മാർക്സിനെയും ഗുരുവിനെയും അംബേദ്കറെയും ഗാന്ധിജിയെയും ഇടതായി കണ്ടുകൊണ്ടാവും അക്കാദമി പ്രവർത്തിക്കുക- കല്പറ്റ നാരായണൻ

അക്കാദമിയിൽ എന്തൊക്കെ മാറ്റംകൊണ്ടുവരാനാണ് ആലോചന
കേരളത്തിലെ സാഹിത്യാന്തരീക്ഷത്തെ കൂടുതൽ സജീവമാക്കുക. കേരളത്തിലെ എഴുത്തുകാരുടെ രചനകൾ കേരളത്തിന് പുറത്തെത്തിക്കാനായി ഒരു ഇംഗ്ലീഷ് മാസിക തുടങ്ങുക.
കേരളത്തിൽ സാഹിത്യോത്സവങ്ങൾ കൂടി വരുകയാണ്. ഇതിൽ അക്കാദമി എങ്ങനെ ഇടപെടും
പതിവ് രീതിയിൽനിന്ന് വിഭിന്നമായി സാഹിത്യോത്സവം നടത്തുക. സമൂഹത്തിന് ഗുണകരമാവുന്ന വിധത്തിൽ പുനഃസംവിധാനം ചെയ്യുക. വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക
സാഹിത്യസമൂഹം ഇടത്-വലത് വിധം തിരിയുന്നത് ഗുണകരമാണോ
ഗാന്ധിജിയെയോ അംബേദ്ക്കറെയോ ഇടതായി ഗണിക്കാത്ത നിലപാടിനെ അവഗണിച്ച് മാർക്സിനെയും ഗുരുവിനെയും അംബേദ്കറെയും ഗാന്ധിജിയെയും ഇടതായി കണ്ടുകൊണ്ടാവും അക്കാദമി പ്രവർത്തിക്കുക.
സർക്കാരുകളെ ന്യായീകരിക്കേണ്ട ബാധ്യത അക്കാദമിക്കുണ്ടോ
സർക്കാരിന്റെ പി.ആർ. പണി ചെയ്തുകൊണ്ടല്ല, സർക്കാരിന്റെ യശസ്സുയർത്തും വിധം അക്കാദമിയുടെ ഉദ്ദേശ്യലക്ഷ്യം സർഗാത്മകമായി സാക്ഷാത്കരിച്ചാണ് അക്കാദമി സ്വയം ന്യായീകരിക്കുക.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അക്കാദമി പാർട്ടികേന്ദ്രമായെന്ന ആക്ഷേപമുണ്ടായിരുന്നു. എന്താവും താങ്കളുടെ സമീപനം
സാഹിത്യ കേന്ദ്രീകൃതമായി പ്രവർത്തിക്കും.
അക്കാദമിയുടെ സാമ്പത്തികപരാധീനത മാറ്റാൻ എന്തുചെയ്യും
പുസ്തക പ്രസിദ്ധീകരണം ശക്തമാക്കിയും ഇതര വകുപ്പുകളുമായി ചേർന്നു പ്രവർത്തിച്ചും ധനക്കമ്മി പരിഹരിക്കും.
ജെൻ സീ തലമുറയോടുള്ള സമീപനം
ജെൻ സീകളെ സാഹിത്യ ഭാവുകത്വമുള്ളവരുമാക്കുക എന്നതാവും അക്കാദമിയുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. ആരും അഭിസംബോധന ചെയ്യപ്പെടാതിരിക്കില്ല.