'നെഹ്‌റു അക്കാദമി അധ്യക്ഷനായത് പ്രധാനമന്ത്രിയായിട്ടല്ല, എഴുത്തുകാരനായിട്ടാണ്'- സി. രാധാകൃഷ്ണൻ

? രാജി കേന്ദ്രസർക്കാരിനോടുംഭരണകക്ഷിയോടുമുള്ള പ്രതിഷേധമായല്ലേ വരുക
= സാഹിത്യ അക്കാദമിക്ക് സ്വതന്ത്രമായ നിലനില്പുണ്ട്. ആ സ്വാതന്ത്ര്യം സർക്കാർ പിടിച്ചെടുക്കുന്ന അവസ്ഥയാണ് ഇപ്പോൾ. അതിനെതിരേയാണ് രാജി. അതിനെ മറ്റു രീതികളിൽ വ്യാഖ്യാനിക്കരുത് എന്നാണു പറയാനുള്ളത്. ഏതു പാർട്ടി ആയാലും അക്കാദമിയുടെ സ്വയംഭരണവും സ്വാതന്ത്ര്യവും പിടിച്ചെടുക്കാനുള്ള നീക്കം കണ്ടുനിൽക്കാനാവില്ല.
? എന്തായിരുന്നു രാജിയിലേക്കു നയിച്ചത്
= അക്കാദമിയുടെ വാർഷികപരിപാടിയാണ് ഫെസ്റ്റിവെൽ ഓഫ് ലെറ്റേഴ്‌സ് എന്ന സാഹിത്യോത്സവം. മാർച്ച് 12 മുതലാണ് ഡൽഹിയിൽ നടന്നത്. ഈവർഷം ഉദ്ഘാടകന്റെ പേരു കത്തിൽ പറഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം പരിപാടികളെ ബാധിക്കില്ലെന്ന് വ്യക്തമാകുന്നതുവരെ ഉദ്ഘാടകൻ ആരെന്ന കാര്യം മൂടിവെക്കുകയായിരുന്നു. പിന്നീട് പ്രത്യേകം ഒരു അറിയിപ്പായാണ് മന്ത്രിയുടെ പേര് അറിയിച്ചത്.
? കഴിഞ്ഞവർഷവും ഇത്തരം ഒരു ഇടപെടൽ ഉണ്ടായെന്ന് രാജിക്കത്തിലുണ്ട്
= അക്കാദമിയിൽ എഴുത്തുകാരാണ് കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. കഴിഞ്ഞവർഷം മന്ത്രിയും ഉദ്യോഗസ്ഥനും പങ്കെടുത്തതിനെ എഴുത്തുകാർ എതിർക്കുകയും അത്തരം കടന്നുകയറ്റങ്ങൾ ഉണ്ടാവില്ല എന്ന് ഉറപ്പുനേടുകയും ചെയ്തിരുന്നതാണ്. എന്നാൽ ഇത്തവണ, നിർബന്ധബുദ്ധിയോടെയെന്ന മട്ടിൽ കേന്ദ്രമന്ത്രിയെക്കൊണ്ടുതന്നെ ഉദ്ഘാടനംചെയ്യിക്കുകയായിരുന്നു.
? നെഹ്റുവിന്റെ കാലംമുതൽ ഇടപെടലുകൾ ഉണ്ടായിട്ടില്ലേ
= ജവാഹർലാൽ നെഹ്‌റു അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷനായിരുന്നു. അന്ന് അദ്ദേഹം അക്കാദമിയിൽ വന്നിരുന്നത് സർക്കാർ വാഹനത്തിലായിരുന്നില്ല, സ്വന്തം കാറിലായിരുന്നു. പ്രധാന മന്ത്രിയല്ല, നെഹ്‌റു എന്ന വലിയ എഴുത്തുകാരനാണ് അധ്യക്ഷ പദത്തിലിരുന്നത്.
? എതിർക്കാൻ ധൈര്യമുള്ളൊരാൾ രാജിവെക്കുന്നത് പിടിച്ചെടുക്കലുകൾ എളുപ്പമാക്കുകയില്ലേ
= പാർട്ടി ഭൂരിപക്ഷത്തിന്റെ ബലവുമായി അക്കാദമിയിലേക്കു വരാതിരിക്കുക എന്ന സ്ഥിതിക്ക് മാറ്റംവരുകയാണ് ഇപ്പോൾ. അത് വിളിച്ചുപറയേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് രാജി. എന്റെ നിലപാടും ബോധ്യവുമുള്ള എഴുത്തുകാർ ഇനിയും അക്കാദമിയിലുണ്ട്. അവരോട് രാജിവെക്കരുതെന്നും അക്കാദമിയുടേയും എഴുത്തുകാരുടേയും സ്വാതന്ത്ര്യത്തിനു വേണ്ടി നിൽക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രി മേഘ്വാൾ അറിയപ്പെടുന്ന എഴുത്തുകാരൻ -അക്കാദമി പ്രസിഡന്റ്
ന്യൂഡൽഹി: സി. രാധാകൃഷ്ണൻ ഉന്നയിച്ച പരാമർശങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അക്കാദമി പ്രസിഡന്റ് മാധവ് കൗശിക്. സി. രാധാകൃഷ്ണന്റെ രാജിയെക്കുറിച്ച് ഡൽഹിയിൽ നൽകിയ പ്രസ്താവനയിലാണ് കൗശിക് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സാഹിത്യവുമായി ഒരു ബന്ധവുമില്ലാത്ത ഒരു കേന്ദ്രമന്ത്രി അക്കാദമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവം ഉദ്ഘാടനം ചെയ്തതിൽ പ്രതിഷേധിക്കുന്നുവെന്ന രാധാകൃഷ്ണന്റെ പരാമർശം തെറ്റാണെന്ന് കൗശിക് ചൂണ്ടിക്കാട്ടി. രാജസ്ഥാനി, ഹിന്ദി ഭാഷകളിൽ അറിയപ്പെടുന്ന എഴുത്തുകാരനാണ് അർജുൻ മേഘ്വാൾ. ഏക് സഫർ ഹംസഫർ കെ സാഥ്, ദിവ്യ പഥ് ദാമ്പത്യ കാ, ഭാരതീയ മൂല്യ വാ പാരമ്പര്യോം കാ ശശക്ത് കർനേവാല കാനൂൻ തുടങ്ങിയവ ഹിന്ദി ഭാഷയിലെ രചനകളാണ്.
മുമ്പും മന്ത്രിമാർ ഇത്തരത്തിലുള്ള സാഹിത്യ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും കൗശിക് പറഞ്ഞു.
Content Highlights: c radhakrishnan resigned sahithya academy eminent membership interivew biju cp