ്പോള്‍ എന്നെയും സന്ദര്‍ശിച്ചിരുന്നു. ഒരു ബഹുമാനം വേണം. വീട്ടീല്‍ നിന്നേ ആംബുലന്‍സില്‍ കൊണ്ടുപോയത് പരിയാരത്തേക്കാണ്. അന്ന് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നില്ല. അവിടെ പിണറായിയും ഭാര്യയും വന്ന് മുക്കാല്‍ മണിക്കൂര്‍ എന്റെ കിടക്കയിലിരുന്ന് സംസാരിച്ചു. അന്നാണ് കണ്ടതും സംസാരിച്ചതും. പിന്നീട് ആ ബന്ധം എന്റെ ആരോഗ്യത്തില്‍ അദ്ദേഹം പലതും ചെയ്തിട്ടുണ്ട്. പക്ഷാഘാതം വന്നപ്പോള്‍ അദ്ദേഹമാണ് ആദ്യം വിളിച്ചത്. രാമചന്ദ്രന്‍ സുനിയെ വിളിച്ചു. പിണറായി ഇടപെട്ടു. ഞായറാഴ്ചയായിട്ടും ആസ്പത്രിയില്‍ ന്യൂറോളജിസ്റ്റ് എത്തി. എന്റെ ആരോഗ്യത്തില്‍ വളരെ . ഞാന്‍ കമ്യൂണിസ്റ്റുകാരനല്ല, വിരുദ്ധനാണ് എന്നറിഞ്ഞു തന്നെ ഞാന്‍ അദ്ദേഹത്തിന്റെ പരിരക്ഷയോ സ്‌നേഹമോ കിട്ടാനായി യാതൊന്നും പറഞ്ഞിട്ടുമില്ല. ചെയ്തിട്ടുമില്ല. ചെയ്യുകയുമില്ല. അദ്ദേഹം എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നുമില്ല.
വേറെ രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം.
എനിക്ക് എല്ലാവരുമായി ബന്ധമുണ്ട്. ആര്‍എസ്എസിലടക്കം. പരമേശ്വര്‍ജിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും രോമമൊന്നുമില്ലെങ്കിലും രോമാഞ്ചമുണ്ടാകും. അദ്ദേഹത്തിന്റെ മകനോ ചെറിയ അനുജനോ എന്ന പോലെ അത്ര ഗാഡമായ ബന്ധമായിരുന്നു. പിണറായി അദ്ദേഹം മരിച്ചപ്പോള്‍ എഴുതിയത് എന്തെന്നറിയോ? ഋഷി തുല്യന്‍ എന്നായിരുന്നു. അത് അദ്ദേഹം അര്‍ഹിക്കുന്നുണ്ട്.
വയറു നിറഞ്ഞു. നമുക്ക് വീടുണ്ട്. അപ്പോള്‍ മതം ജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്നുവോ.
എനിക്ക് മക്കളില്ല. ഭാര്യ ഏറ്റവും പ്രശ്തമായ തറവാട്ടില്‍ ജനിച്ചു വളര്‍ന്നവളാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് സര്‍വവും നശിപ്പിച്ചവരുള്ള കുടുംബവുമാണത്. കല്യാണത്തിന് താത്കാലിക പന്തലായിരുന്നില്ല. സ്ഥിരം പന്തലാണ് നിര്‍മിച്ചിരുന്നത്. രണ്ട് കാര്‍ നിര്‍ത്തിയിടാനുള്ള ഷെഡായിരുന്നു അവിടെ. ഏക്കറുകണക്കിനുള്ള പറമ്പില്‍ പലയിടത്തായി കിണറും കുളിപ്പുരയുമുണ്ടായിരുന്നു അവിടെ. രണ്ട് ഷെഡില്‍ രണ്ട് കാറുണ്ടായിരുന്നെങ്കിലും ഇത്രയേറെ കിണറും കുളിപ്പുരയും എന്തിനെന്ന് എനിക്ക് മനസിലായില്ല. അന്ന് നമ്മള്‍ നിര്‍ബന്ധിച്ചാലും കീഴ്ജാതിക്കാര്‍ നമുക്കരികിലേക്ക് വരില്ല. കല്യാണം, ചാവടിയന്തിരം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ അവര്‍ വുമ്പോള്‍ കുളിക്കാനായിരുന്നു അതെന്ന് മനസിലായി. ഇതൊക്കെയായാലും ഭാര്യയ്ക്ക് ഉള്ളിന്റെയുള്ളില്‍ ഞാന്‍ നായരാണെന്ന ഓര്‍മയുണ്ടായിരുന്നു. എന്റെ മരുമക്കള്‍ ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. അവരെല്ലാം വിശേത്താണ്. വയനാട്ടിലെ തിരുനെല്ലിയിലാണ് അവളുടെ ശേഷക്രിയ ചെയ്തത്. അവളുടെ ഇഷ്ടത്തിനും മരുമക്കളുടെ ഇഷ്ടത്തിനും എന്റെ ഇഷ്ടത്തിനും ഏറ്റവും താഴ്ന്ന ജാതിയില്‍ പെട്ട രാമചന്ദ്രനാണ് മകന്റെ സ്ഥാനത്ത് നിന്ന് ശേഷക്രിയ ചെയ്തത്. ആ ചിതാഭസ്മം ഒഴുക്കിയതും ഇവനാണ്. തീര്‍ന്നില്ല. ഞാന്‍ പറഞ്ഞു. എന്റെ ചിതാഭസ്മം തിരുനാവായയില്‍ ഒഴുക്കിയാല്‍ മതിയെന്ന്. കാരണം, ഭാര്യയുമായി ഇടയ്ക്കിടയ്‌ക്ക് ചില അടിയും പിടിയും ഒക്കെ ഉണ്ടാകില്ലേ? ചത്തതിനുശേഷവും തിരുനെല്ലിയില്‍ അത് ആവര്‍ത്തിക്കണ്ട. ഞാന്‍ വേറെ തന്നെ പോവാം. എന്റെ മൂത്ത ജ്യേഷ്ഠത്തിയുടെ ചിതാഭസ്മം തിരുനാവായയിലാണ് ഒഴുക്കിയത്. അവിടെ പോയി നോക്കി. ഇവനാണ് അവിടെയും ചെയ്യുക. ആയിട്ടില്ല. ജാതിയാണത്. ഇനി മതവും വേണ്ടേ. അതിന്റെ മുഴുവന്‍ കര്‍മത്തിന്റെയും നേതൃത്വം 45 വര്‍ഷമായി തന്റെ ആത്മസുഹൃത്തായ ഒരു മുസ്‌ലിമാണ് ചെയ്യുക. തൃശ്ശൂര്‍ 'കില'യിലെ യോഗത്തില്‍ വെച്ച് താനിത് പറഞ്ഞപ്പോള്‍ സഖാക്കളും മന്ത്രിമാരും സാക്ഷിയായിരുന്നു. പ്രസംഗം കഴിഞ്ഞപ്പോള്‍ മുന്‍മന്ത്രിയും ഇപ്പോള്‍ എംപിയുമായി കെ.രാധാകൃഷ്ണന്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചത് മറക്കാനാകില്ല. പണ്ട് ചെറിയ കുട്ടികള്‍ പേരിനൊപ്പം നായര്‍ എന്നും നമ്പൂതിരിയെന്നും വെക്കാറില്ല. എന്നാല്‍, എംഎല്‍എയും എംപിയും മന്ത്രിയുമൊക്കെയായുള്ള വനിതാ വിപ്ലവകാരിയുടെ കൊച്ചുമകളുടെ പേരിടല്‍ ചടങ്ങില്‍ ജാതി ചേര്‍ത്തു. ഞാന്‍ മുതല്‍ എന്റെ തറവാട്ടില്‍ ഒരാളും നായര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കാറില്ല.
ഈ ഡൊണാള്‍ഡ് ട്രംപ് ലോകത്തെ നശിപ്പിച്ചുകളയുമോ
അമേരിക്കയില്‍ കഴിയുന്ന ഒരു മരുമകന്‍ പറഞ്ഞത് മഹാന്മാരായ അമേരിക്കല്‍ പ്രസിഡന്റുമാരുണ്ടായിട്ടുണ്ട്. ജോണ്‍ എഫ്.കെന്നഡി മുതലുള്ള മഹാന്മാര്‍ പറയുന്നത് മുഴുവന്‍ എന്നും നിലനില്‍ക്കുന്ന മഹത്തായ വാചകങ്ങളാണ്. ഇപ്പോഴത്തെ പ്രസിഡന്റിന് ആകെ ഇരുപത് വാക്കേ അറിയു. അത് മുഴുവന്‍ തെറിയുമാണ്. കൂടുതല്‍ വേണ്ടല്ലോ. ഭ്രാന്തുണ്ടോയെന്നും സംശയമുണ്ട്.
സര്‍വാധികാരികളായി മാറുന്ന നേതാക്കള്‍ അത്മരതിയില്‍ മുഴുകുന്ന രീതിയാണ്. ഇതേ സ്വഭാവം സാഹിത്യത്തെയും കലകളേയെും ബാധിച്ചിട്ടുണ്ടോ
താങ്കള്‍ വളരെ അപകടം പിടിച്ച മേഖലയിലൂടെയാണ് യാത്ര ചെയ്യുന്നത്. ഞാന്‍ തിരിച്ച് ചോദിക്കും. അതില്‍ ടി.പത്മനാഭന്‍ പെട്ടിട്ടുണ്ടോ? ചോദ്യമതാണ്. എനിക്കതിന്റെ ആവശ്യമില്ല. തകഴി പണ്ട് പറഞ്ഞിട്ടുണ്ട്. നീയാണെടാ ഇതില്‍ ഒന്നാമന്‍ എന്ന്. മഹാത്മാഗാന്ധി സര്‍വകലാശാല ഡി.ലിറ്റ് തന്നിട്ടുണ്ട്. അത് സ്വീകരിച്ചുകൊണ്ട് പ്രഭാഷണം നടത്തണം. ജസ്റ്റിസ് സദാശിവം ആയിരുന്നു ചാന്‍സിലര്‍. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയ കര്‍ഷക കുടുംബത്തില്‍ നിന്നുള്ളയാളാണ് അദ്ദേഹം. ബിജെപിക്കാരനുമായിരുന്നില്ല. അദ്ദേഹത്തിന് നിയമം കഴിഞ്ഞാല്‍ അറിയാവുന്നത് കൃഷിയാണ്. ഗവര്‍ണര്‍ കസേരയില്‍ നിന്നിറങ്ങി പിറ്റേന്ന് കൃഷിക്കാരനായാളാണ്. മോദി സര്‍ക്കാര്‍ കരഞ്ഞ് കാലുപിടിച്ചാണ് അദ്ദേഹം ഗവര്‍ണര്‍ ആയത്. അതിന്റെ അന്തസ് അദ്ദേഹത്തിനുണ്ടായിരുന്നു. ഓര്‍മശക്തി അപാരമായിരുന്നു. പ്രഭാഷണം മുന്‍കൂട്ടി എഴുതണം. അതില്‍ ജീവിതത്തെ സ്വാധീനിച്ച രണ്ടാളുടെ പേരാണ് എഴുതിയത്. ഒന്ന് ഡിസി കിഴക്കേമുറിയുടെതും മറ്റേത് മലയാള മനോരമയുടെ കെ.എം.മാത്യുവിന്റെതും.
തകഴിയുമായുളള ബന്ധം.
തകഴി ഒരു ചാരുകസേരയിലായിരുന്നു. പാതി കിടന്നും ഇരുന്നുമായിരുന്നു സംസാരം. അദ്ദേഹത്തെക്കുറിച്ച് എം.ടി.വാസുദേവന്‍ നായര്‍ ഒരു ഡോക്യുമെന്ററി എടുത്തിരുന്നു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വളരെ നല്ല സൃഷ്ടിയായിരുന്നു അത്. ഞാന്‍ പല തവണ കണ്ടിരുന്നു അത്. അവര്‍ തമ്മില്‍ നല്ല പരിചയത്തിലായിരുന്നു. ഞാന്‍ തീര്‍ത്തും അപരിചിതന്‍. ഇരുപത് പുസ്തകങ്ങളുടെ പുനപ്രകാശമായിരുന്നു ചടങ്ങ്. വേദിയില്‍ എം.ടി., എം.വി.ദേവന്‍, മാധവിക്കുട്ടി തുടങ്ങി പ്രശസ്തരെല്ലാവരുമുണ്ട്. സദസിലും അതുപോലെ തന്നെ. ഡോക്യുമെന്ററിയെക്കുറിച്ച് എം.ടി.ഒരു മണിക്കൂര്‍ സംസാരിച്ചു. അതിനിടയില്‍ തകഴി എന്നെ നോക്കി പറഞ്ഞു നീയാണെടാ ഇതില്‍ ഒന്നാമന്‍. നീയാണ്. പെട്ടെന്ന് ഞാന്‍ അറിയാതെ പൊട്ടിച്ചിരിച്ചുപോയി. ഒരു സന്തോഷം കൊണ്ട് ചിരിച്ചതാണ്. അപ്പോള്‍ തകഴി വീണ്ടും നീ ചിരിക്കുകയൊന്നും വേണ്ട. അനന്തരവന്റെ ഔന്നത്യം കണ്ടിട്ട് കാര്‍ന്നോരുടെ സന്തോഷം മാത്രമാണ്. പിറ്റേന്ന് പത്രങ്ങളില്‍ വലിയ തലക്കെട്ടായിരുന്നു അത്.
മദ്യപിക്കാതിരിക്കാന്‍ കാരണം എന്തെങ്കിലും.
മദ്യത്തിന്റെ രുചി നാവില്‍ തൊട്ടുനോക്കിയറിഞ്ഞിട്ടുണ്ട്. അതിലും നല്ലത് നല്ല മാമ്പഴസത്ത് വാങ്ങിക്കുടിക്കുന്നതാണ് നല്ലത്.
പുകവലി
പുകവലിച്ച് ചുമച്ച് നാനാവിധമായതോടെ നിര്‍ത്തി.
ഗൗരിയുമായുള്ള പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. 'മരയ'യിലെ കന്യാസ്ത്രീയോട് പ്രണയം തോന്നിയിട്ടുണ്ടോ.
ലോകത്തില്‍ എന്തൊക്കെ നല്ല പേരുണ്ട്. ഇവളുടെ പേര് മരയ. ദി ഹൈവേ മാന്‍ കേം. റൈഡിങ്, റൈഡിങ്, റൈഡിങ്. എനിക്കുവേണ്ടി നിലാവില്‍ കാത്തിരിക്കൂ. ഞാന്‍ നിലാവില്‍ കുളിച്ച് വരും. നരകം തന്നെ വന്ന് എന്റെ വഴിമുടക്കിയാലും ഞാന്‍ വരും. എല്ലാം അതിലുണ്ട്. എനിക്ക് സ്വകാര്യമായ കാര്യങ്ങളാണ് അത്.
സംഗീതവുമായുള്ള ബന്ധം കഥകളിലും. മദ്രാസ് ജീവിതമാണോ അതിന് വഴിവെച്ചത്.
മദ്രാസ് ജീവിതമാണ് സംഗീതവുമായുള്ള ഇഷ്ടം കൂട്ടിയത്. സ്വാമി ശെമ്മാങ്കുടി അവസാനകാലത്ത് ഒരു ഒന്‍പത് കൊല്ലത്തോളം പാടിയില്ല. ഒരിക്കല്‍ മൈലാപ്പൂര്‍ കബാലീശ്വരന്‍ ക്ഷേത്രത്തില്‍ പാടി. നല്ലിച്ചെട്ടിയാണ് സഭയുടെ രക്ഷാധികാരി. ഖരഹര പ്രിയ രാഗത്തില്‍ പാടി കുറച്ച് കഴിഞ്ഞമ്പോള്‍ അദ്ദേഹം തമിഴില്‍ പറഞ്ഞു മറന്നുപോയി എന്ന്. എന്നിട്ട് ഒരു ചിരിയും ചിരിച്ചു. കുഞ്ഞിക്കണ്ണനൊപ്പം അതിന് സാക്ഷ്യം വഹിച്ചു. പരിശുദ്ധമായ പശുവിന്‍ നെയ്യില്‍ ഉണ്ടാക്കിയ സ്വാദിഷ്ടമായ പലഹാരങ്ങളുടെ വലിയ പാത്രം നല്ലിച്ചെട്ടി തന്നെ സംഗീതവിരുന്നിനെത്തിയ ഓരോ ആള്‍ക്കും അന്ന് കൈമാറുമായിരുന്നു. എനിക്കും കിട്ടി. മദ്രാസ് ജീവിതവും കുഞ്ഞിക്കണ്ണന്റെ സാമീപ്യവുമാണ് സംഗീതത്തോടുളള അടുപ്പത്തിന് കാരണമായത്.
എഴുത്തില്‍ രാഷ്ട്രീയം കൊണ്ടുവരുന്നതിനെ കുറിച്ച്.
എഴുത്തില്‍ രാഷ്ട്രീയം കൊണ്ടുവരാം. പക്ഷേ, കൊണ്ടുവരാന്‍ അറിയുന്നവന്‍ ചെയ്യണം. കുറേ മുദ്രാവാക്യം വിളിച്ചതുകൊണ്ടായില്ല. ഒരു കുറിപ്പുമില്ലാതെ ഒരു മണിക്കൂര്‍ നിന്ന് പ്രസംഗിക്കാന്‍ തനിക്ക് ഈ പക്ഷാഘാതം വരുന്നത് വരെ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. പ്രസംഗത്തില്‍ തര്‍ക്കം വരും എതിര്‍പ്പ് വരും എന്ന് അറിയുമ്പോള്‍ തന്നെ അത് മുഴുവന്‍ എഴുതി വായിക്കും. എനിക്കൊരു വാക്കേയുള്ളൂ. ഒരച്ഛനേയുള്ളൂ. ഇവിടെ സാഹിത്യകാരന്മാരായാലും രാഷ്ട്രീയക്കാരായാലും എതിര്‍പ്പുവന്നാല്‍ പറയും എന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്ന്. അങ്ങനെ പറയാന്‍ എന്നെക്കിട്ടില്ല. വക്കീലുമായതിനാല്‍ രേഖയാണ് അടിസ്ഥാനമാക്കുന്നത്. അതിനാലാണ് മുന്‍കൂട്ടി സദസില്‍ വിതരണം ചെയ്ത പ്രസംഗം വായിക്കുന്നത്.
മലയാള സാഹിത്യത്തിന്റെ ഭാവി
മലയാളം വിടൂ. അത് ചെറിയ ലോകം. ഇംഗ്ലീഷ് എടുക്കൂ. അത് വലിയ ലോകമാണ്. ഇംഗ്ലീഷ് സാഹിത്യം മഹത്തരമാണ്. അതിന് നല്ലകാലത്തിന്റെ പ്രവാഹം ഉണ്ടായിരുന്നു. പിന്നെ മെലിഞ്ഞു. അത് ചരിത്രമാണ്. മാറിക്കൊണ്ടിരിക്കും. പക്ഷേ, ഇംഗ്ലീഷ് ഭാഷയുള്ള കാലത്തോളം ഷേക്‌സ്പിയര്‍ ജീവിക്കും. പത്മനാഭനെ വായിക്കുന്നവര്‍ പുതിയ തലമുറയില്‍ ഉണ്ട്. നിങ്ങള്‍ ഒരു ചുക്കും എഴുതിയിട്ടില്ലെന്ന് പറയുന്നവരും ഉണ്ട്.
ഡോ. ഹാരിസ് ചിറക്കലിന്റെ പേരാട്ടത്തെ എങ്ങിനെ കാണുന്നു
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറയ്ക്കല്‍ കുറച്ചുകൂടി ഉഷാറില്‍ നിന്ന് പോരാടണമായിരുന്നു. ഡോക്ടര്‍ അങ്ങേയറ്റം സത്യസന്ധനാണ്. പക്ഷേ പോരാട്ടം നനഞ്ഞ തുണി പോലെയാകരുത്. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് അദ്ദേഹം പറയുന്നത്. അതിന് ഒരിത്തിരി ഉഷാറുകൂടി കാണിക്കണം. രാജ്യത്തെ സിസ്റ്റം മുഴുവന്‍ തനിക്ക് എതിരായി നിന്നിട്ടുണ്ട്. അതിനെതിരെ താന്‍ നിര്‍ഭയം നിലകൊണ്ടിട്ടുണ്ട്. പോയാല്‍ പോട്ടെടാ. ഒന്നുകില്‍ ഭ്രാന്തനാകണം. അല്ലെങ്കില്‍ രാജിവെക്കണം. അവസാനം വരെ പോരാടണമെന്നും പത്മനാഭന്‍ അഭിപ്രായപ്പെട്ടു. ഹാരിസ് ചിറക്കല്‍ അദ്ദേഹം പറയുന്ന ഓരോന്നും എന്റെ ജീവിതവുമായാണ് താന്‍ താരതമ്യം ചെയ്യുന്നത്. ഇതിലും വലിയ ദുഃഖത്തിലൂടെ കടല്‍ നീന്തി വന്നവനാണ് ഞാന്‍. രാജ്യത്തെ ഏറ്റവും വലിയ രാസവളക്കമ്പനിക്കെതിരായി പറവൂര്‍ മുന്‍സിഫ് കോടതി മുതല്‍ സുപ്രീം കോടതി വരെ കേസ് നടത്തിയവനാണ് താന്‍. വരുന്നത് വരട്ടേയെന്ന് കണക്കാക്കി കേരളാ ഹൈക്കോടതിയില്‍ റിട്ട് നല്‍കി. ഒരുപടി അനീതിക്ക് പാത്രീഭവിച്ചവനാണ് താന്‍. അത് വെച്ച് നോക്കുമ്പോള്‍ ഹാരിസ് ചിറയ്ക്കല്‍ ഒന്നുമല്ല. ഹൈക്കോടതിയില്‍ പരിചയക്കാരായ ജഡ്ജിമാര്‍ ഏറെയുണ്ടായിരുന്നു. ആരും കേസ് എടുക്കാൻ തയ്യാറായില്ല. ഒടുവില്‍ തമിഴനും സത്യസന്ധനുമായ ജസ്റ്റിസ് പരിപൂര്‍ണനും കഥവായിക്കാത്ത മറ്റൊരു മലയാളി ജഡ്ജിയും. അന്ന് മാത്രം ഞാന്‍ കോടതിയില്‍ പോയി. പദ്മനാഭനോട് കമ്പനി അനീതി കാണിച്ചതായി മലയാളി ജഡ്ജി പറഞ്ഞു. കടുത്ത അനീതിയാണ് നടന്നതെന്ന് അഭിപ്രായപ്പെട്ട് പരിപൂര്‍ണനും അതിനെ പിന്തുണച്ചു. കേസ് സുപ്രിം കോടതിയിലെത്തി. രാജ്യത്തെ പ്രഗത്ഭരായ 11 അഭിഭാഷകരാണ് ഫാക്ടിന് വേണ്ടി അണിനിരന്നത്. എനിക്കു വേണ്ടി സുബ്രഹ്‌മണ്യന്‍ പോറ്റി മാത്രം. പോറ്റിക്ക് വാദിക്കേണ്ടി വന്നില്ല. താന്‍ എഴുതിക്കൊടുത്ത സത്യവാങ്മൂലം നല്‍കി. കേസ് പരിഗണനയ്ക്ക് വെക്കാതെ തളളി. പക്ഷേ കേസ് ജയിച്ചെങ്കിലും പ്രായം കഴിഞ്ഞുപോയതിനാല്‍ തനിക്ക് ഗുണമുണ്ടായില്ല.
ജീവിതം ബാക്കിവെച്ചത്
എനിക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമുണ്ട്. ഞാന്‍ എന്റെ ഏതെങ്കിലും ഒരു പുസ്തകത്തിന് മുഖവുര എഴുതിയിട്ടില്ല. അവതാരികയും എഴുതിച്ചിട്ടില്ല. മലയാളത്തില്‍ അതു പറയാന്‍ എത്ര എഴുത്തുകാരുണ്ട്്. ഞാന്‍ ഒരു തുറന്നുവെച്ച പുസ്തകമാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാകൃത്ത് കാരൂരാണ്. മലയാളം സൃഷ്ടിച്ച ഏറ്റവും തിളക്കമുള്ള കഥാകൃത്ത്. എത്രപേര്‍ക്ക് ഇപ്പോള്‍ അദ്ദേഹത്തെ അറിയാം. ഏതെങ്കിലും പുസ്തകശാലയില്‍ അദ്ദേഹത്തിന്റെ പുസ്തകമുണ്ടോ. പുസ്തകശാലകള്‍ ഇല്ലാതായാല്‍ ബഷീറിനെ ആരെങ്കിലും ഓര്‍ക്കുമോ. കാലം വല്ലാത്ത ഒന്നാണ്. അതിനെ അതിജീവിക്കുകയെന്നതാണ് പ്രധാനം.
Content Highlights: T Padmanabhan inteview with Harilal Rajagopal K.A Johny