മാതളപ്പഴം | യാസുനാരി കവാബത്തയുടെ കഥ | സജയ് കെ.വിയുടെ വിവര്‍ത്തനം

രാത്രിയില്‍ വീശിയ ശക്തമായ കാറ്റില്‍ മാതളമരത്തിന്റെ ഇലകള്‍ കൊഴിഞ്ഞുപോയിരുന്നു.
ഇലകള്‍ വലയാകൃതിയില്‍ മരത്തിനു ചുറ്റും കിടന്നു.
പുലരിയില്‍ മരത്തിന്റെ നഗ്‌നശിഖരങ്ങള്‍ കണ്ട് കിമികോ ആശ്ചര്യപ്പെട്ടു. കൊഴിഞ്ഞു വീണ ഇലകളുടെ തികവുറ്റ വൃത്താകൃതിയിലുള്ള വിന്യാസവും അവളെ ആശ്ചര്യപ്പെടുത്തി, കാറ്റ് അവയെ അടിച്ചുപറത്തി, അലങ്കോലമാക്കിക്കാണുമെന്നാണ് അവള്‍ കരുതിയത്.
മരത്തില്‍ ഒരൊറ്റ പഴം മാത്രമാണ് ശേഷിച്ചിരുന്നത്. അതു വളരെ നല്ലതുമായിരുന്നു.
'ഇതൊന്നു വന്നു നോക്കൂ'അവള്‍ അമ്മയോട് വിളിച്ചുപറഞ്ഞു.
'ഞാനതു മറന്നു,' അവര്‍ മരത്തിലേയ്‌ക്കൊന്നു പാളി നോക്കിയിട്ട് അടുക്കളയിലേയ്ക്കു തന്നെ മടങ്ങി.
അവരുടെ ഏകാന്തതയെക്കുറിച്ചാണ് കിമികോ അപ്പോള്‍ ചിന്തിച്ചത്. വരാന്തയ്ക്കു മുകളിലെ ആ മാതളപ്പഴവും ഏകാന്തമായിരുന്നു, വിസ്മൃതവും.
രണ്ടാഴ്ച്ചയെങ്കിലുമായിക്കാണും, അവളുടെ ഏഴു വയസ്സുകാരനായ മരുമകന്‍ വന്നിരുന്നു. വന്നപാടേ അവന്റെ കണ്ണില്‍പ്പെട്ടത് ആ മാതളപ്പഴങ്ങളായിരുന്നു. അവന്‍ മരത്തില്‍ പൊത്തിപ്പിടിച്ചു കയറി. താന്‍ ജീവിതത്തിന്റെ മുന്നിലാണ് നില്‍ക്കുന്നത് എന്ന് അപ്പോള്‍ കിമികോയ്ക്ക് തോന്നി.
'മുകളില്‍ മുഴുത്ത ഒന്നുണ്ട്', അവള്‍ വരാന്തയില്‍ നിന്ന് വിളിച്ചു പറഞ്ഞു.
'അതു പറിച്ചാല്‍ എനിക്കു തിരിച്ചിറങ്ങാനാവില്ല'.
ശരിയാണ്. രണ്ടു കയ്യിലും പഴങ്ങളുമായി തിരിച്ചിറങ്ങാന്‍ എളുപ്പമല്ല. കിമികോ പുഞ്ചിരിച്ചു. അവന്‍ എന്തൊരോമനയാണ്.
അവന്‍ വരുംവരെ ആ വീട് മാതളപ്പഴങ്ങളെ മറന്നേപോയിരുന്നു. അതിനു ശേഷം ഇതുവരെയും അവര്‍ അതിനെ വീണ്ടും മറന്നിരിക്കുകയായിരുന്നു.
അപ്പോള്‍ അത് ഇലകളാല്‍ മൂടപ്പെട്ടു കിടക്കുകയായിരുന്നു. ഇപ്പോള്‍ അത് ആകാശത്തിനു നേരേ തെളിഞ്ഞു നില്‍ക്കുന്നു.
ആ പഴത്തിലും താഴെ വീണുകിടക്കുന്ന ഇലകളിലും ഏതോ ഒരദൃശ്യശക്തിയുണ്ടായിരുന്നു. കിമികോ ഒരു മുളംകമ്പുമായി ചെന്ന് അതു കുത്തി താഴെയിട്ടു.
അതു നല്ലവണ്ണം പഴുത്തുപാകമായിരുന്നു. വിത്തുകള്‍ അകത്തുനിന്ന് അതിനെ തള്ളി തുറക്കുന്നതുപോലെ തോന്നി. അവള്‍ വരാന്തയില്‍ വച്ചപ്പോള്‍ അവ വെയിലില്‍ വെട്ടിത്തിളങ്ങി, അവയിലൂടെ സൂര്യന്‍ കടന്നുപോകുന്നതു പോലെയായിരുന്നു അത്.
അപ്പോള്‍ അവള്‍ക്ക് എന്തിനെന്നില്ലാതെ ഒരു പശ്ചാത്താപം തോന്നി.
പത്തുമണിയോടടുത്ത്, തുന്നല്‍ജോലിയില്‍ മുഴുകി, മുകള്‍നിലയിലിരിക്കുമ്പോള്‍ അവള്‍ കെയ്കിചിയുടെ ശബ്ദം കേട്ടു. വാതില്‍ തുറന്നു കിടക്കുകയായിരുന്നുവെങ്കിലും അവന്‍ പൂന്തോട്ടത്തില്‍ നിന്നാണ് സംസാരിച്ചിരുന്നത്. അവന്റെ ശബ്ദത്തില്‍ തിടുക്കമുണ്ടായിരുന്നു.
'കിമികോ, കിമികോ!' അവളുടെ അമ്മ വിളിച്ചു.'ഇതാ കെയ്കിചി വന്നിരിക്കുന്നു'.
കിമികോ തുന്നുന്നതു നിര്‍ത്തി, സൂചി ഒരു ചെറിയ പതുത്ത തലയിണയില്‍ കുത്തിവച്ചു.
'പോകും മുമ്പ് നിന്നെ വീണ്ടും കാണാന്‍ വളരെയാഗ്രഹമുണ്ടെന്ന് പറയുകയായിരുന്നു കിമികൊ'. യുദ്ധത്തിനു പോവുകയായിരുന്നു, കെയ്കിചി.'ക്ഷണിക്കാതെ ഞങ്ങളെങ്ങനെ അങ്ങോട്ടു വരും. നീയിങ്ങോട്ട് വന്നതുമില്ല. ഇന്നു വന്നല്ലോ, അതു നന്നായി'.
അവര്‍ അവനോട് ഉച്ചഭക്ഷണം കഴിച്ചിട്ടു പോയാല്‍ മതി എന്നു പറഞ്ഞു, പക്ഷേ അവന്‍ തിരക്കിലായിരുന്നു.
'ശരി, ഒരു മാതളപ്പഴമെങ്കിലും കഴിച്ചുപോകൂ. ഞങ്ങള്‍ വളര്‍ത്തുന്നതാണ്'. അവര്‍ വീണ്ടും കിമികോയെ വിളിച്ചു.
അവന്‍ കണ്ണുകള്‍ കൊണ്ട് അവളെ അഭിവാദ്യം ചെയ്തു. അവള്‍ താഴേയ്ക്കിറങ്ങിവരും വരെ കാത്തുനില്‍ക്കാന്‍ അക്ഷമയുള്ളതുപോലെയായിരുന്നു അത്. അവള്‍ പടികളിലൊന്നില്‍ നിന്നു.
അവന്റെ കണ്ണുകള്‍ ഏതോ വികാരസ്ഫുരണത്താല്‍ ഊഷ്മളമായി, കൈകളില്‍ നിന്ന് മാതളപ്പഴം ഊര്‍ന്നു വീണു.
അവര്‍ പരസ്പരം നോക്കി പുഞ്ചിരിച്ചു.
താന്‍ പുഞ്ചിരിക്കുന്നല്ലോ എന്നോര്‍ത്തപ്പോള്‍ അവള്‍ നാണംകൊണ്ടു തുടുത്തു. കെയ്കിചി വരാന്തയില്‍ നിന്നെഴുന്നേറ്റു.
'കിമികോ, സുഖമായിരിക്കൂ'
'നീയും'.
അവന്‍ പിന്തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിരുന്നു, അത് അവന്റെ യാത്രാമൊഴികളായിരുന്നു.
അവന്‍ പോയശേഷം കിമികോ പൂന്തോട്ടവാതിലിലേയ്ക്ക് നോക്കി.
'അവന്‍ വലിയ തിരക്കിലായിപ്പോയി', കിമികോയുടെ അമ്മ പറഞ്ഞു,'നല്ല ഒന്നാന്തരം മാതളപ്പഴമായിരുന്നു'.
അവന്‍ അത് വരാന്തയില്‍ വച്ചുപോയിരുന്നു.
അവന്റെ കണ്ണുകള്‍ ഏതോ ഊഷ്മളവികാരത്താല്‍ തിളങ്ങുകയും അവന്‍ ആ പഴം രണ്ടായി പിളര്‍ത്താന്‍ തുടങ്ങുകയും ചെയ്തപ്പോഴായിരുന്നു അത് താഴെ വീണത്. അവന്‍ അത് രണ്ടു പാതികളായി മുറിച്ചു കഴിഞ്ഞിരുന്നില്ല. അതിനകത്തു നിന്ന് വിത്തുകള്‍ എഴുന്നുനിന്നു.
അവളുടെ അമ്മ അതെടുത്ത് അടുക്കളയില്‍ കൊണ്ടുപോയി കഴുകിയ ശേഷം, കിമികോയ്ക്കു കൊടുത്തു.
പെട്ടെന്ന് മടിച്ചു പിന്മാറിയ കിമികോ വീണ്ടും നാണത്താല്‍ തുടുക്കുകയും ചിന്താക്കുഴപ്പത്തോടെ അതു കൈനീട്ടി വാങ്ങുകയും ചെയ്തു.
കെയ്കിചി അതിന്റെ അരികില്‍ നിന്ന് ഏതാനും ചില വിത്തുകളെങ്കിലും എടുത്ത് ഭക്ഷിച്ചതായി കാണപ്പെട്ടു.
അമ്മയുടെ കണ്‍മുന്നില്‍ വച്ച് അതു കഴിക്കാതിരിക്കുന്നത് ഉചിതമല്ലെന്ന് കിമികോയ്ക്ക് തോന്നി. അവള്‍ ഉദാസീനത ഭാവിച്ചു കൊണ്ട് അതിലൊന്നു കടിച്ചു. അവളുടെ വായില്‍ അതിന്റെ മധുരപ്പുളിപ്പു നിറഞ്ഞു. അത് അവളുടെ ഉള്ളിലേയ്ക്കാഴ്ന്നിറങ്ങിയതുപോലെ ദുഃഖമയമായ ഒരാഹ്‌ളാദം തോന്നി.
അവളുടെ അമ്മ ഉന്മേഷരാഹിത്യത്തോടെ എഴുന്നേറ്റു.
അവള്‍ കണ്ണാടിയുടെ മുന്‍പില്‍ ഇരുന്നു.
'എന്റെ മുടി നോക്കൂ. ഈ ജട പിടിച്ച മുടിയുമായാണ് ഞാന്‍ കെയ്കിചിയോട് യാത്ര പറഞ്ഞത്'.
മുടിയിലൂടെ ചീപ്പു നീങ്ങുന്ന ഒച്ച കിമികോയ്ക്ക് കേള്‍ക്കാമായിരുന്നു.
'നിന്റെ അച്ഛന്‍ മരിച്ചപ്പോള്‍', അവളുടെ അമ്മ മൃദുവായി പറഞ്ഞു,' എനിക്ക് മുടി ചീകാന്‍ പേടിയായിരുന്നു. മുടി ചീകുമ്പോഴൊക്കെ എന്താണു ചെയ്യുന്നതെന്ന് ഞാന്‍ മറന്നുപോകുമായിരുന്നു. വീണ്ടും ബോധം വരുമ്പോള്‍ അതുകഴിയാന്‍ അച്ഛന്‍ കാത്തുനില്‍ക്കുന്നതായി എനിക്കു തോന്നുമായിരുന്നു'.
അച്ഛന്റെ പാത്രത്തില്‍ ബാക്കിയാവുന്നത് അവളുടെ അമ്മ കഴിക്കുമായിരുന്നു.
തന്നെ എന്തോ പിടിച്ചുവലിക്കുന്നതുപോലെ അവള്‍ക്കുതോന്നി, കരച്ചില്‍ വരുന്ന ഒരുതരം ആഹ്‌ളാദമായിരുന്നു അത്.
എറിഞ്ഞുകളയാന്‍ വയ്യാത്തതുകൊണ്ടായിരിക്കാം അമ്മ ആ മാതളപ്പഴം അവള്‍ക്കു കൊടുത്തത്. അതുകൊണ്ടു മാത്രം. ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയാതിരിക്കുന്നത് അവരുടെ ഒരു ശീലമായിരുന്നു.
തന്റേതുമാത്രമായ ആഹ്‌ളാദത്താല്‍ കിമികോയ്ക്ക് അമ്മയുടെ മുന്നില്‍ നാണം തോന്നി.
കെയ്കിചി വിചാരിച്ചതിലും നല്ല ഒരു യാത്രയയപ്പായിരുന്നു അതെന്ന് അവള്‍ക്കു തോന്നി, അവനുവേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാന്‍ താന്‍ തയ്യാറാണെന്നും.
അവള്‍ അമ്മയുടെ നേര്‍ക്ക് നോക്കി. കണ്ണാടിക്കു മുന്നില്‍ അവളിരുന്ന മുറിയുടെ കടലാസ് വാതിലില്‍ അപ്പോള്‍ സൂര്യപ്രകാശം വന്നു വീഴുന്നുണ്ടായിരുന്നു.
തന്റെ മടിയില്‍ക്കിടന്ന മാതളപ്പഴത്തില്‍ പല്ലമര്‍ത്താന്‍ അവള്‍ക്കു പേടി തോന്നി.