അംഗീകാരങ്ങൾ പ്രചോദനമാണ്, എഴുത്തിന് ഉത്തരവാദിത്വം കൂടും- ശ്യാംകൃഷ്ണൻ

2024-ലെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം നേടിയ എഴുത്തുകാരൻ ശ്യാംകൃഷ്ണൻ ആർ. സംസാരിക്കുന്നു;
സ്‌കൂൾ, വായന; ഒരു തുടക്കം
എൽ.പി. സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് പതിയെ പുസ്തകങ്ങളുടെ ലോകത്തേക്ക് കടക്കുന്നത്. വായനയിലേക്ക് എന്നെ കൈപിടിച്ച് നടത്തിയത് അമ്മയാണ്. ബാലഭൂമിയടക്കമുള്ള ബാലപ്രസിദ്ധീകരണങ്ങളും സിപ്പി പള്ളിപ്പുറത്തിന്റെ പുസ്തകങ്ങളും അന്ന് വായിക്കുമായിരുന്നു. എം.ടി. വാസുദേവൻ നായർ, എം. മുകുന്ദൻ തുടങ്ങി അമ്മയ്ക്ക് ഇഷ്ടമുള്ള എഴുത്തുകാരുടെ പുസ്തകങ്ങൾ എനിക്കും വായിക്കാൻ തരുമായിരുന്നു.
സ്‌കൂളിൽ പഠിക്കുന്ന കാലത്ത് വെറുതെ ചെറിയ കവിതകളെഴുതുമായിരുന്നു.
ആനുകാലികങ്ങളും പുസ്തകങ്ങളുമെല്ലാം ഗൗരവത്തോടെ വായിക്കാൻ തുടങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പഠിക്കുമ്പോഴാണ്. അക്കാലത്താണ് ആഗ്രഹത്തോടെ എഴുതാനും തുടങ്ങിയത്. കഥകളോടാണ് താൽപര്യമെന്ന് മനസ്സിലായപ്പോൾ വഴി അതിലേക്ക് തിരിച്ചുവിട്ടു.
എഴുത്തിനെ തേടി അംഗീകാരങ്ങൾ
എന്റെ കഥയെഴുത്തിന് ആദ്യമായൊരു അംഗീകാരം കിട്ടിയത് എം.ബി.ബി.എസ്. അവസാനവർഷം പഠിക്കുമ്പോഴാണ്. കെ.വി. അനൂപ് സ്മാരക പുരസ്‌കാരമായിരുന്നു അത്. 2015-ലാണ് ആ അവാർഡിന് അർഹമായ കഥയെഴുതിയത്. പേര്- 'മടക്കം'. ആ അംഗീകാരം എനിക്ക് വലിയൊരു പ്രചോദനമായിരുന്നു. എഴുത്തിൽ മുന്നോട്ട് പോകണം എന്ന് തോന്നിയത് അതിനുശേഷമാണ്.
പുസ്തകത്തിന്റെ കവർ പേജ്.
2019 മുതൽ 2022 വരെ എഴുതി, പലയിടങ്ങളിലായി പ്രസിദ്ധീകരിച്ച എട്ട് ചെറുകഥകളാണ് 'മീശക്കള്ളൻ' എന്ന പുസ്തകത്തിൽ. 2020-ൽ മാതൃഭൂമി വിഷുപ്പതിപ്പിൽ രണ്ടാംസ്ഥാനം 'മീശക്കള്ള'നായിരുന്നു.
ഇഷ്ടപ്പെട്ട പുസ്തകം, എഴുത്തുകാരൻ
ഇ. സന്തോഷ് കുമാർ, എസ്. ഹരീഷ്, ഷനോജ് ആർ. ചന്ദ്രൻ തുടങ്ങിയ എഴുത്തുകാരെയെല്ലാം ഇഷ്ടമാണ്. 'ഖസാക്കിന്റെ ഇതിഹാസം', 'രണ്ടാമൂഴം', 'ആലാഹയുടെ പെൺമക്കൾ' എന്നിവയെല്ലാം എനിക്കിഷ്ടപ്പെട്ട നോവലുകളാണ്. ഖസാക്ക് ഞാൻ വിവിധ കാലങ്ങളിൽ ഞാൻ വായിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട കഥകൾ ഇടയ്ക്കിടെ എടുത്ത് വായിക്കാറുണ്ട്. ഇ. സന്തോഷ് കുമാറിന്റെ 'നാരകങ്ങളുടെ ഉപമ' എന്ന കഥ അത്തരത്തിൽ ആവർത്തിച്ച് വായിക്കുന്ന ഒരു കൃതിയാണ്.
ജീവിതത്തിൽ നിമിത്തമായ സാഹിത്യക്യാമ്പ്
എഴുത്ത് ഇഷ്ടപ്പെടുന്ന ഒരുപാടുപേരെ പരിചയപ്പെടാനും സംസാരിക്കാനും ഏറെ സഹായകമാണ് സാഹിത്യക്യാമ്പുകൾ. തൃശ്ശൂർ പീച്ചിയിൽ നടന്ന മാതൃഭൂമി സാഹിത്യക്യാമ്പിലാണ് ഞാൻ പങ്കെടുത്തിരുന്നത്. എഴുതാൻ പഠിപ്പിക്കുന്ന സ്ഥലമൊന്നുമല്ല അത്തരം കൂടിച്ചേരലുകളെങ്കിലും സഹൃദയരോടൊപ്പം ഒത്തുകൂടാനും എഴുത്തുകാരെ കാണാനും സംസാരിക്കാനുമെല്ലാം അത് സഹായിക്കുന്നു.
അത്തരം കൂട്ടായ്മകൾ നേരിട്ട് ഒരാളുടെ എഴുത്തിനെ മെച്ചപ്പെടുത്തുമെന്ന് എനിക്ക് തോന്നുന്നില്ല. എന്നാൽ എഴുത്തുകാരുടെ അനുഭവങ്ങളെക്കുറിച്ചും കേൾക്കാത്ത ഒരു പുസ്തകത്തെപ്പറ്റിയും എഴുത്തുകാരനെക്കുറിച്ചും അവിടെനിന്ന് അറിയാം. വളരാനുള്ള ഒരു സ്‌പേസ് അവിടെയുണ്ട്.
കഥകളിലേക്കുള്ള സഞ്ചാരം
എഴുത്ത് എനിക്ക് അത്രമേൽ ഇഷ്ടമുള്ള ഒരു കാര്യമാണ്. എഴുതണമെന്ന അതിയായ ആഗ്രഹമുമുണ്ട്. മറ്റൊരു പ്രഫഷൻ ഉള്ളതുകൊണ്ട് എപ്പോൾ എഴുതണമെന്ന് തോന്നുന്നോ ആ സമയത്ത് കഥയിലേക്ക് സഞ്ചരിക്കുകയാണ് ചെയ്യുക. വായിക്കാൻ ഒത്തിരി ഇഷ്ടമാണ്. മലയാളം പുസ്തകങ്ങളാണ് കൂടുതലും വായിക്കാറുള്ളത്.
എഴുത്തിനെ ഇഷ്ടപ്പെടുന്ന ഒരാൾ തന്നെയാണ് എന്റെ ജീവിതപങ്കാളി. സാഹിത്യ ക്യാമ്പിൽവെച്ചാണ് കവിയായ കാവ്യയെ പരിചയപ്പെടുന്നത്. ഇപ്പോൾ എന്റെ കഥകളുടെ ആദ്യ വായനക്കാരി കാവ്യയാണ്. കാവ്യയുടെ കവിതകളുടെ ആദ്യ വായനക്കാരൻ ഞാനും. ഞങ്ങളിരുവരും പരസ്പരം എഴുത്തുകൾ മെച്ചപ്പെടുത്താൻ ശ്രമിക്കാറുണ്ട്.
പ്രൊഫഷനും പാഷനും
കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ബയോകെമിസ്ട്രി അസിസ്റ്റന്റ് പ്രൊഫസറാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നാണ് എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയത്. ഭുവനേശ്വർ എയിംസിൽനിന്നാണ് എം.ഡി. ചെയ്തത്.
സമയം കിട്ടുമ്പോഴാണ് എഴുത്തും വായനയും. സലീം ഷെരീഫിനെപ്പോലുള്ള എന്റെ തലമുറയിലെ എഴുത്തുകാരുമായുള്ള സൗഹൃദം ആ മേഖലയിലെ ആശയവിനിമയത്തെ സഹായിക്കാറുണ്ട്.
മുതിർന്ന എഴുത്തുകാരുമായി അടുത്ത ബന്ധമൊന്നുമില്ല. 'മഹേഷിന്റെ പ്രതികാരം' എന്ന എന്റെ ഒരു കഥയെക്കുറിച്ച് പി.എഫ്. മാത്യൂസ് സാർ ഒരു കുറിപ്പ് ഫെയ്സ്ബുക്കിലിട്ടിരുന്നു. അത് വളരെ സന്തോഷം തോന്നിയ ഒരു കാര്യമാണ്. ആ കഥയെ കൂടുതൽ ആളുകളിലേക്കെത്തിക്കാനും ആ കുറിപ്പിന് കഴിഞ്ഞു. ഇ. സന്തോഷ്‌കുമാർ സാറും ആ കഥയെക്കുറിച്ച് പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നു. 'മടക്ക'മാണ് ആദ്യമെഴുതിയത്. എന്നാൽ ആദ്യമായി മുഖ്യധാരാ മാധ്യമത്തിൽ അച്ചടിച്ച് വന്നത് 'മീശക്കള്ളനാ'ണ്.
കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് തേടിയെത്തിയപ്പോൾ
കഥാസമാഹാരം അവാർഡിനായി തിരഞ്ഞെടുത്തപ്പോൾ, ചെയ്ത ഒരു കാര്യം നന്നായി എന്നുപറഞ്ഞ് കേൾക്കുന്ന സന്തോഷമാണ് വ്യക്തിപരമായി തോന്നിയത്. അടുത്ത എഴുത്ത് ശ്രദ്ധയോടെ ചെയ്യണമെന്ന് മനസ്സിലാക്കുന്നു.
എഴുത്തിന്റെ പണിപ്പുര
എല്ലാ കഥയും അനുഭവത്തിൽ നിന്നെഴുതുന്നതല്ല. വായിച്ചതോ കേട്ടതോ ആയ ആശയം മനസ്സിലേക്ക് കടന്നുവരുന്നു. അതിനെ കഥയാക്കാൻ ശ്രമിക്കുകയാണ് ചെയ്യാറുള്ളത്. എനിക്ക് പെട്ടെന്ന് എഴുത്ത് നടക്കാറില്ല. ചിലപ്പോൾ മാസങ്ങളെടുക്കും. ആശയം മനസ്സിൽതന്നെയുണ്ടാകും.
വായിക്കുമ്പോൾ വെറുതെ വായിച്ചുപോയാലും എന്തെങ്കിലുമൊന്ന് കഥയിലുണ്ടാകണം എന്നെനിക്ക് തോന്നാറുണ്ട്. അങ്ങനെയുള്ള കഥകളാണ് എനിക്ക് വായിക്കാനിഷ്ടം. എന്നിലുള്ള ഒരു ആശയത്തെ ഫിക്ഷനാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. രാഷ്ട്രീയം പ്രചരിപ്പിക്കാനായി കഥ ഉപയോഗിക്കുന്നതിനോട് എനിക്ക് താൽപര്യമില്ല. അനുഭവങ്ങളിൽ നിന്നെഴുതുമ്പോൾ അത് വ്യത്യസ്തമാകുന്നു.
Content Highlights: Shyamkrishnan R. Kendra sahithya akademi yuva puraskar 2024 winner interview