അകൽച്ചയിലായിരുന്ന നെഹ്രുവിനെയും പട്ടേലിനെയും ഗാന്ധിയുടെ രക്തസാക്ഷിത്വം അടുപ്പിച്ചു- രാമചന്ദ്ര ഗുഹ

#രാമചന്ദ്ര ഗുഹ / എസ്. ഗോപാലകൃഷ്ണന്‍
ജവാഹര്‍ ലാല്‍. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍
ജവാഹര്‍ ലാല്‍. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍

എസ്. ഗോപാലകൃഷ്ണൻ: ഇക്കൊല്ലത്തെ ഗാന്ധിജയന്തിയിൽ താങ്കളുടെ മറ്റൊരു ഗാന്ധിപുസ്തകംകൂടി പുറത്തിറങ്ങുകയാണ്. ഇത് താങ്കളുടെ ഗാന്ധിപരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണ്. ഒന്നാമത്തേത് 2013-ൽ പുറത്തിറങ്ങിയ Gandhi Before India-യും രണ്ടാമത്തേത് 2018-ൽ പുറത്തിറങ്ങിയ Gandhi: The Years That Changed the World, 1914-1948. ഇപ്പോൾ പുറത്തിറങ്ങുന്ന പുസ്തകം Arguments with Gandhi ആണ്. ഗാന്ധിയുമായുള്ള പല തലമുറകളുടെ നിലയ്ക്കാത്ത തർക്കങ്ങളും സംവാദങ്ങളുമാണ് ഈ പുസ്തകം. എന്നാൽ, ഇങ്ങനെയൊരാശയം താങ്കളിൽ പണ്ടേ ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. 2011-ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കോണോമിക്‌സിൽ ഇതേപേരിൽ താങ്കൾ ഒരു പ്രഭാഷണം നടത്തിയിട്ടുണ്ട്. അപ്പോൾ ആദ്യ രണ്ടുപുസ്തകങ്ങളിൽ ഏതാണ്ട് ആയിരത്തഞ്ഞൂറ് പേജുകളിലൂടെ പറഞ്ഞിട്ടും തീരാത്ത ചിലത് ബാക്കിയുണ്ടായിരുന്നു എന്നുവേണം കരുതാൻ

രാമചന്ദ്രഗുഹ: 2011-ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ആ പ്രഭാഷണം നൽകുന്നതിന് വളരെമുൻപ് 1997-ൽ ബെർക്കിലിയിലെ കാലിഫോർണിയ സർവകലാശാലയിൽ ഞാൻ Arguments with Gandhi എന്ന പേരിൽത്തന്നെ ഒരു കോഴ്സ് പഠിപ്പിച്ചിരുന്നു. പക്ഷേ, അക്കാലത്ത് ഗാന്ധിയെക്കുറിച്ചും അംബേദ്കറെക്കുറിച്ചും ടാഗോറിനെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചുമൊക്കെ പ്രാഥമികമായ ധാരണകളേ എനിക്കുണ്ടായിരുന്നുള്ളൂ. എന്നാൽ, ഈ പുതിയ പുസ്തകത്തിൽ ഇതുവരെ പരാമർശിക്കപ്പെടാത്തവർപോലും കടന്നുവരുന്നുണ്ട്. ഗാന്ധിയുടെ ആശയങ്ങളും അദ്ദേഹം ബാക്കിവെച്ചുപോയതുമെല്ലാം എത്രയോ നാളുകളായി എന്നോടൊപ്പമുള്ളതാണ്. ഗാന്ധിയെക്കുറിച്ച് ഞാനെഴുതിയ രണ്ടു ജീവചരിത്രവും ഈ പുസ്തകവും തമ്മിലുള്ള വ്യത്യാസം മൂന്നുതരത്തിലുള്ളതാണ്. ഒന്നാമത്തേത് ഇത് ആശയങ്ങളുടെയും സംവാദങ്ങളുടെയും പുസ്തകമാണ്. അഹിംസ, നീതി, വിശ്വാസം, പുരോഗതി എന്നീ വിഭാഗങ്ങളിലൂടെയാണ് പുസ്തകം പുരോഗമിക്കുന്നത്. എന്നാൽ ജീവചരിത്രത്തിൽ കാലക്രമത്തിലാണല്ലോ കാര്യങ്ങൾ-ജനനംമുതൽ മരണംവരെ എന്ന രീതിയിൽ. ഗാന്ധിയുടെ വിദ്യാഭ്യാസം, മാതാപിതാക്കൾ, കുടുംബജീവിതം, സാമൂഹികജീവിതം, സുഹൃത്തുക്കൾ, എതിരാളികൾ അതെല്ലാം കാലക്രമത്തിൽ ജീവചരിത്രത്തിൽ കടന്നുവരുന്നു. ജീവചരിത്രവും പുതിയ പുസ്തകവും തമ്മിലുള്ള രണ്ടാമത്തെ വ്യത്യാസം ഈ പുസ്തകം അദ്ദേഹത്തിന്റെ ജീവിതം അവസാനിക്കുന്നിടത്ത് അവസാനിക്കുന്നില്ല എന്നതാണ്. ഞാൻ ഗാന്ധിയുടെ ജീവചരിത്രം എഴുതിയപ്പോൾ അത് 1948-ൽ അവസാനിച്ചു. പുതിയ പുസ്തകം പ്രസിലേക്ക് അച്ചടിക്കാൻ പോയതുകൊണ്ടു മാത്രമാണ് ഡൽഹിയിലെ കോക്രോച്ച് ജനത പാർട്ടിയുടെ ജന്തർ മന്തർ സമരവും സോനം വാങ്ചുക്കിന്റെ സത്യാഗ്രഹവും അതിൽ പ്രതിഫലിക്കാതെപോയത്. ഞാൻ പറഞ്ഞുവരുന്നത്, ഗാന്ധിയുടെ സംവാദങ്ങൾ സമൂഹത്തിൽ തുടരുകയാണ് എന്നാണ്. ജീവചരിത്രവും ഈ പുസ്തകവും തമ്മിലുള്ള മൂന്നാമത്തെ വ്യത്യാസം, ഇതിന് ഒരു ആഗോളവ്യാപ്തിയുണ്ട് എന്നതാണ്, അമേരിക്കയും ആഫ്രിക്കയും കിഴക്കൻ യൂറോപ്പും ദാർശനികരും ശാസ്ത്രജ്ഞരും പാശ്ചാത്യലോകത്തെ ഊർജതന്ത്ര പരീക്ഷണശാലകളും അങ്ങനെയങ്ങനെ... ജീവചരിത്രം ആയിരത്തഞ്ഞൂറ് പേജുണ്ടായിരുന്നെങ്കിൽ ഇത് നാനൂറ് പേജേയുള്ളൂ എന്ന വ്യത്യാസവുമുണ്ട്. എന്നാൽ, ആ ജീവചരിത്രങ്ങൾ എഴുതാനുള്ള ഗവേഷണങ്ങൾ ഞാൻ നടത്തിയില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പുസ്തകമെഴുതാൻ എനിക്ക് കഴിയില്ലായിരുന്നു.

ഈ പുസ്തകമെഴുതാനായി പുതുതായി താങ്കൾ നടത്തിയ പഠനത്തെയും ഗവേഷണത്തെയുംകുറിച്ച് എനിക്കുറപ്പുണ്ട് പ്രത്യേകിച്ച് അമേരിക്കൻ പൗരാവകാശപ്രസ്ഥാനത്തെയും കമ്യൂണിസ്റ്റുകളും ഗാന്ധിയും തമ്മിലുള്ള സംവാദത്തെക്കുറിച്ചുമൊക്കെ പറയുന്ന അധ്യായങ്ങളിൽ

= തീർച്ചയായും. ഗോപാൽ പറഞ്ഞതുപോലെ അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിലുള്ള ഗാന്ധിയൻ സ്വാധീനം പഠിക്കാൻ ഞാൻ ഇത്തവണ പ്രത്യേകം ശ്രമിച്ചു.

രാമചന്ദ്ര ഗുഹ | ഫോട്ടോ : മധുരാജ്

1958-ൽ രാം മനോഹർ ലോഹ്യ പറഞ്ഞ ഒരു വാക്യം താങ്കൾ പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. സ്വന്തം ജനപ്രിയതയെ അപകടത്തിൽപ്പെടുത്താനുള്ള പ്രത്യേക കഴിവ് ഗാന്ധിക്കുണ്ടായിരുന്നു എന്നാണ് ലോഹ്യ പറഞ്ഞത്. ഹിന്ദുസമൂഹത്തിന്റെ വികാരം വ്രണപ്പെട്ടാലും സാരമില്ല, ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു പശുക്കുട്ടിയെ ദയാവധംചെയ്യാൻ അദ്ദേഹം തയ്യാറായി. ഹരിജനങ്ങളുടെകൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചു. മിശ്രവിവാഹമല്ലെങ്കിൽ വിവാഹങ്ങൾക്ക് പങ്കെടുക്കില്ല എന്ന് തീരുമാനിച്ചു. വിവാഹമോചനങ്ങളെ പിന്തുണച്ചു. ഹിന്ദുക്കൾ രാജ്യദ്രോഹമാണെന്ന് വിളിച്ചുപറഞ്ഞപ്പോഴും പാകിസ്താന് കൊടുക്കാനുള്ള അൻപത്തിയഞ്ചുകോടിരൂപയോ അധികമോ കൊടുക്കാനുള്ള തീരുമാനത്തിലെത്തിച്ചു. ചുരുക്കിപ്പറഞ്ഞാൽ സ്വജീവന് അപകടംവരുത്താൻ സാധ്യതയുള്ള തീരുമാനങ്ങളെടുക്കുകവഴി രാജ്യത്തിന് പുതുജീവൻ നൽകാനുള്ള ഒരവസരവും ഗാന്ധി പാഴാക്കിയില്ല എന്നാണ് ലോഹ്യ പറഞ്ഞത്. ആ ഉദ്ധരണിയുടെ അവസാനം ലോഹ്യ പറഞ്ഞ വാക്യം സുപ്രധാനമാണ്: 'ചിലരെയൊക്കെ ക്രോധാകുലരാക്കാതെ ആരും മഹത്തായ കാര്യങ്ങൾ ചെയ്തിട്ടില്ല'. ലോഹ്യ രാഷ്ട്രീയമായി ഗാന്ധിയുമായി വഴിപിരിഞ്ഞ് സോഷ്യലിസ്റ്റ്പാതയിൽ പോയ ആളായിരുന്നു. സാമ്പത്തികമായും ജാതിസംബന്ധമായ നിലപാടുകളിലും ലോഹ്യ ഗാന്ധിയെ എതിർത്തു. എന്നിട്ടും ഗാന്ധിവധത്തിന് പത്തുകൊല്ലത്തിനുശേഷം ലോഹ്യ ഇതുപറഞ്ഞു. എതിരാളികളിൽ നിന്നുപോലും ഇങ്ങനെ ഉയർന്ന ആദരം ഗാന്ധിക്ക് ലഭിക്കാനിടയായത് എങ്ങനെയാണ്

= ലോഹ്യ, ഗാന്ധിയുടെ വിമതശിഷ്യനായിരുന്നു. വിയോജിക്കുമ്പോഴും ഒരാൾക്ക് ശിഷ്യനായി തുടരാമല്ലോ. അദ്ദേഹം ഗാന്ധിയിൽനിന്ന് എന്നേക്കുമായി വേർപെട്ടുപോയ ആളായിരുന്നില്ല. ഗാന്ധിയുടെ അനൗദ്യോഗിക രാഷ്ട്രീയ അനന്തരാവകാശിയായി പരിഗണിക്കപ്പെടുന്ന ജവാഹർലാൽ നെഹ്‌റു, ഗാന്ധിയെ മനസ്സിലാക്കിയതിലും കൂടുതൽ താനാണ് മനസ്സിലാക്കിയതെന്ന് ലോഹ്യ വാദിക്കുമായിരുന്നല്ലോ. ലോഹ്യയുടെ മേൽസൂചിപ്പിച്ച ഉദ്ധരണിയിലെ ഏറ്റവും പ്രസക്തമായ ഭാഗം, ആരെയെങ്കിലുമൊക്കെ എതിർക്കാതെ മൂല്യവത്തായ ഒരു കാര്യവും ആർക്കും ചെയ്യാനാവില്ല എന്നതാണ്. ഹിന്ദു യാഥാസ്ഥിതികതയെ എതിർക്കാൻ ഗാന്ധി തയ്യാറായിരുന്നു. സാമ്പത്തികനയത്തിലും പാശ്ചാത്യനാഗരികതയെ അദ്ദേഹം പ്രകോപിപ്പിച്ചു. പിന്നെ 1958-ൽ ലോഹ്യ അങ്ങനെ പറഞ്ഞതിന് രാഷ്ട്രീയാർഥങ്ങളുമുണ്ട്. അതിൽ ലോഹ്യ സ്വന്തം പ്രാധാന്യത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു ഭാവമുണ്ട്. നെഹ്‌റു പതിനൊന്നുവർഷമായി പ്രധാനമന്ത്രിയായി തുടരുകയായിരുന്നു. ലോഹ്യ വലിയ നെഹ്‌റു വിമർശകനായിരുന്നു. ആ പ്രസ്താവനവഴി ഗാന്ധിയുടെ പാത പിന്തുടർന്നുകൊണ്ട് ലോഹ്യ ആരെയൊക്കെയോ ദേഷ്യം പിടിപ്പിക്കുകയായിരുന്നു. പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തിലെ ജാതിയുടെ പ്രാധാന്യത്തെക്കുറിച്ച് നെഹ്റുവിനെക്കാൾ ലോഹ്യ ബോധവാനായിരുന്നു. അംബേദ്കർ കഴിഞ്ഞാൽ ലോഹ്യയെപ്പോലെ ജാതിയുടെ പ്രശ്‌നം ഗൗരവത്തോടെ കണ്ട മറ്റാരുമില്ല.

1958-ലെ ഈ ഉദ്ധരണിക്കുശേഷമാണ് ഉത്തർപ്രദേശിലെ ഫൂൽപുർ ലോക്സഭാമണ്ഡലത്തിൽ ലോഹ്യ നെഹ്റുവിനെതിരേ മത്സരിച്ചത്. നെഹ്‌റുവിന് 1,18,000 വോട്ടുകിട്ടിയപ്പോൾ ലോഹ്യക്ക് 54,360 വോട്ടുകിട്ടി. ലോഹ്യയിലും നെഹ്റുവിലും വ്യത്യസ്തമായി ഗാന്ധി പുലർന്നതുപോലെ താങ്കളുടെ പുതിയ പുസ്തകം ഗാന്ധിയുടെ പൈതൃകം എങ്ങനെ ആദരിക്കപ്പെടുന്നു, എവിടെയൊക്കെ എതിർക്കപ്പെടുന്നു, എവിടെയൊക്കെ നിരസിക്കപ്പെടുന്നു, ഗാന്ധി ജീവിച്ചിരുന്നപ്പോഴും മരിച്ചതിനുശേഷവും എന്നത് വിശദമായി ചർച്ചചെയ്യുന്നുണ്ട്. ഇന്നത്തെ ഇന്ത്യയിൽ സാമൂഹികരംഗത്ത് ഗാന്ധി പ്രധാനമായും വിമർശിക്കപ്പെടുന്നത് രണ്ടുമേഖലകളിൽനിന്നാണെന്ന് എനിക്കുതോന്നുന്നു. ഒരു വശത്ത് ഹിന്ദുത്വശക്തികൾ. മറ്റൊരിടത്തുനിന്ന് അംബേദ്കർ അനുയായികൾ. ഗാന്ധിപൈതൃകം ഇത്തരത്തിലൊരു ദ്വിമുഖമായ ആക്രമണം ഇതിനുമുൻപ് നേരിട്ടിട്ടുണ്ടോ?

= ഇത് പുതിയ കാര്യമല്ല. ഗാന്ധിയുടെ ജീവിതത്തിലുടനീളവും പിന്നീടും അത് തുടർന്നുകൊണ്ടേയിരുന്നു. ഗാന്ധിയുടെ പ്രത്യയശാസ്ത്രത്തെയും നയങ്ങളെയും ഈ രാജ്യത്ത് ഇടതുഭാഗത്തുനിന്ന് ആദ്യമായി ഏറ്റവും ശക്തമായി എതിർത്തത് മാർക്‌സിസ്റ്റുകാർ ആയിരുന്നു. പിന്നെ ആധുനികരായ സാമ്പത്തികവിദഗ്ധർ ഗാന്ധിയുടെ നയങ്ങളെ വികസനവിരുദ്ധമെന്നും വ്യവസായവത്കരണവിരുദ്ധമെന്നും പിന്തിരിപ്പനെന്നും വിളിച്ച് വിമർശിച്ചിരുന്നു. അതിനാൽ, ഗാന്ധി ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും ശക്തരായ എതിരാളികൾ മാർക്‌സിസ്റ്റുകളും ആധുനികവാദികളുമായിരുന്നു. ഇന്ന് അത് മതമൗലികവാദികളും അംബേദ്കർ വാദികളുമായി മാറിയെന്നുമാത്രം. വിമർശനത്തിന്റെ സ്വഭാവം മാറി. വിമർശനം ഉദ്ഭവിക്കുന്ന കേന്ദ്രങ്ങൾ മാറി. പക്ഷേ, ജീവിതകാലത്ത് അദ്ദേഹം വിവാദപുരുഷനായിരുന്നു. മരണത്തിനുശേഷവും അത് തുടരുന്നു, രീതികൾ വ്യത്യസ്തമായി. ഉദാഹരണത്തിന് അദ്ദേഹത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ജീവിതകാലത്തെക്കാൾ കൂടുതൽ വിമർശനവിധേയമായത് പിൽക്കാലത്താണല്ലോ. ഇന്ത്യയിൽ ഗാന്ധിയോടുള്ള മാർക്‌സിസ്റ്റ് വിമർശനം പിന്നീട് ദുർബലമായി. രക്തരൂഷിതമായ വിപ്ലവങ്ങളെക്കാൾ സ്ഥായിയായത് അഹിംസാത്മകമായ സാമൂഹികമാറ്റങ്ങളാണെന്ന് കാലം തെളിയിച്ചു. 1920-കളിൽ എം.എൻ. റോയി ഗാന്ധിയെ വിമർശിക്കുമ്പോൾ അദ്ദേഹത്തിനറിയില്ലായിരുന്നു സോവിയറ്റ് യൂണിയനിലെ തടങ്കൽ തൊഴിൽപ്പാളയങ്ങളായിരുന്ന ഗുലാഗുകളിൽ നടന്നിരുന്നത് എന്തൊക്കെയായിരുന്നെന്ന്. അതേസമയം, നാം ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഗാന്ധി എപ്പോഴും തുറന്ന സംവാദത്തിന് തയ്യാറായിരുന്നു. ക്ഷമാപൂർവം വിവിധ വാദമുഖങ്ങളെ അദ്ദേഹം കേൾക്കുമായിരുന്നു. ചുറ്റിനുമുള്ള എല്ലാ കാര്യവും നിരന്തരം പഠിക്കാൻ തയ്യാറായിരുന്നു. നിരന്തരം പരിണമിക്കാൻ തയ്യാറുള്ള മാനസികാവസ്ഥയുടെ ഉടമയായിരുന്നു. അംബേദ്കറുമായുള്ള സംവാദങ്ങൾ ശ്രദ്ധിച്ചാൽ നമുക്കത് മനസ്സിലാകും. എന്നാൽ, രണ്ടുകാര്യങ്ങളിൽ അദ്ദേഹം ഒരിക്കലും അനുരഞ്ജനത്തിന് തയ്യാറല്ലായിരുന്നു. ഒന്ന്, അഹിംസയുടെ പ്രയോഗം, മറ്റൊന്ന് മതസൗഹാർദം. അതുകൊണ്ടാണ് ഗാന്ധിക്കും ഹിന്ദുത്വശക്തികൾക്കും ഒരുമിക്കാൻ കഴിയുന്ന പൊതുവിടം ഇല്ലാതാകുന്നത്. അതേസമയം, ഗാന്ധിക്കും അംബേദ്കർ വാദികൾക്കും ഒരുമിക്കാൻ ഇടങ്ങളുണ്ട്. കന്നഡ ദളിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ദേവനൂർ മഹാദേവ ഇക്കാര്യത്തിൽ പറഞ്ഞ കാര്യങ്ങൾ എന്റെ പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെയുടെ അഭിപ്രായംതന്നെ നോക്കൂ. അഭിജീത് അംബേദ്കർ വാദിയാണ്. അംബേദ്കർ ജനിച്ച മഹർ സമുദായത്തിൽ മഹാരാഷ്ട്രയിൽനിന്നുള്ളയാളാണ്. ഏറ്റവും പുതിയ തലമുറയിലെ അദ്ദേഹം പറയുന്നത് ഗാന്ധിയെയും അംബേദ്കറെയും ഒന്നിച്ചുകൊണ്ടുപോകണമെന്നാണല്ലോ. ഇന്ത്യയിലെ ഒരു വിഭാഗം അംബേദ്കറൈറ്റുകൾ ഇപ്പോൾ പറയുന്നുണ്ട് ഗാന്ധിയെയും അംബേദ്കറെയും വിരുദ്ധധ്രുവങ്ങളിൽ കെട്ടുന്ന യാന്ത്രികസമീപനം യഥാർഥത്തിൽ ഇന്ത്യയിലെ ഹിന്ദുത്വശക്തികളെമാത്രമേ സഹായിക്കൂ എന്ന്. കാരണം, ഇന്ത്യൻ റിപ്പബ്ലിക് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തീർച്ചയായും ഗാന്ധിയല്ല, മറിച്ച് ഹിന്ദുത്വശക്തികളാണ്. അതുകൊണ്ടാണ് ഞാൻ പറയുന്നത് ഹിംസ, വലതുഹിന്ദുമതമൗലികവാദം എന്നിവയോട് ഗാന്ധിയെ സംബന്ധിച്ചിടത്തോളം ജീവിച്ചിരുന്നപ്പോഴും മരിച്ചുകഴിഞ്ഞും ഒത്തുതീർപ്പില്ല എന്ന്.

താങ്കൾ പുസ്തകത്തിൽ 1936-ൽ ഗാന്ധി പറഞ്ഞ ഒരു വാചകം കൊടുത്തിട്ടുണ്ടല്ലോ, അഹിംസയുടെ മലിനമാക്കപ്പെടാത്ത സന്ദേശം ലോകത്തിനു നൽകുന്നത് കറുത്തവർഗക്കാരാണെന്ന്. അതുപോലെത്തന്നെ എന്നെ വിസ്മയിപ്പിച്ച ഒരു ഭാഗം 1930-ൽ അമേരിക്കയിലെ കറുത്തവർഗക്കാരുടെ പത്രമായ Pittsburg Courier-ൽ വന്ന ഗാന്ധി പരാമർശം താങ്കൾ കണ്ടെത്തിയതാണ്...' അമേരിക്കയിലെ നീഗ്രോകൾ നിർമമനായ, നിശ്ചയദാർഢ്യമുള്ള ഗാന്ധിയിൽനിന്ന് പഠിക്കേണ്ടതുണ്ട്. ഈ നാട്ടിൽ ഒരു ഗാന്ധി ഉണ്ടായിരുന്നെങ്കിൽ, അല്ലെങ്കിൽ അദ്ദേഹത്തെ അനുഗമിക്കുവാൻ നമുക്കു കഴിയുമെങ്കിൽ നാം അനുഭവിക്കുന്ന കഷ്ടപ്പാടുകളിൽനിന്ന് നമുക്കു മോചനംലഭിക്കുമായിരുന്നു'. മദൻലാൽ ധിൻഗ്ര (Madanlal Dhingra) യെക്കുറിച്ച് ഗാന്ധി പറഞ്ഞ ഒരു വാചകത്തിലേക്ക് ഞാനൊന്നു പോകട്ടെ. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്നകാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ സൈനികോദ്യോഗസ്ഥനായിരുന്ന Sir William Hutt Curzon Wyllie -നെ വെടിവെച്ചുകൊന്നു ആ ചെറുപ്പക്കാരൻ. ഗാന്ധി പറഞ്ഞു: ഇങ്ങനെയാണ് നമ്മൾ ബ്രിട്ടീഷുകാരെ ഇന്ത്യയിൽനിന്ന് പറഞ്ഞുവിടാൻ പോകുന്നതെങ്കിൽ ആരാണ് ഇന്ത്യയിൽ പിന്നെ ഭരിക്കാൻ പോകുന്നത്? കൂടുതൽ ശക്തരായ കൊലപാതകികൾ അല്ലേ? എന്നാൽ അക്കാലത്ത് ലണ്ടനിൽ ഉണ്ടായിരുന്ന സവർക്കർ മദൻലാൽ ധിൻഗ്രയ്ക്കുവേണ്ടി കൈയടിച്ചു. പിന്നീട് ഭഗത് സിങ്, ധിൻഗ്രയുടെ വഴി പിന്തുടർന്നപ്പോഴും ഗാന്ധി വിലപിച്ചു. ഭഗത് സിങ് കമ്യൂണിസ്റ്റായിരുന്നു. കഴുവേറുന്ന ദിവസവും ലെനിന്റെ ജീവചരിത്രം വായിച്ചുകൊണ്ടിരുന്ന ആളായിരുന്നു. സവർക്കർ ഭഗത് സിങ്ങിന്റെ എതിർധ്രുവത്തിലായിരുന്നു. എന്നാൽ, രണ്ടുപേരും തോക്ക് തിരഞ്ഞെടുത്തവരായിരുന്നു. രാം, എനിക്കൊരു ചോദ്യമുണ്ട്. ലോകചരിത്രത്തിൽ എന്നെങ്കിലും അഹിംസാമാർഗത്തിന് മേൽക്കൈ കിട്ടിയ അവസരമുണ്ടായിട്ടുണ്ടോ?

= ഞാൻ അങ്ങനെ കരുതുന്നില്ല. എന്നാൽ, ഗാന്ധി കരുതിയിരുന്നത് അഹിംസയാണ് മനുഷ്യചരിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നതെന്നാണ്. എന്നാൽ, ചരിത്രത്തിലെ ഹിംസയുടെ ശക്തിയെക്കുറിച്ച് ഗാന്ധി ബോധവാനായിരുന്നു. അതുകൊണ്ടാണല്ലോ ധിൻഗ്രയുടെ കാര്യത്തിൽ ഗാന്ധി ചോദിച്ചത്; ഒരുകൂട്ടം കൊലപാതകികളെ പുറത്താക്കിയിട്ട് മറ്റൊരു കൂട്ടം കൊലപാതകികൾ ആ സ്ഥാനം കൈയടക്കുന്നതിൽ എന്തർഥമാണുള്ളതെന്ന്. വെളുത്ത കൊലപാതകികളും തവിട്ടു കൊലപാതകികളും ഒരുപോലെയല്ലേ? ഗാന്ധി വിശ്വസിച്ചിരുന്നത് ഹിംസയിലധിഷ്ഠിതമായ ഒരു പ്രസ്ഥാനം സമൂഹത്തിൽ കൂടുതൽ ഹിംസ ഉണ്ടാക്കുകയേയുള്ളൂ എന്നാണ്. മറ്റൊന്നുകൂടിയുണ്ട് ഹിംസ നിരായുധരായ സാധാരണപൗരന്മാരെ ഭരണകൂടത്തിന്റെ ഹിംസയ്ക്കും വിപ്ലവകാരികളുടെ ഹിംസയ്ക്കും ഇടയ്ക്ക് അശരണരാക്കി നിർത്തും. ഈ സാധാരണക്കാരാണ് എല്ലാം സഹിക്കേണ്ടിവരുന്നത്. നക്സൽ പ്രഭാവമുള്ള ആദിവാസിമേഖലകളിൽനിന്നുള്ള അനുഭവം ബസ്തർ പോലെയുള്ള പ്രദേശങ്ങളിൽ നോക്കിയാൽ നമുക്കതു മനസ്സിലാകും. ഞാൻ പുസ്തകത്തിൽ തമിഴ് എഴുത്തുകാരൻ ജയമോഹനെ ഉദ്ധരിച്ചു പറയുന്നുണ്ട്, ഹിംസയിലൂടെ അധികാരത്തിൽവന്ന എല്ലാ ഭരണകൂടങ്ങളും ഏകാധിപതികളുടേതായി മാറി എന്ന്. ഗാന്ധിയെ സംബന്ധിച്ചിടത്തോളം അഹിംസാമാർഗം ഭാഗികമായി ധാർമികവും ഭാഗികമായി രാഷ്ട്രീയപ്രായോഗികതയുമായിരുന്നു. നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ, അതിനെ നിലനിർത്താൻ ഹിംസകൊണ്ട് സാധ്യമല്ല. നോക്കൂ, ഗാന്ധി ഭഗത് സിങ്ങിനെ ആദരിച്ചിരുന്നു. നെഹ്രുവും ഭഗത് സിങ്ങിനെ ആദരിച്ചിരുന്നു. ഭഗത് സിങ്ങിന് ഇരുപതുവയസ്സ് കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. ആദർശവാദിയായിരുന്നു. റഷ്യൻ വിപ്ലവത്തെക്കുറിച്ച് കാല്പനികമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്ന ചെറുപ്പക്കാരനായിരുന്നു. സ്റ്റാലിൻ ഭരണത്തിലെ ക്രൂരതകളെക്കുറിച്ചൊന്നും അയാൾക്ക് അറിയില്ലായിരുന്നു. അതൊക്കെ പിന്നീടു സംഭവിച്ചതാണല്ലോ. ഗാന്ധി ദുർബലനാണെന്നും തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയില്ലാത്ത ആളാണെന്നും ഭഗത് സിങ്ങിനെപ്പോലുള്ളവർ കരുതി. എന്നാൽ, ഗാന്ധി ഇന്ത്യയിലെ ബഹുജനസാമാന്യത്തെ സംഘടിപ്പിച്ചു. ഒരു ഹിംസാത്മക പ്രവർത്തനത്തിന്റെ ചെകിടടപ്പിക്കുന്ന ഗംഭീരതയൊന്നും ഗാന്ധിയുടെ പ്രവർത്തനങ്ങൾക്കില്ലായിരുന്നിരിക്കാം. പക്ഷേ, ഇന്ത്യപോലുള്ള ഈ മഹാവിസ്തൃതിയിലെ വിവിധ ജനവിഭാഗങ്ങളെ ഗാന്ധി ഏകോപിപ്പിച്ചത് അഹിംസ എന്ന മുദ്രാവാക്യത്തോടെയായിരുന്നു. ഒന്നോ രണ്ടോ വ്യക്തികൾ ഹിംസാത്മകമായി നടത്തുന്ന ഒരു പ്രവർത്തനത്തിന്റെ സാമൂഹികപ്രതിഫലനമല്ല പതിനായിരങ്ങൾ പങ്കെടുക്കുന്ന സാമൂഹികമുന്നേറ്റങ്ങൾ ഉണ്ടാക്കുന്നത് .

ഈ പുസ്തകത്തിലെ ഏറ്റവും ശ്രദ്ധേയമെന്ന് എനിക്കു തോന്നിയ ഒരധ്യായം Disparaging Non Violence : Lenin Vs Gandhi ആണ്. കമ്യൂണിസ്റ്റുകാർ അക്കാലത്ത് ഗാന്ധിയെ വിശകലനംചെയ്തിരുന്ന ശൈലികൾ ഒട്ടേറെ രേഖകളിലൂടെ താങ്കൾ അവതരിപ്പിച്ചിരിക്കുന്നു. 1921-ൽ എസ്.എ. ഡാങ്കെ എഴുതിയ Gandhi vs Lenin എന്ന രേഖയുടെ തലക്കെട്ടുതന്നെയാണ് ഈ അധ്യായത്തിന് താങ്കൾ നൽകിയ ഉപതലക്കെട്ട്. താങ്കൾ പറയുന്നത് ഇന്ത്യൻ കമ്യൂണിസ്റ്റുകാരായിരുന്ന എം.എൻ. റോയിയും ഡാങ്കെയും ഗാന്ധിയെ മനസ്സിലാക്കിയതിലും വ്യക്തതയോടെ ആ രാഷ്ട്രീയവ്യക്തിത്വത്തെ മനസ്സിലാക്കിയത് ഒരു പക്ഷേ, ലെനിൻ ആയിരുന്നു എന്നാണ്. ലെനിൻ, ഇന്റർനാഷണലിൽ ഗാന്ധി നേതൃത്വംനൽകുന്ന പ്രസ്ഥാനത്തെ വിലയിരുത്തിയതും അതിനോട് എം.എൻ. റോയി വിയോജിച്ചതുമെല്ലാം താങ്കൾ എഴുതിയിട്ടുണ്ട്. അതേസമയം, എന്നെ അദ്ഭുതപ്പെടുത്തിയ താങ്കളുടെ പുസ്തകത്തിലുള്ളത് ഗാന്ധി മരിച്ചപ്പോൾ അനുശോചനം അറിയിക്കാത്ത ഒരേയൊരു രാജ്യം സോവിയറ്റ് യൂണിയനാണ് എന്നതാണ്. മനുഷ്യന്റെ ആത്മീയതയുടെ സാരാംശത്തെ ഉയർത്തിപ്പിടിക്കുന്ന പ്രതിലോമകരമായ ഇന്ത്യൻസ്വഭാവത്തിന്റെ രാഷ്ട്രീയപ്രയോഗമാണ് ഗാന്ധിസമെന്ന് റോയി പറഞ്ഞു. ഈ ഗാന്ധിനിരാകരണം പിൽക്കാലത്ത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളിൽ അതിജീവിച്ചോ? അതോ അവർ ഗാന്ധിയുമായി ഒരു സമാധാനക്കരാർ ഉണ്ടാക്കിയോ

= വളരെ നല്ല ചോദ്യമാണ് ഗോപാൽ. എന്റെ അഭിപ്രായത്തിൽ 1950-കൾ മുതൽക്ക് ഇന്ത്യയിലെ മുഖ്യാധാരാ കമ്യൂണിസ്റ്റുകാർ ഗാന്ധിയുമായി സമാധാനക്കരാർ ഉണ്ടാക്കി. സി.പി.എമ്മും സി.പി.ഐ. യും ഗാന്ധിയുമായി സമരസപ്പെട്ടു. അവരുടെ ധൈഷണികരും അങ്ങനെ ചെയ്തു. തൊണ്ണൂറാംവയസ്സിലും ധൈഷണികമായി സജീവമായിരിക്കുന്ന മാർക്സിസ്റ്റ് ചരിത്രകാരൻ ഇർഫാൻ ഹബീബ് 'എന്താണ് ഗാന്ധിയുടെ രക്തസാക്ഷിത്വംകൊണ്ട് അർഥമാക്കുന്നത്' എന്ന പേരിൽ നടത്തിയ ഒരു പ്രഭാഷണമുണ്ട്. അദ്ദേഹം ഗാന്ധി എന്നല്ല പറയുന്നതുതന്നെ ഗാന്ധിജി എന്നാണ്. നിങ്ങളുടെ കേരളത്തിൽ എം.എ. ബേബിയും ഗാന്ധിജി എന്നാണു പറയുന്നത്. സീതാറാമും (സീതാറാം യെച്ചൂരി) അങ്ങനെത്തന്നെയായിരുന്നു. മുഖ്യധാരയിലുള്ള കമ്യൂണിസ്റ്റുകാർ ഗാന്ധിയോടുള്ള സമീപനത്തിൽ മാറ്റംവരുത്തി. എന്നാൽ, നക്‌സലൈറ്റുകൾ എം.എൻ. റോയി പുലർത്തിയ വെറുപ്പിനോടടുത്തു നിൽക്കുന്ന വിയോജിപ്പ് ഇപ്പോഴും നിലനിർത്തുകയാണ്. പുസ്തകത്തിലെ പ്രസ്തുതാധ്യായത്തിന്റെ അവസാനഭാഗത്ത് 1969-'70-ൽ ഗാന്ധിശതാബ്ദി നടന്ന വേളയിൽ കൊൽക്കത്തയിൽ നക്‌സലൈറ്റുകൾ ഗാന്ധിപ്രതിമ തകർത്തതും ഗാന്ധിപുസ്തകങ്ങൾ തീയിലിട്ടതും ഞാൻ വിവരിച്ചിട്ടുണ്ട്. എന്നാൽ, അന്നും മുഖ്യധാരയിലെ കമ്യൂണിസ്റ്റുകാർ ഗാന്ധിയുടെ സംഭാവനകളെ ഉയർത്തിക്കാട്ടി. ഇന്ത്യയിലെ മാവോവാദികൾ ഇപ്പോൾ ദുർബലരായി. എങ്കിലും അവർ ഇപ്പോഴും ഗാന്ധിയെക്കാണുന്നത് മാർക്സിസ്റ്റ് വിപ്ലവത്തിൽനിന്ന് സമൂഹത്തെ വ്യതിചലിപ്പിക്കുന്ന പ്രതിലോമശക്തിയായിട്ടാണ്. പുസ്തകത്തിന്റെ അവസാന അധ്യായത്തിൽ സമകാലിക സ്വീഡിഷ് മാർക്സിസ്റ്റ് സൈദ്ധാന്തികനായ Andreas Malm നെ ഉദ്ധരിച്ച് ഞാൻ പറയുന്നുണ്ട് ലോകത്തിലെ മാർക്സിസ്റ്റ് ബുദ്ധിജീവികൾ പലരും ഇന്നും ഗാന്ധിയുടെ അഹിംസാസിദ്ധാന്തത്തെ അപ്രായോഗികമെന്നു പറഞ്ഞ് നിരാകരിക്കുന്നതിനെക്കുറിച്ച്.

1907-ൽ ഇന്ത്യൻ ഒപ്പീനിയനിൽ ഗാന്ധി ജലാലുദ്ദീൻ റൂമിയെ ഉദ്ധരിച്ചിരുന്നു: 'ഞാൻ ക്ഷേത്രങ്ങളിലും പള്ളികളിലും തിരഞ്ഞു, ദൈവത്തെക്കണ്ടില്ല. ദൈവത്തെ എനിക്കു കാണാൻ കഴിഞ്ഞത് എന്റെ ഹൃദയത്തിൽ മാത്രമാണ്'. പരമ്പരാഗതമായ അർഥത്തിൽ ഗാന്ധി ക്ഷേത്രദർശനങ്ങൾ നടത്തുന്ന പതിവ് വളരെ കുറവായിരുന്നു, മതം ആ ജീവിതത്തിന്റെ ആധാരകേന്ദ്രം ആയിരുന്നെങ്കിലും. അദ്ദേഹത്തിൽ ഒരു സൂഫി ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ടോ? ഒരിക്കൽ ഈസ്താംബൂളിലെ സൂഫികേന്ദ്രമായ ഗലാറ്റ മവ്ലവി സത്രത്തിൽവെച്ച് ഒരു തുർക്കിക്കാരനായ ചെറുപ്പക്കാരൻ എന്നോട് പറഞ്ഞിരുന്നു, ഗാന്ധി ഒരു സൂഫിയാണെന്ന്. ദൈവം ഉള്ളിലാണെന്നും കെട്ടിടത്തിലല്ലെന്നും കരുതുന്ന ഒരു സൂഫി ഗാന്ധിയിൽ ഉണ്ടായിരുന്നോ

= ഞാൻ സൂഫി എന്നു വിളിക്കില്ല. ആത്മീയപുരുഷൻ എന്നോ മറ്റോ പറയാം... ഒരു മിസ്റ്റിക്, ദൈവാന്വേഷി. അദ്ദേഹം റൂമിയെ ഇഷ്ടപ്പെട്ടതുപോലെ ഇഷ്ടപ്പെട്ട മറ്റൊരു പുസ്തകമായിരുന്നു ടോൾസ്റ്റോയിയുടെ ദൈവരാജ്യം നിങ്ങൾക്കുള്ളിലാണ് (The Kingdom of God Is Within You). തനിക്കും ദൈവത്തിനുമിടയ്ക്കുള്ള പൗരോഹിത്യത്തെ തള്ളിപ്പറയുകയാണ് ഗാന്ധി. സൂഫികൾ സാമൂഹിക നവോത്ഥാന ശ്രമങ്ങളിൽ ഏർപ്പെടാറില്ല. എന്നാൽ, ഗാന്ധി അങ്ങനെയല്ലല്ലോ. ലിംഗവിവേചനം, ജാതിവിവേചനം എന്നീ തിന്മകളാൽ ഹിന്ദുസമൂഹം പാപഭരിതമാണെന്ന് അദ്ദേഹം കരുതി. അദ്ദേഹത്തിന്റെ ദൈവാന്വേഷണം വ്യക്തിപരമായ ആധ്യാത്മിക ജീവിതമായിരുന്നില്ല. മതത്തിന്റെ നന്മയും തിന്മയും സാമൂഹികശാസ്ത്രപരമായി ചിന്തിക്കുകയായിരുന്നു ഗാന്ധി ചെയ്തത്. ഒരു മതം പൈശാചികമാകുന്നതും ദൈവികമാകുന്നതും അനുയായി മതത്തിന്റെ പേരിൽ എന്തുചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ. ആ അർഥത്തിൽ അദ്ദേഹം സൂഫികളിൽനിന്നും കബീറിൽനിന്നുപോലും വ്യത്യസ്തനാണ്. ഗാന്ധിയിൽ എന്തെങ്കിലും സമാനത ഒരു ആത്മീയഗുരുവിനോട് കാണാമെങ്കിൽ അത് നാരായണഗുരുവിനോടാണ്.

ഗാന്ധി ജീവിതാവസാനകാലം ചെലവഴിച്ചത് രാജ്യവിഭജനശേഷമുള്ള ഹിംസയുടെ ആഘാതം കുറയ്ക്കാനായിരുന്നു. പക്ഷേ, അദ്ദേഹം പരാജയപ്പെട്ടു. ഹിന്ദു -മുസ്ലിം മൈത്രിക്കു വേണ്ടി പരിശ്രമിക്കുമ്പോൾ കൊല്ലപ്പെട്ടു. ആ ജീവിതം ഒരു ദുരന്തമായിട്ടാണോ അവസാനിച്ചത് ? അതോ ഗാന്ധി എന്ന സംവാദം ഇപ്പോഴും തുടരുകയാണോ

= ഗാന്ധിയുടെ സംവാദങ്ങൾ, ലോകത്തോടുള്ള തർക്കങ്ങൾ, ആശയങ്ങളോടുള്ള കലഹങ്ങൾ എല്ലാം തീർച്ചയായും തുടരുകയാണ്. പക്ഷേ, ഗാന്ധിക്ക് ഇന്ത്യയുടെ വിഭജനം തടയാൻകഴിഞ്ഞില്ല. എന്നാൽ, അവസാനകാലത്തെ വീരോചിതമായ രണ്ട് സത്യാഗ്രഹങ്ങൾകൊണ്ടും ഒരു തീവ്രഹിന്ദുവിന്റെ കൈയാൽ വാങ്ങിയ രക്തസാക്ഷിത്വംകൊണ്ടും അദ്ദേഹം അകന്നുനിന്ന നെഹ്രുവിനെയും പട്ടേലിനെയും തമ്മിൽ അടുപ്പിച്ചു. തീവ്രഹൈന്ദവതയെ രാജ്യത്തിന്റെ മുഖ്യധാരയിൽ പതിറ്റാണ്ടുകൾക്കപ്പുറത്തേക്ക് അകറ്റിനിർത്തി. രാജ്യത്തിന്റെ ഐക്യം നിലനിർത്തി. ആ രക്തസാക്ഷിത്വത്തിന്റെ ഉടനടി ഫലം എന്നത് വളരെ വലുതായിരുന്നു, മഹത്തായിരുന്നു. അതുകൊണ്ടാണ് ബഹുസ്വരതയുള്ള ഒരു സമൂഹത്തിനാവശ്യമായ ഉത്തമ ജനാധിപത്യം ഈ രാജ്യത്തിന് പടുത്തുയർത്താൻ സാധിച്ചത്. പക്ഷേ, ഏതു ശക്തികളെ പരാജയപ്പെടുത്താനാണോ അദ്ദേഹം ശ്രമിച്ചത് ആ ശക്തികൾ തിരികെയെത്തി എല്ലാം തലകീഴ് മറിക്കുന്നതാണ് ഇപ്പോൾ നാം കാണുന്നത്.