പുതൂര്‍ ആവശ്യപ്പെട്ട കഥ രാജലക്ഷ്മി എഴുതി അച്ചടിക്കപ്പെട്ടിട്ടുണ്ട് - ബാലചന്ദ്രന്‍ വടക്കേടത്ത്

എഴുനൂറില്‍പരം കഥകള്‍, പന്ത്രണ്ട് നോവലുകള്‍, ലേഖനങ്ങള്‍, ആത്മകഥ... പുതൂര്‍ ഉണ്ണികൃഷ്ണന്‍ എന്ന സാഹിത്യപ്രതിഭ മലയാളസാഹിത്യത്തെ സമ്പന്നമാക്കുന്നതില്‍ പ്രധാന പങ്കാണ് വഹിച്ചത്. മലയാളിയുടെ ചിരപരിചിതമായ ചുറ്റുപാടില്‍ നിന്നുകൊണ്ട് സാധാരണക്കാരുടെ കഥകള്‍ പറഞ്ഞുകൊണ്ടാണ് പുതൂര്‍ വായനക്കാരുടെ പ്രിയങ്കരനായത്. പുതൂരിന്റെ എട്ടാം ചരമവാര്‍ഷികമാണ് ഇന്ന്. അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെക്കുറിച്ച് സംസാരിക്കുകയാണ് എഴുത്തുകാരനും നിരൂപകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത്. (2020-ല്‍ മാതൃഭൂമി ഡോട്‌കോമില്‍ പ്രസിദ്ധീകരിച്ചത്)
ജീവിതത്തില്‍ വിശ്രമമില്ലാതെ കഥകളെഴുതിയ സാഹിത്യകാരനാണ് പുതൂര്‍. എഴുനൂറില്‍പരം കഥകള്‍, പന്ത്രണ്ട് നോവലുകള്‍, ആത്മകഥ, ലേഖനങ്ങള്‍ പട്ടിക അങ്ങനെ നീളുന്നു. നിരൂപകന്‍ എന്ന നിലയില്‍ പുതൂരിന്റെ ചെറുകഥകളെ എങ്ങനെ വിലയിരുത്തുന്നു?
കഥകളോടുളള സമീപനം അദ്ദേഹത്തിന് ജീവിതത്തോടുളള സമീപനം തന്നെയാണ്. സ്വന്തം അനുഭവങ്ങളെയും സ്വന്തം ജീവിതത്തെയും അവതരിപ്പിക്കാനുള്ള വലിയ ഒരു ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കപ്പുറം കഥയുടെ ക്രാഫ്റ്റിനെക്കുറിച്ചോ, കഥ ഇങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ചോ പുതൂര്‍ വില കല്‍പിച്ചിട്ടുണ്ടായിരുന്നില്ല. സ്വാനുഭവത്തെ തന്റേതായ ഭാഷയില്‍, തനിക്കറിയാവുന്ന ഭാഷയില്‍ വായനക്കാരോട് പറയുക എന്ന വലിയ കടമയാണ് അദ്ദേഹം ചെയ്തത്. അതുകൊണ്ടുതന്നെ ഒരു യാഥാര്‍ഥ്യത്തിന്റെ അഭിമുഖീകരണം അദ്ദേഹത്തിന്റെ കൃതികളില്‍ കാണാവുന്നതാണ്.
ആധുനികതയ്ക്ക് വഴിതെളിച്ച കൃതികളായി ധാരാളം മലയാള കഥകളെ വിലയിരുത്താറുണ്ടല്ലോ. ആഖ്യാനത്തിലെ പുതിയ പരീക്ഷണങ്ങള്‍ വിജയിക്കുക വഴി അത് ഒരു പ്രസ്ഥാനത്തിനുതന്നെ കാരണമാവുകയും ചെയ്യാറുണ്ട്. പിന്നെ അതു പിന്തുടരുന്ന തലമുറയെയും സൃഷ്ടിക്കപ്പെടുന്നു. പൂതൂരിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ സര്‍ഗാത്മകതയുടെ ഗ്രാഫ് എങ്ങനെയായിരുന്നു?
പുതൂരിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു പ്രസ്ഥാനത്തിന്റെയും ഭാഗമായിരുന്നില്ല. ആധുനികതയുടെ കാലഘട്ടത്തിലെ ആവിഷ്‌കാരതന്ത്രങ്ങളോ, അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ രചനാസങ്കേതങ്ങളെയോ അദ്ദേഹത്തന് പരിചിതമല്ലായിരുന്നിട്ടല്ല, ആ രചനാശൈലികളിലേക്ക് മാറിപ്പോവുക എന്നത് തന്റെ കഥകള്‍ക്ക് അനുചിതമല്ലെന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം. പച്ചയായ ജീവിതങ്ങളെ ആവിഷ്‌കരിക്കുക എന്നതായിരുന്നു ആ എഴുത്തുകാരന്റെ തന്ത്രം. കഥയുടെ പ്രമേയാവതരണമനുസരിച്ച് അതിനിണങ്ങുന്ന രചനാതന്ത്രം അദ്ദേഹം സ്വീകരിച്ചിട്ടുമുണ്ട്. 'മായാത്ത സ്വപ്നം' എന്ന ആദ്യകഥയില്‍ അദ്ദേഹം ചങ്ങമ്പുഴയെയാണ് അവതരിപ്പിച്ചത്. അതൊരു രചനാതന്ത്രമാണെന്ന് പറയാം. പക്ഷേ അവിടെയും അദ്ദേഹം മുന്‍ഗണന കൊടുത്തത് ജീവിത യാഥാര്‍ഥ്യത്തിനായിരുന്നു. ബാഹ്യാനുഭവവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒന്നിനെയും അദ്ദേഹം തന്റെ ആഖ്യാനതന്ത്രങ്ങളായി സ്വീകരിച്ചിട്ടില്ല.
ബലിക്കല്ല് ആണ് പുതൂരിന്റെ ആദ്യത്തെ നോവല്‍. ആദ്യത്തെനോവലിന് കേരളസാഹിത്യ അക്കാദമി ലഭിക്കുന്ന ചുരുക്കം ചില പ്രതിഭകളില്‍ ഒരാളാണ് പുതൂര്‍.
ബലിക്കല്ല് വളരെ സുതാര്യമായ, യാതൊരുതരത്തിലുള്ള സങ്കീര്‍ണതകളുമില്ലാത്ത ഒരു നോവലാണ്. പ്രമേയാവതരണത്തിന്റെ കൈയൊതുക്കം നമ്മള്‍ ഏറ്റവും കൂടുതല്‍ കാണുന്ന നോവലാണ് ബലിക്കല്ല്. ഒതുങ്ങിച്ചുരുങ്ങി നമ്മുടെ മനസ്സിലേക്ക് കയറിക്കൂടുന്ന ഒരുതരം ഭാഷയാണ് അതില്‍ ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ പിന്നീടുള്ള പുതൂരിന്റെ നോവലുകളില്‍ ആ ഭാഷ കാണാന്‍ സാധിക്കുന്നില്ല. ആനപ്പകയിലൊക്കെ ഭാഷയെ ധൂര്‍ത്തടിക്കുന്നതായിട്ട് കാണാം. നാഴികമണിയിലും ഇതേ വായനാനുഭവം കാണാം. ജീവിതത്തില്‍ നേരിടേണ്ടിവരുന്ന സങ്കീര്‍ണമായ പ്രമേയങ്ങളാണ് ബലിക്കല്ലിനുശേഷമുള്ള നോവലുകളില്‍ കാണാന്‍ കഴിയുക. എന്തിനാണിങ്ങനെ വലിച്ചുവാരി എഴുതുന്നത് എന്ന് ചില വായനക്കാര്‍ ചോദിക്കാറുണ്ട്. ജീവിതമാണ് പ്രധാനം എന്നു തോന്നുന്ന ആ എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ജീവിതത്തെ അതേപടി ആവിഷ്‌കരിക്കുക എന്നതാണ് പ്രധാനം. അതില്‍ യാതൊരു എഡിറ്റിങ്ങുമില്ല. ഇതാണ് ഞാന്‍ കണ്ട ജീവിതം എന്ന് വായനക്കാരോട് വിളിച്ചുപറയുകയാണ്. പ്രാദേശികമായ ഒരു സ്വാധീനം കൂടി കാണാം. അദ്ദേഹത്തിന്റെ രചനകളില്‍ പശ്ചാത്തലം എപ്പോഴും ഗുരുവായൂരാണ്. ഗുരുവായൂരില്‍ നിന്നും അദ്ദേഹം വിട്ടുപോകുന്നില്ല.
വ്യക്തിബന്ധങ്ങളെ ആഖ്യാനത്തിലേക്കുകൊണ്ടുവരാന്‍ പുതൂരിന് പ്രത്യേക കഴിവായിരുന്നില്ലേ?
ബന്ധങ്ങളുടെ കഥയാണ് നോവല്‍. മനുഷ്യബന്ധങ്ങളെ സംബന്ധിക്കുന്നതാണ് നോവല്‍ എന്ന നിര്‍വചനം എക്കാലവും നിലനില്‍ക്കുന്ന ഒന്നാണ്. ടെക്‌നോളജിയുെട അധിനിവേശ ഇല്ലാതിരുന്നതുകാരണം മനുഷ്യര്‍ നേര്‍ക്കുനേര്‍ പുതൂരിന്റെ നോവലുകളിലൂടെ സംവദിച്ചു. ഇന്ന് എഴുത്തിന്റെ ഒരു മുഖ്യഘടകമാണല്ലോ ടെക്‌നോളജി. അദ്ദേഹത്തിന് ഇത്തരം ടെക്‌നോളജിയെക്കുറിച്ച് വ്യാകുലതയുമില്ലായിരുന്നു. ബന്ധങ്ങളും ബന്ധശൈഥില്യങ്ങളും അദ്ദേഹത്തിന്റെ കഥകളില്‍ മേല്‍ക്കോയ്മ നേടിയിരുന്നു. സ്‌നേഹത്തിന്റെ അന്വേഷണവും കാണാം.
പുതൂര്‍ വിമര്‍ശിക്കപ്പെട്ടത് വ്യക്തിപരമായിട്ടാണ്. അന്തരിച്ച എഴുത്തുകാരി രാജലക്ഷ്മിയെ ആത്മകഥയില്‍ പ്രതിപാദിച്ചതുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വിമര്‍ശിക്കപ്പെട്ടത്.
ആ വിവാദത്തില്‍ പുതൂര്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമുണ്ട് എന്നു ഞാന്‍ കരുതുന്നില്ല. പുതൂര്‍ ആഗ്രഹിച്ച മട്ടില്‍ രാജലക്ഷ്മി എഴുതി എന്നതായിരുന്നല്ലോ വിവാദമായ ഒരു കാര്യം. അതിനെക്കുറിച്ചു മാത്രമേ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ. പുതൂര്‍ ആവശ്യപ്പെട്ട കഥ രാജലക്ഷ്മി എഴുതിയിട്ടുണ്ട്. അത് അച്ചടിക്കപ്പെട്ടിട്ടുണ്ട്. ആ വിവാദത്തില്‍ ഇടപെട്ട ആരും ആ പുസ്തകം കണ്ടിട്ടില്ല. പക്ഷേ എന്റെ കയ്യില്‍ആ പുസ്തകം ഉണ്ട്. പുത്തേഴത്ത് രാമന്‍മേനോനാണ് ആ പുസ്തകം എഡിറ്റ് ചെയ്തത്. അതില്‍ ഒ.വി വിജയന്റെ കഥയുണ്ട്, പുതൂരിന്റെ കഥയുണ്ട്. രാജലക്ഷ്മിയുടേതുമുണ്ട്. അങ്ങനെയൊരു കഥ ഒരാള്‍ക്കും ഒരു പുസ്തകത്തിനും രാജലക്ഷ്മി കൊടുത്തിട്ടില്ല എന്നാണ് അന്ന് വിവാദമുന്നയിച്ചവര്‍ വാദിച്ചത്. അത് ശുദ്ധഅസംബന്ധമാണ്.
അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപ്പിള്ളയുടെ ആശിര്‍വാദത്തോട് കൂടിയാണ് രാമന്‍മേനോന്‍ പുസ്തകമിറക്കുന്നത്. ദക്ഷിണഭാരതീയ ഭാഷാസമിതിയുടെ പേരിലാണ് ആ ചെറുകഥാസമാഹാരം പ്രസിദ്ധീകരിക്കപ്പെടുന്നത്. ആ വിവാദത്തോട് എനിക്ക് ഭാഗികമായ വിയോജിപ്പുള്ളത് രാജലക്ഷ്മിയുമായുള്ള വ്യക്തിപരമായ അനുഭവം പുതൂര്‍ പരസ്യമായി എഴുതി എന്നതാണ്. അത് ഭാവനാലോകത്ത് വിരാജിക്കുന്ന ഒരാളുടെ വെറുമൊരു സങ്കല്പമാണെങ്കിലോ? എഴുത്തുകാരിയുമായുണ്ടായിരുന്ന തികച്ചും വ്യക്തിപരമായ ഒരനുഭവത്തെ പരസ്യമാക്കേണ്ടതില്ലായിരുന്നു. നിഷേധിക്കാനോ അംഗീകരിക്കാനോ അവര്‍ ജീവിച്ചിരിപ്പില്ലാത്തതുകൊണ്ട് അത് ഒഴിവാക്കാമായിരുന്നു. ബാക്കി പാതി ഞാന്‍ അനുകൂലിക്കുന്നത് രാജലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ എഴുതിയ ആ ചെറുകഥാസമാഹാരം എന്റെ പക്കലുളളതുകൊണ്ടാണ്. അക്കാര്യത്തില്‍ പുതൂരിനെ ഞാന്‍ പിന്താങ്ങുക തന്നെ വേണം.
ജാനകീസദനം ഒരുകാലത്ത് സാഹിത്യചര്‍ച്ചകളുടെ ഇടമായിരുന്നല്ലോ
പുതൂരിന്റെ വീടായ ജാനകീസദനത്തിലെ നിത്യസന്ദര്‍ശകരായിരുന്നു ഞാനുള്‍പ്പെടെയുള്ള അന്നത്തെ സാഹിത്യാന്വേഷികള്‍. എഴുത്തിനെക്കുറിച്ചും നോവല്‍ പ്രമേയങ്ങളെക്കുറിച്ചും നിരന്തരം സംവദിക്കും. എഴുതാതെപോയ കഥാതന്തുക്കളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പുതൂര്‍ വാചാലനാകുമായിരുന്നു. നിരന്തരം എഴുതി. എഴുത്തുകരാനെ സംബന്ധിച്ച് സമയം ഉണ്ടാക്കിയെടുക്കുന്നതല്ലല്ലോ. എപ്പോള്‍ വേണമെങ്കിലും എഴുതാമല്ലോ. പുതിയ തലമുറയോട് വലിയ സ്‌നേഹമായിരുന്നു. പുതൂര്‍ ജീവിതത്തില്‍ കൃത്യമായ നിഷ്ടകള്‍ പാലിച്ചിരുന്ന ആളായിരുന്നു. നന്നായി അധ്വാനിക്കുന്ന ആളായിരുന്നു. രാവിലെ എഴുന്നേറ്റ് എഴുതുക, പിന്നെ അമ്പലത്തില്‍ പോയിവന്നിട്ട് എഴുതുക. ചിട്ടവട്ടങ്ങള്‍ പരിപാലിച്ചിരുന്ന ആളായിരുന്നു.
സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ സ്റ്റേറ്റ് ബോര്‍ഡ് പ്രസിഡണ്ടായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തികച്ചും സോഷ്യലിസ്റ്റ് പുരോഗമാശങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന സാഹിത്യപ്രവര്‍ത്തകസഹകരണസംഘം പോലുള്ള ഒരു പ്രസ്ഥാനത്തിലെ അധ്യക്ഷപദവിയ്ക്കുശേഷം അദ്ദേഹം തിരഞ്ഞെടുത്തത് ഭക്തപ്രിയ മാസികയുടെ സ്ഥാപക പത്രാധിപസമിതി അംഗമായി. രണ്ട് തലങ്ങളിലുള്ള പുതൂരിന്റെ ആശയപ്രകാശനങ്ങള്‍ കാണാം ഇവിടെ.
അത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. വ്യക്തിത്വത്തിലുള്ള ദ്വന്ദഭാവം എന്നുപറയാം. ഗുരുവായൂരപ്പനോടുള്ള ഭക്തി അദ്ദേഹത്തിനുണ്ടായിരുന്നു. ഭക്തി എന്നതു തികച്ചും മാനസികമായ ഒരു വികാരമാണല്ലോ. അതേസമയത്തുതന്നെ രാഷ്ട്രീയമായിട്ട് അദ്ദേഹം നല്ലൊരു സോഷ്യലിസ്റ്റായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളോട് ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍. സോഷ്യലിസം ജാതിമതവിവേചനങ്ങള്‍ക്ക് അതീതമായിട്ടുള്ളതാണ്. എഴുത്തുകാരന്‍ എന്ന നിലയില്‍ തന്നെ രൂപപ്പെടുത്തിയ സോഷ്യലിസത്തോടും നിത്യവും ജോലിസംബന്ധമായി ദര്‍ശിച്ചിരുന്ന ഗുരുവായൂരപ്പനും ഒരേതലത്തില്‍ അദ്ദേഹത്തില്‍ സ്വാധീനം ചെലുത്തിയിരുന്നു. ആനപ്പകയും മറ്റു ചിലകഥകളും വായിച്ചുനോക്കിയാല്‍ ദൈവികതയും സാമൂഹികാന്തരങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നതായി കാണാന്‍ കഴിയും.
ഉച്ചത്തില്‍ വര്‍ത്തമാനം പറയുന്ന വ്യക്തിയാണ് പുതൂര്‍. അത് കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നുക ദേഷ്യത്തിലാണ് പറയുന്നതെന്നാണ്. പക്ഷേ ഈ മനുഷ്യന്റെ ഉള്ളില്‍ ഒന്നുമില്ല. ആനപ്പകപോലെയുള്ള നോവലുകള്‍ അദ്ദേഹത്തിന്റെ സാഹിത്യത്തെ ബാധിച്ചത് വിചാരിച്ചതിലും നേര്‍വിപരീദമായിട്ടാണ്. ബലിക്കല്ലെഴുതിയ പുതൂരിനെ സ്വീകരിക്കുകയും ആനപ്പക എഴുതിയ പുതൂരിനെ രണ്ടാംനിരയിലേക്ക് താഴ്ത്തുകയുമാണുണ്ടായത്. അങ്ങനെയാണ് പുതൂര്‍ തിരസ്‌കൃതനാവുന്നത്. ഇത് നേരിട്ടനുഭവിച്ചത് ഞാന്‍ സാഹിത്യ അക്കാദമി വൈസ്പ്രസിഡണ്ടായിരിക്കുമ്പോള്‍ അദ്ദേഹത്തെ ഫെല്ലോഷിപ്പിനായി നോമിനേറ്റ് ചെയ്യുകയുണ്ടായി. പക്ഷേ അന്നത്തെ പ്രസിഡണ്ട് പുതൂരിന്റെ അര്‍ഹതയെ ചോദ്യംചെയ്തുകൊണ്ട് നിഷേധിക്കുകയാണുണ്ടായത്. ഇതൊക്കെ ഈ അവസരത്തില്‍ പറയാന്‍ പാടുള്ളതല്ല. അദ്ദേഹത്തിന്റെ നല്ല ഓര്‍മകള്‍ പങ്കുവെക്കേണ്ട അവസരമാണ് ഈ ചരമദിനം. വ്യക്തിപരമായും സര്‍ഗാത്മകമായും പുതൂര്‍ നല്ല മനുഷ്യനായിരുന്നു.
ഡിലന്‍ തോമസിന്റെ ഗാനം പോലുള്ള കൃതികള്‍ രചിച്ച പുതൂര്‍ പാശ്ചാത്യസാഹിത്യത്തെയും സാകൂതം വീക്ഷിച്ചിരുന്നു
അത് അക്കാലത്തെ എഴുത്തുകാരുടെ സവിശേഷതയായിരുന്നല്ലോ. അവര്‍ ലോകത്തിലെ എല്ലാ സാഹിത്യവും വായിക്കും. പക്ഷേ പടിഞ്ഞാറ് എന്തുതരത്തിലുള്ള സാഹിത്യമുന്നേറ്റമാണ് നടക്കുന്നത്, അത് ഞാന്‍ സ്വീകരിക്കേണ്ടതുണ്ടോ എന്നുള്ള ആകുലതയൊന്നും പുതൂരിനില്ലായിരുന്നു. വായനയുടെ അറിവിലേയ്ക്കായി അദ്ദേഹം വായിക്കും. എഴുത്തില്‍ പക്ഷേ ചിരപരിചിതമായ ചുറ്റുപാടുകളെ മാത്രമേ തിരഞ്ഞെടുക്കുകയുള്ളൂ. പുരോഗമനാശയങ്ങളെ പിന്തുടര്‍ന്നിരുന്നു പുതൂര്‍. തകഴി, കേശവദേവ്, ബഷീര്‍... ഇവരൊക്കെ എഴുതിയത് തങ്ങളുടെ ചുറ്റുപാടുകളെയല്ലേ. അതുപോലെ പുതൂരും പുരോഗമനസാഹിത്യത്തിന്റെ ഭാഗഭാക്കായിരുന്നു. ജീവിതത്തെ സത്യസന്ധമായി പറയുകയാണ് ഇവരൊക്കെ ചെയ്തത്. ജീവിതത്തെ വക്രിച്ച് കാണാന്‍ ശ്രമിച്ചിട്ടില്ല. അതാണ് അദ്ദേഹത്തിന്റെ പോരായ്മയായി മറ്റുള്ളവര്‍ കാണുന്നത്. പുതൂര്‍ ഒരു ഒറ്റയാനായിരുന്നു.തന്റെ ജീവിതത്തിലെ സംഘര്‍ഷങ്ങളും ദുരന്തങ്ങളും ഒറ്റയ്ക്കുനേരിട്ടു. പുതൂര്‍ ഓര്‍മകള്‍ക്കുമുന്നില്‍ കൂപ്പുകൈ.
Content Highlights: balachandran vadakkedath shares memories of writer unnikrishnan puthur and rajalakshmi