ഇംഗ്ലീഷിന്റെ കാര്യത്തില്‍ എനിക്കൊരു ഉരുളികുന്നമില്ല- സക്കറിയ

മലയാളത്തില്‍ ചിരപ്രതിഷ്ഠനായ എഴുത്തുകാരന്‍ സക്കറിയ ഇംഗ്ലീഷില്‍ എഴുതിയ നോവലാണ് 'True story of a writter, a Philosopher, and a shape-shifter'. പ്രാദേശികഭാഷയിലുള്ള ഒരു എഴുത്തുകാരന്‍ നേരിട്ട് ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളെയും ഇംഗ്ലീഷ് ഫിക്ഷന്‍ എഴുത്തിന്റെ മാറ്റങ്ങളെയും കുറിച്ചാണ് ഈ അഭിമുഖത്തില്‍ സക്കറിയ സംക്ഷിപ്തമായി സംസാരിക്കുന്നത്.
നബോക്കോവിനെയും മിലന്‍ കുന്ദേരയെയും ബ്രോഡ്സ്‌കിയെയും ജാക്ക് കെറുവാക്കിനെയും ജോസഫ് കോണ്‍റാഡിനെയുംപോലെ ഝുംപാ ലാഹിരിയും മാതൃഭാഷയിലല്ലാതെ രണ്ടാംഭാഷയിലോ മൂന്നാംഭാഷയിലോ സാഹിത്യരചന നടത്തുന്ന 'എക്‌സോഫോണിക്' എഴുത്തുകാരുടെ പട്ടികയില്‍ അടുത്തിടെ ഇടംപിടിച്ചിരുന്നു.
മലയാളത്തില്‍ മാധവിക്കുട്ടിയും ഒ.വി. വിജയനും ഈ വഴി നടന്നവരാണ് മുന്നേതന്നെ. എഴുത്തുകാരന്റെ എഴുത്തുത്കണ്ഠകള്‍ വിഷയമാക്കിയ ഒരു വോഡ്ഹൗസിയന്‍ ഇംഗ്ലീഷ് നോവലിലൂടെ സക്കറിയ ഈ എഴുത്തുനിരയിലേക്ക് ചേരുകയാണ്. സക്കറിയയുടെ ഇംഗ്ലീഷ് സാഹിത്യത്തിന് എന്നാല്‍, ചില പ്രത്യേകതകളുണ്ട്.
അരനൂറ്റാണ്ടുനീണ്ട ചെറുകഥന സപര്യയില്‍നിന്നും നോവലെന്ന ബൃഹത്തായ കാന്‍വാസിലേക്കുകൂടിയാണ് ഈ പ്രയാണം. ഇംഗ്ലീഷ് ഒട്ടും അന്യമല്ലാത്ത തൂലികയാണ് സക്കറിയയുടേത്. എന്നിട്ടും ഇംഗ്ലീഷ് സാഹിത്യപ്രസാധനത്തിന്റെ ഈറ്റില്ലമായ ഡല്‍ഹിയിലെ പതിറ്റാണ്ടുകള്‍നീണ്ട താമസത്തിനിടയില്‍ എഴുതാതെപോയ ഇംഗ്ലീഷ് ഫിക്ഷന്‍ ഒടുവിലെഴുതുന്നത് 2019-ല്‍ 'ദ സീക്രട്ട് ഹിസ്റ്ററി ഓഫ് കംപാഷന്‍' ആറു കൊല്ലങ്ങള്‍ക്കുശേഷം സൂക്ഷ്മമായ മിനുക്കുപണികളോടെ 'ട്രൂ സ്റ്റോറി ഓഫ് എ റൈറ്റര്‍, എ ഫിലോസഫര്‍, ആന്‍ഡ് എ ഷേപ്പ്-ഷിഫ്റ്റര്‍' എന്ന പുതിയ ശീര്‍ഷകത്തില്‍ ഇപ്പോള്‍ വായനക്കാരന് മുന്നിലുണ്ട്. മലയാളം എഴുത്തുകാരന്‍ ഇംഗ്ലീഷില്‍ ഫിക്ഷന്‍ എഴുതുന്നതിനെക്കുറിച്ചാണ് സക്കറിയ സംസാരിക്കുന്നത്.
ലാളിത്യമാര്‍ന്ന മാന്ത്രികമായ ചെറുകഥനങ്ങളിലൂടെ മലയാളസാഹിത്യത്തില്‍ സ്ഥിരപ്രതിഷ്ഠനേടി അരനൂറ്റാണ്ട് കഴിഞ്ഞ്, ഒരെഴുത്തുകാരന്‍ ചിരപരിചിതമെങ്കിലും മാതൃഭാഷ അല്ലാത്ത മറ്റൊരു ഭാഷയില്‍ സാഹിത്യരചന തുടങ്ങിയപ്പോള്‍ ആ തീരുമാനം ബോധപൂര്‍വമായിരുന്നോ.
മലയാളത്തില്‍ എഴുതുമ്പോള്‍ മലയാളത്തില്‍ ചിന്തിക്കുന്നു, ഇംഗ്ലീഷിലെഴുതുമ്പോള്‍ ഇംഗ്ലീഷിലും എന്നേയുള്ളൂ. വിവിധ ആവശ്യങ്ങള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കുന്ന ധാരാളം ആളുകളെപ്പോലെ എന്റെ ചിന്തയും പലപ്പോഴും ഇംഗ്ലീഷും മലയാളവും കൂടിക്കലര്‍ന്നതാണ്. ചിലത് ഇംഗ്ലീഷില്‍ത്തന്നെ ചിന്തിക്കാറുണ്ട്. ഇതെല്ലാം അബോധമായി സംഭവിക്കുന്നതാണ്.
ഒരു നോവല്‍ എഴുതാന്‍ ആലോചിച്ചപ്പോള്‍ എന്തുകൊണ്ട് ഇംഗ്ലീഷില്‍ ആയിക്കൂടാ എന്ന് ചിന്തിച്ചു എന്നുമാത്രം. മലയാളംപോലെത്തന്നെ അടുപ്പമുള്ള ഭാഷയാണ് ഇംഗ്ലീഷ്. മലയാളംപോലെത്തന്നെ ഇംഗ്ലീഷ് എന്റെ പണിപ്പുരഭാഷയാണ്- വായനയ്ക്കും ലേഖനങ്ങള്‍ക്കും പംക്തികള്‍ക്കും പ്രസംഗങ്ങള്‍ക്കും വേണ്ടി. ഇംഗ്ലീഷില്‍ ആഗോളനിലവാരമുള്ള രചന നടത്തുന്ന ധാരാളം മലയാളികള്‍ ഇന്നുണ്ട്. മുന്‍തലമുറയില്‍ മാധവിക്കുട്ടിയും വിജയനും രണ്ടുഭാഷയില്‍ എഴുതിയവരാണ്.
ഞാന്‍ ഇംഗ്ലീഷില്‍ എഴുതാന്‍ തീരുമാനിച്ചത് ഇംഗ്ലീഷിനോടുണ്ടെന്ന് കരുതുന്ന എന്റെ അടുപ്പം കൊണ്ടുതന്നെയാണ്. മറ്റൊരു ഭാഷയോടാണ് ഇതുപോലെ അടുപ്പമുണ്ടായിരുന്നതെങ്കില്‍ ഒരുപക്ഷേ, അതിലെഴുതുമായിരുന്നു. എഴുത്തുകാരന് ഉറപ്പുതോന്നുന്ന ഏതു ഭാഷയും തിരഞ്ഞെടുക്കാം. ഒരുപക്ഷേ, പരാജയപ്പെട്ടേക്കാം. മലയാളത്തില്‍ എഴുതുമ്പോഴും അങ്ങനെത്തന്നെ.
മലയാളത്തില്‍ ചിന്തിക്കുന്ന ഒരാള്‍ക്ക് ഇത്തരം ഒരു ചുവടുമാറ്റത്തിന് എന്തുതരം തയ്യാറെടുപ്പുകള്‍ വേണ്ടിവന്നു എന്നറിയാന്‍ കൗതുകമുണ്ട്
ഒരെഴുത്തുകാരന്‍ മലയാളത്തില്‍ സ്വീകരിക്കേണ്ട അടിസ്ഥാനകരുതലുകള്‍തന്നെയാണ് ഇംഗ്ലീഷിലും വേണ്ടത്. മലയാളത്തില്‍ എന്നെ സഹായിക്കുന്നത് മലയാളവായന നല്‍കിയ അറിവുകളാണ്. ഇംഗ്ലീഷില്‍ ഇംഗ്ലീഷ് വായനയും. പക്ഷേ, ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ഒരു വ്യത്യാസമുണ്ട്: ഞാന്‍ മാതൃഭാഷയായി കേട്ടും പറഞ്ഞുപഠിച്ചും വളര്‍ന്ന ഭാഷയല്ല ഇംഗ്ലീഷ്. ഞാന്‍ എഴുതുന്ന ഇംഗ്ലീഷ് ഭാഷ പൂര്‍ണമായും പുസ്തകങ്ങളില്‍നിന്നുവന്നതാണ്. ഇംഗ്ലീഷ് മാതൃഭാഷ ആയിട്ടുള്ളവര്‍ അങ്ങനെയാവില്ല എഴുതുക. ഞാന്‍ എഴുതുന്നത് എന്റെ ഇംഗ്ലീഷാണ്. അടിസ്ഥാന വ്യാകരണത്തോടെയും സ്‌പെല്ലിങ് തെറ്റിക്കാതെയും എഴുതിയാല്‍ ലോകത്ത് എവിടെയും ഇംഗ്ലീഷ് അറിയാവുന്നവര്‍ക്ക് അത് മനസ്സിലാകും എന്ന ഗുണം ഇംഗ്ലീഷിനുണ്ട്.
വാസ്തവത്തില്‍ മലയാളത്തില്‍ ഞാനെഴുതുന്നതും എന്റെ മലയാളമാണ്. ഉരുളികുന്നത്ത് കേട്ടും പറഞ്ഞും പഠിച്ച എന്റെ മലയാളം. അതിലേക്ക് എന്റെ വായന മറ്റനവധി മലയാളങ്ങള്‍ കൊണ്ടുവന്നു. സി.വി. രാമന്‍ പിള്ളയുടെയും ബഷീറിന്റെയും പൊറ്റെക്കാട്ടിന്റെയും മാധവിക്കുട്ടിയുടെയും എല്ലാം. അവയില്‍നിന്ന് പൊട്ടിമുളച്ചതാണ് ഞാന്‍ എഴുതുന്ന മലയാളം. ഇംഗ്ലീഷിന്റെ കാര്യത്തില്‍ എനിക്കൊരു ഉരുളികുന്നമില്ല.
പഠനത്തിലൂടെയും വായനയിലൂടെയുമാണ് എന്റെ ഉള്ളില്‍ ഇംഗ്ലീഷ് പ്രവേശിച്ചത്. എഴുത്തില്‍ വന്നെത്തേണ്ട ഭാവന, കഥാകഥനശേഷി തുടങ്ങിയവ മലയാളത്തിലായാലും ഇംഗ്ലീഷിലായാലും ഒരാളിന് അവ ഉണ്ടെങ്കിലുണ്ട്, ഇല്ലെങ്കിലില്ല, അത്രതന്നെ. മറ്റൊരു വ്യത്യാസം കൂടിയുണ്ട്. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ സ്വാഭാവികമായും എന്റെ മനസ്സിലുള്ളത് മലയാള വായനസമൂഹമല്ല.
ഇന്ത്യയിലും ലോകത്തിലും ചിതറിക്കിടക്കുന്ന ഇംഗ്ലീഷ്ഫിക്ഷന്‍ വായിക്കുന്ന എനിക്ക് കഷ്ടിച്ച് ഏകദേശരൂപം മാത്രമുള്ള വായനക്കാരാണ്. അവരുടെ അഭിരുചികള്‍ വ്യത്യസ്തങ്ങളാണ്. മുംബൈയിലെ ഇംഗ്ലീഷ് ഫിക്ഷന്‍ വായനക്കാരി ഒരു നോവലില്‍നിന്ന് പ്രതീക്ഷിക്കുന്നതാവില്ല ഹോങ് കോങ്ങിലെ വായനക്കാരി പ്രതീക്ഷിക്കുന്നത്. അഥവാ, ന്യൂയോര്‍ക്കിലെയോ, ന്യൂസീലന്‍ഡിലെയോ വായനക്കാര്‍.
അതേസമയം, ആദ്യം സൂചിപ്പിച്ചതുപോലെ എന്റെ എഴുത്ത് ഇംഗ്ലീഷ് അറിയാവുന്ന എവിടെയും വായിക്കപ്പെട്ടേക്കാം. കൂടുതല്‍ വായിക്കപ്പെടാനുള്ള സാധ്യത ഒരു എഴുത്തുകാരന് എപ്പോഴും ആകര്‍ഷണീയമാണ്. രചനകള്‍ വിവര്‍ത്തനം ചെയ്യുന്നതിന്റെ യുക്തി ഇതുതന്നെയാണ്. ലോകമെങ്ങുമുള്ള സാഹിത്യത്തിന് ഇത് ബാധകമാണ്. കേരളം എന്നൊരു വിദൂരദേശത്ത് തന്റെ രചനകള്‍ അവിടത്തെ ഭാഷയില്‍ വായിക്കപ്പെടുന്നുണ്ടെന്നത് മാര്‍ക്കേസിനെ എത്രമാത്രം രസിപ്പിച്ചിട്ടുണ്ടാവണം.
നമ്മുടെ പുതുതലമുറ എഴുത്തുകാരുടെ രചനകള്‍ ഏതാണ്ട് തത്സമയം എന്നപോലെ ഇംഗ്ലീഷിലേക്കും അങ്ങനെ ലോകസാഹിത്യത്തിലേക്കും ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷില്‍ എഴുതാനുള്ള അടിസ്ഥാന തയ്യാറെടുപ്പുകള്‍ ഏതെഴുത്തിനും ഉള്ളതുതന്നെയാണ്. ആരാണ് കഥപറയുന്നത്, എവിടേക്കാണ് അത് പോകുന്നത്, ഏതുതരം രസമാണ് അത് ഉത്പാദിപ്പിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍.
എന്നാല്‍, ചില പ്രത്യേക പരിഗണനകളുണ്ട്:
ഒന്ന് മുകളില്‍ സൂചിപ്പിച്ച വായനസമൂഹത്തെപ്പറ്റിയുള്ളതാണ്. ഇംഗ്ലീഷ് മാതൃഭാഷയായ സമൂഹങ്ങളിലെ എഴുത്തുകാര്‍ക്ക് സ്വന്തം വായനസമൂഹത്തെപ്പറ്റിയുള്ള ഉറപ്പുകള്‍ മറ്റൊരു ഭാഷാ സമൂഹത്തിലിരുന്ന് ഇംഗ്ലീഷില്‍ എഴുതുന്നയാളിന് ലഭ്യമല്ല. വേറൊന്ന്, ഇന്ത്യയിലിരുന്ന് ഇംഗ്ലീഷിലെഴുതുമ്പോള്‍ എഴുത്തുകാരന്റെ മുന്‍പിലുള്ളത് ഇംഗ്ലീഷ് മാതൃഭാഷയായ പാശ്ചാത്യരാണെന്ന് പറയാന്‍വയ്യ. മറിച്ച്, ഇന്ത്യയിലെ ഇന്ത്യക്കാരായ വായനസമൂഹമാണ്. അത് 22 ഭാഷകളില്‍ ചിതറിക്കിടക്കുന്ന ഒന്നാണ്. പാശ്ചാത്യരും തീര്‍ച്ചയായും അത് വായിച്ചേക്കാം എന്നുമാത്രം.
ഇംഗ്ലീഷിലെഴുതുമ്പോള്‍ എഴുത്തുകാരന്‍ മലയാളത്തിലെഴുതുമ്പോഴുള്ള- അല്ലെങ്കില്‍ ഉണ്ടെന്നുകരുതുന്ന- ഉറപ്പുകള്‍ ഇല്ലാതാകുന്നു. അയാള്‍ പല ചിന്താശീലങ്ങളും രചനാ സമീപനങ്ങളും അഴിച്ചു പണിയേണ്ടിവരുന്നു. ഇനിയുമൊരു കാര്യമുണ്ട്. എന്റെ നോവലില്‍ നിഴലിക്കുന്ന മാനസിക, സാമൂഹികഭൂപടം കേരളത്തിന്റേതാണ്. അതിനെ ഇന്ത്യയിലും മറ്റിടങ്ങളിലുമുള്ള വായനക്കാരെ അടിച്ചേല്‍പ്പിക്കാതെ ചെറുസ്പര്‍ശങ്ങള്‍കൊണ്ട് സൃഷ്ടിക്കുക ആവശ്യമായി വരുന്നു- ഇതൊരുപക്ഷേ, എന്റെ അനുഭവം മാത്രമായിരിക്കാം.
ഈ നോവല്‍ എന്താണ് എന്ന് എഴുത്തുകാരന്‍തന്നെ വിശദീകരിക്കാമോ
എല്ലാ നോവലുകളും നിര്‍മിക്കുന്നത് മിനിയേച്ചര്‍ ലോകങ്ങളാണ്. ഓരോ നോവലും എന്താണ് എന്ന് വായനക്കാര്‍ക്കേ യഥാര്‍ഥത്തില്‍ അറിയൂ. ഒരു നോവലില്‍ ഒരു വായനക്കാരി കാണുന്ന ലോകമല്ല മറ്റൊരുവള്‍ കാണുന്നത്. വാസ്തവത്തില്‍ എഴുതിത്തീര്‍ന്നയുടന്‍ എഴുത്തുകാരന്‍ പുറത്താകുന്നു. ഈ നോവലിന്റെ ലോകം ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ഏതാണ്ട് ഇങ്ങനെയാണ്.
ജനപ്രിയ നോവലുകള്‍ എഴുതിവിജയിച്ച ഒരെഴുത്തുകാരന്‍ ആദ്യമായി ലേഖനമെഴുതാന്‍ ഇരിക്കുമ്പോള്‍ പരാജയപ്പെടുന്നു. രൂപം മാറാന്‍ ശേഷിയുള്ള ഒരു ആരാച്ചാര്‍ സഹായത്തിനെത്തുന്നു. എഴുത്തുകാരന്റെ തത്ത്വചിന്തകയായ ഭാര്യയും സഹായിക്കുന്നു. ലേഖനം എഴുതുന്നതിനെക്കാള്‍ കൂടുതല്‍ സംഭവിക്കുന്നത് ഒന്നിനു പുറകേ ഒന്നായുള്ള കഥപറച്ചിലുകളാണ്. വേറെയും പല കാര്യങ്ങളും സംഭവിക്കുന്നു. ഉദാഹരണമായി കഥാപാത്രങ്ങള്‍ സാത്താനെ കണ്ടുമുട്ടുന്നുണ്ട്.
ഇംഗ്ലീഷ്-മലയാളം എഴുത്തുകളെ സമീപിക്കുന്നതില്‍ വ്യത്യാസം എന്തായിരുന്നു
ഇംഗ്ലീഷ് ഒരു വശത്ത് വലിയ സ്വാതന്ത്ര്യങ്ങള്‍ നല്‍കുന്ന ഭാഷയാണ്. ജെയിംസ് ജോയ്സ് യൂലിസസ്സിലും ഡിലന്‍ തോമസ് കവിതയിലും ചെയ്തതോര്‍ക്കുക. അവ ഒറ്റയ്ക്ക് നില്‍ക്കുന്ന അദ്ഭുതങ്ങളാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇംഗ്ലീഷ് അടിസ്ഥാനപരമായി അതുപയോഗിക്കുന്നവരില്‍നിന്ന് പ്രത്യേകിച്ച് എഴുത്തുകാരില്‍നിന്ന് കര്‍ശനമായ അച്ചടക്കങ്ങള്‍ ആവശ്യപ്പെടുന്ന ഭാഷയാണ്. പ്രത്യേകിച്ച് ഡിക്ഷന്‍ - പദശുദ്ധി, പദശേഷി, വാക്കുകളുടെ ഉചിതമായ തിരഞ്ഞെടുപ്പും പ്രയോഗവും, അര്‍ഥം പ്രകാശിപ്പിക്കുന്നതിലുള്ള ലാളിത്യവും വ്യക്തതയും.
മലയാളത്തിലും ഈ നിബന്ധനകളുണ്ട്. പക്ഷേ, പലപ്പോഴും സംഭവിക്കുക കാല്പനിക പ്രവണതകളും വാക്കുകളുെട അശ്രദ്ധവും മാറ്റുരച്ചുനോക്കാത്തതുമായ ഉപയോഗവും ആഡംബരഭാഷാ ദുശ്ശീലങ്ങളും ചേര്‍ന്ന് അവയെ ഇല്ലാതാക്കുകയാണ്. ഞാന്‍ മലയാളം എഴുത്തില്‍ ആവുന്നത്ര അച്ചടക്കങ്ങള്‍ പാലിക്കുന്നവനാണ്. ഇംഗ്ലീഷിന്റെ അച്ചടക്കം കുറെക്കൂടി കര്‍ശനമാണ്. ആ പരിശീലനം എന്റെ രണ്ട് എഴുത്തിനെയും സഹായിക്കുന്നു എന്നെനിക്ക് തോന്നുന്നു.
മലയാളത്തില്‍ സക്കറിയ രചനകള്‍ എന്നു പറയുമ്പോള്‍ വായനക്കാരന്റെ ജാഗ്രതാശീലം പ്രതീക്ഷിക്കുന്ന സമീപനങ്ങള്‍ ഇംഗ്ലീഷ് ഭാഷാരചനയ്ക്കുവേണ്ടി മാറ്റേണ്ടതായോ പ്രസാധന രംഗത്തുനിന്നും എന്തെങ്കിലും നിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടതായോ വന്നിട്ടുണ്ടോ? അനുഭവം എന്താണ്
നല്ല വായനക്കാരന്റെ ജാഗ്രതയ്ക്ക് ഭാഷാവ്യത്യാസം ഉണ്ടാവാന്‍ വഴിയില്ല. എല്ലാ ഭാഷകളിലും തികഞ്ഞ ജാഗ്രതയോടെ വായിക്കുന്ന ഒട്ടേറെ വായനക്കാരുണ്ടാവും. അവരാണ് എഴുത്തുകാരന്റെ ഉള്ളില്‍ പല നല്ല മാനദണ്ഡങ്ങളും സൃഷ്ടിക്കുന്നത്. എന്നാല്‍, ഓരോ ഭാഷയുടെയും ആസ്വാദനപരിസരം വേറെയാണ്.
മലയാളം ഫിക്ഷന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക ആസ്വാദനപരിസരമല്ല തൊട്ടടുത്ത തമിഴിന്റേത്. അതുപോലെത്തന്നെയാണ് ഇംഗ്ലീഷിന്റേതും. ഇംഗ്‌ളീഷിന്റെ അഖിലേന്ത്യാ-ആഗോള പരിസരങ്ങള്‍ ആവശ്യപ്പെടുന്നത് എന്തെന്ന ഒരു കരുതല്‍ ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ ഉണ്ടായിരിക്കണം.
എഡിറ്റിങ് താരതമ്യേന ഇല്ലാത്ത മലയാള പ്രസാധന രംഗത്തുനിന്ന് എഡിറ്റര്‍ അവസാനവാക്കാവുന്ന ഇംഗ്ലീഷ് പ്രസാധനരംഗം എത്രകണ്ടു വ്യത്യസ്തമാണ്
മലയാളത്തില്‍ എഴുതുമ്പോള്‍ വിദശീകരണം ആവശ്യമില്ലാത്തത് എന്നുകരുതുന്ന പലതും ഇംഗ്ലീഷില്‍ അങ്ങനെയല്ല. അതേപോലെ, മലയാളത്തില്‍ സ്വീകാര്യമായതോ ആസ്വാദ്യമായതോ ആയ പലതിനും ഇംഗ്ലീഷില്‍ പ്രസക്തി ഇല്ലാതാകുന്നു. ഒരു എഡിറ്റര്‍ക്ക് ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാനും പരിഹരിക്കാനും കഴിയും. ഇംഗ്ലീഷ് എഴുത്തില്‍ എഡിറ്റര്‍ അവസാനവാക്കല്ല, എങ്കിലും അതിപ്രധാനമായ പങ്കാണ് വഹിക്കുന്നത്. ഒരു നല്ല എഡിറ്റര്‍ എഴുത്തുകാരുമായി ചര്‍ച്ചചെയ്താണ് മാറ്റങ്ങള്‍ വരുത്തുന്നത്.
സൂക്ഷ്മത ഇല്ലാത്തയിടത്ത് സൂക്ഷ്മത സൃഷ്ടിക്കുന്നു. വ്യക്തത നിര്‍മിക്കുന്നു. പ്രയോഗ വ്യാകരണ പിശകുകള്‍ തിരുത്തുന്നു. വസ്തുതാപരമായ തെറ്റുകള്‍ കണ്ടെത്തുന്നു. എഴുത്തിന് കെട്ടുറപ്പും പേശീബലവും നല്‍കുന്നു. മലയാളത്തില്‍നിന്ന് ഇംഗ്ലീഷ് പരിഭാഷ നടത്തുന്ന ചിലരെങ്കിലും ആ കര്‍ത്തവ്യംകൂടി പരിഭാഷയുടെ ഭാഗമായി ഏറ്റെടുക്കുന്നുണ്ട് എന്നുതോന്നുന്നു. മലയാളത്തില്‍ പ്രതിഭാധനരായ എഡിറ്റര്‍മാരില്ലാത്തത് മലയാളം എഴുത്തിന്റെ ആഗോളസാധ്യതകള്‍ക്ക് മങ്ങലേല്പിക്കുന്നു.
എഴുത്താളരുടെ സഹജമായ അഹംബോധം പ്രദര്‍ശിപ്പിച്ചു കണ്ടിട്ടില്ലാത്ത സക്കറിയ എന്ന എഴുത്തുകാരന്‍ അന്‍പതുകൊല്ലമായി ഒപ്പംനില്‍ക്കുന്ന മലയാളംവായനക്കാരുടെ അതേ സഹൃദയത്വം ഇംഗ്ലീഷ് വായനക്കാര്‍ക്കുണ്ടാകുമോ എന്ന് സംശയിച്ചിരുന്നോ.
ഇംഗ്ലീഷ് വായനക്കാര്‍ മറ്റേതു വായനക്കാരെയും പോലെയാണ്. സഹൃദയരും അല്ലാത്തവരുമുണ്ട്. ഞാന്‍തന്നെ ഒരു ഉറച്ച ഇംഗ്ലീഷ് വായനക്കാരനാണ്. പക്ഷേ, ആദ്യം പറഞ്ഞതുപോലെ, ഇതാണ് ശരാശരി ഇംഗ്ലീഷ് വായനക്കാരന്‍ എന്ന് ചൂണ്ടിക്കാണിക്കാന്‍ ആവുന്ന ഒരാളുണ്ട് എന്നു തോന്നുന്നില്ല. എന്നാല്‍. മലയാളത്തിന്റെ കാര്യമെടുത്താല്‍ കൊച്ചിയിലെ വായനക്കാരിയും കോഴിക്കോട്ടെ വായനക്കാരിയും തമ്മില്‍ വലിയ വ്യത്യാസമില്ല എന്നുതോന്നും. ഒട്ടേറെ സാഹിത്യാഭിരുചികള്‍ മലയാളികള്‍ പൊതുവായി പങ്കുവെക്കുന്നുണ്ട്.
മലയാളത്തിലെ സക്കറിയഫിക്ഷന് കല്പിച്ചിരുന്ന ദൈര്‍ഘ്യം ഒരു നൊവെല്ലയോളം മാത്രമായിരുന്നു. എന്നാല്‍, ആദ്യത്തെ ഇംഗ്ലീഷ് ഫിക്ഷന്‍ രചന 431 പേജുകള്‍ നീളമുള്ള സാമാന്യത്തിലധികം ദൈര്‍ഘ്യമുള്ള നോവലാണ്. അതു പ്രസിദ്ധീകരിച്ച് ആറുകൊല്ലം കഴിഞ്ഞ് അതേ നോവലിനെ ചെത്തിമിനുക്കി ൈകയടക്കമുള്ള 234 പേജുകളില്‍ ഒതുങ്ങുന്ന പാഠഭേദം. എഴുത്തുകാരന്‍ ഇതൊന്നു വലിയിരുത്തുമോ
മലയാളം എഴുതുമ്പോള്‍ ശ്രദ്ധപതിപ്പിക്കാറുണ്ട് എന്നു ഞാന്‍ കരുതുന്ന പല അച്ചടക്കങ്ങളും ഈ നോവലിന്റെ ആദ്യ രൂപത്തില്‍ പ്രവര്‍ത്തിച്ചില്ല. ആറുവര്‍ഷം കഴിഞ്ഞ് ആദ്യത്തെ ധൃതികള്‍ മാറ്റിവെച്ച് നിസ്സംഗമായി നോവലിനെ സമീപിച്ചപ്പോള്‍ പല പോരായ്മകളും നീക്കംചെയ്യാന്‍ കഴിഞ്ഞു എന്നുതോന്നുന്നു.
ഷെഹാന്‍ കരുണതിലകയുടെ ഉദാഹരണമാണ് എന്റെ മുന്നിലുണ്ടായിരുന്നത്. 431 പേജുകളില്‍നിന്ന് 234-ലേക്ക് നോവല്‍ കൊണ്ടുവരാനും കൂട്ടിയോജിപ്പിക്കലുകളും പുതുക്കി എഴുത്തുകളും നടത്താനും മാസങ്ങളെടുത്തു. പക്ഷേ, അതുചെയ്തുകഴിഞ്ഞപ്പോള്‍ എന്റെ രചനയ്ക്കുവേണ്ടി ചെയ്യാനാവുന്നത് ചെയ്തു എന്ന തൃപ്തി എനിക്കുണ്ടായി.
പരിഷ്‌കരിച്ച പതിപ്പിന്റെ എഡിറ്റര്‍ ആരായിരുന്നു
ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റി പ്രസില്‍ എഡിറ്റര്‍ ആയിരുന്ന രേഖാ നടരാജനാണ് പരിഷ്‌കരിച്ച പതിപ്പിന്റെ വിശദമായ എഡിറ്റിങ് നടത്തിയത്. രണ്ട് സ്‌നേഹിതര്‍ അവസാന വായനയും നടത്തി സഹായിച്ചു. പുസ്തകത്തിന്റെ പുതിയ പുറപ്പാടുമായി പുതിയ പ്രസാധകരായ പെന്‍ഗ്വിന്‍ സന്തോഷപൂര്‍വം സഹകരിച്ചു.
ഇംഗ്ലീഷ് നോവലിന്റെ ആദ്യത്തെയും രണ്ടാമത്തെയും അവതരണ കാലങ്ങളില്‍ പ്രസാധകരുടെ സമീപനം എന്തായിരുന്നു? ഇംഗ്ലീഷ്-മലയാള പ്രസാധന പ്രക്രിയകള്‍ വേറിട്ടുനില്‍ക്കുന്നത് എങ്ങനെയൊക്കെ? ഇവിടെ മാതൃഭാഷയുടെ സമാശ്വാസങ്ങളില്ലാത്തതിന്റെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിരുന്നോ.
ആദ്യത്തെയും ഇപ്പോഴത്തെയും പ്രസാധകരില്‍നിന്ന് ഒരേപോലെ കാര്യക്ഷമവും ശ്രദ്ധാപൂര്‍വവുമായ സഹകരണമാണ് ലഭിച്ചത്. മലയാള പ്രസാധനവും ഇംഗ്ലീഷ് പ്രസാധനവും തമ്മിലുള്ള ഏറ്റവും പ്രധാന വ്യത്യാസം, മേല്‍ സൂചിപ്പിച്ചതുപോലെ മലയാളത്തിലെ എഡിറ്റിങ്ങിന്റെ അഭാവമാണ്. മലയാളത്തിലെ എത്രയോ കൃതികള്‍ എഡിറ്റിങ്കൊണ്ട് മെച്ചപ്പെടുമായിരുന്നു എന്ന് തോന്നാറുണ്ട്. അവയില്‍ പലയിടത്തും പ്രത്യക്ഷപ്പെടുന്ന അശ്രദ്ധമായ എഴുത്തിനെ തിരുത്താന്‍ കഴിയുമായിരുന്നു. കഥാപാത്രസൃഷ്ടിയിലും ആഖ്യാനത്തിന്റെ യുക്തിയിലും ഉള്ള ബലഹീനതകള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. സംസ്‌കൃതപദ ഡംഭുകള്‍ നീക്കിക്കളയാന്‍ പറ്റുമായിരുന്നു.
മലയാള പ്രസാധനരംഗത്ത് എഡിറ്റോറിയല്‍ ശ്രദ്ധയുടെ അഭാവം സുപ്രധാനപ്രശ്‌നമാണ്. അല്ലെങ്കില്‍ പ്രൂഫ് നോക്കല്‍ എടുക്കുക. മലയാള പുസ്തക പ്രസാധനരംഗത്തെ പ്രൂഫ്നോക്കലിന്റെ അവസ്ഥ ദയനീയമാണ്. ഭാഷ അച്ചടിക്കേണ്ടത് എങ്ങനെ എന്നതിനെപ്പറ്റിയുള്ള പരിജ്ഞാനം അപ്രത്യക്ഷമായി. അച്ചടിയില്‍ ഭാഷയോട് പ്രദര്‍ശിപ്പിക്കേണ്ട ബഹുമാനവും വിശ്വസ്തതയും ചോര്‍ന്നുപോയി. ഇത് വളരെ നിര്‍ഭാഗ്യകരമാണ്.
സെല്‍ഫ് എഡിറ്റിങ് ചെയ്യുന്ന കൂട്ടത്തിലാണോ? മലയാളത്തിലും ഇംഗ്ലീഷിലും അങ്ങനെയാണോ? ഇത്തരം എഡിറ്റിങ് നോവലിനെ ബാധിക്കുന്നത് എങ്ങനെയാണ്? അത് നോവലിന് നല്‍കുന്നത് എന്താണ്? എന്തു തള്ളണം എന്തു കൊള്ളണം എന്ന് തീരുമാനിക്കുന്നത് എങ്ങനെയാണ്.
ഞാന്‍ എന്റെ എഴുത്തിനോട് മൃദുത്വമോ ദാക്ഷിണ്യമോ കാണിക്കാത്ത ഒരു സെല്‍ഫ് എഡിറ്ററാണ്. ആ സമീപനം ഈ നോവലിന്റെ ആദ്യരൂപത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല. എന്റെ ധൃതിയും ആദ്യ നോവലിനോടുള്ള അമിത വാത്സല്യവുമായിരുന്നു അതിനുകാരണം എന്നുതോന്നുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച എഡിറ്റര്‍മാരില്‍ ഒരാളും എന്റെ സുഹൃത്തും ആദ്യ പ്രസാധകയുമായ വി.കെ. കാര്‍ത്തികയുടെ ഉപദേശങ്ങള്‍ പലതും ഞാന്‍ ചെവിക്കൊണ്ടില്ല.
കാര്‍ത്തികയുടെ നിര്‍ബന്ധപൂര്‍വമായ ഇടപെടലുകളാണ് അന്ന് പുസ്തകത്തെ അടിസ്ഥാന പ്രസാധാന യോഗ്യതയുള്ളതാക്കിയത്. ബാക്കിനിന്ന പ്രശ്‌നങ്ങളാണ് ഈ പുതിയരൂപത്തില്‍ ഞാന്‍ പരിഹരിക്കാന്‍ ശ്രമിച്ചത്. സെല്‍ഫ് എഡിറ്റിങ് നടത്തുമ്പോള്‍ അത് മലയാളത്തിലോ ഇംഗ്ലീഷിലോ ആവട്ടെ, എന്തുതള്ളണം എന്തുകൊള്ളണം എന്ന് തീരുമാനിക്കുന്നതിന്റെ പിന്‍ബലം ഇക്കാലമെല്ലാം എഴുതിയതിലൂടെ ലഭിച്ച ധാരണകളാണ്. കൂടാതെ ഇക്കാലമെല്ലാം വായിച്ചതിലൂടെ ഉണ്ടായ നല്ല എഴുത്ത് എന്ന സങ്കല്പവും.
എഡിറ്റര്‍, പരിഭാഷകര്‍ എന്നിവര്‍ക്ക് പുതിയ പ്രസാധനകാലത്തെ ധര്‍മം എന്താണ്
പുതിയ പ്രസാധനത്തിലും എഴുത്തിലും എഡിറ്റര്‍മാരുടെയും പരിഭാഷകരുടെയും പങ്ക് നിര്‍ണായകമാണ്. എഡിറ്റര്‍മാര്‍ക്ക് രചനകളെ വലിയ അളവില്‍ കുറ്റമറ്റതാക്കാന്‍ കഴിയും. പരിഭാഷകര്‍ക്ക് അവയെ കേരളത്തിനും ഇന്ത്യക്കും പുറത്തേക്കു നയിക്കാന്‍ കഴിയും. സാമൂഹിക മാധ്യമങ്ങളില്‍നിന്നും എഐയില്‍നിന്നും ഇനി ഉയരാന്‍പോകുന്ന വെല്ലുവിളികളെ നേരിടാന്‍ എഡിറ്റിങ്ങും പരിഭാഷയും പ്രസാധനത്തിന് വലിയ സഹായമായിത്തീരും.
ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ സക്കറിയ സാഹിത്യത്തിന്റെ മെറ്റബോളിസം എപ്രകാരം മാറിയിട്ടുണ്ട്
മലയാളത്തില്‍ എഴുതുന്ന എഴുത്തുകാരന്‍ തന്നെയാണ് ഇംഗ്ലീഷിലും എഴുതുന്നത്. എന്റെ ഭാവനയെ രൂപപ്പെടുത്തിയത് മലയാളവും ഇംഗ്ലീഷുമാണ്. രണ്ടുവായനകളുടെ ഉത്പന്നമാണ് ഞാന്‍. ഇംഗ്ലീഷിന്റെ വാതില്‍ തുറക്കുമ്പോള്‍ ഇംഗ്ലീഷിലൂടെ എന്നിലേക്ക് കടന്നുവന്ന എല്ലാ എഴുത്തുകാരും എനിക്ക് വഴികാട്ടുന്നു. മലയാളത്തില്‍ എഴുതുമ്പോള്‍ ഞാന്‍ ഉള്‍ക്കൊള്ളുന്ന മലയാളം എഴുത്തുകാര്‍ എന്നെ തുണയ്ക്കുന്നു.
Content Highlights: Zacharia about the book work of True story of a writter, a Philosopher, and a shape-shifter