'അനാവശ്യമായ പദങ്ങള്‍ ഉപയോഗിച്ച് വാരിവലിച്ചെഴുതരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു'

തുഞ്ചന്‍ ഉത്സവം ഉദ്ഘാടനംചെയ്യാനെത്തിയ തമിഴ് എഴുത്തുകാരി ശിവശങ്കരി എം.ടി. വാസുദേവന്‍നായരുമായുള്ള ആത്മബന്ധത്തെപ്പറ്റി മനസ്സുതുറക്കുകയാണ് മാതൃഭൂമി ലേഖകന്‍ പ്രദീപ് പയ്യോളിയുമായുള്ള ഈ സംഭാഷണത്തില്‍;
സഹോദരതുല്യം സ്‌നേഹിച്ച എം.ടി. വിടചൊല്ലിയ ശേഷമുള്ള തുഞ്ചന്‍ ഉത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ എന്തു തോന്നുന്നു
എം.ടി.യില്ലാത്ത തുഞ്ചന്‍ പറമ്പിലെത്തിയപ്പോള്‍ സങ്കടം സഹിക്കാന്‍ കഴിയുന്നില്ല. ഞാന്‍ അവസാനമായി വന്നതില്‍നിന്ന് വ്യത്യസ്തമായി ഇവിടെ ഒരുപാട് പുരോഗതിയുണ്ടാക്കാന്‍ എം.ടി.ക്കു കഴിഞ്ഞു. 1986-87 കാലഘട്ടത്തിലാണ് ഞാന്‍ എം.ടി.യെ പരിചയപ്പെടുന്നത്. മലയാളം, തമിഴ്, കന്നട, തെലുങ്ക് എഴുത്തുകാര്‍ ഒത്തുകൂടിയ തഞ്ചാവൂരില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ചാണ് എം.ടി.യെ കണ്ടുമുട്ടുന്നത്. അന്നു മുതല്‍ അദ്ദേഹത്തിന്റെ മരണംവരെ സൗഹൃദം നിലനിര്‍ത്തി. ഏതു പരിപാടിക്കു ഞാന്‍ വിളിച്ചാലും അദ്ദേഹം വരും. 'ശിവ ശിവ' എന്ന എം.ടി.യുടെ വിളി ഒരിക്കലും മറക്കാന്‍ കഴിയില്ല. എം.ടി.യുടെ അഭാവം സൃഷ്ടിച്ച ശൂന്യത ഞാനിവിടെ കാണുന്നു.
എം.ടി.യുമായുള്ള സൗഹൃദത്തില്‍ മറക്കാനാവാത്തതെന്താണ്
തുഞ്ചന്‍പറമ്പില്‍ ഞാന്‍ ആദ്യമായി വന്നപ്പോള്‍ എഴുത്തച്ഛന്റെ എഴുത്താണി എന്റെ കൈയില്‍ത്തന്ന് എം.ടി. പറഞ്ഞു. ശിവ എഴുത്തച്ഛനെ മനസ്സില്‍ ധ്യാനിച്ച് പിടിച്ചോളൂവെന്ന്. എഴുത്താണി പിടിച്ചപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. എനിക്ക് പ്രത്യേക ഊര്‍ജ്ജം ലഭിച്ചു. എഴുത്തച്ഛന്റെ അനുഗ്രഹം ലഭിച്ചതുതന്നെ. അന്നുമുതല്‍ എനിക്ക് എഴുത്തിലൂടെ മുന്നേറാന്‍ കഴിഞ്ഞു. ക്ഷമയും മനഃശക്തിയുംവേണം എഴുത്തോലയില്‍ എഴുത്താണി കൊണ്ടെഴുതാന്‍.
എം.ടി.യുടെ ഉപദേശങ്ങളില്‍ പ്രധാനപ്പെട്ടത്
എം.ടി. എല്ലാസമയവും ചിന്തിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് ലോകത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും അപാരജ്ഞാനമുണ്ട്. അനാവശ്യമായ പദങ്ങള്‍ ഉപയോഗിച്ച് വാരിവലിച്ചെഴുതരുതെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എം.ടി.യെപ്പോലെ സാഹിത്യലോകത്ത് മറ്റൊരു അതികായനില്ല. അധികം സംസാരിക്കില്ല. എന്നാല്‍ എല്ലാ മൗനത്തിലും അര്‍ഥമുണ്ടെന്ന് എഴുത്തുകാര്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
എം.ടി.യുടെ ഏത് കൃതികളാണ് ഏറെ ആകര്‍ഷിച്ചത്
രണ്ടാമൂഴവും നാലുകെട്ടും.
നമുക്ക് പ്രിയപ്പെട്ടവര്‍ നഷ്ടപ്പെടുമ്പോള്‍ മനസ്സിന് മുറിവേല്‍ക്കില്ലേ
കാലം നമുക്ക് കൊണ്ടുത്തരുന്നത് നല്ലതോ ചീത്തയോ ആകാം. നാമതിനെ സ്വീകരിക്കണം. സമൂഹം നമുക്ക് പലതുംതരുന്നു. ആ സമൂഹത്തോട് നമുക്ക് കടപ്പാടുണ്ടാകണം. കുട്ടിക്കാലം മുതല്‍ അച്ഛന്റെ വക അന്നദാനവും നാല്‍ക്കാലികളോട് അച്ഛന്‍ കാണിക്കുന്ന സ്‌നേഹവും കണ്ടാണ് ഞാന്‍ വളര്‍ന്നത്.
സ്ത്രീകള്‍ക്ക് സമൂഹത്തില്‍ വേണ്ടത്ര സ്വാതന്ത്ര്യം ലഭിക്കുന്നുണ്ടോ
ഉണ്ട്. സ്ത്രീകള്‍ തൊഴില്‍മേഖലയില്‍ മുന്നേറ്റം തുടരുന്നു. പട്ടാളത്തില്‍ കൂടുതല്‍പേര്‍ ജോലിചെയ്യുന്നു. ബഹിരാകാശ യാത്രയിലും മികവ് തെളിയിച്ചു. സ്വാതന്ത്ര്യമെന്നാല്‍ കുടുംബത്തെ വലിച്ചെറിഞ്ഞ് എല്ലാറ്റിലും ചാടിയിറങ്ങി ഇടപെടുക എന്നതല്ല. നല്ല കുടുംബിനി കൂടിയാകണം. വീട്ടുജോലികള്‍ പുരുഷന്മാര്‍ അവര്‍ക്കൊപ്പം ചെയ്യണം. ഭയംകൂടാതെ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ കഴിയണം. ചീത്ത കാര്യങ്ങളെ അവര്‍ എതിര്‍ത്തു തോല്പിക്കണം.
ഇപ്പോള്‍ കേരളത്തിലേക്ക് വരുമ്പോള്‍ മനസ്സിലുള്ള ആഗ്രഹം
തുഞ്ചന്‍പറമ്പിലെത്തണം. എം.ടി. ജീവിതം ചെലവഴിച്ച മണ്ണിലൂടെ നടക്കണം. അദ്ദേഹത്തിനായി പ്രാര്‍ഥിക്കണം. അദ്ദേഹത്തെക്കുറിച്ച് മനസ്സുതുറന്ന് പ്രസംഗിക്കണം. കോഴിക്കോട്ടെ എം.ടി.യുടെ വീട്ടിലേക്ക് പോകണം. വീട്ടുകാരോട് എം.ടി.യെക്കുറിച്ച് സംസാരിക്കണം. സ്‌നേഹവും സൗഹൃദവും പങ്കുവെക്കണം.
Content Highlights: Tamil writer Sivasankari remembers M.T. Vasudevan nair