'പാകിസ്താനിൽ ഡീപ് സ്റ്റേറ്റ് ഉണ്ട്, സ്വന്തം നിഴൽസേനകളെ നിയന്ത്രിക്കാൻ പോലും അവർക്ക് കഴിയുന്നില്ല'

#ഡെക്ലാൻ വാൽഷ് / ശ്രീകാന്ത് കോട്ടയ്ക്കൽ | sreekanthsmile@gmail.com
ഡെക്ലാന്‍ വാല്‍ഷ്, തെക്കന്‍ അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് പട്ടാള ബേസില്‍ ജോലിക്കിടെ ഡെക്ലാന്‍ വാല്‍ഷ്‌
ഡെക്ലാന്‍ വാല്‍ഷ്, തെക്കന്‍ അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് പട്ടാള ബേസില്‍ ജോലിക്കിടെ ഡെക്ലാന്‍ വാല്‍ഷ്‌

ഒൻപതു വർഷം പാകിസ്താനിൽ മാധ്യമപ്രവർത്തകനായി ജീവിച്ചയാളാണ് ഡെക്ലാൻ വാൽഷ്.  സമീപകാല പാക് ചരിത്രത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾക്കെല്ലാം അദ്ദേഹം സാക്ഷിയായി. പ്രധാനമന്ത്രിയും പ്രസിഡന്റും മുതൽ താലിബാൻ തീവ്രവാദികളോടും ഐഎസ്‌ഐ ചാരന്മാരോടുംവരെ സംസാരിച്ചു. മുംബൈ ഭീകരാക്രമണം നടന്നസമയത്ത് ലഷ്‌കറെ തൊയ്ബ തലവൻ ഹാഫിസ് സയീദുമായി അഭിമുഖം നടത്തി. പാകിസ്താന്റെ മുക്കിലും മൂലയിലുംവരെ സഞ്ചരിച്ചു. ആ ജനതയുടെ മിടിപ്പറിഞ്ഞു. ആ നാടിന്റെ കൂടപ്പിറപ്പായ നിഗൂഢതയെ തൊട്ടറിഞ്ഞു. പന്ത്രണ്ട്‌ വർഷംമുൻപ്‌ പെട്ടന്നൊരുനാൾ പാക് സർക്കാർ ഡെക്ലാനെ നാടുകടത്തി. സംഭവബഹുലമായ തന്റെ പാകിസ്താൻ ജീവിതത്തെക്കുറിച്ച് ഡെക്ലാൻ വാൽഷ് എഴുതിയ പുസ്തകമാണ് The Nine Lives of Pakistan - Dispatches from a Precarious State. ഓപ്പറേഷൻ സിന്ദൂറിന്റെകൂടി പശ്ചാത്തലത്തിൽ പാകിസ്താനെക്കുറിച്ചും അതിന്റെ പല മുഖങ്ങളെക്കുറിച്ചുമെല്ലാം ഡെക്ലാൻ സംസാരിക്കുകയാണ്...

എന്തുകൊണ്ടാണ് പാകിസ്താനെ പലപ്പോഴും ഒരു ‘ഡീപ് സ്റ്റേറ്റ്’ (ഭരണകൂടത്തെ രഹസ്യമായി സ്വാധീനിക്കാൻ കഴിവുള്ള സംഘങ്ങളുള്ള രാജ്യം) എന്ന് വിശേഷിപ്പിക്കുന്നത്? ഏതൊക്കെ വഴികളിലും തലങ്ങളിലുമാണ് ആ വിശേഷണം പാകിസ്താന് അനുയോജ്യമാകുന്നത്?

പാകിസ്താനിൽ ഒരു ‘ഡീപ് സ്റ്റേറ്റ്’ പ്രവർത്തിക്കുന്നുണ്ട് എന്ന് നിസ്സംശയം പറയാം. ശക്തവും ആരോടും ഉത്തരം പറയേണ്ടാത്തതുമായ സൈന്യവും രഹസ്യാനേഷണ ഏജൻസികളുമൊക്കെ ആ നിഗമനത്തെ ശരിവെക്കുന്നു. എന്നാൽ, പാകിസ്താൻ ഒരു ‘ഡീപ് സ്റ്റേറ്റ്’ മാത്രമാണെന്ന്‌  ഞാൻ പറയില്ല. അതിനപ്പുറം പലതുമാണത്. തീർച്ചയായും ദുഷ്‌കരവും ദുരിതപൂർണവുമായ  ചരിത്രമുള്ള രാജ്യമാണ് പാകിസ്താൻ. അതേസമയം, സമ്പന്നതയുടെയും വൈവിധ്യത്തിന്റെയും ഇടംകൂടിയാണ്. ഈ വൈരുധ്യം ‘ഡീപ് സ്റ്റേറ്റി’ന് അതിന്റേതായ വെല്ലുവിളികൾ നൽകുന്നു. അവിശ്വസനീയമാംവിധം ശക്തരാണെങ്കിലും സൈന്യത്തിനും ചാരസംഘടനയായ ഐഎസ്‌ഐക്കും പാകിസ്താന്റെ കിഴുക്കാംതൂക്കായ ചരിത്രത്തിന്റെ ഉത്പന്നമായ മറ്റുശക്തികളുമായി -നാട്ടുകാർ, രാഷ്ട്രീയക്കാർ, വിവിധ വംശീയവിഭാഗങ്ങൾ, സാമ്പത്തികശക്തികൾ തുടങ്ങി പലരുമായും പലപ്പോഴും ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട്. തീവ്രവാദഗ്രൂപ്പുകൾ ഉൾപ്പെടെയുള്ള സ്വന്തം നിഴൽസേനകളെ നിയന്ത്രിക്കാൻപോലും അവർ ബുദ്ധിമുട്ടുന്നു. അത് രാജ്യത്തിന് ദോഷകരമായ തിരിച്ചടി സൃഷ്ടിച്ചു. പതിറ്റാണ്ടുകളോളം ശ്രമിച്ചിട്ടും അവർക്ക് വിജയിക്കാൻകഴിയാത്ത സ്ഥലങ്ങളുമുണ്ട്. ബലൂചിസ്താനിലെ കലാപം നോക്കൂ; സൈന്യവും രഹസ്യാന്വേഷണ വിഭാഗവും അതടിച്ചമർത്താൻ വലിയതോതിൽ വിഭവങ്ങൾ നീക്കിവെച്ചിട്ടും ഇന്നും അത്‌ തുടരുന്നു.

മുഹമ്മദലി ജിന്ന മുതൽ ഐഎസ്ഐ ചാരൻവരെയുള്ള ജീവിതത്തിന്റെ വിവിധതുറകളിലുള്ള ഒൻപത് വ്യക്തികളിലൂടെയാണ്  പുസ്തകത്തിൽ പാകിസ്താനെ താങ്കൾ ചിത്രീകരിക്കുന്നത്. ഇങ്ങനെയൊരു വേറിട്ട രചനാരീതി സ്വീകരിക്കാൻ കാരണമെന്താണ്?

Nine Lives of Pakistan എന്ന പുസ്തകത്തിന്റെ കവര്‍

ഒരു രാജ്യത്തെക്കുറിച്ചുള്ള നോൺഫിക്‌ഷൻ പുസ്തകത്തിനുവേണ്ടിയുള്ള പരമ്പരാഗത സമീപനത്തോടെയാണ് ഞാൻ എഴുതാൻ തുടങ്ങിയത്. പ്രധാന പ്രമേയങ്ങളായിത്തോന്നിയ സൈന്യം, രാഷ്ട്രീയം, ഇസ്‌ലാം അങ്ങനെ പലതും കേന്ദ്രീകരിച്ച് എഴുതാൻ തീരുമാനിച്ചു. അധ്യായങ്ങൾ അതിനനുസരിച്ച് ക്രമീകരിച്ചു. എന്നാൽ, കുറച്ചുകാലം കഴിഞ്ഞപ്പോൾ, എഴുതാനാഗ്രഹിച്ചതരത്തിലുള്ള പുസ്തകത്തിലേക്കും ആഗ്രഹിച്ചതരത്തിലുള്ള വായനക്കാരിലേക്കുമെത്താൻ ഈ സമീപനം സഹായിക്കില്ല എന്ന് എനിക്കു ബോധ്യമായി. പാകിസ്താനെക്കുറിച്ച് ആധികാരികമായി പറയുന്ന, അല്ലെങ്കിൽ പാകിസ്താനെക്കുറിച്ച് ഇതിനകം അറിയാവുന്ന ആളുകൾക്കുവേണ്ടിയുള്ള ഗൗരവമേറിയ നല്ല പുസ്തകങ്ങൾ ധാരാളമുണ്ടെന്നും മനസ്സിലാക്കി. ആ രാജ്യത്തെക്കുറിച്ചറിയാൻ കൗതുകമുള്ള, എന്നാൽ, അതിനെക്കുറിച്ച് കാര്യമായി ഒന്നുമറിയാത്ത സാധാരണ വായനക്കാരിലേക്ക് എത്താനാണ് ഞാൻ ആഗ്രഹിച്ചത്. അതിനാൽ, പുസ്തകം മാറ്റിയെഴുതാൻ തീരുമാനിച്ചു. അവിടെ താമസിച്ച കാലയളവിൽ കണ്ടുമുട്ടിയ ഒട്ടേറെ വ്യക്തികളെ, ആകർഷകമായ, നിഗൂഢമായ, ഭ്രാന്തുപിടിപ്പിക്കുന്ന, പ്രചോദിപ്പിക്കുന്ന ആളുകളെ  ഓർത്തപ്പോൾ അവരിൽ നിന്ന് എത്രമാത്രം ഞാൻ മനസ്സിലാക്കി എന്ന കാര്യവും ആലോചിച്ചു. അവരിൽനിന്ന് ഞാൻ ഒരുപാട് മനസ്സിലാക്കിയെങ്കിൽ, എന്റെ വായനക്കാർക്കും ആ രാജ്യത്തെക്കുറിച്ച് അവരിലൂടെ മനസ്സിലാക്കാൻ സാധിക്കുമെന്നുതോന്നി. അതിനാൽ, വിഷയങ്ങളെക്കാൾ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് എഴുതുന്നതാണ്‌ ഉചിതമായ വഴിയെന്നും ഞാൻ തിരിച്ചറിഞ്ഞു. 

പാക് സൈന്യത്തെ ഒരു മാഫിയാദേശം/അധോലോകം എന്ന് വിശേഷിപ്പിക്കാൻ പറ്റുമോ? പാകിസ്താനിലെ ജീവിതത്തിന്റെ പലമേഖലകളെയും സൈന്യമാണ് ഇപ്പോഴും നിയന്ത്രിക്കുന്നതെന്ന് പറയപ്പെടുന്നു. അത് ശരിയാണെങ്കിൽ, ഏതൊക്കെയാണ് ആ മേഖലകൾ?

പാകിസ്താൻ സൈന്യം പലതരത്തിലും ഒരു മാഫിയയുടെ വിപരീതമാണ്. കാരണം എവിടെയും  മാഫിയ, ഭരണകൂടത്തിന് പുറത്താണ് പ്രവർത്തിക്കുന്നത്. മറിച്ച് പാക് സൈന്യം, നല്ലതിനോ ചീത്തയ്ക്കോ, ഭരണകൂടത്തിന്റെ നെടുംതൂണാണ്. ഒരു രാജ്യത്തെ ഭരിക്കാൻ ഇതൊരു നല്ലമാർഗമല്ലെന്ന് പല സൈനികജനറൽമാരും സ്വകാര്യമായി സമ്മതിക്കുന്നുണ്ട്. എന്നാൽ, പാകിസ്താനെ മെച്ചപ്പെട്ട സംവിധാനത്തിലേക്ക് എങ്ങനെ മാറ്റിയെടുക്കാനാവും? അതാണ് പ്രശ്നം.

പാകിസ്താനിൽ താങ്കൾ ധാരാളം യാത്രചെയ്തിട്ടുണ്ട്; കറാച്ചി മുതൽ ബലൂചിസ്താൻ വരെയും ഇസ്‌ലാമാബാദ് മുതൽ വസീരിസ്താൻ വരെയും. വിവിധതരക്കാരായ ആളുകളോടൊപ്പം ധാരാളം സമയം ചെലവഴിച്ചു. തിരിഞ്ഞുനോക്കുമ്പോൾ, സന്ദർശിച്ചതിൽവെച്ച് ഏറ്റവും അപകടകരമായ പ്രദേശം ഏതായിരുന്നു? താങ്കൾ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും പേടിപ്പെടുത്തിയ ആളുകൾ ആരെല്ലാമാണ്?

പാകിസ്താനിൽ ഞാൻ സന്ദർശിച്ച എല്ലാ ഭാഗങ്ങളിലും എനിക്ക് ഊഷ്മളമായ സ്വീകരണവും ആതിഥ്യമര്യാദയും ലഭിച്ചെന്ന് സത്യസന്ധമായി പറയാൻ കഴിയും. തീർച്ചയായും വെല്ലുവിളികളുണ്ടായിരുന്നു. ക്വറ്റയിൽവെച്ച് ചിലർ പിന്തുടരുകയും എന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറ് താലിബാൻ തീവ്രവാദികളുമായി എനിക്ക് ഇടപഴകേണ്ടിവന്നു. ഇസ്‌ലാമാബാദിലെ എന്റെ വീടിനടുത്തുവെച്ച് ചാവേർ ബോംബാക്രമണത്തിൽനിന്ന് തലനാരിഴയ്ക്കാണ് ഞാൻ രക്ഷപ്പെട്ടത്.  

വസീരിസ്താനില്‍ താലിബാന്‍ ഭീകരര്‍ക്കൊപ്പം ഡെക്ലാൻ വാൽഷ്

പക്ഷേ, ഒട്ടേറെ രസികരായ മനുഷ്യരെയും ഞാൻ അവിടെവെച്ച് കണ്ടുമുട്ടി. റെഡ് മോസ്‌കിലെ മൗലാന അബ്ദുൾ അസീസുമായുള്ള കൂടിക്കാഴ്ചകൾ വ്യക്തമായി ഓർക്കുന്നു. അദ്ദേഹമെന്നെ സംശയത്തോടെ കണ്ടിരിക്കാം. പക്ഷേ, സ്വന്തം ലോകവീക്ഷണം എന്നെ ബോധ്യപ്പെടുത്താൻ ശ്രമിച്ച ആകർഷകമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. റെഡ് മോസ്‌ക് ഉപരോധത്തിന്റെ അവസാനഘട്ടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടു. എന്നാൽ, അദ്ദേഹവുമായി നടത്തിയ സംഭാഷണങ്ങളിൽനിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ മനസ്സിലാക്കി. 

പാകിസ്താനിൽ താങ്കളുണ്ടായിരുന്ന കാലത്താണ് അബോട്ടാബാദിലെ സൈനികക്യാമ്പിനടുത്തുവെച്ച് ഉസാമ ബിൻ ലാദൻ കൊല്ലപ്പെട്ടത്. ബിൻ ലാദന് ഒളിച്ചിരിക്കാൻ ഇടംനൽകിയതും ഒടുവിൽ അദ്ദേഹത്തെ പിടികൂടാൻ അമേരിക്കയെ സഹായിച്ചതും പാകിസ്താൻ സൈന്യമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ആളുകളുണ്ട്. ഇത് സത്യമായിരിക്കുമോ?

ഉസാമ ബിൻ ലാദൻ

ആ കിംവദന്തിയും പാകിസ്താൻ സൈന്യം അവസാനനിമിഷംവരെ ബിൻ ലാദനെ ഒളിപ്പിച്ചുവെച്ചു എന്ന കിംവദന്തിയും ഞാൻ കേട്ടിട്ടുണ്ട്. എല്ലാറ്റിനുമൊടുവിൽ അവയെല്ലാം കിംവദന്തികൾ മാത്രമായി അവശേഷിക്കുന്നു. ഈ രണ്ടുകാര്യങ്ങൾക്കും ആധികാരികമായ തെളിവുകളൊന്നും ഞാൻ കണ്ടിട്ടില്ല. ആർക്കാണ് ഇക്കാര്യം അറിയുക? പാകിസ്താൻ സൈന്യത്തിനുപുറമേ അമേരിക്കൻ സർക്കാരിന് കൃത്യമായ വിവരങ്ങളറിയാം.  എന്നാൽ, 2011 മുതൽ ഇത്രയും വർഷങ്ങൾക്കിടയിൽ, ഒസാമ ബിൻ ലാദനെ പാകിസ്താൻ സൈന്യവുമായി ബന്ധിപ്പിക്കുന്ന എന്തെങ്കിലും തരത്തിലുള്ള വിവരങ്ങളുമായി ഒരു അമേരിക്കൻ ഉദ്യോഗസ്ഥനും മുന്നോട്ടുവന്നിട്ടില്ല എന്നത് ശ്രദ്ധേയമാണെന്ന് ഞാൻ കരുതുന്നു. ഒരുപാട് വിവരങ്ങളുടെ ചോർച്ചസംഭവിക്കുന്ന നഗരമാണ് വാഷിങ്ടൺ. എന്നിട്ടും ഇക്കാര്യത്തിൽ യുഎസ് ഉദ്യോഗസ്ഥരിൽനിന്ന് വിശ്വാസയോഗ്യമായ ഒരു വാദവും ഇതുവരെ ഉണ്ടായിട്ടില്ല എന്നത്  ശ്രദ്ധേയമാണ്.

ലഷ്‌കറെ തൊയ്‌ബ നേതാവ് ഹാഫിസ്‌ സയീദിനെ അദ്ദേഹത്തിന്റെ ലഹോറിലെ വീട്ടിൽവെച്ചുകണ്ട അനുഭവം ഡെക്ലാൻ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.


‘‘മുംബൈ ഭീകരാക്രമണംനടന്ന സമയമായിരുന്നു അത്. ‘ഞാനൊരു സാധാരണക്കാരനായി ജീവിക്കുന്നു. എന്റെ ജീവൻ ദൈവത്തിന്റെ കൈയിലാണ്, അമേരിക്കയുടെ കൈയിലല്ല’ -വലിയൊരു പ്ലേറ്റ് ബിരിയാണിക്കുമുന്നിലിരുന്ന് സയീദ് പറഞ്ഞു.

ഹാഫിസ്‌ സയീദ്

മുംബൈ ആക്രമണത്തിൽ പിടികൂടപ്പെട്ട അജ്മൽ കസബ് അന്വേഷണസംഘത്തിനു കൊടുത്ത മൊഴിയിൽ പാക് അധിനിവേശ കശ്മീരിൽവെച്ച് സയീദ് നടത്തിയ പ്രസംഗത്തെക്കുറിച്ച്‌ പറഞ്ഞിരുന്നു - 'ജിഹാദിൽ  മരിച്ചാൽ നിങ്ങളുടെ മുഖം ചന്ദ്രനെപ്പോലെ തിളങ്ങും. നിങ്ങളുടെ ശരീരം സുഗന്ധം പൊഴിക്കും. നിങ്ങൾ സ്വർഗത്തിലെത്തപ്പെടും.'

ഞാനിത് പറഞ്ഞപ്പോൾ സയീദ് വികാരം മറച്ചുവെച്ചുകൊണ്ട്‌ പരിഹാസത്തോടെ പറഞ്ഞു: ‘കസബ് എന്തിനാണ് ബോംബയിൽപ്പോയത്‌ എന്നാർക്കറിയാം? ചിലപ്പോൾ അവനൊരു സിനിമയ്ക്കു പോയതാണെങ്കിലോ?’ മുംബൈയിലെ റെയിൽവേസ്‌റ്റേഷനിലൂടെ തോക്കുമായിനടക്കുന്ന കസബിന്റെ ഫോട്ടോ കാണിച്ചുകൊടുത്തപ്പോൾ സയീദ് പ്രതിഷേധത്തോടെ പറഞ്ഞു: ‘ഇക്കാലത്ത് നിങ്ങൾക്കാവശ്യമുള്ള എന്തും കംപ്യൂട്ടറിൽ ഉണ്ടാക്കാം’ .’’

ഇന്ത്യയും പാകിസ്താനും തമ്മിൽ ഒരു ആക്രമണപ്രത്യാക്രമണം ഇപ്പോൾ  കഴിഞ്ഞതേയുള്ളൂ. പാകിസ്താനികൾക്ക് ഇന്ത്യയോട് ആഴത്തിലുള്ള  വിദ്വേഷമുണ്ടെന്ന് ഞങ്ങളുടെ നാട്ടുകാർക്കിടയിൽ പൊതുവായ തോന്നലുണ്ട്. ഇത് യഥാർഥമാണോ? അതോ സൈന്യവും മതമൗലിക വിഭാഗങ്ങളും സൃഷ്ടിച്ച അതിശയോക്തിപരമായ ഭാവനമാത്രമാണോ?

പാകിസ്താനിൽ ഞാൻ പങ്കെടുത്ത ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായിരുന്നു വാഗ അതിർത്തിയിലെ ബീറ്റിങ് ദി റിട്രീറ്റ് ചടങ്ങ്.  അഭിമാനികളായ ഗാർഡുകൾ, അതിശയോക്തിപരമായ മാർച്ചിങ്, കണ്ണുകളുടെ ചലനം, ഇരുവശത്തുമുള്ള ജനക്കൂട്ടത്തിന്റെ ആർപ്പുവിളികൾ എന്നിവനിറഞ്ഞ ആ ചടങ്ങിന്റെ അതിശയകരമായ പ്രൗഢി. ഇത് ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ പ്രതീകവത്‌കരിക്കുന്നതായി എനിക്കുതോന്നി. വേദനാജനകമായ ചരിത്രത്തിന്റെയും തുടർച്ചയായ വൈരത്തിന്റെയും പാരമ്പര്യം, പങ്കിട്ട സംസ്‌കാരം, ഭാഷ, സമൂഹം ഇവയുടെയെല്ലാം ആഴത്തിലുള്ള ബോധം അതിൽ കലർന്നിരിക്കുന്നു.
പാകിസ്താനും ഇന്ത്യയും തമ്മിലുള്ള സംഘർഷങ്ങളുടെ ഗൗരവത്തെ നിസ്സാരവത്‌കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഗൗരവമേറിയ സൈനിക ഏറ്റുമുട്ടൽനടന്ന ഈ സമയത്ത്. ഇരുവശത്തുമുള്ള പരാതികളെയും കുറച്ചുകാണുന്നില്ല.  എന്നാൽ, പല വിപരീതഘടകങ്ങൾ ഉണ്ടായിരുന്നിട്ടും, ഇരുരാജ്യങ്ങളിലെയും സാധാരണക്കാർ തമ്മിൽ എത്രമാത്രം സാമ്യമുണ്ടെന്നത് എന്നെ എപ്പോഴും അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്. 2000-ത്തിന്റെ അവസാനത്തിൽ ക്രിക്കറ്റ് മത്സരങ്ങൾക്കിടെ ഇന്ത്യയിൽ പാകിസ്താനികൾക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണം ഓർക്കുക. ആത്യന്തികമായി, നിങ്ങളുടെ നേതാക്കൾ സമ്മതിക്കുന്നതിനെക്കാൾ വളരെയധികം കാര്യങ്ങൾ നിങ്ങൾക്ക്  പൊതുവായിട്ടുണ്ട്. എനിക്ക് അതാണ് പ്രതീക്ഷയുടെ കാതൽ   -പ്രതീക്ഷ ദുഷ്‌കരമായിത്തോന്നുന്ന ഈ നിമിഷങ്ങളിൽപ്പോലും.

 പാകിസ്താനെ ‘ഭീകരതയുടെ ഫാക്ടറി’ എന്ന്  വിശേഷിപ്പിക്കാറുണ്ട്. അതിൽ സത്യത്തിന്റെ അംശമുണ്ടോ? അങ്ങനെയാണെങ്കിൽ എന്തായിരിക്കാം അതിന്റെ കാരണം?

എന്റെ റിപ്പോർട്ടിങ്ങിൽ ഞാനെപ്പോഴും അത്തരം ഭാഷ ഒഴിവാക്കിയിട്ടുണ്ട്. ഇത് തെറ്റിദ്ധാരണ വർധിപ്പിക്കുകയേയുള്ളൂ, കാര്യങ്ങൾ മനസ്സിലാക്കാൻ സഹായിക്കില്ല എന്ന് ഞാൻ കരുതുന്നു. 2001-നുശേഷം വർഷങ്ങളോളം പാശ്ചാത്യരാജ്യങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന ‘ഭീകരതയ്ക്കെതിരായ യുദ്ധം’ എന്ന പ്രയോഗംപോലും ഞാൻ സ്വീകരിച്ചിട്ടില്ല.

പാകിസ്താനിൽ നേരിട്ടതിനു സമാനമായ ഒരു പ്രതികൂലസാഹചര്യം താങ്കൾ ഈജിപ്തിലും നേരിട്ടിരുന്നു. അവിടെനിന്ന് താങ്കൾ അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടത്. ഒരു വിദേശലേഖകന്റെ ജീവിതം കൂടുതൽക്കൂടുതൽ ഭീഷണിനിറഞ്ഞതായി മാറിക്കൊണ്ടിരിക്കുകയാണോ?

തീർച്ചയായും. ലോകമെമ്പാടും മാധ്യമസ്വാതന്ത്ര്യം തകരുകയാണ്, ഇത് നമ്മുടെ ജോലി കൂടുതൽ ബുദ്ധിമുട്ടുള്ളതും അപകടകരവുമാക്കുന്നു.  സ്വേച്ഛാധിപത്യത്തിന്റെ സമീപകാല വർധന ഈ പ്രവണതയെ വഷളാക്കിയിട്ടുണ്ട്. പാകിസ്താനിൽ മാധ്യമസ്വാതന്ത്ര്യം എപ്പോഴും ദുർബലമായിരുന്നു. എന്നിരുന്നാലും വിദേശലേഖകർക്ക് എത്രത്തോളം ഇതിൽനിന്ന് രക്ഷപ്പെടാൻ കഴിയുന്നു എന്നതിൽ ഞാൻ പലപ്പോഴും അദ്‌ഭുതപ്പെട്ടു. എന്നാൽ, ഇപ്പോൾ ഇന്ത്യയിലും മാധ്യമസ്വാതന്ത്ര്യം  പ്രതിസന്ധിയിലാണെന്നത് എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്.  പത്രപ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ വർധിക്കുന്നു. മാധ്യമമേഖലയുടെ ഉടമസ്ഥാവകാശം ഒരു ചെറിയകൂട്ടം ആളുകളുടെ കൈകളിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഞാൻ പത്രപ്രവർത്തനം തുടങ്ങിയപ്പോൾ ഇന്റർനെറ്റിന്റെ വളർച്ച മാധ്യമസ്വാതന്ത്ര്യത്തെ നിലനിർത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യും എന്ന വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, ആ വാഗ്ദാനം നിറവേറ്റാൻ ഇന്റർനെറ്റിന് സാധിച്ചില്ല. 

പാകിസ്താനിൽ ചെലവിട്ട ദിവസങ്ങളിൽ താങ്കൾക്ക് ഏറ്റവും വിലപ്പെട്ടതും ഹൃദയസ്പർശിയായതുമായ അനുഭവം ഏതാണ്? മറക്കാനാവാത്ത വ്യക്തി ആരാണ്?

പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. എന്നാലും ആദ്യകാല അനുഭവങ്ങളിൽ രണ്ടെണ്ണം പറയാം. ഒന്ന് ക്വറ്റ നഗരത്തിൽ ഷിയാ ഉത്സവമായ മുഹറം സമയത്തായിരുന്നു. അത് വളരെ തീവ്രവും വൈകാരികവും സംഘർഷഭരിതവുമായ രംഗമായിരുന്നു. തൊട്ടുതലേവർഷം ഘോഷയാത്രയിൽ ഒരു തീവ്രവാദി ആക്രമണം നടന്നതിനാൽ അക്കൊല്ലം നഗരം വിജനമായിരുന്നു. കാഴ്ചക്കാരാരുമില്ലാത്ത തെരുവുകളിലൂടെ മുഹറം ഘോഷയാത്ര നീങ്ങി. ചിലർ സ്വന്തം ശരീരത്തിൽ ചങ്ങല ഉപയോഗിച്ച് അടിച്ചുകൊണ്ട് ദൈവത്തോട് പ്രാർഥിച്ചു. അത് അവിശ്വസനീയമാംവിധം ആകർഷകമായിരുന്നു. അത്തരം സാഹചര്യങ്ങളിലെ മതപരമായ ഭക്തിയെക്കുറിച്ച് എന്റെയുള്ളിൽ ധാരാളം ചോദ്യങ്ങളുയർന്നു. 

അൻവർ കമാൽ മറാവത് ഖാൻ

മറ്റൊരു അനുഭവം സിന്ധ് പ്രവിശ്യയിലെ ഇൻഡസ് നദിയുടെ തീരത്ത്  തിളക്കമാർന്ന ഒരു  സൂഫി ആരാധനാലയത്തിനു ചുറ്റും നിർമിച്ച സെഹ്വാൻ ഷെരീഫ് പട്ടണത്തിൽവെച്ചായിരുന്നു. എല്ലാ വർഷവും ലക്ഷക്കണക്കിനാളുകൾ അവിടത്തെ ആദരണീയനായ വിശുദ്ധൻ ലാൽ ഷാബാസ് ഖലന്ദറിന്റെ ഉറൂസിനുവേണ്ടി ഒത്തുകൂടും. അതും ഓർമ്മയിൽ മായാതെനിൽക്കുന്ന വിസ്മയക്കാഴ്ചയാണ്. ഇപ്പോഴും എന്നെത്തന്നെ അവിടെ എനിക്ക്‌ സങ്കല്പിക്കാൻ കഴിയും. മറക്കാനാവാത്ത വ്യക്തികളായി എന്റെ പുസ്തകത്തിൽ  ഒൻപതു പേരുണ്ട്. അവരിൽ, ഒരുപക്ഷേ, ഞാൻ ഏറ്റവും ഇഷ്ടത്തോടെ ഓർക്കുന്നത് അൻവർ കമാൽ മറാവത് ഖാനെയാണ്. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഗോത്രവർഗമേഖലയ്ക്ക് സമീപമുള്ള അത്ര പ്രശസ്തനല്ലാത്ത രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. പലകാര്യങ്ങളിലും അദ്ദേഹം തന്റെ കാലഘട്ടത്തിന്റെയും സമൂഹത്തിന്റെയും മനുഷ്യനായിരുന്നു, പലകാര്യങ്ങളിലും സ്വയംപ്രഖ്യാപിത തെമ്മാടിയുമായിരുന്നു. ഞങ്ങളൊരുമിച്ച് ധാരാളം സമയം ചെലവഴിച്ചു. കുറച്ചുവർഷങ്ങൾക്കുമുൻപ്‌ അദ്ദേഹം മരിച്ചപ്പോൾ എനിക്ക് വളരെ ദുഃഖംതോന്നി.

ആഫ്രിക്കയുടെ മുഴുവൻ ചുമതലയുള്ള മാധ്യമപ്രവർത്തകൻ എന്നനിലയിൽ അവിടത്തെ അവസ്ഥ എന്താണ്‌?

ന്യൂയോർക്ക് ടൈംസിന്റെ ചീഫ് ആഫ്രിക്ക ലേഖകൻ എന്നനിലയിൽ, സാങ്കേതികമായി മുഴുവൻ ഭൂഖണ്ഡത്തിന്റെയും ചുമതലയുണ്ടെനിക്ക്. എന്നാൽ, ടൈംസിലെ കഴിവുറ്റ ഒട്ടേറെ സഹപ്രവർത്തകരുമായി ഈ മേഖല പങ്കിടുകയാണ് ഞാൻ ചെയ്യുന്നത്‌. ചില പ്രത്യേകമേഖലകളിൽ ശ്രദ്ധകേന്ദ്രീകരിച്ച് അവിടെനടക്കുന്ന സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യാനാണ് ഞാനിപ്പോൾ ശ്രമിക്കാറുള്ളത്‌. കഴിഞ്ഞവർഷം എന്റെ ശ്രദ്ധ സുഡാനിലെ യുദ്ധത്തിലും ഹോൺ ഓഫ് ആഫ്രിക്ക മേഖലയിലെ സംഘർഷങ്ങളിലുമായിരുന്നു. സമീപവർഷങ്ങളിൽ ആ മേഖലയിൽ ശരിക്കും ശ്രദ്ധേയമായത് ഖത്തർ, സൗദി അറേബ്യ, യുഎഇ പോലുള്ള പേർഷ്യൻ ഗൾഫ് രാജ്യങ്ങളുടെ വർധിച്ചുവരുന്ന സ്വാധീനമാണ്. അമേരിക്കയുടെയും യൂറോപ്പിന്റെയും സ്വാധീനം ആഫ്രിക്കയിൽ കുറഞ്ഞുവരുമ്പോൾ ആ ശൂന്യതനികത്താൻ ഗൾഫ് രാജ്യങ്ങൾ തിടുക്കംകാണിക്കുന്നു. ചെറിയതോതിലാണെങ്കിൽപ്പോലും  റഷ്യ, തുർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും അതുതന്നെ ചെയ്യുന്നു.

താങ്കൾ കേരളത്തെക്കുറിച്ച് വായിച്ചിട്ടുണ്ടോ? ഒരിക്കലെങ്കിലും കേരളം സന്ദർശിക്കാൻ താത്‌പര്യമുണ്ടോ?

ലജ്ജയോടെ പറയട്ടെ, ഞാൻ അവിടെ പോയിട്ടില്ല, ഉടൻതന്നെ ആ കുറവ് പരിഹരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു! 

പാകിസ്താനിൽനിന്ന് പുറത്താക്കപ്പെട്ട് അഞ്ചുവർഷത്തിനുശേഷം കയ്‌റോയിൽനിന്ന് യെമെനിലേക്ക് പോകുമ്പോൾ ഡെക്ലാൻ വാൽഷിന്റെ മൊബൈലിലേക്ക്‌ ഒരു മെസേജ് വന്നു: ‘നിങ്ങൾ ക്വറ്റയിൽ വന്നപ്പോൾ അവിടത്തെ ഇന്റലിജൻസ് ഓഫീസറായിരുന്നു ഞാൻ. നിങ്ങളെ നിരീക്ഷിക്കലായിരുന്നു ഞങ്ങളുടെ പ്രധാനജോലി’. വളരെ സൂക്ഷിച്ച് ഡെക്ലാൻ അയാൾക്ക് തിരിച്ച്‌ മെസേജ് അയച്ചു. അയാൾ ചോദിച്ചു: ‘അബ്ദുള്ള എന്നൊരു പോലീസ് ഓഫീസർ അന്ന്‌ ഹോട്ടലിൽ നിങ്ങളെവന്നു കണ്ടത് ഓർമ്മയുണ്ടോ? നിങ്ങളെ നിരീക്ഷിക്കാൻ ചുമതലയുള്ള ഐഎസ്ഐ ഓഫീസറായിരുന്നു അബ്ദുള്ള (അബ്ദുള്ളയുടെ യഥാർഥ പേരും അയാൾ പറഞ്ഞു). അയാളുടെ മകനുമൊത്ത്‌ ഹോട്ടലിനടുത്തുള്ള കഫേയിലേക്ക് അബ്ദുള്ള നിങ്ങളെ കൂട്ടിക്കൊണ്ടുപോയത് ഓർമ്മയുണ്ടോ? ഹോട്ടൽമുറിയിൽ ഐഎസ്ഐ ഓഫീസർമാർ നിങ്ങളുടെ ബാഗും മറ്റും പരിശോധിക്കുകയായിരുന്നു അപ്പോൾ. അബ്ദുള്ള നിങ്ങളെ ക്വറ്റ പോലീസ് മേധാവിയുടെ അടുത്തു കൊണ്ടുപോയപ്പോൾ കാറിൽ നിങ്ങൾ ലാപ് ടോപ് വെച്ചുമറന്നത് ഓർമ്മയുണ്ടോ? ഐഎസ്ഐയുടെ ഒരു സാങ്കേതിക വിദഗ്ധൻ അപ്പോൾ കാറിൽകയറി നിങ്ങളുടെ ലാപ് ടോപിന്റെ ഹാർഡ് ഡ്രൈവ് ഹാക്ക് ചെയ്യുകയായിരുന്നു... എനിക്ക് നിങ്ങളെപ്പറ്റി ഒരുപാട് കാര്യങ്ങളറിയാം...’
 
തുടർന്നുള്ള ദിവസങ്ങളിലൊന്നിൽ തണുത്തുറഞ്ഞ ബ്രസ്സൽ നഗരത്തിലെ കോഫീ ഷോപ്പിൽവെച്ച് ഡെക്ലാൻ അയാളെ കണ്ടുമുട്ടി. അഷ്‌റഫ് എന്നായിരുന്നു അയാൾ പേരുപറഞ്ഞത്. ഐഎസ്ഐയിലായിരുന്ന അയാൾ ആ ചാരസംഘടനയുടെ കൊള്ളരുതായ്മകളിൽ മനംമടുത്ത് രാജിവെച്ചു. പാകിസ്താനിൽ നിന്നാൽ കൊലചെയ്യപ്പെടുമെന്നതിനാൽ രാജ്യംവിട്ടു.


അഷ്‌റഫിനോട് ഡെക്ലാൻ ചോദിച്ചു: ‘‘എന്തിനാണ് പാകിസ്താൻ എന്നെ പുറത്താക്കിയത്? എന്താണ് ഞാൻചെയ്ത അനഭിലഷണീയമായ പ്രവർത്തനങ്ങൾ?’’
 

അഷ്‌റഫ് പറഞ്ഞു: ‘‘നിങ്ങൾ ക്വറ്റയിൽ പോയി. താലിബാൻ തീവ്രവാദ ക്യാംപുകളെക്കുറിച്ചും പട്ടാളത്തിന്റെ മനുഷ്യാവകാശവിരുദ്ധ പ്രവൃത്തികളെക്കുറിച്ചും എഴുതി. ഐഎസ്ഐ മറച്ചുപിടിക്കാൻ ശ്രമിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് നിങ്ങൾ ആവശ്യത്തിലധികം താത്‌പര്യം പ്രകടിപ്പിച്ചു. നിങ്ങളുടെ ഓരോ ചലനത്തിലും അവരുടെ കണ്ണുണ്ടായിരുന്നു -നിങ്ങൾ പോകുന്ന സ്ഥലങ്ങളിലും ചെയ്യുന്ന കാര്യങ്ങളിലുമെല്ലാം.’’
 

ഞെട്ടലോടെ ഡെക്ലാൻ അത് കേട്ടിരിക്കുമ്പോൾ അഷ്‌റഫ് പുറത്തെ ഇരുട്ടിലേക്ക് ഇറങ്ങിപ്പോയി. പാകിസ്താൻ ഒരു പ്രഹേളികയായി ആ പത്രപ്രവർത്തകന്റെ ഓർമ്മകളിൽ നിറഞ്ഞു.

Content Highlights: Interview with famous journalist Declan Walsh, who worked as journalist in pakistan for 9 years