തീവണ്ടിയിലെ പാട്ടുകുട്ടി; ലോക കവിതാദിനത്തില്‍ സുമയ്യ സുമം എഴുതിയ കവിത

ദൂരേക്കുരുളുമ്പോള്‍
ചക്രങ്ങളിലായിരം ഇരുമ്പുശ്വാസങ്ങള്‍,
വടക്കോട്ടുപോകുമ്പോഴെപ്പോഴും
കൈചെണ്ടയില്‍ തട്ടിത്തട്ടി
'ജാനേമേരെ ജാനേമന്‍ '
ഒച്ചപ്പെട്ട് കുട്ടിക്കുരല്‍..
സീറ്റുകള്‍ക്കിടയില്‍ മലക്കംമറിഞ്ഞ്
ചെണ്ടക്കയര്‍,
കൊട്ടുകൊണ്ടു തഴമ്പിച്ച
വിരല്‍,നഖങ്ങള്‍ക്കുള്ളില്‍
നീണ്ടുപോയ രാജ്യം
അവയ്ക്കിടയിലൂടെ ആരിലേക്കോ
ഇഴഞ്ഞുപോകുന്ന നീലവരമ്പുകള്‍...
'wasted blood'
മുസമ്പിനീരൂറ്റി തൊലി
പുറത്തേക്കെറിയുന്ന
ജനല്‍സീറ്റിലിരിക്കുന്ന
പത്തുവയസ്സുകാരിപ്പരിഷ്‌കാരി
പത്തുരൂപ നീട്ടുന്നു.
അഥവാ നീട്ടിപ്പിക്കുന്നു.
വീണ്ടും വീണ്ടും
' ജാനേ മേരീ ജാനേമന്‍ '
മൂളിപ്പിക്കുന്നു..
പേരവള്‍ക്ക് വഴങ്ങാത്തൊരന്യഭാഷയാണ്..
നാടവള്‍ക്ക്
നാക്കില്‍ കൊള്ളാത്ത
വ്യാകരണമാണ്...
അച്ഛനമ്മമാര്‍
പുഴുപ്പല്ല് വെളിപ്പെടുന്ന ചിരിയാണ് ..
ഉടുപ്പില്‍
കോമ്പലകളായി തൂങ്ങുന്നത്
അക്ഷരങ്ങളേയല്ല..
മലം നിക്ഷേപിക്കാനുള്ള നടവഴിവക്കുകളും
പണം പെറുക്കിയെടുക്കാനുള്ള
സീറ്റിടങ്ങളും
അവള്‍ക്ക്
ഉരുണ്ടുകൊണ്ടേയിരിക്കുന്ന
ഒരേയതിര്‍ത്തിയില്ലായ്മയാണ്..
ദിനരാത്രങ്ങള്‍ മാറുന്നത്
ഭൂനിഴല്‍ ചുറ്റിക്കൊണ്ടേയിരിക്കുന്നതിനാലാണ്..
ചൂട് വരള്‍ച്ചയെയറിയിക്കാനും
തണുപ്പ് വിള്ളലുകളെ ഓര്‍മ്മപ്പെടുത്താനും
മാത്രമാണ്..
വടക്ക് കടല്‍ക്കാറ്റുകളെപ്പോഴുമങ്ങനെ
കടന്നുചെല്ലാത്ത
ഫ്രീസര്‍നുറുങ്ങുകളാണ്..
പെന്‍സില്‍ പിടിക്കാനറിയാത്ത
വിരലുകളോ
ചീകിവെക്കാത്ത മുടിയിഴകളോ,
ചെരുപ്പിടാത്ത ദീര്‍ഘനേരങ്ങളോ,
ചായച്ചുവപ്പുനീങ്ങാത്ത മുല്ലമണങ്ങളോ,
നീട്ടിക്കൊണ്ടേയിരിക്കുന്ന
കൈവെള്ളയോ കണ്ടുകൊണ്ടേയിരിക്കും..
(പാടിക്കുക
മലക്കംമറിക്കുക
നാണയങ്ങള്‍ കൊടുക്കുക )
അവര്‍ക്കത് സഹായവും
നമ്മള്‍ക്കത് രസവുമാണ്..
ശൂന്യമാവുകയെന്നാല്‍
ഇതൊക്കെയാണ്!
Content Highlights: world poetry day poem by sumayya sumam