റോസ്‌മേരീ, മാധവിക്കുട്ടി എറിഞ്ഞുതന്ന ആ ചിലങ്കകള്‍ ആര്‍ക്കാണ് കൈമാറാന്‍ പോവുന്നത്?

#ഷബിത
റോസ്‌മേരി
റോസ്‌മേരി

'എന്റെ ചിലങ്കകള്‍ റോസ്‌മേരിയ്ക്കിതാ എറിഞ്ഞുകൊടുക്കുന്നു...' മാധവിക്കുട്ടിയുടെ ആ ചിലങ്കള്‍ എന്തുചെയ്തു റോസ്‌മേരി?

തികച്ചും ഓര്‍ക്കാപ്പുറത്തായിരുന്നു ആ സ്‌നേഹദാനം. തിരുവനന്തപുരത്ത ടാഗോര്‍ തിയേറ്റര്‍. അക്കൊല്ലം മാധവിക്കുട്ടിയ്ക്കായിരുന്നു വയലാര്‍ അവാര്‍ഡ്. പുരസ്‌കാരത്തിന്റെ മറുപടി പ്രസംഗത്തില്‍ മാധവിക്കുട്ടി പറഞ്ഞു:
' ആകാശത്ത് ചന്ദ്രന്‍ നേര്‍ത്തുനേര്‍ത്തു തുടങ്ങി. മുളങ്കാട്ടില്‍ കാറ്റ് വിലപിക്കുന്നു. ജീവിതം മുഴുവന്‍ ഞാന്‍ കൊട്ടാരത്തില്‍,എന്റെ രാജാവിനുമുന്നില്‍ നൃത്തം ചെയ്യുകയായിരുന്നു. നൃത്തമാടിയാടി കാലുകള്‍ തളര്‍ന്നുതുടങ്ങി. എന്റെ ചിലങ്കകള്‍ ഞാനിതാ റോസ്‌മേരിയ്ക്ക് എറിഞ്ഞുകൊടുക്കുന്നു.'

സദസ്സില്‍ ഞാനുമുണ്ടായിരുന്നു. ആഹ്ലാദത്തേക്കാള്‍ അമ്പരപ്പാണ് തോന്നിയത്. തികച്ചും അവിശ്വസനീയം! സഹൃദയര്‍ നിലയ്ക്കാത്ത കരഘോഷങ്ങളോടെ ആ പ്രഖ്യാപനം ഏറ്റുവാങ്ങി. ബൈബിളില്‍ ഏലിയാ പ്രവാചകന്‍ തന്റെ ഉത്തരീയമെടുത്ത് അരുമശിഷ്യനായ ജോഷ്വയെ പുതപ്പിക്കുന്നുണ്ട്; പിന്‍ഗാമിയായി വാഴിക്കാന്‍. ആ രംഗമാണ് മനസ്സില്‍ തെളിയുന്നതെന്ന് എന്റെ സുഹൃത്തും മുതിര്‍ന്ന നാടകകൃത്തുമായ അസീസിക്ക പറഞ്ഞത് ഓര്‍ക്കുന്നു. ആ ചിലങ്കകള്‍ എന്റെ മനസ്സില്‍ ഭദ്രമായി ഇരിപ്പുണ്ട്.

മധുചഷകത്തിന്റെയും വീഞ്ഞിന്റെയും ബിംബങ്ങള്‍കൊണ്ട് സമൃദ്ധമാണ് റോസ്‌മേരിയുടെ കവിതകള്‍.

ഞാന്‍ പിറന്നുവീണത് ഹൈറേഞ്ചിന്റെ കവാടമായ കാഞ്ഞിരപ്പള്ളിയിലാണ്. എമ്പാടും വിസ്തൃതമായ തോട്ടങ്ങള്‍. നട്ടുച്ചയ്ക്കുപോലും വെയില്‍നാളങ്ങള്‍ കടന്നുവരാത്ത ഇലത്തഴുപ്പ്.സദാ തണുപ്പ് തങ്ങിനില്ക്കുന്ന ആ അന്തരീക്ഷത്തില്‍ മദ്യപാനം തികച്ചും സര്‍വ്വസാധാരണമായിരുന്നു. അധ്വാനിക്കുന്നവന് ക്ഷീണം തീര്‍ക്കാന്‍ ലേശം സുരപാനം. മദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെ. എന്നിരുന്നാലും മദ്യപാനത്തിന് ആ സാമൂഹികക്രമത്തില്‍ യാതൊരു പതിത്വവും കല്‍പ്പിച്ചിരുന്നില്ല. കേവലം ഒരു കട്ടന്‍ കാപ്പി കുടിക്കുന്ന ലാഘവത്വം.

എന്റെ അപ്പനും ആറുസഹോദരന്മാര്‍ക്കും ജീവിതത്തെ അങ്ങേയറ്റം ആസ്വദിക്കുന്നവരായിരുന്നു. സാഹിത്യവും സംഗീതവും നാടകങ്ങളുമൊക്കെ ഹരമായി കൊണ്ടുനടന്നവര്‍. യാത്രകളും നായാട്ടും ചീട്ടുകളിയുമൊക്കെയായി ജീവിതത്തെ ഒരുത്സവംപോലെ അവര്‍ കൊണ്ടാടി. 

ഞാന്‍ ജീവിതത്തില്‍ ഏറ്റവും സ്‌നേഹിച്ചത് ഈ പിതൃകുലത്തെയാണ്‌. കുട്ടിയായിരിക്കേത്തന്നെ ഞാന്‍ അവരുടെ പിറകേയായിരുന്നു.ഒട്ടുമിക്ക വൈകുന്നേരങ്ങളിലും വീട്ടില്‍ അപ്പനിളേപ്പന്മാരുടെയും അവരുടെ ചങ്ങാതികളുടെയും സൗഹൃദവിരുന്നുകളുണ്ടാവുമായിരുന്നു. നര്‍മസംഭാഷണങ്ങളും സംഗീതങ്ങളും കൊണ്ട് മുഖരിതമായിരുന്നു ആ സന്ധ്യകള്‍. 

അത്തരം മദ്യപാനസദസ്സുകള്‍ പലപ്പോഴും ഹതാശരെ ആത്മഹത്യയില്‍ നിന്നും രക്ഷിക്കുന്നു. സപാദങ്ങള്‍ ഭൂമിയിലെ പച്ചപ്പരുഷയാഥാര്‍ഥ്യങ്ങളില്‍ നിന്നും വിടുതല്‍ നേടുന്ന മിതമായ ഉന്മത്തതയില്‍ ഹൃദയം സ്വതന്ത്രമാവുന്നു.മനസ്സ് ഒരു പക്ഷിയെപ്പോലെ ചൂളം കുത്തിപ്പാടുന്നു.സകല സങ്കോചങ്ങളും വിട്ടുപോകുന്നു. ഒരളവുവരെ അത് മനുഷ്യര്‍ക്ക് ഇരുട്ടിലെ പിടിവള്ളിയായി മാറുന്നു. എനിക്ക് കവിതയെന്നപോലെ.

മലയാളകവിതയിലെ പ്രാദേശികാധിനിവേശത്തെക്കുറിച്ച് ചിന്തിക്കാറുണ്ടോ?

നമ്മുടെ ഈ കേരളം വലിപ്പത്തില്‍ ചെറുതെങ്കിലും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ സമന്വയം കൂടിയാണ്. ഓരോ ജില്ലയ്ക്കും തനതായ സാംസ്‌കാരികത്തനിമ. എല്ലാവരും ചോറാണ് കഴിക്കുന്നതെങ്കിലും ഓരോ ദിക്കിലും കറികള്‍ക്ക് ഓരോ രുചിയാണല്ലോ.

ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇടപാടുകളും എല്ലാം വ്യത്യസ്തം. ഭാഷയുടെ കാര്യം പിന്നെ പറയുകയേ വേണ്ടല്ലോ. എന്തെല്ലാം വ്യത്യസ്ത ഭാഷാപ്രയോഗങ്ങള്‍,ശൈലികള്‍,വായ്ത്താരികള്‍... ഓരോയിടത്തിലേയും സംസാരങ്ങള്‍ക്ക് അതിന്റെതായ താളമുണ്ട്, ഇമ്പമുണ്ട്, ശേലുണ്ട്.അവയെല്ലാം എഴുത്തിലേക്ക് പകര്‍ത്തുന്നത് നല്ലതുതന്നെ. ഒരു ദേശതേതിന്റെ , ഭൂവിഭാഗത്തിന്റെ പ്രതിച്ഛായ പകര്‍ത്തലാണല്ലോ അത്. ഒരളവുവരെ അത് ആസ്വാദ്യകരമായിരിക്കും.എം. മുകുന്ദന്റെ മയ്യഴി ഭാഷയും സി.രാധാകൃഷ്ണന്റെ പൊന്നാനി വാമൊഴിച്ചന്തവും മാധവിക്കുട്ടിയുടെയും എം.ടിയുടേയും വള്ളുവനാടന്‍ ശൈലിയുമെല്ലാം നാം ഉള്ളുതുറന്ന് ആസ്വദിച്ചവയാണ്. 

പക്ഷേ കൊളോക്യല്‍ ഭാഷയുടെ ആധിക്യമാണിപ്പോള്‍. ആ ജനുസ്സില്‍പ്പെട്ട പല രചനകളും ഞാന്‍ വായിക്കാന്‍ ശ്രമിച്ച് പരാജിതയായി. പ്രാദേശിക സ്വത്വത്തിന്റെ അതിപ്രസരം...ഒന്നും മനസ്സിലാവുന്നില്ല. വല്ല ലിത്വാനിയനോ, പരത്രീസോ ഒക്കെ മനസ്സിലാക്കാന്‍ ശ്രമിക്കുംപോല്‍ വിഫലം.പണ്ടൊക്കെ ദേവീഭാഗവതവും നാരായണീയവുമൊക്കെ അച്ചടിക്കുമ്പോള്‍ സംസ്‌കൃതത്തിനൊപ്പം അതിന്റെ മലയാള പരിഭാഷകൂടി ചേര്‍ത്തിരുന്നു. പാമരര്‍ക്കും വേണമല്ലോ ആത്മീയദര്‍ശനം. അതുപോലെ ഈ സാഹിത്യകാര്‍ നമ്മുടെ വ്യവഹാരഭാഷകൂടി എഴുതിച്ചേര്‍ക്കുമെങ്കില്‍ നന്ന്. 

ചില സിനിമകള്‍ക്കുമുണ്ട് ഇതേ പ്രശ്‌നം. അങ്ങേയറ്റം കൊളോക്യലായ സംഭാഷണം. പലപ്പോഴും കഥാപാത്രങ്ങളുടെ മുഖഭാവവും വിഷ്വലുകളുമൊക്കെ കണ്ടുകൊണ്ടുവേണം കഥാഗതി ഊഹിച്ചെടുക്കാന്‍. വിദേശസിനിമകളില്‍ ചെയ്യുന്നതുപോലെ എന്തുകൊണ്ട് സബ്‌ടൈറ്റിലുകള്‍ എഴുതിച്ചേര്‍ക്കുന്നില്ല?കൊണ്ടോട്ടിക്കാരും  കാസര്‍കോടുകാരും വയനാട്ടിലെ ഗോത്രവര്‍ഗക്കാരും അവരുടെയൊക്കെ ചരിത്രം അവര്‍മാത്രം മനസ്സിലാക്കിയാല്‍ പോരല്ലോ. മറ്റുദേശക്കാരും അതാസ്വദിക്കേണ്ടേ?

മറിച്ചു ചിന്തിച്ചാല്‍, ഒരു കടലോര മുക്കുവനും വനവാസിയായ ഗോത്രവര്‍ഗക്കാരനും ജീവിതത്തിന്റെ രാജരഥ്യവിട്ട് ഓരത്തുകൂടി ചകിതചിത്തനായി നീങ്ങുന്ന കീഴാളനും ഒരേപോലെ പരിഷ്‌കൃതവും ഏവര്‍ക്കും സ്വീകാര്യവുമായ ഭാഷ സംസാരിക്കുന്നതും പരിഹാസ്യമായിരിക്കും. എന്താണാവോ ഉചിതമായ ഒരുപോംവഴി?

സാഹിത്യത്തിലെ നവഭാവുകത്വത്തെയും ഈ ചിന്തയോട് കൂട്ടിവായിക്കേണ്ടേ?

സാഹിത്യമെന്നത് ഒഴുകുന്ന ഒരു പുഴപോലെയാണ്. ഓരോ നിമിഷവും അത് പുതുതാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും. ഞാന്‍ കോളേജില്‍ പഠിക്കുമ്പോളായിരുന്നു മലയാളത്തില്‍ ഉത്തരാധുനികതയുടെ കടന്നുവരവ്. കഥയുടെ രംഗത്താണ് വമ്പിച്ച പരീക്ഷണങ്ങളും പുതുമകളും അരങ്ങേറിയത്.

എം. മുകുന്ദന്‍, നാരായണപിള്ള, കാക്കനാടന്‍, സക്കറിയ, പുനത്തില്‍, പട്ടത്തുവിള, മാധവിക്കുട്ടി...ഇവരൊക്കെയായിരുന്നു ആ നവഭാവുകത്വത്തിന്റെ ഉജ്വലനക്ഷത്രങ്ങള്‍. അവരുടെ ഇതിവൃത്തങ്ങളും ഇമേജറികളും ഭാഷാപ്രയോഗങ്ങളും ഞെട്ടിപ്പിക്കും വിധം പുതുതായിരുന്നു. യുവാക്കള്‍ അവരെ ഇരുകയ്യും നീട്ടി എതിരേറ്റു. പഴയ ഭാവുകത്വം പിന്തുടരുന്നവര്‍ ഈര്‍ഷ്യാകുലരായി നെറ്റിചുളിച്ചു. സിനിമയിലും ചിത്രകലയിലുമൊക്കെ വമ്പിച്ചമാറ്റങ്ങള്‍ സംഭവിച്ച കാലമായിരുന്നു അത്.

ഈ മാറ്റങ്ങളെ ജീവിത്തിലായാലും കലയിലായാലും തികഞ്ഞ ഔത്സുക്യത്തോടെ നോക്കിക്കാണുന്നു. വൈവിധ്യം, പുതുമ, ചലനാത്മകത...ഇതൊക്കെയാണല്ലോ നമ്മുടെയൊക്കെ വീരസജീവിതങ്ങളെ വര്‍ണാഭമാക്കുന്നത്. ജീവിതനൗകയും പാശമലരും പോലെയുള്ള സിനിമകള്‍ ആവര്‍ത്തിച്ചാല്‍, സര്‍വേക്കല്ലിന്റെയും മുടിയനായ പുത്രന്റെയും ശൈലിയില്‍ നാടകങ്ങള്‍ തുടര്‍ന്നാല്‍ മഹാവൈരസ്യമാവില്ലേ പ്രേക്ഷകന്?

പക്ഷേ ഒന്നുണ്ട്. പുതുതായതുകൊണ്ടുമാത്രം നമുക്കവയെ ഇഷ്ടമാവണമെന്നില്ല. ആസ്വാദനത്തിന്റെ കാര്യത്തില്‍ ഞാന്‍ പലപ്പോഴും പഴയ ചില ഇഷ്ടങ്ങളിലേക്ക് കൂടെക്കൂടെ മടങ്ങിപ്പോവാറാണ് പതിവ്. ഉദാഹരണത്തിന് വിഭൂതി ഭൂഷണ്‍ന്റെ ആരണ്യക്, ബിമല്‍ മിത്രയുടെ നോവലുകള്‍, ടി. പത്മനാഭന്റെ ആദ്യകാല ചെറുകഥകള്‍ ഇവയൊക്കെ ഞാന്‍ വീണ്ടും വീണ്ടും വായിച്ചുകൊണ്ടേയിരിക്കുന്നു. 

അതുപോലെ ഭരതന്റെ ആരവം, എം.ടിയുടെ നിര്‍മാല്യം പത്മരാജന്റെ പെരുവഴിയമ്പലം, പി.എന്‍ മേനോന്റെ ഓളവും തീരവും, സത്യജിത് റേയുടെ ജാല്‍സാഖര്‍... ഇവയൊക്കെ എത്ര കണ്ടാലും മതിവരില്ല. ഓരോ കാഴ്ചയിലും പുതുപുതുഭാവുകങ്ങള്‍ തെളിഞ്ഞു വരുംപോലെ.

റോസ്‌മേരിയുടെ ഫെമിനിസിറ്റ് ചിന്തകള്‍

ഞാന്‍ ഒരു ഫെമിനിസ്റ്റാണ് എന്ന് ഉറച്ചശബ്ദത്തില്‍ തലയുയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ പ്രഖ്യാപിക്കുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന, അവഗണിക്കപ്പെടുകയും  ഹൃദയശൂന്യമാംവിധം ചവിട്ടിമെതിയ്ക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകളുടെ വീണ്ടെടുപ്പിനായി പരിശ്രമിക്കുന്ന വ്യക്തിയാണ് ഞാന്‍. 

പക്ഷേ പെണ്ണെഴുത്ത് എന്ന സംജ്ഞയോട് യാതൊരു പ്രതിപത്തിയും എനിക്കില്ല. പെണ്‍ശില്പകല, പെണ്‍ചിത്രകല, പെണ്‍വാസ്തുശില്പം ഇവയൊന്നും പ്രസക്തമല്ലാത്തതുപോലെ എഴുത്തിലും അത്തരമൊരു ബ്രാന്‍ഡിംഗിനു പ്രസക്തിയില്ല. സ്ത്രീകളോട് മാത്രമല്ല, ഈ ഭൂമിയിലെ ദു:ഖം അനുഭവിക്കുന്ന സമസ്തമനുഷ്യരോടുമാണ് എന്റെ അനുഭാവം. രചനയില്‍ ഏര്‍പ്പെടുമ്പോള്‍ ഞാന്‍ ഒരു സ്ത്രീയോ പുരുഷനോ അല്ല. ആരുടെയും പുത്രിയോ, ഭാര്യയോ, അമ്മയോ, സ്‌നേഹിതയോ ഒന്നുമല്ല. അങ്ങേയറ്റം സ്വതന്ത്രയായ ഒരാത്മാവ്. ആകാശാതിര്‍ത്തിയും ഭേദിച്ച് വിഹായസ്സിലേക്ക് കുതിച്ചുപായുന്ന ഒരു പക്ഷി. താഴെ ഭൂമിയിലെ അതിര്‍ത്തിക്കല്ലുകളോ,ദേശങ്ങളെ വിഭജിക്കുന്ന മതിലുകളോ അതിനെ ബാധിക്കുന്നതേയില്ല. 

ഫെമിനിസ്റ്റ് എഴുത്തുകാരികള്‍ നമ്മുടെ സാഹിത്യത്തിലെ ശക്തമായ ഒരു സാന്നിധ്യം തന്നെയാണ്. കരുത്തുറ്റ ഉറച്ച നിലപാടുകളുള്ള മുന്നണിപ്പോരാളികള്‍. ഞാന്‍ അവരുടെ കൂട്ടത്തില്‍ ഇല്ല എന്നേയുള്ളൂ. നിങ്ങള്‍ കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നില്ല എന്നുവച്ച് കമ്യൂണിയം ഇല്ലാതാവുന്നില്ലല്ലോ.

സാഹിത്യം പലതരത്തിലുമുള്ള സെന്‍സര്‍ഷിപ്പിന് വിധേയമായിക്കൊണ്ടിരിക്കുകയാണല്ലോ. ഇന്നതേ എഴുതാന്‍ പാടുള്ളൂ എന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തി നില്ക്കുമോ?

എഴുത്ത് ഒരു വമ്പിച്ച സ്വാതന്ത്ര്യപ്രഖ്യാപനമാണ്. അവിടെ സെന്‍സര്‍ഷിപ്പിന് പ്രസക്തിയില്ല. ആ പരിധിയില്ലാത്ത സ്വാതന്ത്ര്യം പലപ്പോഴും കാടുകയറാറുണ്ട്. എന്തും ഏതും വായനക്കാരന്റെ തലയില്‍ അടിച്ചേല്‍പ്പിക്കാം എന്ന ധരിക്കുന്ന ചില എഴുത്തുകാരുമുണ്ട്. അതേച്ചൊല്ലിയൊന്നും വൃഥാവ്യസനിക്കേണ്ടതില്ല. അത്തരം ജല്പനങ്ങളെയും വൈകൃതഭാവനകളെയും കാലം ചവറ്റുകുട്ടയില്‍ എറിഞ്ഞുകൊള്ളും.

ആധുനികതയുടെ നാളുകളില്‍ ഗര്‍ഭപാത്രവും ആര്‍ത്തവരക്തവും തീണ്ടാരിയും മറ്റും മനംനടുപ്പിക്കും വിധം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഒക്കെയും ഒന്നും അവശേഷിക്കാതെ വിസ്മൃതിയുടെ നിലയില്ലാക്കയത്തില്‍ മുങ്ങിമറഞ്ഞുപോയി. വായനക്കാരന്‍ ബുദ്ധിമാനാണ്. ആ വിവേകശാലിക്ക് ഉചിതമായ തിരഞ്ഞെടുപ്പ് നടത്താനുള്ള മികച്ച സംവേദനശേഷിയുണ്ട്.

ലാജവന്തി എന്നൊരുവള്‍.റോസ്‌മേരിയുടെ ഏറ്റവും പുതിയകവിതാസമാഹാരം. ജീവിതം വച്ചുനീട്ടുന്ന മരുപ്പച്ചകളിലേക്ക് വശംവദയാവുന്ന ലാജവന്തിയെക്കുറിച്ച്?

ലാജവന്തി, ശേഫാലിക,  റോസ്സമാറിയ...ഇവര്‍ എന്റെ കവിതകളില്‍ ആവര്‍ത്തിച്ചു കടന്നുവരുന്നു. ആ കാവ്യഭൂമികയില്‍ തങ്ങളുടെ ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നു. മനുഷ്യന്‍ ഈ ഭൂമികയില്‍ ആത്യന്തികമായി ഏകനാണ്. തനിയെ ഈ ഭൂമിയിലേക്ക് വന്ന്, തനിയെ മടങ്ങിപ്പോവുന്നവര്‍. ഇടയ്ക്ക് എരിവെയിലില്‍ തണല്‍കുട എന്നോണം. ഇരുള്‍മഴയില്‍ തെളിയുന്ന പാതവിളക്ക് എന്നോണം. മമതകള്‍,ഗാഡസൗഹൃദങ്ങള്‍, സംഘമൈത്രികള്‍...

ഇവരും ജീവിതം വച്ചുനീട്ടുന്ന മരുപ്പച്ചകളില്‍ അഭയം തേടുന്നവരാണ്. ഗാഢപ്രണയങ്ങളില്‍ ആണ്ടുമുഴുകുന്നവരാണ്. ഉപാധികളില്ലാത്ത സ്‌നേഹം വര്‍ഷിക്കുന്നവരാണ്. ഇലച്ചീന്തിലെ ജപപുഷ്പമെന്നപോല്‍ യഥാര്‍ഥസ്‌നേഹത്തിന് മുന്നില്‍ അവനവനെത്തന്നെ സമര്‍പ്പിക്കുന്നവരാണ്. പക്ഷേ വിധിയുടെ പ്രഹരങ്ങള്‍ അവരെ ഹതാശരാക്കുന്നു.ആഘാതങ്ങള്‍ ഹൃത്തടത്തെ തകര്‍ത്തുതരിപ്പണമാക്കുന്നു.അവിടെവച്ച്  അവര്‍ ഒറ്റയ്ക്കു സഞ്ചരിച്ചുതുടങ്ങുന്നു. അവനവനെത്തന്നെ സ്‌നേഹിച്ച്. സ്വയം കരുത്താര്‍ജിച്ച് ;റാഢിന്‍ന്റെ കരിങ്കല്‍ ശില്പങ്ങളെപ്പോല്‍ കരുത്താര്‍ജിച്ച്...പ്രകൃതിയില്‍ നിന്നാണ് അവര്‍ ഊര്‍ജം നേടുന്നത്. സംരക്ഷിക്കുവാന്‍ ചുറ്റുമതിലുകളില്ലാത്ത വിശാലമായ പ്രപഞ്ചത്തിലൂടെ ശിരസ്സ് ഉയര്‍ത്തിപ്പിടിച്ച്, ഉറച്ചകാല്‍വെയ്പുകളോടെ അവര്‍ നീങ്ങുകയാണ്. ഒറ്റയ്ക്ക്. തികച്ചും ഒറ്റയ്ക്ക്്. അത്രമേല്‍ ഒറ്റയ്ക്കായവളോടാണ് എനിക്ക് സ്‌നേഹം. അതാണ് ലാജവന്തി.

മാധവിക്കുട്ടി നൃത്തം ചെയ്തുതളര്‍ന്നപ്പോള്‍ എറിഞ്ഞുതന്ന ചിലങ്ക ഇനിയാര്‍ക്കാണ് എറിഞ്ഞുകൊടുക്കാന്‍ തോന്നുന്നത്?

ആ ചിലങ്കകള്‍ എന്റെ കൈകളിലേക്ക് എറിഞ്ഞുതന്നപ്പോള്‍ ഞാന്‍ അത്യധികം ആഹ്ലാദിച്ചു എന്നത് സത്യം. അത് അപ്പോള്‍ത്തന്നെ മനസ്സിന്റെ ഒരിടത്ത് ഭദ്രമായി സൂക്ഷിച്ചു വച്ചു. പിന്നീടുള്ള ജീവിതത്തില്‍ ആ ചിലങ്കകളെ പരിപാലിക്കുന്നതിനെക്കുറിച്ച് ഞാന്‍ ഓര്‍ക്കാന്‍ തന്നെ വിട്ടുപോയി എന്നതാണ് സത്യം. ഞാന്‍ ചിലങ്കയണിഞ്ഞുനടക്കുകയാണെന്നോ, ആ നൃത്തത്തിന്റെ ബാക്കി ആടുകയാണെന്നോ വിചാരിച്ചിട്ടില്ല. ആമിയെപ്പോലെ ഞാനൊരു സ്വപ്‌നാടനനൃത്തത്തിലല്ല, കുറേക്കൂടി യാഥാര്‍ഥ്യം നിറഞ്ഞ ലോകത്താണ് ജീവിക്കുന്നത്. ആ ചിലങ്ക കൈവശമുണ്ടെന്നോ അത് കൈമാറ്റം ചെയ്യണമെന്നോ ഇതുവരെയുള്ള ചിന്തകളില്‍ വന്നിട്ടില്ല.

Content Highlight:Malayalam Writer Rosemary interview

Content Highlights: