'ചിലര്‍ കവിത ഇഷ്ടപ്പെടുന്നു'; വിസ്ലാവാ സിംബോര്‍സ്‌കയുടെ കവിതയ്ക്ക് സജയ് കെ.വിയുടെ വിവര്‍ത്തനം

വിസ്ലാവാ സിംബോര്‍സ്‌ക
വിസ്ലാവാ സിംബോര്‍സ്‌ക

ചിലര്‍ കവിത ഇഷ്ടപ്പെടുന്നു,
എല്ലാവരുമല്ല.
ഭൂരിപക്ഷവുമല്ല,
ഒരു ന്യൂനപക്ഷം.
പള്ളിക്കൂടങ്ങളെയും പരിഗണിക്കണ്ട,
അവിടെ എല്ലാവരും കവിത പഠിച്ചേ തീരൂ.
കവികളെയും നമുക്കൊഴിവാക്കാം.
ആയിരത്തില്‍ ഒന്നോ രണ്ടോ പേര്‍- അവര്‍
കവിത ഇഷ്ടപ്പെടുന്നു.

എങ്ങനെയെന്നാല്‍ -
ഒരുവന്‍ ചിക്കന്‍ സൂപ്പിനൊപ്പം
നൂഡില്‍സ് കഴിക്കാനിഷ്ടപ്പെടുന്നതു പോലെ,
മറ്റൊരാള്‍ പ്രശംസയും
നീലനിറവും
ഇഷ്ടപ്പെടുന്നതു പോലെ,
ഒരാള്‍ ഒരു പഴയ സ്‌കാര്‍ഫ്
ഇഷ്ടപ്പെടുന്നതു പോലെ,
ഒരാള്‍ എവിടെയും സ്വന്തം മേല്‍ക്കോയ്മ
ഇഷ്ടപ്പെടുന്നതു പോലെ,
ചിലര്‍ വളര്‍ത്തുനായെ
തലോടാന്‍
ഇഷ്ടപ്പെടുന്നതു പോലെ .

കവിത -
എന്താണു കവിത ?
പലതുണ്ട് ചഞ്ചലമായ
ഉത്തരങ്ങള്‍.
എനിക്കറിയില്ല, എനിക്കൊന്നുമറിയില്ല,
താങ്ങി നിര്‍ത്തുന്ന 
ഒരു കൈവരിയിലെന്നപോലെ
ഞാനതില്‍
മുറുകെപ്പിടിക്കുന്നു എന്നതൊഴികെ.

Content Highlights: world poetry day wislawa szymborska poem translated by sajay k