മഞ്ഞപ്പെണ്‍ കടലുണ്ടാവുന്നു;പ്രസന്ന പാര്‍വ്വതിയുടെ കവിത

വര: പി.കെ ഭാഗ്യലക്ഷ്മി
വര: പി.കെ ഭാഗ്യലക്ഷ്മി

ചിത്രകാരി, 
മഴവില്ലിനെ റീത്തു പോലെ വളച്ച് വരയ്ക്കുകയാണ്.
കാട്,
പച്ചിലകളുടെ പേടിച്ച പെണ്‍കണ്ണുകളാവുന്നു
ആന,
കറുപ്പിന്റെ നിരവധി തുമ്പികളുള്ള നദിയാവുന്നു.
നീല,
പുഴ വീടുകളുടെ ഫ്രെയിമില്ലാത്ത നിലവിളികളാവുന്നത്...
എത്ര വേഗമാണ്
അവളുടെ പെയിന്റിംഗുകള്‍
റിയലിസത്തിന്റെ
ശീതളക്കാഴ്ചകളെ
കയ്യൊഴിയുന്നതും
അബ്‌സ്ട്രാക്ട് സങ്കേതത്തിന്റെ
അമൂര്‍ത്ത സങ്കല്‍പങ്ങളാവുന്നതും!

മൗനത്തിന്റെ നിറത്തെ തിരയുകയാണ് അവളിപ്പോള്‍
അബോധത്തിന്റെ
അബോര്‍ഷന്‍ ടേബിളില്‍
തല കഴുകിയ ബ്രഷ് പോലെ
മുടിയഴിച്ചിട്ട ഉടലിനെ
മലര്‍ത്തിക്കിടത്തുന്നു.
പരുന്തിന്റെ മുഖമുള്ള
പുരസ്‌കാര ശില്പത്തിനു താഴെ
കന്യാമറിയത്തിന്റേതു പോലെ കുഴിഞ്ഞ കണ്ണുകളുള്ള ചിത്രമാകുന്നു
ഗാന്ധാരിയുടേതു പോലെ
നിര്‍വികാരതയില്‍ നിറഞ്ഞ ഗര്‍ഭാശയത്തെ
വിരലുകളാല്‍ ഞരടിയുടയ്ക്കുന്നു.

ആകാശത്തിന്റെ
ക്യാന്‍വാസില്‍ നിന്ന്
മേഘക്കുതിരകളുടെ പുറത്തേറിയ
ആണ്‍മുഖമിറങ്ങി വരുന്നത്
സ്വപ്നം കാണുന്നു
നിറങ്ങളുടെ ഏഴാം കരയിലാണവളിപ്പോള്‍
പെല്ലറ്റിന്റെ കുഴിഞ്ഞ കണ്ണുകളിലേക്ക് വിരല്‍ കുത്തുന്നു.

'ആണ്‍ഗന്ധമുള്ളൊരു മുഖം' എന്നു മന്ത്രിക്കുന്നു
തല ചതഞ്ഞ പാമ്പുകളെപ്പോലെ
അവളുടെ വിരലുകളിഴയുന്നു.
കഴുതയുടെ മുഖം
കടുവയുടെ ഗന്ധം
പിന്നേയും വരയുമ്പോള്‍
ഒരു ഒറാങ്ങുട്ടാന്‍'
വേനലിന്റെ ദാഹം
വിശപ്പിന്റെ നിറമില്ലായ്മ
വിഭ്രാന്തിയുടെ പതര്‍ച്ചക്കാറ്റ്
അവളൊരു രക്തമൊലിക്കുന്ന മുറിവിലേക്ക്
മറിഞ്ഞു വീഴുന്നു.

നിരവധി നിറങ്ങള്‍ കലങ്ങിയ നദിയായി ബ്രഷ്
പെല്ലറ്റിലെ വിരലുടല്‍
സ്വപ്നങ്ങളുടെ ഗൂഢ രഹസ്യങ്ങള്‍ കഴുകിയെടുത്ത ജലത്തെ
മഴ പോലവള്‍
പുറത്തേക്ക് തൂവുന്നു
അത്ഭുതങ്ങളുടെ പ്രവാചകന്‍
സ്ഫടിക പാദങ്ങള്‍
ഉപ്പു തിളയ്ക്കുന്ന കണ്ണുകള്‍
മീന്‍ ചെതുമ്പലുകളെന്ന പോലെ
നിറ വളയങ്ങളുള്ള കുപ്പായം
ജലനീലമുടിയിഴകള്‍
അവളുടെ പുരുഷന്‍
ജല കുതിര പോലെ'
നിറങ്ങളുടെ നദിയില്‍ നിന്ന് 
അവളിലേക്ക് വചനങ്ങള്‍ പോലെ
കുത്തിയൊഴുകുന്നു.

ചിത്രകാരി....
പകലുറക്കത്തിന്റെ ശീതളിമയില്‍
ഉടലിന്റെ കൈവഴികള്‍ തുറന്നിട്ട 
അവളൊരു ആഴക്കടലാകുന്നു 
ആദ്യവും അന്തവും ആഴവും
തിരഞ്ഞു പോകേണ്ടുന്ന
മഞ്ഞപ്പെണ്‍ കടല്‍...

Content Highlights: world poetry day 2022 poem by prasanna parvathy