യുദ്ധങ്ങൾ കണ്ടു രസിക്കുന്നത് ദ്രൗപദിയുടെ ഇഷ്ടമായിരുന്നു; ഞാൻ നിന്നത് ഘടോൽക്കചന്റെ ഭാഗത്ത്- എം.ടി.

ജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ട കാലത്താണ് ആയുസ്സ് എം.ടിക്ക് രണ്ടാമതൊരു ഊഴം കൂടി നല്‍കുന്നത്. നീണ്ട ആശുപത്രിവാസം കഴിഞ്ഞു വിശ്രമത്തിലിരിക്കുമ്പോള്‍ ഇനി എഴുതാന്‍ പോകുന്നത് എന്തായിരിക്കണം എന്നുള്ളതിനെക്കുറിച്ചുള്ള വ്യക്തമായ ചിത്രം മനസ്സില്‍ വരച്ചുകൊണ്ടേയിരുന്നു എം.ടി. ഒന്നര ദശാബ്ദക്കാലത്തെ അന്വേഷണങ്ങളും വായനകളും ചര്‍ച്ചകളും അക്ഷരങ്ങളായി മാറി. ഭാരതത്തിലെ മഹാകുടുംബത്തിന്റെ ഐതിഹാസിക കഥ മലയാളത്തില്‍ പുനര്‍ഭാവനം ചെയ്യപ്പെട്ടു; രണ്ടാമൂഴം എന്ന നോവലിലൂടെ. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ അസാമീസ് വിവര്‍ത്തനം ഉള്‍പ്പെടെ ഒട്ടേറെ വിവര്‍ത്തനങ്ങള്‍, പഠനങ്ങള്‍, നിരൂപണങ്ങള്‍... മുപ്പത്തിയെട്ട് സംവത്സരങ്ങളായി ആ ആഘോഷം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. രണ്ടാമൂഴം എന്ന മാസ്റ്റര്‍പീസിന് പിറകിലേക്ക് പോയാല്‍...
മഹാഭാരതത്തിലെ ചില മാനുഷിക പ്രതിസന്ധികളാണ് എന്റെ പ്രമേയം. ആ വഴിക്ക് ചിന്തിക്കാന്‍ അര്‍ത്ഥഗര്‍ഭമായ നിശബ്ദതകള്‍ വ്യാസന്‍ കഥ പറയുമ്പോള്‍ കരുതിവെച്ചിട്ടുണ്ട്. ആ നിശബ്ദതയിലൂടെ സഞ്ചരിക്കാനായിരുന്നു ഞാന്‍ ശ്രമിച്ചത്. മഹാഭാരതത്തിലൂടെ, കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ എല്ലാവരും തെറ്റു ചെയ്തിട്ടുണ്ടെന്നു മനസ്സിലായി. നന്മ ചെയ്തവരും തെറ്റ് ചെയ്തിട്ടുണ്ട്. അപ്പോള്‍ ആര് ശരി, ആര് തെറ്റ് എന്ന് നമുക്കെങ്ങനെ പറയാന്‍ കഴിയും? അവസാനം ധർമ്മപുത്രര്‍ പറയുന്നത് നമ്മള്‍ ഇതൊക്കെ വിട്ടിട്ട് പോവുകയാണ് എന്നാണ്. അദ്ദേഹത്തിന് മതിയായി. എല്ലാവരിലും വലിയ വില്ലാളിയാവണം എന്നാഗ്രഹിച്ചയാളാണ് അര്‍ജുനന്‍. അര്‍ജുനനെ തോല്‍പിക്കാന്‍ ആരുമില്ലെന്ന് ഗുരുനാഥനടക്കം പറഞ്ഞതാണ്. പക്ഷേ, എല്ലാവരിലും തെറ്റുകളുണ്ട്, കുറ്റങ്ങളുണ്ട്. അതെല്ലാം വെച്ചുകൊണ്ട് ഇന്നതാണ് പെര്‍ഫെക്ട് എന്ന് നമുക്ക് പറയാന്‍ കഴിയില്ല. ഇതാണ് ഭാരതത്തില്‍ സംഭവിച്ചതെന്ന് എങ്ങനെയാണ് ഉറപ്പിച്ചു പറയാന്‍ പറ്റുക? വലിയ യുദ്ധങ്ങളില്‍ പങ്കെടുത്ത അഭിമന്യുവിനെപ്പോലെയുള്ളവര്‍ അവസാനം കൊല്ലപ്പെടുകയാണ് ചെയ്യുന്നത്. ഇന്‍വിന്‍സിബിള്‍; തോല്‍പിക്കാന്‍ കഴിയാത്തവര്‍ എന്നു പറയുന്നവരായി ആരുമില്ല. മഹാഭാരതം എടുത്തുനോക്കിയാല്‍ ഇവര്‍ക്കൊക്കെയും പിഴവുകള്‍ സംഭവിച്ചിരുന്നു. കര്‍ണന് പറ്റിയിട്ടുണ്ട്. കര്‍ണന്‍ അജയ്യനാണ്, എന്നാണ് എല്ലാവരും പറഞ്ഞിരുന്നത്. പക്ഷേ, കര്‍ണന്‍ രണ്ടോ മൂന്നോ തവണ യുദ്ധക്കളത്തില്‍ തോറ്റ് ആളുകളെ അഭിമുഖീകരിക്കാന്‍ കഴിയാതെ നിന്നിട്ടുണ്ട്. അമ്പുകളേറ്റ് ആയുധങ്ങളുടെ മുമ്പില്‍നിന്നു പിന്‍വാങ്ങിയിട്ടുണ്ട് കര്‍ണന്‍.
നകുലസഹദേവന്മാര്‍- സുമുഖരും അതിസുന്ദരന്മാരുമായിരുന്നു രണ്ടു പേരും. കുതിരകളെ മെരുക്കുന്നതില്‍ അസാമാന്യമായ പാണ്ഡിത്യമുണ്ടായിരുന്നു നകുലന്. അത് നകുലന്റെ പ്ലസ് പോയിന്റായിരുന്നു. ദ്രൗപദിക്കും തെറ്റുകള്‍ വന്നില്ലേ? അതുകൊണ്ടാണ് മാനുഷികകഥ എന്നുള്ള നിലയ്ക്ക് മഹാഭാരതത്തെ കാണുന്നത്. നല്ല കാര്യങ്ങള്‍ ചെയ്ത കൃഷ്ണനും ചില വീഴ്ചകള്‍ സംഭവിച്ചു. എല്ലാവര്‍ക്കും നന്മയുമുണ്ട്; കഴിവുമുണ്ടായിരുന്നു. ദ്രൗപദിയെ പണയംവെച്ച് ചൂതാട്ടം നടന്നു. അതെല്ലാം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ യുധിഷ്ഠിരനോട് കൃഷ്ണന്‍ ചോദിക്കുകയാണ്: 'താനെന്തൊരു മണ്ടനാണ്, ഇങ്ങനെ ആരെങ്കിലും ചെയ്യുമോ? അവനവന്റെ ഭാര്യയെ പണയം വെച്ചിട്ട് ആരെങ്കിലും കളിക്കുമോ? ഞാനുണ്ടായിരുന്നെങ്കില്‍ ഇത് നടക്കില്ലായിരുന്നു.' അന്ന് യാദവന്മാരുടെ വേറൊരു യുദ്ധം നടക്കുന്നുണ്ടായിരുന്നു. അതിലായിരുന്നു കൃഷ്ണന്‍. യുദ്ധം കഴിഞ്ഞ് തിരിച്ചുവന്നപ്പോഴാണ് നടന്ന സംഭവങ്ങളെല്ലാം അറിയുന്നത്.
Content Highlights: m t vasudevan nair interview on his masterpiece randamoozham